കുറ്റ്യാടി : പ്രകൃതിസ്നേഹികളുടെ ഇഷ്ടകേന്ദ്രമായ ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിൽ വനാതിർത്തിയിൽ വൈദ്യുതവേലിയില്ല. കാട്ടുപോത്തുപോലുള്ള വന്യമൃഗങ്ങൾ കാടിറങ്ങിവരുന്ന സാഹചര്യത്തിൽ ഇത് ആശങ്കയുണ്ടാക്കുന്നുണ്ട്. രണ്ടുവർഷം മുൻപ് ജാനകിക്കാടിനുചുറ്റും ഏഴുകിലോമീറ്റർ ദൂരത്തിൽ വൈദ്യുതവേലി സ്ഥാപിക്കാൻ വനംവകുപ്പ് ശുപാർശ ചെയ്തെങ്കിലും തുടർനടപടികളൊന്നുമായിട്ടില്ല. ആവശ്യത്തിന് വെളിച്ചമില്ലാത്തതും പ്രശ്നമാണ്.
ശനി, ഞായർ ദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി. ടൂറിസം പദ്ധതിയുടെ ഭാഗമായി ജാനകിക്കാട്ടിലേക്ക് ബസ് വരാറുണ്ട്. കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം തുടങ്ങിയ ജില്ലകളിൽനിന്നുള്ള സഞ്ചാരികളാണ് കൂടുതലും. ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്ന് വിനോദയാത്രയായി വിദ്യാർഥികളും ഇവിടെ എത്താറുണ്ട്. മുള്ളൻകുന്ന് ജാനകിക്കാട് വഴി പന്തിരിക്കര, പാലേരി എന്നിവിടങ്ങളിലേക്ക് പോകുന്ന ആളുകൾ വേറെയും.
രാത്രികാലങ്ങളിൽ തെരുവുവിളക്ക് ഇല്ലാത്തതും യാത്രക്കാർക്ക് ബുദ്ധിമുട്ടാണ്. രണ്ടുമാസം മുൻപാണ് രാത്രി ജാനകിക്കാട് വഴി വരുന്ന മുള്ളൻകുന്ന് സ്വദേശി കാട്ടുപോത്തിന്റെ മുന്നിൽപ്പെട്ടത്. ഭാഗ്യം കൊണ്ടുമാത്രമാണ് ജീവൻ തിരിച്ചുകിട്ടിയത്. കഴിഞ്ഞമാസം പകൽസമയത്ത് കാട്ടുപോത്തിൻ കൂട്ടം ജാനകിക്കാട് പുഴ മുറിച്ചുകടന്നത് നാട്ടുകാരിൽ ആശങ്കയുണ്ടാക്കിയിരുന്നു. കുറച്ചുവർഷം മുൻപ് വിരളമായാണ് കാട്ടുപോത്തിനെ കണ്ടിരുന്നത്. ഇപ്പോൾ എണ്ണം വർധിച്ചു.
ഇതിനെ പടക്കംപൊട്ടിച്ച് തുരത്താമെന്ന് കരുതിയാലും നടക്കില്ല. പടക്കത്തിന്റെ ശബ്ദംകേട്ട് പോത്ത് ജനവാസമേഖലയിലേക്ക് ഇറങ്ങാൻ സാധ്യത കൂടുതലാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
പെരുവണ്ണാമൂഴിയിൽനിന്നാണ് കാട്ടുപോത്തുകൾ ജാനകിക്കാട്ടിലേക്ക് എത്തുന്നത്. കാട്ടുപോത്തിനെ കണ്ട് സഞ്ചാരികൾ ഓടിയാൽ അത് അപകടകരമാകും. ജാനകിക്കാടിനുചുറ്റും കെ.എസ്.ഇ.ബി. ലൈൻ വലിച്ചിട്ടില്ല.
അതുകൊണ്ട് സോളാറിൽ പ്രവർത്തിക്കുന്ന തെരുവുവിളക്ക് സ്ഥാപിക്കണമെന്ന ആവശ്യമാണുയരുന്നത്.
പ്രതീക്ഷയോടെ 30 ലക്ഷത്തിന്റെ പദ്ധതി
രണ്ടാം പിണറായിസർക്കാരിന്റെ കാലത്ത് ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രം നവീകരിക്കാൻ വനംവകുപ്പ് 30 ലക്ഷം രൂപയുടെ ശുപാർശ സർക്കാരിലേക്ക് സമർപ്പിച്ചിരുന്നു.
ഇതുവരെ അനുമതി കിട്ടിയിട്ടില്ല. പുതിയ മന്ത്രിസഭ വന്നതോടെ അനുമതി ലഭിക്കുന്നമെന്ന പ്രതീക്ഷയിലാണ് വനപാലകർ.
മാക്കാച്ചിക്കാടയെ ഐക്കണാക്കി വെച്ചുകൊണ്ട് പ്രധാനകവാടം സ്ഥാപിക്കുക, കുട്ടികൾക്കായി പാർക്ക്, സഞ്ചാരികൾക്ക് വിശ്രമിക്കാൻ വിശ്രമമുറി, വായനശാല, ശൗചാലയം, ഇക്കോഷോപ്പ്, നടപ്പാത നവീകരണം, കൈവരികൾ സ്ഥാപിക്കൽ, ടിക്കറ്റ് കൗണ്ടർ നവീകരണം, സഞ്ചാരികൾക്കായി ചങ്ങാടം, ജി.ഐ. പൈപ്പിൽ പാലം തുടങ്ങിയ പദ്ധതികളാണ് സർക്കാരിലേക്ക് നൽകിയത്.
Published: 11 Sept 2026, 03:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented