മുള്ളൻകൊല്ലി പഞ്ചായത്ത് ഓഫീസ് കെട്ടിടം
പുല്പള്ളി : കാലപ്പഴക്കത്താൽ തകർന്നുതുടങ്ങിയ മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ അപകടഭീഷണിയുയർത്തി നിൽക്കുന്ന ഭാഗങ്ങൾ പൊളിച്ചുനീക്കിത്തുടങ്ങി.
പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനോട് ചേർന്നുള്ള കച്ചവടസ്ഥാപനങ്ങൾക്കും നാട്ടുകാർക്കും ഭീഷണിയായി നിൽക്കുന്ന സൺഷേഡിന്റെ ഭാഗങ്ങളാണിപ്പോൾ പൊളിച്ചുമാറ്റുന്നത്. ഏത് നിമിഷവും നിലംപതിക്കാറായ മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്തിന്റെ ബഹുനില ഓഫീസ് കെട്ടിടം നാട്ടുകാർക്ക് വലിയ ഭീഷണിയായെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം മാതൃഭൂമി വാർത്തനൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തര സാഹചര്യം പരിഗണിച്ച്, ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി പ്രത്യേകം തുക കണ്ടെത്തി കെട്ടിടത്തിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കിത്തുടങ്ങിയത്.
ഈ കെട്ടിടം അപകടാവസ്ഥയിലായതിനെത്തുടർന്ന് ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരം പഞ്ചായത്ത് ഓഫീസിന്റെ പ്രവർത്തനം മൂന്നുമാസം മുൻപ് ഇവിടെ നിന്ന് മാറ്റിയിരുന്നു. മൂന്നു നിലകളിലുള്ള പഞ്ചായത്ത് ഓഫീസ് കെട്ടിടം കാലപ്പഴക്കത്താൽ തകർന്ന്, വലിയ കോൺക്രീറ്റ് പാളികൾ അടർന്ന് താഴേക്ക് പതിച്ചുകൊണ്ടിരിക്കുകയാണ്.
പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ഭാഗങ്ങൾ പൊളിഞ്ഞുവീഴുന്നത് ഭയന്ന്, ഇതോടുചേർന്ന് സ്ഥിതിചെയ്യുന്ന ചപ്പങ്ങത്തിൽ അബ്ബാസിന്റെ ചായക്കട രണ്ടുമാസമായി അടച്ചിട്ടിരിക്കുകയാണ്. ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ അബ്ബാസിന്റെ ചായക്കടയുടെ മുകളിലേക്കാണ് പഞ്ചായത്ത് കെട്ടിടത്തിലെ കോൺക്രീറ്റ് പാളികൾ വന്നുപതിക്കുന്നത്. നിലവിൽ, പഞ്ചായത്ത് ഓഫീസ് കെട്ടിടം ഏതാണ്ട് പൂർണമായി തകർന്ന അവസ്ഥയിലാണ്. 35 വർഷത്തിലേറെ പഴക്കമുള്ള ഈ കെട്ടിടം അൺഫിറ്റാണെന്ന് വർഷങ്ങൾക്ക് മുൻപേ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തിരുന്നതാണ്. കെട്ടിടത്തിലെ കോൺക്രീറ്റ് പാളികൾ അടർന്നുവീണുകൊണ്ടിരിക്കുകയാണ്. പലയിടത്തും തുരുമ്പിച്ച കമ്പികൾ തെളിഞ്ഞുകാണാം. കോൺക്രീറ്റിൽ വലിയ വിള്ളലുകളും പൊട്ടലുകളുമുണ്ടായിട്ടുണ്ട്.
ജീവന് ഭീഷണിയായ ഈ കെട്ടിടം പൂർണമായി പൊളിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പ്രതിഷേധങ്ങൾ ഉയർന്നുതുടങ്ങിയതോടെ ഓഫീസ് കെട്ടിടം പൊളിച്ചുനീക്കുന്നതിനുള്ള നടപടികൾ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ പ്രാരംഭ നടപടിയായുള്ള സർവേ റിപ്പോർട്ട് തയ്യാറാക്കി നൽകാൻ അസി. എൻജിനിയറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിനു കച്ചിറയിൽ പറഞ്ഞു. ഉടൻതന്നെ കെട്ടിടം പൊളിക്കുന്നതിനായി ലേലത്തിന് വെക്കാൻ കഴിയുമെന്നും വൈസ് പ്രസിഡന്റ് പറഞ്ഞു.
Published: 13 Oct 2026, 04:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented