തോറ്റ് മടുത്തവർക്ക് കാത്തിരുന്ന് കിട്ടിയ കപ്പുകൾ | Sports Year Ender 2025
കായിക പ്രേമികൾ കാത്തിരുന്ന പല സ്വപ്നങ്ങളും സാധ്യമായ 2025. ഇന്ത്യൻ വനിതകൾ ഇതാദ്യമായി ലോക ക്രിക്കറ്റ് കിരീടത്തിൽ മുത്തമിട്ട വർഷം. ക്രിസ്റ്റൽ പാലസും ടോട്ടനവും പിഎസ്ജിയും കപ്പുയർത്തിയ വർഷം. ലോക പാരാ അത്‌ലറ്റിക്‌സിന് ഇന്ത്യ ആതിഥേയത്വം വഹിച്ച വർഷം. ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയും ആർ.സി.ബിയും അവരുടെ കിരീട വരൾച്ചയ്ക്ക് വിരാമമിട്ട വർഷം. അങ്ങനെ അങ്ങനെ കായിക പ്രേമികൾക്ക് ഒരിക്കലും മറക്കാനാകാത്ത ഒരുപാട് ഓർമകൾ സമ്മാനിച്ച ഒരു വർഷമാണ് കടന്നുപോകുന്നത്. ഏഷ്യാ കപ്പിൽ പാകിസ്താൻ താരങ്ങൾക്ക് ഹസ്തദാനം നൽകാതെ, പാക്കിസ്താനിൽ നിന്ന് കപ്പ് ഏറ്റുവാങ്ങാതെ ഇന്ത്യ പ്രതിഷേധം കടുപ്പിച്ച വർഷം കൂടിയായിരുന്നു ഇത്. കായിക ലോകത്തെ പല വമ്പൻമാരുടേയും ആഗ്രഹങ്ങൾ നിറവേറ്റിയ 2025-ലേക്ക് ഒരു തിരിഞ്ഞുനോട്ടം...
നവംബർ 2, 2025
ക്രിക്കറ്റിൽ ഇന്നോളം പുരുഷതാരങ്ങളുടെ വീര കഥകൾ മാത്രം പാടിക്കേട്ടിരുന്ന രാജ്യത്ത് അതേ ആവേശത്തോടെ ക്രിക്കറ്റിലെ പെൺപടയെ ആരാധകർ നെഞ്ചേറ്റിയ വർഷമാണിത്. വനിതാ ഏകദിന ലോകകപ്പ് കിരീടം ചൂടി ചരിത്രംകുറിച്ച ഇന്ത്യൻ വനിതകൾ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തി. ഗ്രൂപ്പ് ഘട്ടത്തിൽ ഇംഗ്ലണ്ടിനോടും ദക്ഷിണാഫ്രിക്കയോടും ഓസീസിനോടും തോറ്റ ഇന്ത്യ ഒരുവേള സെമി പോലും കാണില്ലെന്ന് ആരാധകർ കരുതി. എന്നാൽ പിന്നീട് കണ്ടത് ഇന്ത്യൻ വനിതകളുടെ ഗംഭീര തിരിച്ചുവരവ്. ജെമീമ റോഡ്രിഗസിന്റെ പോരാട്ട മികവിൽ സെമിയിൽ മൈറ്റി ഓസീസ് ഉയർത്തിയ കൂറ്റൻ ലക്ഷ്യംമറികടന്ന ഇന്ത്യ കലാശപ്പോരിൽ വീഴ്ത്തിയത് ദക്ഷിണാഫ്രിക്കയെ. നവംബർ രണ്ടിന് നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ പ്രോട്ടീസിനെ 52 റൺസിന് തോൽപ്പിച്ചായിരുന്നു ഇന്ത്യൻ വനിതകൾ ആദ്യ ലോകകിരീടം ചൂടിയത്. ഇന്ത്യൻ വനിതാ ക്രിക്കറ്റിനും രാജ്യത്തെ കായിക മേഖലയ്ക്കാകെയും പ്രചോദനകരമായ നേട്ടമായിരുന്നു അത്.
