പുല്പള്ളി : മഴയില്ല, വൈദ്യുതി മുടക്കവും പതിവ്- നിറഞ്ഞൊഴുകുന്ന കബനി നദിക്കരയിലെ ചേകാടിപ്പാടത്ത് വെള്ളമില്ലാതെ നെൽക്കൃഷി നാശത്തിന്റെ വക്കിൽ.
താളംതെറ്റിയ കാലവർഷമടക്കമുള്ള പ്രതിസന്ധികളെ അതിജീവിച്ച് കൃഷിയിറക്കിയ ചേകാടിയിലെ പരമ്പരാഗത നെൽക്കർഷകർ മുന്നോട്ടെങ്ങനെ കൃഷി സംരക്ഷിക്കുമെന്നറിയാതെ നെട്ടോട്ടമോടുകയാണ്. ഇത്തവണ കാലവർഷം ചതിച്ചതോടെ കർഷകരുടെ കണക്കുകൂട്ടലുകളെല്ലാം പിഴച്ചു.
വൈകിയാണ് വിത്തിട്ടത്, ഓണത്തിനുമുൻപ് ഞാറുനാട്ടി. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ മഴമാറി വെയിൽ കനത്തതോടെ പാടങ്ങൾ വരണ്ടുണങ്ങി വിണ്ടുകീറിയിരിക്കുകയാണ്.
ചേകാടി ജലസേചനപദ്ധതിയെയും മുടവൻകര കനാലിലെ വെള്ളത്തെയും ആശ്രയിച്ചാണ് ചേകാടിയിലെ 250 ഏക്കറോളം വരുന്ന പാടത്തെ നെൽക്കൃഷി. പരമ്പരാഗതമായി സുഗന്ധനെല്ലിനങ്ങളായ ജീരകശാലയും ഗന്ധകശാലയുമടക്കം കൃഷിചെയ്യുന്ന ജില്ലയിലെ രണ്ടാമത്തെ വലിയ പാടശേഖരമാണിത്.
നിലവിലെ സാഹചര്യത്തിൽ ചേകാടി പാടശേഖരത്തിലെ എല്ലാഭാഗത്തേക്കും ജലസേചനം എത്തിക്കാനാവുന്നില്ലെന്നാണ് ചേകാടി പാടശേഖര സമിതി പ്രസിഡന്റ് വി.എൻ. ശിവപ്രസാദ് പറയുന്നത്. വിലങ്ങാടി, വീരാടി ഭാഗങ്ങളിലേക്ക് തീരേ വെള്ളമെത്തുന്നില്ല. ചേകാടി ജലസേചനപദ്ധതി പ്രവർത്തിക്കുന്നുണ്ടെങ്കിലും വൈദ്യുതിനിയന്ത്രണത്താൽ വൈദ്യുതിമുടക്കം പതിവായതിനാൽ പമ്പിങ് കൃത്യമായി നടത്താനാവുന്നില്ല. വൈദ്യുതിവരുന്ന സമയംനോക്കി രാത്രിയും പകലുമെല്ലാം പമ്പിങ് നടത്തുന്നുണ്ടെങ്കിലും എല്ലായിടത്തേക്കും വെള്ളമെത്തുന്നില്ല.
വനത്തിനുള്ളിലെ മുടവൻകരയിൽനിന്ന് പാടത്തേക്ക് വെള്ളമെത്തിക്കുന്ന കനാൽ പലയിടത്തും തകർന്നുകിടക്കുകയാണ്. വനത്തിനുള്ളിൽനിന്ന് നാലുകിലോമീറ്ററോളം ദൂരം കനാലിലൂടെ വെള്ളമെത്തിച്ചാണ് പാടത്ത് വിതരണംചെയ്തിരുന്നത്. കനാൽ നവീകരിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയിരുന്നുവെങ്കിലും ഒന്നും ഇതുവരെ നടപ്പായിട്ടില്ല. പാടത്ത് കളപറിച്ച് വളമിടാനുള്ള സമയമെല്ലാം കഴിഞ്ഞുപോയി. വെള്ളമില്ലാത്തതിനാൽ കർഷകർ വളപ്രയോഗം നടത്തിയിട്ടില്ല.
ഇനിയും പാടത്ത് വെള്ളമെത്തിയില്ലെങ്കിൽ ഏതാനുംദിവസത്തിനുള്ളിൽ കൃഷിമുഴുവൻ നശിക്കുമെന്നാണ് കർഷകർ പറയുന്നത്. ചേകാടിപ്പാടത്ത് കൃഷിയിറക്കുന്ന കർഷകരിൽ ബഹുഭൂരിപക്ഷവും ഗോത്രവിഭാഗങ്ങളിൽ നിന്നുള്ളവരാണ്. സ്വന്തം സ്ഥലത്തിനുപുറമേ പാട്ടത്തിനെടുത്ത സ്ഥലത്തും അവർ കൃഷിചെയ്യുന്നുണ്ട്. പാടത്ത് ആവശ്യത്തിന് വെള്ളമെത്തിക്കാൻ കഴിയാതായതോടെ ഈ കർഷകരെല്ലാം വലിയ ആശങ്കയിലാണ്.
കടംവാങ്ങിയും മറ്റുമാണ് പലരും കൃഷിയിറക്കിയത്. കൃഷിനശിച്ചാൽ ഇവരെല്ലാം വലിയ കടക്കെണിയിലാകും. വനത്താൽ ചുറ്റപ്പെട്ട ചേകാടിപ്പാടത്ത് മാൻ, കാട്ടാന, പന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യവും രൂക്ഷമാണിപ്പോൾ. ഈ മേഖലയിൽ കാവലിന് വനംവകുപ്പ് വാച്ചർമാരെ നിയമിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
Published: 10 Sept 2026, 04:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented