ടൊറന്റോ: ഹിന്ദു എന്നത് ഒരു പ്രത്യേക ആരാധനാ രീതിയിലോ ഭാഷയിലോ ജീവിതരീതിയിലോ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്ന് ആർ.എസ്.എസ്. സർസംഘ ചാലക് മോഹൻ ഭാഗവത്. വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതും ആദരിക്കുന്നതുമാണ് ഭാരതീയ സംസ്കാരത്തിന്റെ കാതലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടൊറന്റോയിൽ കനേഡിയൻ ഹിന്ദു സംഘടനകൾ സംഘടിപ്പിച്ച 'ഹിന്ദു വിശ്വബന്ധു - എംബ്രേസ് ദി വേൾഡ് ഇൻ ഫ്രണ്ട്ഷിപ്പ്' (Hindu Vishwa Bandhu - Embrace the World in Friendship) സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതി, മതം, ഭാഷ എന്നിവയിലെ വ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും എന്നാൽ, ഏകത്വമാണ് യഥാർത്ഥ യാഥാർത്ഥ്യമെന്നും ഭാഗവത് അഭിപ്രായപ്പെട്ടു. വൈവിധ്യം ഏകത്വത്തിന്റെ മനോഹരമായ പ്രകടനമാണ്. അതിനെ ഭയപ്പെടേണ്ടതില്ല, പകരം ബഹുമാനിക്കുകയും ആഘോഷിക്കുകയുമാണ് വേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ആവശ്യപ്പെടുന്നതിന് മുൻപ് തന്നെ മറ്റുള്ളവർക്ക് സഹായഹസ്തം നീട്ടുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യവും ഡി.എൻ.എയും. 'ഹിന്ദു ഉണർന്നാൽ ലോകം ഉണരും' എന്ന വാക്യത്തിന് പിന്നിലെ പശ്ചാത്തലവും ഇതാണെന്ന് അദ്ദേഹം വിശദീകരിച്ചു.
ലോകം മുഴുവൻ ഒരു കുടുംബമാണെന്ന വസുധൈവ കുടുംബകം എന്ന ആശയത്തിൽ വിശ്വസിക്കുന്നവർക്ക് മറ്റുള്ളവരെ സേവിക്കുക എന്നത് ഒരു കടമയാണെന്ന് ഭാഗവത് പറഞ്ഞു. ഭാരതം ലോകത്തെ സേവിച്ചതിലൂടെയാണ് വിശ്വഗുരുവായി മാറിയത്, അല്ലാതെ ഒരു വൻശക്തിയായി മാറി ലോകത്തെ കീഴടക്കാൻ ശ്രമിച്ചല്ല. ഭാരതത്തിന്റെ പൂർവികർ മെക്സിക്കോ മുതൽ സൈബീരിയ വരെയും തെക്കുകിഴക്കൻ ഏഷ്യയിലേക്കും യാത്ര ചെയ്തിട്ടുണ്ട്. എന്നാൽ, അവർ ഒരു രാജ്യവും കീഴടക്കിയില്ല, പകരം ജ്യോതിശാസ്ത്രവും ആയുർവേദവും ഉൾപ്പെടെയുള്ള അറിവുകളും സാംസ്കാരിക മൂല്യങ്ങളുമാണ് ലോകത്തിന് പകർന്നുനൽകിയത്.
ചരിത്രത്തിൽ വിവിധയിടങ്ങളിൽ പീഡനങ്ങൾ നേരിട്ട മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ, ജൂതന്മാർ, പാഴ്സികൾ എന്നിവർക്കെല്ലാം ഭാരതത്തിൽ സുരക്ഷിതമായി അഭയം ലഭിച്ചിട്ടുണ്ടെന്ന് ഭാഗവത് ചൂണ്ടിക്കാട്ടി. രണ്ടാം ലോകമഹായുദ്ധ കാലത്ത് പോളണ്ടിൽനിന്നുള്ള അഭയാർത്ഥികൾക്ക് ജാംനഗർ മഹാരാജാവ് അഭയം നൽകിയ കാര്യവും പശ്ചിമേഷ്യയിലെ യുദ്ധമേഖലയിൽനിന്ന് ഇന്ത്യൻ സൈനിക വിമാനം സ്വന്തം പൗരന്മാർക്കൊപ്പം മറ്റ് ഏഴ് രാജ്യങ്ങളിലെ പൗരന്മാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതും അദ്ദേഹം ഇതിന് ഉദാഹരണങ്ങളായി ഓർമ്മിപ്പിച്ചു.
കനേഡിയൻ ഹിന്ദുസ് ഫോർ ഔട്ട്റീച്ച്, റിലേഷൻസ് ആൻഡ് ഡയലോഗ് (CHORD) എന്ന സംഘടന സംഘടിപ്പിച്ച ഈ സമ്മേളനത്തിൽ കാനഡയിലെ എട്ട് പ്രവിശ്യകളിൽ നിന്നായി 2,500-ലധികം പ്രതിനിധികൾ പങ്കെടുത്തു. മുൻ കനേഡിയൻ പ്രതിരോധ മന്ത്രി ജേസൺ കെന്നിയും ചടങ്ങിൽ സന്നിഹിതനായിരുന്നു. നേരത്തെ യുഎസിലെ മാഡിസൺ സ്ക്വയർ ഗാർഡനിലും ഭാഗവത് സമാനമായ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചിരുന്നു. അവിടെയും ഇതേ ആശയങ്ങൾ തന്നെയാണ് അദ്ദേഹം വിശദീകരിച്ചത്. ഇന്ത്യയിൽ മുസ്ലീങ്ങൾ വേണ്ടെന്നു ചിന്തിക്കുന്നവർ ഹിന്ദുവാകില്ല എന്നതുൾപ്പെടെയുള്ള പരാമർശങ്ങൾ ശ്രദ്ധ നേടിയിരുന്നു. മാഡിസൺ സ്ക്വയറിൽ ഭാഗവത് സംസാരിക്കാൻ എത്തുന്നതിനെതിരെ പ്രതിഷേധം അരങ്ങേറിയിരുന്നു.
Content Highlights: Mohan Bhagwat addressed the Hindu Vishwa Bandhu conference in Toronto., Emphasized that Indian culture celebrates diversity and unity., Highlighted India's tradition of offering shelter and global service without conquest., Over 2,500 delegates from eight Canadian provinces attended the event organized by CHORD.
Published: 31 Aug 2026, 09:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented