കുന്താണി : വിസ്മൃതിയിലാണ്ടുപോയ പഴയകാല ഉപകരണങ്ങളും ജീവിതരീതികളും അടുത്തറിഞ്ഞ് കുന്താണി ഗവ. എൽ.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ് വിദ്യാർഥികൾ. ‘പഴമയിലേക്ക് ഒരു യാത്ര’ എന്ന പേരിൽ താന്നിപ്പുര ഉന്നതിയുടെ ദൈവപ്പുരയുടെ മുറ്റത്ത് സംഘടിപ്പിച്ച പ്രത്യേക പൈതൃക വിദ്യാഭ്യാസപരിപാടി കുട്ടികൾക്ക് വേറിട്ട അനുഭവമായി. മുൻതലമുറ ദൈനംദിന ജീവിതത്തിനും ഉപജീവനത്തിനുമായി ഉപയോഗിച്ചിരുന്ന അപൂർവ വസ്തുക്കളാണ് പരിപാടിയിൽ കുട്ടികൾക്കായി പ്രദർശിപ്പിച്ചത്.

To advertise here,

ഉപ്പുമഞ്ച, പെട്രോൾ മാക്സ്, തിരിക, ചുമ്മാട് തരിക, മുക്കി, കാരക്കുണ്ട്, മീൻ കോർത്ത കൊമ്മ, തട്ട, പുൽപ്പായ സൂചി, മൊളഞ്ഞിക്കോൽ, നാഴി, സേർ, കൊക്കക്കോൽ, മാനിച്ചുൽ, പണപ്പെട്ടി, മൂലമുറം, അമ്പും വില്ലും തുടങ്ങിയ നിരവധി പരമ്പരാഗത ഉപകരണങ്ങൾ കുട്ടികൾ കണ്ടുമനസ്സിലാക്കി.

ദാമോദരൻ താന്നിപ്പുര ഓരോ ഉപകരണത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചും മുൻകാലങ്ങളിൽ അവ ഉപയോഗിച്ചിരുന്ന രീതിയെക്കുറിച്ചും കുട്ടികൾക്ക് വിശദീകരിച്ചുനൽകി.

ഊരുമൂപ്പൻ ശങ്കരൻ താന്നിപ്പുര, ജാനകി മുത്തശ്ശി, സുനിതാ ദാമോദരൻ, പ്രധാനാധ്യാപകൻ എം.ടി. ബിജു, സീഡ് കോഡിനേറ്റർ എൻ.പി. നിൻസി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.