സെപ്റ്റംബർ 28, 2025
ചിരവൈരികളുടെ പോരാട്ടമായ ഇന്ത്യ-പാക് ആവേശപ്പോരിൽ ത്രില്ലടിച്ച ഏഷ്യാ കപ്പായിരുന്നു ഇത്തവണത്തേത്. ഒന്നല്ല രണ്ടല്ല, മൂന്ന് തവണ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടി. യുഎഇയിലെ കലാശപ്പോരിലും പാക് പടയെ അഞ്ച് വിക്കറ്റിന് വീഴ്ത്തി ഇന്ത്യ ഏഷ്യാ കപ്പടിച്ചു. ഫൈനലിൽ തിലക് വർമയ്‌ക്കൊപ്പം മലയാളി താരം സഞ്ജു സാംസണിന്റെ ഇന്നിങ്‌സും വിജയത്തിൽ നിർണായകമായി. പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ താരങ്ങൾ പാക് താരങ്ങൾക്ക് ഹസ്തദാനം നിഷേധിച്ച് വലിയ വിവാദമായ ടൂർണമെന്റ് കൂടിയായിരുന്നു അത്. കളിക്കളത്തിൽ രാഷ്ട്രീയ നിലപാടുകൾ കണ്ട അസാധാരണ നിമിഷങ്ങൾ. ഫൈനലിന് ശേഷം ജേതാക്കൾക്ക് കിരീടം സമ്മാനിക്കേണ്ടത് പാക് മന്ത്രിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ തലവൻ കൂടിയായ മൊഹ്‌സിൻ നഖ്‌വി. എന്നാൽ പാക് മന്ത്രിയിൽനിന്ന് കപ്പ് ഏറ്റുവാങ്ങില്ലെന്ന് നിലപാടെടുത്ത ഇന്ത്യൻ ടീം കപ്പില്ലാതെ വിജയം ആഘോഷിച്ചു. ജയിച്ചിട്ടും കൈയിൽ കിട്ടാതിരുന്ന ആ കപ്പിനായി ഇന്നും ഇന്ത്യയുടെ കാത്തിരിപ്പ് തുടരുന്നു.
മാർച്ച് 9, 2025
പന്ത്രണ്ട് വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ ജേതാക്കളായതിനും 2025 സാക്ഷിയായി. മാർച്ച് ഒമ്പതിന് നടന്ന കലാശപ്പോരിൽ ന്യൂസിലൻഡിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി രോഹിത്തും കൂട്ടരും കിരീടമുയർത്തി. ഇന്ത്യൻ ഷെൽഫിലേക്കുള്ള മൂന്നാം ചാമ്പ്യൻസ് ട്രോഫി. ഇതോടെ ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻസ് ട്രോഫി നേടിയ ടീമെന്ന റെക്കോർഡും ഇന്ത്യയുടെ പേരിലായി. ചാമ്പ്യൻസ് ട്രോഫിക്ക് അതിഥേയത്വം വഹിച്ചത് പാകിസ്താനായിരുന്നെങ്കിലും ഫൈനൽ ഉൾപ്പെടെ ഇന്ത്യയുടെ മത്സരങ്ങളെല്ലാം നടന്നത് യുഎഇയിലായിരുന്നു. പാക് മണ്ണിൽ കളിക്കില്ലെന്ന ഇന്ത്യയുടെ ഉറച്ച തീരുമാനത്തിന് മുന്നിൽ ഐസിസിക്കും പാകിസ്താനും മുട്ടുമടക്കേണ്ടിവന്നു. ഇന്ത്യയുടെ മത്സരങ്ങളെല്ലാം ഓരേ വേദിയിലായതും മറ്റ് ടീമുകൾക്ക് യാത്ര ചെയ്യേണ്ടിവന്നതും വിവാദങ്ങൾ കത്തിച്ചു. എന്നാൽ വിവാദങ്ങൾക്കപ്പുറത്ത് കളിക്കളത്തിൽ ഇന്ത്യയെ വെല്ലാൻ ആർക്കുമായില്ല. ഒറ്റ മത്സരത്തിൽ പോലും തോൽവിയറിയാതെയാണ് ഇന്ത്യ കിരീടം വെട്ടിപ്പിടിച്ചത്.
ജൂൺ 3, 2025
18 സീസണുകൾ, മൂന്ന് തവണ ഫൈനൽ പ്രവേശനം. എന്നിട്ടും ഐപിഎൽ കിരീടം ആർസിബിക്ക് കിട്ടാക്കനിയായിരുന്നു. ആ കാത്തിരിപ്പും അതുവരെ ഏറ്റുവാങ്ങിയ പരിഹാസങ്ങളുമെല്ലാം അവസാനിപ്പിച്ച വർഷം കൂടിയാണിത്. നീണ്ട 18 വർഷത്തെ കയ്പ്പുനീരിനുശേഷം ആർസിബി ആദ്യമായി ഐപിഎൽ കിരീടത്തിൽ മുത്തമിട്ടു. ജൂൺ മൂന്നിന് നടന്ന ഫൈനലിൽ പഞ്ചാബ് കിംങ്‌സിനെ ആറ് റൺസിന് തോൽപ്പിച്ചായിരുന്നു ആർസിബിയുടെ കിരീട ധാരണം. സന്തോഷത്താൽ അന്ന് മൈതാനത്ത് കണ്ണീരണിഞ്ഞ കോലിയുടെ ചിത്രം ആരാധകർ ഏറ്റെടുത്തു. പക്ഷേ, ബെംഗളൂരിവിൽ നടന്ന ടീമിന്റെ വിജയാഘോഷത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർക്ക് ജീവൻ നഷ്ടമായത് കിരീട നേട്ടത്തിനിടയിലും തീരാദുഖമായി.
ജൂൺ 11-15, 2025
നന്നായി തുടങ്ങും, പക്ഷേ പടിക്കൽ കലമുടയ്ക്കും. ക്രിക്കറ്റിൽ നിർഭാഗ്യം എന്ന വാക്കിനെ അടയാളപ്പെടുത്താൻ 2025 വരെ ദക്ഷിണാഫ്രിക്കയോളം പോന്ന മറ്റൊരു പേരില്ലായിരുന്നു. വമ്പൻ ടീമായി വരും. വലിയ ഐസിസി ടൂർണമെന്റുകളിലെല്ലാം നന്നായി കളിക്കും. പക്ഷേ സെമിയിലും ഫൈനലിലും സ്ഥിരമായി കളി മറക്കും. കപ്പില്ലാതെ മടങ്ങും. ഇതായിരുന്നു ദക്ഷിണാഫ്രിക്കയുടെ പതിവ് കളിരീതി. എന്നാൽ ചീത്തപ്പേരെല്ലാം 2025 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പോടെ അവസാനിച്ചു. ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്സിലെ ഫൈനലിൽ ശക്തരായ ഓസീസിനെ അഞ്ചുവിക്കറ്റിന് തറപറ്റിച്ചായിരുന്നു ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നേട്ടം. നീണ്ട 27 വർഷത്തെ കാത്തിരിപ്പിന് ശേഷമുള്ള അവരുടെ ആദ്യ ഐസിസി കിരീടം. ആദ്യ ഇന്നിംഗ്സിൽ ലീഡ് വഴങ്ങിയ ശേഷമായിരുന്നു പ്രോട്ടീസിന്റെ അവിസ്മരണീയ തിരിച്ചുവരവ് എന്നതും വിജയത്തിന്റെ മധുരംകൂട്ടി.
ജൂലായ് 28, 2025
വനിതാ ചെസിൽ ഇന്ത്യയ്ക്ക് പുതിയ ലോകചാമ്പ്യനെ കിട്ടിയ വർഷമാണ് 2025. ദിവ്യ ദേശ്മുഖ്. ഇന്ത്യൻ ചെസിലെ രണ്ട് തലമുറക്കാർ ഏറ്റുമുട്ടിയ കലാശപ്പോരായിരുന്നു 2025 ലെ ലോക ചെസ് ചാമ്പ്യൻഷിപ്പ് ഫൈനൽ. 38കാരിയായ കൊനേരു ഹംപിയും 19കാരിയായ ദിവ്യയും. ലോകകിരീടത്തിനായി ഫൈനലിൽ രണ്ട് ഇന്ത്യക്കാർ കരുക്കൾ നീക്കിയതും ചരിത്രത്തിലാദ്യം. ഒടുവിൽ ടൈബ്രേക്കറിൽ ഹംപിയെ വെട്ടി നാഗ്പൂർ സ്വദേശിയായ ദിവ്യയുടെ കിരീടനേട്ടം. ഇതോടെ ലോകകപ്പ് നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന നേട്ടത്തിലെത്തിയ ദിവ്യ ഗ്രാൻഡ് മാസ്റ്റർ പദവിയും സ്വന്തമാക്കി.
സെപ്റ്റംബർ 27-ഒക്ടോബർ 5, 2025
2025 ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിച്ചത് ഇന്ത്യയായിരുന്നു. സെപ്റ്റംബർ 27 മുതൽ ഒക്ടോബർ അഞ്ചുവരെ ഡൽഹിയിലായിരുന്നു മത്സരങ്ങൾ. 73 പേരടങ്ങിയ ഇന്ത്യൻ സംഘം 22 മെഡലുകളുമായി പത്താം സ്ഥാനത്തെത്തി. ആറ് സ്വർണവും ഒമ്പത് വെള്ളിയും ഏഴ് വെങ്കലവും അടങ്ങുന്നതായിരുന്നു ഇന്ത്യയുടെ പ്രകടനം. പാരാ അത്ലറ്റിക്സ് ചരിത്രത്തിലെ ഇന്ത്യയുടെ മികച്ച പ്രകടനവും ഇതുതന്നെ. ഇന്ത്യയുടെ ഏഴ് അത്ലറ്റുകൾ ഏഷ്യൻ റെക്കോർഡും മൂന്നുപേർ ലോക റെക്കോർഡും സ്ഥാപിച്ചു. പുരുഷ ഹൈ ജംപിൽ ശൈലേഷ് കുമാറും നിഷാദ് കുമാറും പുരുഷ ജാവലിൻ ത്രോയിൽ സുമിത് ആന്റിലും റിങ്കു ഹൂഡയും സന്ദീപ് സർഗാറും വനിതകളുടെ 100 മീറ്ററിൽ സീമ്രാൻ ശർമ്മയും സ്വർണമണിഞ്ഞ് ചരിത്രമെഴുതി. വനിതകളുടെ 400 മീറ്ററിൽ ദീപ്തി ജിവാഞ്ചിയുടെ വെള്ളിയും ഇന്ത്യയ്ക്ക് വലിയ നേട്ടമായി.
മേയ് 16, 2025
ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര 90 മീറ്റർ കടമ്പ കടന്ന് പുതുചരിത്രം കുറിച്ചതിനും 2025 സാക്ഷ്യംവഹിച്ചു. മേയിൽ നടന്ന ദോഹ ഡയമണ്ട് ലീഗിൽ 90.23 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ചാണ് ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവ് കൂടിയായ നീരജ് റെക്കോർഡിട്ടത്. ജാവലിൻ ത്രോയിൽ 90 മീറ്ററിലേറെ ദൂരം പിന്നിടുന്ന ആദ്യ ഇന്ത്യൻ താരമാണ് നീരജ്. ലോകത്തെ 25മാത്തെ മാത്രം താരവും.
ജനുവരി 19, 2025
പ്രഥമ പുരുഷ, വനിതാ ഖോ ഖോ ലോകകപ്പ് കിരീടങ്ങൾ സ്വന്തമാക്കാനും 2025ൽ ഇന്ത്യയ്ക്കായി. ജനുവരി 19ന് ഡൽഹിയിൽ നടന്ന ഫൈനലിൽ നേപ്പാളിനെ തോൽപ്പിച്ചായിരുന്നു ഇന്ത്യൻ പുരുഷ, വനിതാ ടീമിന്റെ കിരീടനേട്ടം. ടൂർണമെന്റിൽ ഒറ്റ കളി പോലും തോൽക്കാതെയാണ് പുരുഷ, വനിതാ ടീമിന്റെ ചാമ്പ്യൻപട്ടം.
