കോൺഗ്രസിലെ ലീലാ ഗോവിന്ദനും നാമനിർദേശപത്രിക സമർപ്പിച്ചു

To advertise here,

മാനന്തവാടി : പത്രിക സമർപ്പിക്കുമോ ഇല്ലയോ എന്ന അഭ്യൂഹങ്ങൾക്കൊടുവിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ലീലാഗോവിന്ദൻ വ്യാഴാഴ്ച നാമനിർദേശപത്രിക സമർപ്പിച്ചു. ഉഷാ വിജയൻ എം.എൽ.എ.യായി തിരഞ്ഞെടുക്കപ്പെട്ടശേഷം ഒഴിവുവന്ന എട്ടാംഡിവിഷനായ പള്ളിക്കലിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ സംബന്ധിച്ച് യു.ഡി.എഫിലുണ്ടായ തർക്കം പ്രശ്നം പരിഹരിക്കപ്പെട്ടില്ലെന്ന്‌ ഇതോടെ വ്യക്തമായി.

മുസ്‌ലിം ലീഗ് സ്ഥാനാർഥിയായി കഴിഞ്ഞ ദിവസം ബിന്ദു അണ്ണൻ നാമനിർദേശപത്രിക സമർപ്പിച്ചിരുന്നു. മുന്നണി മര്യാദ ലംഘിച്ചുള്ള നീക്കങ്ങൾക്ക് തടയിടാൻ യു.ഡി.എഫ്. നേതൃത്വത്തിനു സാധിക്കുന്നില്ലെന്നുവേണം കരുതാൻ. പ്രാദേശിക പാർട്ടി നേതൃത്വമാണ് മുസ്‌ലിം ലീഗിലെ ബിന്ദു അണ്ണനെയും കോൺഗ്രസിലെ ലീലാ ഗോവിന്ദനെയും സ്ഥാനാർഥിയായി ഉയർത്തിക്കൊണ്ടുവന്നത്. രണ്ടുപേരും പത്രിക സമർപ്പിക്കുമ്പോൾ യു.ഡി.എഫിലെ മുതിർന്ന നേതാക്കൾ മാറിനിന്നുവെന്നതും ശ്രദ്ധേയമായി.

വ്യാഴാഴ്ച രാവിലെ 11.30-ഓടെ യു.ഡി.എഫ്. മാനന്തവാടി നിയോജകമണ്ഡലം ചെയർമാൻ എൻ.കെ. വർഗീസ്, പനമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജിൽസൺ തൂപ്പുങ്കര, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, നേതാക്കളായ കമ്മന മോഹനൻ, ചിന്നമ്മ ജോസ്, കെ.എൽ. മത്തായി, പടകൂട്ടിൽ ജോർജ്, ബ്രാൻ അലി തുടങ്ങിയവർക്കൊപ്പമെത്തിയാണ് ലീലാ ഗോവിന്ദൻ ഉപവരണാധികാരിയും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുമായ മുഹമ്മദ് ഇഖ്ബാലിനു പത്രിക നൽകിയത്.

ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ സീറ്റ് തങ്ങൾക്കുവേണമെന്നു കോൺഗ്രസും മുസ്‌ലിംലീഗും അവകാശപ്പെടുന്നതാണ് യു.ഡി.എഫിലെ തർക്കത്തിനു കാരണം. മുസ്‌ലിം ലീഗിന്റെ പൂർണ പിന്തുണയോടെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പള്ളിക്കൽ ഡിവിഷനിൽനിന്ന്‌ മത്സരിച്ചു ജയിച്ച ഉഷാ വിജയൻ നിയമസഭാ തിരഞ്ഞെടുപ്പിൽ കന്നിജയം നേടിയത്.

ഈ സീറ്റ് സ്വന്തമാക്കി രണ്ടരവർഷം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പിടിക്കുകയെന്ന ലക്ഷ്യം മുസ്‌ലിംലീഗിനുണ്ട്. എന്നാൽ, വർഷങ്ങളായി കോൺഗ്രസിനു സ്വന്തമായുണ്ടായിരുന്ന, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെ സി.പി.എമ്മിൽനിന്നു തിരിച്ചുപിടിച്ച സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന വാശിയിലാണ് കോൺഗ്രസും. പള്ളിക്കൽ ഡിവിഷനിലുൾപ്പെടെ മാനന്തവാടി നിയോജകമണ്ഡലത്തിൽ മുസ്‌ലിംലീഗിന്റെ വോട്ട് നിർണായകമായതിനാൽ ലീഗിനെ പിണക്കാൻ കോൺഗ്രസിലെ മുതിർന്ന നേതാക്കളും തയ്യാറല്ല.

അതുകൊണ്ടുതന്നെ കോൺഗ്രസിലെയും മുസ്‌ലിം ലീഗിലെയും മുതിർന്ന നേതാക്കളാരുംതന്നെ പ്രത്യക്ഷമായി രണ്ടു സ്ഥാനാർഥികൾക്കും പിന്തുണ നൽകിയിട്ടില്ല. നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 14-ആണ്. ഇതിനകം നേതൃത്വം ഇടപെട്ട് ഏതെങ്കിലും ഒരു സ്ഥാനാർഥിയെക്കൊണ്ട് പത്രിക പിൻവലിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. 28-നാണ് തിരഞ്ഞെടുപ്പ്. 29-ന് വോട്ടെണ്ണും. യു.ഡി.എഫിനകത്തെ തർക്കം തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ആശങ്ക അണികൾക്കിടയിലുണ്ട്. നാമനിർദേശപത്രിക സമർപ്പിച്ച് എൽ.ഡി.എഫും ബി.ജെ.പി.യും പ്രചാരണം തുടങ്ങിയെങ്കിലും രണ്ടു സ്ഥാനാർഥികൾക്കുമായുള്ള വോട്ടഭ്യർഥനയുമായി യു.ഡി.എഫ്. രണ്ടുവഴിയിലായിട്ടുണ്ട്.