പെരുവണ്ണാമൂഴി : ഒരുഭാഗത്ത് കാട്ടാനകൾ, മറ്റൊരിടത്ത് കാട്ടുപോത്തുകൾ. വന്യമൃഗശല്യം കൂടിയതോടെ പെരുവണ്ണാമൂഴി മേഖലയിലുള്ളവർ ഭയപ്പാടോടെയാണ് ഇപ്പോൾ റോഡിലിറങ്ങുന്നത്. കാട്ടുപോത്തുകൾ ജനവാസമേഖലയിലിറങ്ങുന്നത് പതിവായതോടെ പെരുവണ്ണാമൂഴി മേഖലയിലുള്ളവർ ആശങ്കയിലാണ്.
രാത്രികാലത്ത് വനമേഖലയ്ക്ക് സമീപത്തുകൂടി നെഞ്ചിടിപ്പോടെയാണ് പ്രദേശവാസികൾ സഞ്ചരിക്കുന്നത്. പെരുവണ്ണാമൂഴി-വട്ടക്കയം റോഡ് മേഖലയിലും പെരുവണ്ണാമൂഴി-ചെമ്പനോട റോഡിന് സമീപം പന്നിക്കോട്ടൂർ വയലിലുമാണ് സ്ഥിരമായി കാട്ടുപോത്തുകൾ എത്താറുള്ളത്. രാത്രിയായാൽ വനമേഖലയിൽനിന്ന് കാട്ടുപോത്തുകൾ കൃഷിയിടത്തിലേക്ക് ഇറങ്ങിനടക്കുകയാണ്. വനമേഖലയിൽനിന്ന് ഓനിപ്പുഴ കടന്നാണ് ജനവാസമേഖലയിലേക്ക് എത്തുന്നത്. സാധാരണഗതിയിൽ ഉപദ്രവകാരികളല്ലെങ്കിലും റോഡിലൂടെ കടന്നുപോകുന്ന വാഹനയാത്രക്കാർക്കാണ് ഭീഷണി.
വട്ടക്കയത്ത് അപ്രതീക്ഷിതമായി റോഡിലേക്ക് കടന്ന കാട്ടുപോത്താണ് മുതുകാട് സ്വദേശിയായ സ്കൂട്ടർ യാത്രക്കാരൻ അജുവിനെ കഴിഞ്ഞദിവസം കുത്തിത്തെറിപ്പിച്ചത്.
ഭാഗ്യംകൊണ്ട് ഇദ്ദേഹം കാര്യമായ പരിക്കില്ലാതെ രക്ഷപ്പെടുകയായിരുന്നു. ഈ മേഖലയിൽ കാട്ടുപോത്തുകൾ സ്ഥിരംസാന്നിധ്യമാണെന്ന് പ്രദേശവാസിയായ മഠത്തിനകത്ത് ജോൺസൺ പറയുന്നു. കാട്ടുപന്നികളും കുരങ്ങുകളുമെല്ലാം കാർഷികവിളകൾ നശിപ്പിക്കുന്നത് പതിവാണ്.
എതാനും വർഷംമുൻപ് ചെമ്പനോട റോഡിൽ കാട്ടുപോത്തിന്റെ അക്രമത്തിൽ കാർ തകർന്ന സംഭവമുണ്ടായിരുന്നു. ജാനകിക്കാട് ടൂറിസം കേന്ദ്രത്തിന് സമീപവും ഏതാനുംവർഷങ്ങളായി കാട്ടുപോത്തുകളുടെ സാന്നിധ്യമുണ്ട്. കൂരാച്ചുണ്ട് പഞ്ചായത്തിലെ കക്കയത്ത് ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിന്റെ അക്രമത്തിൽ 2024 മാർച്ച് അഞ്ചിന് കർഷകൻ കക്കയം പാലാട്ട് അബ്രഹാം (70) മരിച്ചിരുന്നു. കൃഷിയിടത്തിൽ പോയപ്പോഴാണ് അബ്രഹാമിന് കാട്ടുപോത്തിന്റെ കുത്തേറ്റത്. കക്കയം ഡാം വിനോദസഞ്ചാരകേന്ദ്രത്തിലെത്തിയ വിനോദസഞ്ചാരികളായ അമ്മയെയും കുട്ടിയെയും 2024 ജനുവരി 20-ന് കാട്ടുപോത്ത് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവവും ഉണ്ടായിട്ടുണ്ട്.
സോളാർവേലി പൂർത്തിയാകാത്തത് വിനയായി
പെരുവണ്ണാമൂഴി-വട്ടക്കയം മേഖലയിൽ കാട്ടുപോത്തുകൾ എത്തുന്നത് സോളാർ വേലിയില്ലാത്ത ഭാഗത്തുകൂടിയാണെന്ന് കിഫ ജില്ലാ വൈസ് പ്രസിഡന്റും പ്രദേശവാസിയുമായ ജോർജ് കുംബ്ലാനി ചൂണ്ടിക്കാട്ടി. ചെങ്കോട്ടക്കൊല്ലിമുതൽ വട്ടക്കയം ഇളംകാടുവരെ സോളാർ തൂക്കുവേലി നിർമിച്ചതാണ്. ഇതിനുശേഷം പെരുവണ്ണാമൂഴിവരെയുള്ള ഭാഗത്ത് സോളാർവേലി നിർമിക്കാൻ കഴിഞ്ഞിട്ടില്ല. സ്ഥലമുടമയുടെ എതിർപ്പും നിർമാണത്തിന് തടസ്സമായി. സോളാർവേലി നിർമിച്ച ഇടങ്ങളിൽ കാട്ടാനയടക്കമുള്ള വന്യമൃഗശല്യം കുറഞ്ഞതായി ജോർജ് പറഞ്ഞു. അതിനാൽ, എത്രയുംവേഗത്തിൽ സോളാർവേലി നിർമാണം പൂർത്തീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
Published: 11 Sept 2026, 03:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented