പനമരം : പ്രളയകാലത്ത് തകർന്ന കലുങ്ക് നന്നാക്കാത്തതിനാൽ പനമരം പരക്കുനി-മാതങ്കോട് റോഡിൽ അപകടം പതിയിരിക്കുന്നു. 2018-ലെ പ്രളയാനന്തരമാണ് കലുങ്കിനുതാഴെയുള്ള കോൺക്രീറ്റ് കെട്ടുകൾ വ്യാപകമായി തകർന്നടിഞ്ഞത്. ഇവിടത്തെ നീർച്ചാലിലൂടെ വ്യാപകമായി മഴവെള്ളം കുത്തിയൊലിച്ചെത്തിയതാണ് കലുങ്ക് തകരാൻ ഇടയാക്കിയത്. ഈ കലുങ്കിനോട് ചേർന്ന് ചാലിന്റെ ഇരുഭാഗത്തും വ്യാപകമായി മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. ഇപ്പോൾ ഓരോ മഴയിലും മണ്ണിടിഞ്ഞുതാഴുകയാണ്. കലുങ്കിന് ബലക്ഷയം സംഭവിച്ച് മുകൾഭാഗം ഇരുന്നുപോയിട്ടുമുണ്ട്. ഇവിടം റോഡിന് വീതിയും കുറവാണ്. അതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യത ഏറെയാണ്. എന്നിട്ടും ഈ കലുങ്ക് നന്നാക്കാൻ നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടാവുന്നില്ലെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്.

To advertise here,

 

ഏതു നിമിഷവും തകർന്നടിയുമെന്ന ഭീഷണിയിലുള്ള ഈ കലുങ്ക് പുനർനിർമിച്ചില്ലെങ്കിൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിലയ്ക്കും. ഒട്ടേറെ കുടുംബങ്ങൾക്കും കർഷകർക്കും ഏകാശ്രയമായ റോഡാണിത്. പനമരം പഞ്ചായത്തിലെ പത്താംവാർഡിൽപ്പെടുന്ന ഈ കലുങ്കിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ ബന്ധപ്പെട്ടവർ ഉടൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.