റോഡ് പണി മൂന്നുമാസംകൂടി നീളും

To advertise here,

പനമരം : ബീനാച്ചി-പനമരം റോഡിലെ പുഞ്ചവയൽ മുതൽ പനമരം വരെയുള്ള ഭാഗത്തെ ഗതാഗതം പൂർണമായും നിരോധിക്കാനുള്ള തീരുമാനം പിൻവലിച്ചു. പനമരം ഗ്രാമപ്പഞ്ചായത്ത് ഹാളിൽ നടന്ന സർവകക്ഷിയോഗത്തിലാണ് തീരുമാനം. പുഞ്ചവയൽ മുതൽ പനമരം വരെയുള്ള ഭാഗത്ത് കോൺക്രീറ്റ് പ്രവൃത്തികൾ നടക്കുന്നതിനാൽ റോഡിൽ ഡിസംബർ 31 വരെ ഗതാഗതം നിരോധിച്ച് പൂർണമായും അടച്ചിടുമെന്നായിരുന്നു കെ.ആർ.എഫ്.ബി. അധികൃതർ അറിയിച്ചത്.

കൂടിയാലോചനകൾ ഇല്ലാതെ ഏകപക്ഷീയമായി രണ്ടുമാസത്തേക്ക് റോഡ് അടച്ചിടാനുള്ള തീരുമാനമായിരുന്നു കെ.ആർ.എഫ്.ബി.യുടെ ഭാഗത്തുനിന്നുണ്ടായത്. ഗതാഗതം പൂർണമായും നിരോധിച്ചാൽ വിദ്യാർഥികളും രോഗികളും തൊഴിലാളികളും ഒപ്പം പനമരത്തെ വ്യാപാരികളും പ്രതിസന്ധിയിലാവും. കൂടാതെ ഇതുവഴി സർവീസ് നടത്തുന്ന ബസുകൾക്കും തിരിച്ചടിയാവുമായിരുന്നു. അതിനാൽ വലിയ പ്രതിഷേധങ്ങളാണ് ഇതിനെതിരേ ഉടലെടുത്തത്.

ഇതോടെയാണ് പ്രശ്നപരിഹാരത്തിനായി പനമരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്‌മി ആലക്കമറ്റത്തിന്റെ അധ്യക്ഷതയിൽ യോഗംചേർന്നത്.

റോഡിന്റെ നിർമാണപ്രവൃത്തികൾ മൂന്നുമാസത്തിനുള്ളിൽ തീർക്കുമെന്നാണ് കെ.ആർ.എഫ്.ബി. അധികൃതർ യോഗത്തിൽ ഉറപ്പുനൽകിയത്. എസ്റ്റിമേറ്റിൽ മാറ്റംവരുത്താതെ പനമരം പാലം കവല മുതൽ നെല്ലിയമ്പം ജങ്ഷൻവരെയുള്ള ഭാഗത്ത് കോൺക്രീറ്റ് പ്രവൃത്തിതന്നെ നടത്തും. കൂടുതൽ വിദഗ്ധരായ തൊഴിലാളികളെ എത്തിച്ച് രാത്രിയും റോഡ് നിർമാണം നടത്തും. കോൺക്രീറ്റ് ചെയ്യുന്ന സമയത്തുണ്ടാകുന്ന ബ്ലോക്കുകൾ ഒഴിവാക്കുന്നതിനായി പനമരം ഭാഗത്തുനിന്ന്‌ നടവയൽ ഭാഗത്തേക്ക് മാത്രമായി വൺവേ ഗതാഗതം അനുവദിക്കും. പനമരം ഭാഗത്തേക്കുള്ള വാഹനങ്ങൾ പഴയ നടവയൽ റോഡിലൂടെ കടത്തിവിടാനും യോഗത്തിൽ തീരുമാനമായി.

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 2019-ൽ നിർമാണം ആരംഭിച്ച ബീനാച്ചി-പനമരം റോഡിലെ പുഞ്ചവയൽമുതൽ പനമരംവരെയുള്ള രണ്ടരക്കിലോമീറ്റർ നീളുന്ന റോഡിന്റെ പുനരുദ്ധാരണമാണ് വർഷങ്ങൾ പിന്നിട്ടിട്ടും പൂർണാവസ്ഥയിലേക്കെത്താത്തത്. ഇനിയും നിർമാണം ഇഴഞ്ഞുനീങ്ങിയാൽ പ്രക്ഷോഭപരിപാടികളുമായി രംഗത്തിറങ്ങുമെന്ന് യോഗത്തിൽ പങ്കെടുത്തവർ മുന്നറിയിപ്പുനൽകി. കെ.ആർ.എഫ്.ബി. ഇ.ഇ. ഐ.കെ. മിഥുൻ, എ.ഇ. എൻ. ജിതിൻ, എ.എക്സ്.ഇ. അബ്‌ദുൾ അസീസ്, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, വ്യാപാരിപ്രതിനിധികൾ, റോഡ് കർമസമിതിയംഗങ്ങൾ, നിർമാണക്കമ്പനി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.