അമ്പലപ്പുഴ : ഗർഭകാലപരിശോധനകളൊന്നും നടത്താത്ത അമ്മയ്ക്ക് 32-ാമത്തെ ആഴ്ച 1.3 കിലോഗ്രാം തൂക്കത്തിൽ ജനിച്ച ആൺകുഞ്ഞിന് ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ധചികിത്സയിലൂടെ പുതുജീവൻ. ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ ഗുരുതരമായ ശ്വാസതടസ്സവും രക്തചംക്രമണത്തിലെ അസ്ഥിരതയും അനുഭവപ്പെട്ട കുഞ്ഞിന് ജന്മനായുള്ള ഡയഫ്രമാറ്റിക് ഹെർണിയയും സ്ഥിരീകരിച്ചിരുന്നു. ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കുംശേഷം ആരോഗ്യനില മെച്ചപ്പെട്ട കുഞ്ഞിനെ മാതാപിതാക്കൾ ഉപേക്ഷിച്ചതിനെത്തുടർന്ന് ജില്ല ശിശുക്ഷേമസമിതിക്കു കൈമാറി.

To advertise here,

 

കരുനാഗപ്പള്ളിയിലെ ആശുപത്രിയിലാണ് സെപ്റ്റംബർ ഒൻപതിനു പുലർച്ചെ 4.50-ന് കുഞ്ഞു ജനിച്ചത്. ജനിച്ച് മൂന്നുമണിക്കൂറിനുള്ളിൽ ഗുരുതരമായ ശ്വാസതടസ്സമുണ്ടായതിനെത്തുടർന്ന് കുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായിരുന്നതിനാൽ ഉടൻ ശ്വാസനാളത്തിലൂടെ കൃത്രിമ ശ്വസനസഹായം നൽകി. തുടർപരിശോധനയിൽ ഡയഫ്രമാറ്റിക് ഹെർണിയ സ്ഥിരീകരിച്ചു. ശ്വസനസഹായം, ആൻറിബയോട്ടിക്കുകൾ, രക്തസമ്മർദവും രക്തചംക്രമണവും നിലനിർത്തുന്നതിനുള്ള മരുന്നുകൾ എന്നിവ ഉൾപ്പെടെയുള്ള തീവ്രപരിചരണം നൽകി. ആരോഗ്യനില സ്ഥിരപ്പെടുത്തിയശേഷം അഞ്ചാംദിവസം ശസ്ത്രക്രിയ നടത്തി.

 

പീഡിയാട്രിക് സർജറി വിഭാഗത്തിലെ ഡോ. ആതിയ പർവീൺ, ഡോ. ഷിർബിൻ ജോ മാത്യൂസ് എന്നിവർ ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകി. ഡോ. എം.എം. ലിഡിയ, ഡോ. ടി.ടി. വിഷ്ണുരാജ്, ജൂനിയർ റെസിഡെന്റ് ഡോ. ശ്രുതി, സ്റ്റാഫ് നഴ്‌സ് രാഹുൽ എന്നിവരും ചികിത്സാസംഘത്തിലുണ്ടായിരുന്നു. ഡോ. വീണ, ഡോ. ബിബി എന്നിവർ അനസ്തീസ്യ നൽകി. നവജാതശിശുപരിചരണത്തിന് നിയോനെറ്റോളജിസ്റ്റുകളായ ഡോ. ദീപാ കൃഷ്ണൻ, ഡോ. ടിസ ജോൺ എന്നിവരും പീഡിയാട്രിക് റെസിഡെന്റുമാരായ ഡോ. ഡിംപിൾ, ഡോ. വിന്ധ്യ എന്നിവരും നേതൃത്വം നൽകി. കുഞ്ഞിന്റെ തുടർപരിചരണവും സംരക്ഷണവും ഉറപ്പാക്കുന്നതിനാണ് ശിശുക്ഷേമസമിതിക്കു കൈമാറിയതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. പി.എൽ. ലക്ഷ്മി പറഞ്ഞു.