പ്രഥമ വനിതാ ബ്ലൈൻഡ് ടി20 ലോകകപ്പിലും 2025ൽ ഇന്ത്യ കപ്പുയർത്തി. ഫൈനലിൽ നേപ്പാളിനെ തോൽപ്പിച്ചത് ഏഴ് വിക്കറ്റിന്. ഏഷ്യാ കപ്പ് ഹോക്കിയിൽ ഇന്ത്യയുടെ നാലാം കിരീടനേട്ടത്തിനും 2025 സാക്ഷിയായി. ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ തെക്കൻ കെറിയയെ ഒന്നിനെതിരേ നാല് ഗോളുകൾക്ക് തോൽപ്പിച്ചായിരുന്നു ഇന്ത്യയുടെ കിരീടധാരണം. ജയത്തോടെ ഇന്ത്യ 2026 ഹോക്കി ലോകകപ്പിലെ സ്ഥാനം ഉറപ്പാക്കി. സ്‌ക്വാഷ് ലോകകപ്പും പോയ വർഷം ഇന്ത്യനേടി. കബടി ലോകകപ്പിൽ ഇന്ത്യൻ വനിതകൾ കിരീടം നിലനിർത്തി.
മേയ് 31, 2025
മെസ്സി, നെയ്മർ, എംബാപ്പെ... ലോക ഫുട്‌ബോളിലെ ഈ വമ്പൻമാരെല്ലാം ഒന്നിച്ച് കളത്തിലിറങ്ങിയിട്ടും യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് കിരീടം എത്തിപ്പിടിക്കാൻ പിഎസ്ജിക്കായിരുന്നില്ല. ഒടുവിൽ ഫ്രഞ്ച് ക്ലബ്ബിന്റെ ആ സ്വപ്നം പൂവണിയുന്നതിനും 2025 സാക്ഷിയായി. മേയ് 31ന് നടന്ന കലാശപ്പോരിൽ ഇറ്റാലിയൻ ക്ലാബ്ബായ ഇന്റർമിലാനെ എതിരില്ലാത്ത അഞ്ചുഗോളുകൾക്ക് തകർത്തായിരുന്നു പിഎസ്ജിയുടെ കിരീടനേട്ടം.
മേയ് 21, 2025
ഫുട്‌ബോളിൽ കഴിഞ്ഞ കുറേ വർഷങ്ങളായി കിരീട വരൾച്ചയിലായിരുന്നു ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടനം. 2007-08 സീസണിലെ ലീഗ് കപ്പ് നേടിയശേഷം ഒരു ചാമ്പ്യൻപട്ടത്തിനായി 2025 യൂറോപ്പ കപ്പ് വരെ അവർക്ക് കാത്തിരിക്കേണ്ടിവന്നു. മേയ് 21ന് നടന്ന ഫൈനലിൽ മാഞ്ചെസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ടോട്ടനം ചാമ്പ്യൻമാരായി.
മേയ് 17, 2025
ക്രിസ്റ്റൽ പാലസ് എഫ്എ കപ്പ് ജോതാക്കളായതിനും 2025 സാക്ഷിയായി. ക്ലബ് രൂപവത്കരിക്കപ്പെട്ട ശേഷമുള്ള അവരുടെ ആദ്യ മേജർ ട്രോഫി. മേയ് 17ന് നടന്ന ഫൈനലിൽ മാഞ്ചെസ്റ്റർ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് ക്രിസ്റ്റൽ പാലസ് ജേതാക്കളായത്.
ഫിഫ ലോകകപ്പ് ഫുട്ബോൾ, ഐസിസി ടി20 ലോകകപ്പ് ഉൾപ്പെടെ നടക്കാനിരിക്കുന്ന 2026ഉം കായിക പ്രേമികൾക്ക് വലിയ വിരുന്നൊരുക്കുന്ന വർഷമായിരിക്കുമെന്ന് പ്രത്യാശിക്കാം.
Content Highlights: major sports events and achievements year ender 2025
Published: 30 Dec 2025, 06:35 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented