ഗോപാലൻ നമ്പ്യാർക്ക് ഇനി സമാധാനമായി ജീവിക്കാം

To advertise here,

പാലിയാണ : ജീവിതസായാഹ്നത്തിൽ സ്വന്തം കിടപ്പാടം നഷ്ടപ്പെട്ട് നരകജീവിതം നയിച്ച തേനോത്തുമ്മൽ ഗോപാലൻ നമ്പ്യാർക്ക് ഇനി സ്വസ്ഥമായി ഉറങ്ങാം. ഇനിയൊരിക്കലും കിട്ടില്ലെന്നു കരുതിയ വീടിന്റെയും പറമ്പിന്റെയും രേഖകൾ അദ്ദേഹത്തിനു തിരികെ ലഭിച്ചു. ഭാര്യയുടെ ബന്ധുക്കൾ കൈവശപ്പെടുത്തിയ വീടുൾപ്പെടുന്ന 1.28 ഏക്കർ വസ്തുവിന്റെ രേഖകളാണ് തിരികെ ലഭിച്ചത്.

ജീവിതാന്ത്യത്തിൽ നല്ലരീതിയിൽ സംരക്ഷിക്കാമെന്ന് മോഹിപ്പിച്ചാണ് ഭാര്യയുടെ ബന്ധുക്കൾ വീടും സ്ഥലവും കൈവശപ്പെടുത്തിയത്. ഭാര്യയുടെ നീലേശ്വരത്തുള്ള ബന്ധുവിന്റെ വീട്ടിൽ ദുരിതജീവിതം നയിച്ച ഗോപാലൻ നമ്പ്യാരെ സഹോദരി ലീലയും നാട്ടുകാരും ചേർന്നാണ് പാലിയാണയിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.

ഗോപാലൻ നമ്പ്യാരുടെ പ്രയാസം മനസ്സിലാക്കി റിട്ട. അധ്യാപകനും കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് യൂണിയൻ ഭാരവാഹിയുമായ കെ.ജി. പുരുഷോത്തമനാണ് സഹായിച്ചത്.

ഗോപാലൻ നമ്പ്യാരുടെ അവസ്ഥ വയനാട് സബ് കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്ന് സബ് കളക്ടർ അതുൽസാഗർ ബന്ധുക്കൾ കൈവശപ്പെടുത്തിയ വസ്തുക്കളുടെ ആധാരങ്ങൾ റദ്ദുചെയ്ത് ഉത്തരവിട്ടിരുന്നു.

മുതിർന്നപൗരർക്കും രക്ഷാകർത്താക്കൾക്കുമായി രൂപവത്കരിച്ച കേന്ദ്ര വയോജനനിയമമാണ് ഗോപാലൻ നമ്പ്യാർക്ക് സഹായമായത്.

വെള്ളമുണ്ട സബ് രജിസ്ട്രാർ ഓഫീസിൽനിന്ന്‌ അനുവദിച്ച പുതിയ ആധാരങ്ങൾ പാലിയാണ നെഹ്റു മെമ്മോറിയൽ ഗ്രന്ഥശാലയിൽ ചേർന്ന യോഗത്തിൽ നാട്ടുകാരുടെ സാന്നിധ്യത്തിൽ കെ.ജി. പുരുഷോത്തമനിൽനിന്ന്‌ ഗോപാലൻ നമ്പ്യാർ സ്വീകരിച്ചു.

രേഖ കൈമാറ്റച്ചടങ്ങ് വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കമർലൈല ഉദ്ഘാടനംചെയ്തു. കെ.ജി. പുരുഷോത്തമനെ അവർ പൊന്നാടയണിയിച്ചു.

ഗ്രാമപ്പഞ്ചായത്തംഗം കെ. രാകേഷ് അധ്യക്ഷതവഹിച്ചു. ഗ്രാമപ്പഞ്ചായത്തംഗം സവാൻ നാസർ, വായനശാല പ്രസിഡന്റ് കെ. രാധാകൃഷ്ണൻ, മുൻ ആർ.ഡി.ഡി. ഇ.കെ. ജയരാജൻ, മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. സുരേഷ് ബാബു, കല്പറ്റ പ്രസ്‌ക്ലബ് നിയുക്ത പ്രസിഡന്റ് എം. കമൽ, പൊതുപ്രവർത്തകൻ പി.വി. ജോസ്‌, എം. ഗംഗാധരൻ, സീനിയർ സിറ്റിസൺ വെൽഫെയർ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് സിസിലി വർഗീസ്, വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി സി. സുധീർ, കെ.എസ്.എസ്.പി.യു. വൈത്തിരി പഞ്ചായത്ത് സെക്രട്ടറി വി.ജെ. മാത്യു, വി. അഭിത, എ. സച്ചിദാനന്ദൻ, എൻ. കുഞ്ഞികൃഷ്ണൻ, കെ.വി. നളിനാക്ഷൻ എന്നിവർ സംസാരിച്ചു.