ഇന്ന് ചോദ്യം ചെയ്യപ്പെടുന്ന പൊതുപ്രവർത്തകൻ കണ്ണാടിയിൽ നോക്കി സ്വന്തം കണ്ണുകളോട് ചോദിച്ചേക്കാം: 'ഞാൻ ചെയ്തതെല്ലാം നിയമപ്രകാരമല്ലേ?

ജനാധിപത്യവും രാഷ്ട്രീയാധികാരവും തമ്മിൽ നിരന്തരം ഒരു സംഭാഷണം നടക്കുന്നുണ്ട്. ആ ചർച്ച നടക്കുന്ന വേദി പൊതുപ്രവർത്തകന്റെ അന്തഃകരണമാണ്-മനസ്സും ബുദ്ധിയും തമ്മിൽ, ആഗ്രഹവും കടമയും തമ്മിൽ നിരന്തരം വാദപ്രതിവാദങ്ങൾ നടക്കുന്ന ആ ഉൾലോകം. ജനാധിപത്യത്തിൽ നിയമങ്ങളുണ്ട്, കോടതികളുണ്ട്, അന്വേഷണ ഏജൻസികളുണ്ട്. എന്നാൽ അതിനുമുമ്പ് മറ്റൊരു വിചാരണ നടക്കുന്നുണ്ട്. അത് ഒരു രാഷ്ട്രീയനേതാവിന്റെ അന്തഃകരണത്തിൽ നടക്കുന്ന വിചാരണയാണ്. അയാളുടെ പാർട്ടി അതറിയില്ല. നിയമസഭ അറിയില്ല. വീട്ടുകാർ പോലും അറിയില്ല. കണ്ണാടിയിൽ നോക്കുമ്പോൾ അയാളുടെ കണ്ണുകൾ അയാളോട് ചോദിക്കുന്ന ചോദ്യങ്ങൾ മാത്രമേ അവിടെ ഉള്ളൂ. കണ്ണിന്നുകണ്ണ് മനമാകുന്ന കണ്ണ് എന്ന് എഴുത്തച്ഛൻ എഴുതിയല്ലോ.
ജൂൺ ഇരുപത്തിമൂന്നാം തീയതിയിൽ ഡൽഹിയിലെ The Indian Express ഒരു അന്വേഷണാത്മക റിപ്പോർട്ട് പുറത്തുകൊണ്ടുവന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് അധികാരമേറ്റതിനുശേഷം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ വാങ്ങിയ ഭൂമിയുടെ വിസ്തൃതി 253 ഏക്കറുകളാണത്രേ. ഉജ്ജയിനി നഗരവികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന നവീകരണ പ്രവർത്തനങ്ങൾക്കിടയിലാണ് മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾ കണ്ണായ പ്രദേശങ്ങളിൽ വൻതോതിൽ ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നത് എന്നാണ് കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യതലസ്ഥാനത്തെ പ്രമുഖപത്രം ഒന്നാം പേജിൽ മുഖവാർത്തയായി അവതരിപ്പിച്ചത്.
ഉജ്ജയിനിയിൽ അടിസ്ഥാനസൗകര്യവികസനത്തിനായി പുതിയ റോഡുകളും ഹൈവേകളും വരുന്നതിന്റെ ഭാഗമായ ഭൂമി തിട്ടപ്പെടുത്തിക്കൊണ്ടിരിക്കുമ്പോൾ അതിനോടു ചേർന്ന സ്ഥലങ്ങളാണ് മുഖ്യമന്ത്രിയും അടുത്ത കുടുംബാംഗങ്ങളും വാങ്ങിക്കൂട്ടിയിരിക്കുന്നത് എന്നതാണ് വാർത്ത. പത്രം ഇങ്ങനെ എഴുതിയിരിക്കുന്നു;
'2023 ഡിസംബർ പതിമൂന്നാം തീയതി ബിജെപി നേതൃത്വത്തിൽ മുഖ്യമന്ത്രി അധികാരം ഏറ്റെടുത്തതിനുശേഷം 137 പ്ലോട്ടുകളാണ് തൊട്ടടുത്ത കുടുംബാംഗങ്ങൾ വാങ്ങിയത്. ഉടമാവകാശരേഖകൾ പ്രകാരം ഈ സ്ഥലങ്ങൾ വാങ്ങിയിട്ടുള്ളത് മോഹൻ യാദവിന്റെ ഭാര്യ സീമ, മകൻ വല്ലഭിന്റെ ഭാര്യ ശാലിനി യാദവ്, സഹോദരന്മാർ നന്ദലാൽ, നാരായൺ യാദവുമാർ, നാരായണിന്റെ ഭാര്യ രേഖ , അവരുടെ മകൻ അഭയ് യാദവ്, ബന്ധുക്കളായ ഗോവിന്ദ് യാദവ്, നിലേഷ് യാദവ് എന്നിവരാണ് ' (ജയ് മസുംദാർ, ദി ഇന്ത്യൻ എക്‌സ്പ്രസ്, ഡൽഹി, ജൂൺ 23, 2026).
പെട്ടെന്ന് ധനികരായ, സ്വത്ത് വാങ്ങിക്കൂട്ടിയ പൊതുപ്രവർത്തകർ കേരളത്തിലുമുണ്ട്. അയല്പക്കങ്ങളിൽ നാം കാണുകയും അടക്കം പറയുകയും ചെയ്യുന്ന കാര്യങ്ങളാണിതൊക്കെ. എന്നാൽ ഇപ്പോൾ പ്രശ്‌നം മറ്റൊന്നാണ്. ധാർമ്മികതയുടെ ഗ്രഹനിലയെ 'തെളിവുകളുടെ അഭാവം' എന്ന രാഹു വിഴുങ്ങിയിരിക്കുന്നു എന്നതാണ്. ഇന്ന് ചോദ്യം ചെയ്യപ്പെടുന്ന പൊതുപ്രവർത്തകൻ കണ്ണാടിയിൽ നോക്കി സ്വന്തം കണ്ണുകളോട് ചോദിച്ചേക്കാം: 'ഞാൻ ചെയ്തതെല്ലാം നിയമപ്രകാരമല്ലേ? ഭൂമി വാങ്ങിയതും വിറ്റതും രജിസ്‌ട്രേഷൻ നിയമങ്ങൾ അനുസരിച്ചല്ലേ? എവിടെയാണ് തെറ്റിന്റെ തെളിവ്?'. അപ്പോൾ ജനാധിപത്യം തിരിച്ചുചോദിക്കും: 'നിയമലംഘനം നടന്നുവോ എന്നത് ഒരു ചോദ്യം തന്നെയാണ്. എന്നാൽ പൊതുപ്രവർത്തകൻ അധികാരത്തെയും ജനാധിപത്യം അനുവദിച്ചു തന്ന പദവിയേയും സ്വകാര്യ നേട്ടങ്ങളിൽ നിന്ന് അകറ്റിനിർത്തേണ്ട ധാർമ്മിക ഉത്തരവാദിത്തം എന്നൊന്നില്ലേ?'
ജനാധിപത്യത്തിന്റെ അന്തിമ ആശ്രയം നിയമപുസ്തകങ്ങളല്ല, കോടതിമുറികളിലെ വിചാരണയിലുള്ള ജയ-പരാജയങ്ങളല്ല. അധികാരത്തേക്കാൾ ഉയരത്തിൽ നിൽക്കുന്ന ചില ധാർമ്മിക മൂല്യങ്ങളുണ്ടെന്ന വിശ്വാസമാണ്. തെളിവുകളേക്കാൾ വലുതായ ഒരു ലോകമുണ്ട്. അതിന്റെ പേരാണ് ധാർമ്മികത. ധാർമ്മികതയാണ് സോക്രട്ടീസ് അനശ്വരനാകാൻ കഴിച്ച വിഷം. ധാർമ്മികതയാണ് ക്രിസ്തു അതിജീവിച്ച കുരിശ്. ധാർമ്മികതയാണ് ഗാന്ധിജിയുടെ ജനുവരി മുപ്പത്.
പുതിയ കാലത്തെ പൊതുപ്രവർത്തകരെക്കുറിച്ച് പറയുമ്പോൾ സോക്രട്ടീസും ക്രിസ്തുവും ഗാന്ധിയും പോലുള്ള ക്ലിഷേകൾ ഒഴിവാക്കിക്കൂടേയെന്ന് ചില വായനക്കാർ ചോദിച്ചേക്കാം. എന്നാൽ ഉയരങ്ങൾ അളക്കാൻ നാം ഇന്നും ഉപയോഗിക്കുന്നത് സെന്റിമീറ്ററും മീറ്ററും അടിയുമാണ്. ഉയരത്തിനുള്ള മാനദണ്ഡങ്ങൾ മാറ്റാൻ കഴിയില്ല. ധാർമ്മികതയ്ക്കും അങ്ങനെ ചില അളവുകോലുകളുണ്ട്. ഗാന്ധിക്കുശേഷവും ഇന്ത്യൻ സമൂഹത്തിൽ ആ മാനദണ്ഡങ്ങളെ ആലിംഗനം ചെയ്ത് ജീവിച്ച വിനീതരായ മനുഷ്യർ അനവധിയുണ്ടല്ലോ; ഇന്നുമുണ്ടല്ലോ. നമ്മുടെ തൊട്ടയല്പക്കങ്ങളിൽ തന്നെയുണ്ടല്ലോ.
പ്രശ്‌നം പൊതുപ്രവർത്തകന്റെ accountability തന്നെയാണ്. തെളിവുകളില്ലാത്തതുകൊണ്ട് മാത്രം എല്ലാ സംശയങ്ങളിൽ നിന്നും എല്ലാ ചോദ്യങ്ങളിൽ നിന്നും കോടതികളിൽ നിന്നും മോചിതനാകുന്ന ഒരാളായിക്കൂടാ പൊതുപ്രവർത്തകൻ. Accountability എന്ന വാക്കിന്റെ അർത്ഥം ഉത്തരം പറയാനുള്ള ബാധ്യത എന്നാണ്. ആരോടാണ് ഉത്തരം പറയേണ്ടത്? ഗാന്ധിയുടെ മറുപടി വ്യക്തമായിരുന്നു: സ്വന്തം അന്തഃകരണത്തോട്.
ഒരു കുറ്റവാളിയുടെ കുറ്റബോധവും ഒരു പൊതുപ്രവർത്തകന്റെ കുറ്റബോധവും ഒരു ധാർമിക മനുഷ്യന്റെ കുറ്റബോധവും ഒരുപോലെയാണോ? സ്വന്തം പ്രവൃത്തികളെ ന്യായീകരിക്കുന്നതിൽ മനുഷ്യന് അത്ഭുതകരമായ കഴിവുണ്ട്. എന്നോട് ഒരിക്കൽ ഒരു മുതിർന്ന അഭിഭാഷകൻ പറഞ്ഞതോർക്കുന്നു: 'ആ കൊടുംകുറ്റവാളി സ്വന്തം ന്യായീകരണം നിരത്തുന്നതുകേട്ടാൽ അത്ഭുതപ്പെട്ടുപോകും. സ്വന്തം ന്യായം പറയാൻ എന്തൊരു ചാതുര്യമാണെന്നോ!'. എന്നാൽ പൊതുപ്രവർത്തകന്റെ കാര്യം വരുമ്പോൾ ജനാധിപത്യം അന്തഃകരണത്തെ മാത്രം ആശ്രയിക്കുന്നില്ല; പൊതുചോദ്യങ്ങളെയും പൊതുവിശദീകരണങ്ങളെയും അത് ആവശ്യപ്പെടുന്നു.
തന്നെപ്പോലെതന്നെ അയൽക്കാരനെയും സ്‌നേഹിക്കണമെന്ന ക്രിസ്തുവിന്റെ വചനവും, പൊതുജീവിതം ഒരു ട്രസ്റ്റീഷിപ്പാണെന്ന ഗാന്ധിയുടെ രാഷ്ട്രീയദർശനവും ഞാൻ ഇവിടെ ഉദ്ധരിച്ചാൽ, 'ദാ, വീണ്ടും വന്നിരിക്കുന്നു പഴഞ്ചൻ യുക്തികളുമായി' എന്ന് ഒരു വലിയ വിഭാഗം ആളുകൾ പറഞ്ഞേക്കാം. എന്നാൽ പൊതുമണ്ഡലത്തിലെ അഴിമതികളെയും ധാർമ്മിക അപചയങ്ങളെയും 'ഇക്കാലത്ത് കാര്യങ്ങളൊക്കെ ഇങ്ങനെയൊക്കെയാണ്; നമ്മുടെ കാര്യങ്ങൾ കുഴപ്പമില്ലാതെ നടന്നാൽ പോരേ?' എന്ന് ന്യായീകരിക്കാൻ തുടങ്ങിയാൽ അതിന് വലിയൊരു വില കൊടുക്കേണ്ടിവരും. കുറ്റബോധം എന്ന മഹത്തായ മനുഷ്യസാദ്ധ്യതയെ നാം ബലികൊടുക്കുകയാകും അതിന്റെ ഫലം.
കുറ്റബോധം സംസ്‌കൃതചിത്തമായ ഒരു ബോധാവസ്ഥയാണ്. അപരനുമായി, പ്രത്യേകിച്ച് ജീവിതത്തിൽ പരിക്കേറ്റ ഒരാളുമായി മറ്റൊരാൾക്ക് ഉണ്ടാക്കാൻ കഴിയുന്ന മനസ്സിന്റെ പാലമാണത്. Accountability അതിന്റെ ഒരു രാഷ്ട്രീയരൂപം മാത്രമാണ്. അതിന്റെ ആഴത്തിൽ അന്തഃകരണം മനുഷ്യചരിത്രത്തിലെ നന്മകളുമായി നടത്തുന്ന ഒരു നിശ്ശബ്ദകരാറുണ്ട്.
കുറ്റബോധം ധാർമ്മികതയുടെ ഒരു ദിശാനോക്കിയന്ത്രമാണ്. ആ moral compass പ്രവർത്തിക്കുന്നത് അടിസ്ഥാനപരമായി വൈകാരികമായിട്ടാണ്, വൈചാരികമായിട്ടല്ല. എന്നാൽ അതിന്റെ വേരുകൾ ജലം വലിക്കുന്നത് മനുഷ്യചരിത്രത്തിലെ നന്മയുടെയും കണ്ണീരിന്റെയും കരുതലിന്റെയും പൊറുക്കലിന്റെയും സഞ്ചിതസംസ്‌കാരത്തിൽ നിന്നാണ്. തലമുറകൾ കൈമാറിയ അനുഭവങ്ങളുടെയും മൂല്യങ്ങളുടെയും വിചാരലോകത്തിലാണ് അതിന്റെ ആഴമേറിയ വേരോട്ടം.
എന്താണ് അപ്പോൾ കുറ്റബോധം? മനുഷ്യൻ സ്വന്തം ധാർമ്മിക അളവുകോലുകളെ ലംഘിച്ചുവെന്ന് തിരിച്ചറിയുന്ന നിമിഷത്തിൽ, തന്നോടുതന്നെ തോന്നുന്ന ആത്മവിമുഖതയുടെ പേരാണ് കുറ്റബോധം. അതിൽ ജാള്യതയുണ്ട്, നാണംകെടലുണ്ട്, തലകുനിയ്ക്കലുണ്ട്. എന്നാൽ അതിലെല്ലാം ഉപരിയായി, തലമുറകൾ കൈമാറിവന്ന ധാർമ്മിക പാരമ്പര്യത്തോടുള്ള ഒരു നിശ്ശബ്ദ ക്ഷമാപണവുമുണ്ട്.
മൃഗങ്ങൾക്ക് കുറ്റബോധമുണ്ടോ എന്നു പറയാനുള്ള ധാരണയോ ഉറപ്പോ എനിക്കില്ല. മനുഷ്യനേക്കാൾ ഒരു തരത്തിലും താണ നിലയിലുള്ള ഒന്നല്ല മനുഷ്യേതരമൃഗലോകമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഒരുപക്ഷേ, മൃഗലോകത്തിൽ കുറ്റം എന്ന സംജ്ഞ നിലനിൽക്കുന്നേയില്ലായിരിക്കാം. തെറ്റുചെയ്തുവെന്ന ബോധം മനുഷ്യന്റെ വിധിയാണ്. ഭാഗ്യവുമാണ്.
ചാൾസ് ഡാർവിന്റെ അഭിപ്രായത്തിൽ കുറ്റബോധമുൾപ്പെടെയുള്ള വികാരങ്ങളും മനുഷ്യന്റെ മറ്റു സവിശേഷതകളെപ്പോലെ പരിണാമപ്രക്രിയയുടെ ഫലമാണ്. ചുറ്റുപാടുകളോട് കൂടുതൽ ഫലപ്രദമായി പ്രതികരിക്കാൻ ജീവജാലങ്ങളെ സഹായിക്കുന്നതിനുവേണ്ടിയാണ് അവ രൂപപ്പെട്ടത്. ഉദാഹരണത്തിന് ഭയം എന്ന വികാരത്തെ നോക്കൂ. അപകടസാധ്യതയെ തിരിച്ചറിയുമ്പോൾ ഉണ്ടാകുന്ന ഈ വികാരം, പൊരുതാനോ ഓടിരക്ഷപ്പെടാനോ ജീവിയെ പ്രാപ്തനാക്കുന്നു.
എന്നാൽ മറ്റു ചില വികാരങ്ങളുടെ കാര്യത്തിൽ ഈ ബന്ധം അത്ര എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയില്ല. ഉദാഹരണത്തിന് ദുഃഖത്തിന്റെ ആവശ്യമെന്താണ്? നാണത്തിന്റെയോ അപമാനബോധത്തിന്റെയോ പ്രയോജനം എന്താണ്? കുറ്റബോധത്തിന്റെ കാര്യത്തിൽ ചോദ്യം കൂടുതൽ സങ്കീർണമാകുന്നു. മനഃശാസ്ത്രചികിത്സകർ പലരും അതിനെ 'ഉപയോഗമില്ലാത്ത വികാരം' എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. എന്നിട്ടും മനുഷ്യചരിത്രത്തിലും ധാർമ്മികജീവിതത്തിലും കുറ്റബോധം വഹിച്ച പങ്ക് അത്ര എളുപ്പത്തിൽ തള്ളിക്കളയാനാവില്ല. കാരണം, മനുഷ്യനെ കോടതികളിൽ എത്തും മുൻപേ തിരുത്തിയിട്ടുള്ളത് പലപ്പോഴും ശിക്ഷാഭയമല്ല, കുറ്റബോധമായിരുന്നു. വക്കീൽ കൂടിയായിരുന്ന ഗാന്ധി പറഞ്ഞിട്ടുണ്ടല്ലോ, കോടതിയിലെത്തുന്നതിനു മുൻപേ പ്രശ്‌നങ്ങൾ ഒത്തുതീർപ്പാക്കണമെന്ന്. തിരുനെല്ലി പോലീസ് അതിർത്തിയിലെ കുംബാരക്കുനിയിൽ അരീക്കാട് വർഗീസ് എന്ന കമ്മ്യൂണിസ്റ്റിനെ 1970 ഫെബ്രുവരി പതിനേഴിന് വെടിവെച്ചുകൊന്നത് താൻ ആണെന്ന് ഇരുപത്തിയെട്ടു വർഷങ്ങൾക്കുശേഷം പോലീസ് കോൺസ്റ്റബിൾ രാമചന്ദ്രൻ നായർ ഏറ്റുപറഞ്ഞിടത്താണ് അത് കർത്തവ്യപഥത്തിലെത്തുന്നത്.
കുറ്റബോധം എന്ന വികാരം 'ഞാൻ' എന്നിടത്താണ് ആരംഭിക്കുന്നത്. 'എന്നോട് ക്ഷമിക്കണം' എന്നതാണ് അതിന്റെ സത്താമൂല്യം. ഞാൻ അങ്ങനെ ചെയ്തുകൂടായിരുന്നുവെന്ന തിരിച്ചറിവാണ് അത്. മറ്റു മനുഷ്യവികാരങ്ങളിൽ നിന്ന് കുറ്റബോധത്തെ വേറിട്ടുനിർത്തുന്നത് അതിൽ അടങ്ങിയിരിക്കുന്ന സ്വയംനിന്ദയിലെ സുന്ദരമഴവില്ലാണ്. മഴവില്ലിന്റെ ഘടന സങ്കീർണ്ണമാണ്; അതിൽ ഏഴു നിറങ്ങൾ വിന്യസിക്കപ്പെട്ടിരിക്കുന്നു. അതുപോലെ കുറ്റബോധത്തിന്റെയും ഘടന സങ്കീർണ്ണമാണ്. അപരനുമായി ബന്ധപ്പെട്ട 'തെറ്റ്-ശരി' എന്ന ധാർമ്മികബോധമാണ് അതിന്റെ ചക്രവാളം.
കുറ്റബോധത്തിന് മറ്റൊരു പ്രത്യേകതയുണ്ട്. അത് നമ്മെ കർമ്മത്തിലേക്ക് തള്ളിവിടും. കുറ്റബോധമുണ്ടാകുമ്പോൾ ആദ്യം ചെയ്യേണ്ട കാര്യം 'എന്നോട് ക്ഷമിക്കണം' എന്ന് അപരനോട് പറയുക എന്നതാണ്. അങ്ങനെ പറയപ്പെടാതെ പോകുന്ന കുറ്റബോധം ജീവിതാന്ത്യം വരെ നമ്മെ കാർന്നുതിന്നും. അത് പെറ്റുപെരുകുന്ന ചിതലാണ്. ഒടുവിൽ നമ്മുടെ കാതൽ തന്നെ അത് തിന്നുതീർക്കും.
മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിൽ നിന്ന് ഞാൻ ഒരുപാട് യാത്ര ചെയ്തു. അതിൽ എനിക്ക് കുറ്റബോധമില്ല. പൊതുപ്രവർത്തകരുടെ ധാർമ്മിക ബാധ്യത കോടതിയോട് ഉത്തരം പറയാനുള്ള ബാധ്യതയല്ല. കണ്ണാടിയിൽ നോക്കുമ്പോൾ സ്വന്തം കണ്ണുകളോട് പറയാനുള്ള ഏറ്റുപറച്ചിലാണ്. അതൊന്ന് വിശദീകരിക്കാനുള്ള ശ്രമം മാത്രമാണ് ഞാൻ നടത്തിയത്.
Content Highlights: The moral imperative for public officials transcends legal compliance., Analysis of the 2026 Indian Express report regarding land acquisition by MP CM Mohan Yadav's family., Accountability as a form of conscience-driven transparency., The role of guilt and moral compass in shaping ethical political behavior., Historical and philosophical perspectives on integrity from Gandhi, Socrates, and Christ.
Published: 25 Jun 2026, 06:59 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented