വടകര : വടകര പട്ടണത്തിന് സമീപം ചോളംവയലിലെ ന്യായാധിപവസതികൾ പൂർണമായും കാടൂമൂടി. കെട്ടിടം ഉപയോഗയോഗ്യമല്ലാത്തതിനാൽ നാലുവർഷമായി ഇവിടെയുള്ള അഞ്ച് ക്വാർട്ടേഴ്‌സുകളിലും ആരും താമസമില്ല. വടകരയിലെ ആറു കോടതികളിലെ ന്യായാധിപരെല്ലാം വാടകവീടുകളിലാണ് താമസം. പഴയകെട്ടിടം പൊളിച്ച് പുതിയത് നിർമിക്കാനും പദ്ധതികളൊന്നുമായിട്ടില്ല. കെട്ടിടവും പരിസരവും കാടുമൂടിക്കിടക്കുന്നത് പരിസരവാസികൾക്ക് ദുരിതമായിട്ടുണ്ട്. ഒട്ടേറെ വീടുകളുള്ള പ്രദേശമാണിത്.

To advertise here,

40 വർഷം മുൻപാണ് ചോളംവയലിലെ 50 സെന്റ് സ്ഥലം ഏറ്റെടുത്ത് ജഡ്ജിമാർക്കായി ക്വാർട്ടേഴ്‌സ് പണിതത്. ഇവിടെയായിരുന്നു വടകരയിലെ എല്ലാ കോടതികളിലെയും ന്യായാധിപർ താമസിച്ചത്. ചോർച്ചയായിരുന്നു കെട്ടിടത്തിന്റെ പ്രധാനപ്രശ്‌നം. മുകളിൽ ഷീറ്റിട്ടെങ്കിലും പ്രശ്‌നം ഇവിടംകൊണ്ടും തീർന്നില്ല. വയൽപ്രദേശത്താണ് ക്വാർട്ടേഴ്‌സ് പണിതത്. മഴക്കാലത്ത് വെള്ളംകെട്ടിക്കിടക്കുന്നതും പ്രശ്‌നമായി. ഇത് സെപ്റ്റിക് ടാങ്കുകളെവരെ ബാധിച്ചു.

ഒടുവിൽ പി.ഡബ്ല്യു.ഡി. കെട്ടിടവിഭാഗം നടത്തിയ പരിശോധനയിൽ ക്വാർട്ടേഴ്‌സുകൾ അൺഫിറ്റാണെന്ന് വിധിയെഴുതിയതോടെ ഇവിടെ താമസമില്ലാതായി. ജഡ്ജിമാരെല്ലാം വാടകവീടുകളിലേക്ക് മാറി. ഇതോടെ ഈ കെട്ടിടങ്ങളും പരിസരവും കൂടുതൽ നശിച്ചു. ഇപ്പോൾ ഉള്ളിൽ മൊത്തം കാടും പുല്ലും നിറഞ്ഞു.

നിലവിലുള്ള കെട്ടിടങ്ങൾ പൊളിച്ച് സ്ഥലം ഉയർത്തിയാൽ കൂടുതൽപ്പേർക്ക് താമസിക്കാൻ കഴിയുന്ന ഫ്ളാറ്റുതന്നെ ഇവിടെ നിർമിക്കാൻകഴിയും. നിലവിൽ പി.ഡബ്ല്യു.ഡി. കെട്ടിടവിഭാഗത്തിന് ഇതിന് പദ്ധതികളൊന്നുമില്ല.

കോടതിയിൽനിന്ന്‌ ആവശ്യപ്പെട്ടാൽ പുതിയ കെട്ടിടം നിർമിക്കാൻ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിലേക്ക് നൽകുമെന്ന് പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥർ പറഞ്ഞു.

മജിസ്‌ട്രേറ്റ് കോടതി, സബ് കോടതി, മുൻസിഫ്, എം.എ.സി.ടി., എൻ.ഡി.പി.പി.എസ്., കുടുംബകോടതി എന്നീ കോടതികൾ വടകരയിലുണ്ട്. ഇവർക്കെല്ലാമായി ക്വാർട്ടേഴ്‌സ് വന്നാൽ അത് സർക്കാരിനും മുതൽക്കൂട്ടാകും.