ഹരിപ്പാട് : പോഷകാഹാരക്കുറവുമൂലം ഹരിപ്പാട്ട് രണ്ടുവയസ്സുള്ള കുഞ്ഞു മരിക്കാനിടയായതിൽ മാതാപിതാക്കൾക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് വനിത-ശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. കുട്ടിയുടെ വീടു സന്ദർശിച്ചശേഷമാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.

To advertise here,

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാർ മുൻകൈയെടുക്കും. കുട്ടികളുടെ അപകടകരമായ പശ്ചാത്തലം തിരിച്ചറിഞ്ഞ് ഗാന്ധിഭവനിലേക്കു മാറ്റാൻ ശ്രമിച്ചപ്പോൾ മാതാപിതാക്കൾ ആത്മഹത്യാഭീഷണി മുഴക്കിയതിനെത്തുടർന്ന് തിരിച്ചയക്കുകയായിരുന്നു.

പിന്നീട്, ശിശുക്ഷേമസമിതി ഉദ്യോഗസ്ഥരും അങ്കണവാടി പ്രവർത്തകരുമെല്ലാം കുട്ടികളുടെ വിവരംതിരക്കാൻ വീട്ടിലെത്തിയപ്പോഴും മാതാപിതാക്കൾ സഹകരിച്ചില്ല. മിഷൻ വാത്സല്യ ഉൾപ്പെടെയുള്ള നിലവിലെ പദ്ധതികൾ കുട്ടികൾക്കായി പ്രയോജനപ്പെടുത്തും. കുട്ടികളുടെ അമ്മയ്ക്കു കൗൺസലിങ് നൽകും.

27-നു ശിശുക്ഷേമസമിതി അംഗങ്ങൾ പ്രത്യേകയോഗം ചേരും. അപകടകരമായ ചുറ്റുപാടിൽ ജീവിക്കുന്ന കുട്ടികളുടെ പട്ടിക പുനഃപരിശോധിച്ച് വിപുലീകരിക്കും. ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പാലിക്കുമെന്നും മന്ത്രി പറഞ്ഞു.

അസ്വാഭാവിക മരണത്തിനു കേസ്

: രണ്ടുവയസ്സുകാരൻ മരിച്ച സംഭവത്തിൽ തൃക്കുന്നപ്പുഴ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്. ഹരിപ്പാട് ഗവ. ആശുപത്രിയിൽ മരണം സ്ഥിരീകരിച്ചശേഷം മൃതദേഹം ആരുമറിയാതെ സംസ്കരിക്കാൻ അച്ഛൻ ശ്രമിച്ചിരുന്നു. കുടുംബവീടിനു സമീപം സംസ്കരിക്കാനുള്ള ഒരുക്കം തുടങ്ങിയപ്പോഴേക്കും പ്രദേശവാസികളും പൊതുപ്രവർത്തകരും പോലീസിൽ അറിയിക്കുകയായിരുന്നു. ഐ.സി.ഡി.എസ്. ഉദ്യോഗസ്ഥരും ഇടപെട്ടു. തുടർന്നാണ്, വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയത്.

മരണത്തിൽ ദുരൂഹതയില്ലെന്നും ഭക്ഷണമില്ലാത്തതാണു മരണകാരണമെന്നും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതിനാലാണ് അച്ഛനെ പോലീസ് വിട്ടയച്ചത്. പിന്നീട്, കാർത്തികപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസന്റെ മേൽനോട്ടത്തിലാണ് സംസ്കാരം നടത്തിയത്. രക്ഷിതാക്കളുടെ വീഴ്ചയാണു കുഞ്ഞിന്റെ മരണത്തിനിടയാക്കിയതെന്നു മനസ്സിലായതിനാൽ കേസിൽ കൂടുതൽ അന്വേഷണത്തിന് പോലീസ് തീരുമാനിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ മാതാപിതാക്കളെ പ്രതികളാക്കും. കുഞ്ഞിന്റെ അമ്മ ഏഴാമത്തെ പ്രസവത്തിനുശേഷം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.