രാഷ്ട്രീയ ഭൂപടത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ച വർഷമാണ് കടന്നു പോകുന്നത്. കാനഡയിലെ ഭരണമാറ്റം മുതൽ രാഹുൽമാങ്കൂട്ടത്തിലിനെതിരെ വന്ന ബലാത്സംഗക്കേസ് വരെ നീണ്ട സംഭവബഹുലമായ വർഷം. രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനങ്ങളെക്കുറിച്ചുള്ള ചർച്ചകളും പ്രതിപക്ഷ ആരോപണങ്ങളും തീവ്രവോട്ടർപട്ടിക പരിഷ്‌കരണവും ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കിയ വർഷം. വോട്ട് ചോർത്തലും EVM-ന്റെ വിശ്വാസ്യതയും ചർച്ചയായ കാലം.

To advertise here,

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ 'സെമിഫൈനൽ' എന്ന് വിശേഷിപ്പിക്കപ്പെട്ട തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമായ മാറ്റങ്ങൾക്കാണ് വഴിതെളിച്ചത്. സിപിഎമ്മിന് തിരിച്ചടി നേരിട്ട തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയത് യുഡിഎഫാണ്. യുഡിഎഫ് ആകെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ 53.7% സീറ്റുകൾ നേടി കരുത്ത് തെളിയിച്ചു. ഇതിൽ 941 ഗ്രാമപഞ്ചായത്തുകളിൽ 367 എണ്ണത്തിലും 6 കോർപ്പറേഷനുകളിൽ നാലെണ്ണത്തിലും യുഡിഎഫ് അധികാരം പിടിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ എൻഡിഎ (NDA) വിജയവും ചരിത്രപരം. 40 വർഷത്തെ എൽഡിഎഫ് ഭരണത്തിന് അന്ത്യം കുറിച്ച് 101 അംഗ കൗൺസിലിൽ 50 സീറ്റുകൾ നേടിയാണ് ബിജെപി അധികാരം പിടിച്ചത്. മുൻ ഡിജിപി ആർ. ശ്രീലേഖ ശാസ്തമംഗലം വാർഡിൽ നിന്ന് വിജയിച്ചത് ഈ മുന്നേറ്റത്തിന് കരുത്തേകി.