ഹരിപ്പാട് : പേരയ്ക്ക, പപ്പായ, കശുവണ്ടി, മരച്ചീനി, ഉരുളക്കിഴങ്ങ്... ഇടിഞ്ഞുവീഴാറായ ആ വീടിന്റെ മുൻവാതിലിൽ ചാരിവെച്ചിരിക്കുന്ന കതകിൽ പെൻസിലിൽ എഴുതിയിരിക്കുന്നതാണ്. വൃത്തിയുള്ള കൈപ്പട. പാഠപുസ്തകത്തിൽനിന്നു പകർത്തിയതാകാം. പത്തുവയസ്സുള്ള മൂത്ത സഹോദരിയോ തൊട്ടുതാഴെയുള്ള ഏഴു വയസ്സുകാരിയോ എഴുതിയതാണ്. പോഷകാഹാരം കിട്ടാതെ മരിച്ചുപോയ രണ്ടുവയസ്സുകാരനും കുടുംബവും താമസിച്ചിരുന്ന വീട്ടിലാണ് കരളലിയിക്കുന്ന ഈ കാഴ്ച.

To advertise here,

 

ചായംമങ്ങിയ ചുമരിന്റെ മറ്റൊരുവശത്ത് കുഞ്ഞുങ്ങൾ കരിക്കട്ടകൊണ്ടെഴുതിയ അക്ഷരങ്ങളും കാണാം. പഠിക്കാനുള്ള കൊതിയോടെ ജീവിച്ച കുരുന്നുകളാണിത്. പക്ഷേ, രക്ഷിതാക്കളുടെ അലസജീവിതം കുഞ്ഞുങ്ങളുടെ ആഗ്രഹം തല്ലിക്കെടുത്തിയതായാണു മനസ്സിലാകുന്നത്.

പത്തുവയസ്സുള്ള കുട്ടി അഞ്ചാം ക്ലാസിൽ പഠിക്കേണ്ടതാണ്. രണ്ടിലും ഒന്നിലും പഠിക്കേണ്ട പ്രായമുള്ളവരാണ് ഇളയകുട്ടികൾ. എന്നാൽ, ഇവരെ സ്കൂളിൽ ചേർക്കാനോ പഠിപ്പിക്കാനോ രക്ഷിതാക്കൾ തയ്യാറായിട്ടില്ല. കുട്ടികൾ ജനിച്ചപ്പോൾ മുതൽ ഓരോ സ്ഥലങ്ങളിലായി മാറിമാറിയാണ് ഇവരുടെ താമസം. പലപ്പോഴും ഒറ്റമുറിയുള്ള വാടകവീടുകളിൽ. ചിലപ്പോൾ കടത്തിണ്ണകളിൽ. അല്ലെങ്കിൽ പുറമ്പോക്കിൽ ഷീറ്റ് വലിച്ചുകെട്ടി താമസിക്കും. ഇങ്ങനെ താമസസ്ഥലം തുടർച്ചയായി മാറുന്നതിനാലാണ് ഇവർക്ക് സ്കൂളിൽ പോകാൻ കഴിയാതെ വരുന്നത്.

മുതുകുളത്തെയും കാർത്തികപ്പള്ളിയിലെയും സ്കൂളുകളിൽ പൊതുപ്രവർത്തകർ ഇടപെട്ട് ഇവരെ ചേർത്തതാണ്. അങ്ങനെ പുസ്തകങ്ങൾ കിട്ടിയിട്ടുണ്ട്. ഏതാനും ദിവസങ്ങൾ മാത്രമാണ് സ്കൂളുകളിൽ പോയിട്ടുള്ളത്. അതിനാൽ, പഠിക്കാനുള്ള സാഹചര്യമുണ്ടായിട്ടില്ല. കൈവശമുണ്ടായിരുന്ന പാഠപുസ്തകങ്ങൾ നോക്കി ഇവർ ഭിത്തിയിലും കതകിലും എഴുതാറുണ്ടായിരുന്നെന്നാണ് അയൽവാസികൾ പറയുന്നത്. അയൽവീടുകളിലെ കുട്ടികൾ സ്കൂളിൽ പോകുമ്പോൾ ഇവർ നോക്കിനിൽക്കുമായിരുന്നു.

മൂത്ത കുട്ടി മറ്റുള്ളവരെ അക്ഷരം പഠിപ്പിക്കാൻ ശ്രമിക്കാറുണ്ടായിരുന്നു. കുട്ടികളുടെ ദയനീയ സ്ഥിതി അറിയാവുന്ന അയൽവാസികൾ അവർക്ക് വസ്ത്രങ്ങൾ വാങ്ങിക്കൊടുക്കുമായിരുന്നു. ചിലർ അത്ര പഴയതല്ലാത്ത വസ്ത്രങ്ങളും കൊടുക്കും. അവയാണ് ഈ കുഞ്ഞുങ്ങൾ ധരിച്ചിരുന്നത്. ഇവർ രണ്ടുമാസമായി താമസിക്കുന്ന വീടിന്റെ സ്ഥിതി ദയനീയമാണ്. 40 വർഷത്തിലധികം പഴക്കമുള്ള വീടാണ്. ചോർന്നൊലിക്കുന്ന നിലയിലാണ്. പരിസരത്താകെ ദുർഗന്ധം വമിക്കുന്നു.

ഹാളിൽ ഏറെ പഴയ ഒരു മെത്തവിരിച്ചാണ് എല്ലാവരുംകൂടി കിടന്നിരുന്നത്.

കുഞ്ഞുങ്ങളെ ഏറ്റെടുത്തു സംരക്ഷിക്കാൻ പലപ്പോഴായി വിവിധ സന്നദ്ധസംഘടനകളും സർക്കാർ ഏജൻസികളും ശ്രമിച്ചിട്ടുണ്ടെങ്കിലും രക്ഷിതാക്കൾ അനുവദിച്ചിരുന്നില്ല. കുട്ടികൾ ഒപ്പമുള്ളതിനാൽ തങ്ങളെ ആരും ശാസിക്കില്ലെന്ന ധാരണയിലാണ് ഇവർ ജീവിച്ചുവന്നത്. വനിത-ശിശു വികസന വകുപ്പ് നാലു കുട്ടികളെയും ഏറ്റെടുത്തിരിക്കുകയാണ്. അവരെ തുറവൂരിലെ മാധവം ബാലഭവനിലാണ് സംരക്ഷിക്കുന്നത്. മൂത്ത കുട്ടികളെ സ്കൂളിലും ഇളയകുട്ടിയെ അങ്കണവാടിയിലും ചേർക്കുന്നതിനായി ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ അനുമതിയോടെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.