കല്പറ്റ : ആവശ്യത്തിന് ബസ് സർവീസ് ഇല്ലാത്തതിനാൽ കല്പറ്റ-മാനന്തവാടി റൂട്ടിൽ രാത്രിയാത്രാ ദുരിതമാണ്. ബസ് കിട്ടാൻ ഏറെനേരം കാത്തുനിന്നും തിരക്കുള്ള ബസിൽ വലിഞ്ഞുകയറിയും വലയുകയാണ് യാത്രക്കാർ. രാത്രിയായാൽ കല്പറ്റയിൽനിന്ന് മാനന്തവാടിക്ക് പ്രാദേശിക സർവീസുകൾ ഇല്ലാത്തതാണ് പ്രശ്നം. രാത്രിയായാൽ ഈ റൂട്ടിൽ സ്വകാര്യ ബസുകളും ഇല്ല.
പിന്നീടുള്ള ആശ്രയം കോഴിക്കോടുനിന്നുൾപ്പെടെ വരുന്ന ദീർഘദൂരസർവീസുകളാണ്. കമ്പളക്കാട്, കണിയാമ്പറ്റ, പനമരം, തോണിച്ചാൽ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാരാണ് ബസില്ലാത്തതിന്റെ പേരിൽ ദുരിതമനുഭവിക്കുന്നത്.
വൈകീട്ട് 6.20-ന് മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽനിന്ന് പുറപ്പെടുന്ന കെ.എസ്.ആർ.ടി.സി. ബസാണ് കല്പറ്റ-മാനന്തവാടി റൂട്ടിലെ അവസാനത്തെ ലോക്കൽ സർവീസ്. ഏഴുമണിക്ക് ബസ് കല്പറ്റയിലെത്തും. ഈ ബസ് പോയിക്കഴിഞ്ഞാൽ പിന്നെ കോഴിക്കോട് നിന്നുവരുന്ന ബസുകളാണ് ആശ്രയം.
സർവീസുകൾ പുനരാരംഭിക്കണം
കല്പറ്റ-മാനന്തവാടി റൂട്ടിലെ രാത്രിയിലെ യാത്രാപ്രശ്നം പരിഹരിക്കാൻ ലോക്കൽ സർവീസുകൾ പുനരാരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
മുൻപ് വൈകീട്ട് 6.20-നും 7.20-നും മാനന്തവാടിയിൽനിന്ന് കല്പറ്റയിലേക്ക് ലോക്കൽ സർവീസുകൾ നടത്തിയിരുന്നു. ഈ സർവീസുകളാണ് രാത്രി എട്ടിനും 8.40-നും കല്പറ്റയിൽനിന്ന് മാനന്തവാടിയിലേക്ക് തിരിച്ചിരുന്നത്.
ഈ സർവീസുകൾ യാത്രക്കാർക്ക് വലിയൊരു ആശ്വാസമായിരുന്നു. എന്നാൽ, പിന്നീട് ഈ സർവീസുകൾ നിന്നുപോയി. പകരം സർവീസുകളൊന്നും തുടങ്ങിയതുമില്ല. ഇതോടെ യാത്രാദുരിതവും വർധിച്ചു. മാനന്തവാടിയിൽനിന്ന് കല്പറ്റയിലേക്ക് വൈകീട്ട് 6.15-നും 6.45-നും രാത്രി 7.15-നും 8.15-നും ലോക്കൽ സർവീസുകളുണ്ട്. കല്പറ്റ-മാനന്തവാടി റൂട്ടിലെ യാത്രാപ്രശ്നത്തിന് പരിഹാരംകാണാൻ ലോക്കൽ സർവീസുകൾ നടത്തണമെന്നാണാവശ്യം.
ചുരത്തിൽ കുരുക്കായാൽ കാത്തുനിൽപ്പുതന്നെ
: ചിലസമയങ്ങളിൽ ഏറെനേരം കാത്തുനിന്നാൽമാത്രമേ യാത്രക്കാർക്ക് ബസ് കിട്ടുകയുള്ളൂ. ചുരത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാവുമ്പോൾ ഈ ബസുകൾ കല്പറ്റയിലെത്താൻ വൈകും. അതുവരെ യാത്രക്കാർ കാത്തുനിൽക്കേണ്ടിയും വരും. ‘പ്രിയദർശിനി’ സൗജന്യയാത്രാപദ്ധതിയുള്ളതിനാൽ കോഴിക്കോട് നിന്നുവരുന്ന ടി.ടി. സർവീസുകളിൽ തിരക്കും കൂടുതലാണ്. ബസ് വന്നാലും തിരക്കുകാരണം ചിലപ്പോൾ കയറാൻ സാധിച്ചെന്നും വരില്ല. ഈ സാഹചര്യത്തിൽ അടുത്ത ബസിനായി വീണ്ടും കാത്തിരിക്കേണ്ട അവസ്ഥയും വരും. വലിയതരത്തിലുള്ള കുരുക്ക് ചുരത്തിലുണ്ടാവുമ്പോൾ ബസുകൾ പ്രതീക്ഷിച്ചതിനെക്കാൾ വളരെവൈകിയുമാണ് എത്തുക. ഇതെല്ലാം യാത്രക്കാരെ സാരമായി ബാധിക്കുന്നുണ്ട്. പലപ്പോഴും മണിക്കൂറുകൾ കാത്തുനിൽക്കേണ്ട അവസ്ഥ യാത്രക്കാർക്കുണ്ടാവുന്നുണ്ട്.
Published: 11 Sept 2026, 03:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented