2025 കലണ്ടർ വർഷത്തിൽ രാജ്യത്തെ ഇരുചക്ര വാഹനവിൽപ്പന രണ്ടുകോടി യൂണിറ്റുകൾ എന്ന മാന്ത്രികസംഖ്യ പിന്നിട്ടു. 2.02 കോടി രജിസ്‌ട്രേഷനുകളാണ് വാഹൻ പോർട്ടലിലെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷമുണ്ടായത്. 2024-ലെ 1.89 ലക്ഷം യൂണിറ്റുകളെ അപേക്ഷിച്ച് ഏഴ് ശതമാനമാണ് വർധന.

To advertise here,

2025 ജനുവരി മുതൽ സെപ്റ്റംബർ വരെ ഇരുചക്ര വാഹനങ്ങളുടെ പ്രതിമാസ രജിസ്ട്രേഷൻ 20 ലക്ഷം യൂണിറ്റുകൾക്ക് താഴെയായിരുന്നു. എന്നാൽ, ജിഎസ്ടി പരിഷ്‌കരണവും ഉത്സവകാലവും ഒത്തുവന്ന ഒക്ടോബർ-നവംബർ മാസങ്ങളിൽ വിൽപ്പന കുതിച്ചുയർന്നു. യഥാക്രമം 30 ലക്ഷവും 25 ലക്ഷവും യൂണിറ്റുകളാണ് ഈ മാസങ്ങളിൽ വിറ്റുപോയത്.

58.14 ലക്ഷം യൂണിറ്റുകളുമായി ഹീറോ മോട്ടോകോർപ്പാണ് 2025-ൽ ഇരുചക്രവാഹന വിൽപ്പനയിൽ മുന്നിൽ. ഹോണ്ട ടൂവീലേഴ്സ് (50.22 ലക്ഷം), ടിവിഎസ് (38.4 ലക്ഷം) എന്നീ കമ്പനികളാണ് തൊട്ടുപിന്നിൽ.

ഇവിയിലും മുന്നേറ്റം

വൈദ്യുത ഇരുചക്ര വാഹനങ്ങളുടെ വിൽപ്പനയിൽ 2025-ൽ ഉയർച്ചയുണ്ടായി. ആകെ 12.8 ലക്ഷം യൂണിറ്റുകളാണ് വിറ്റുപോയത്. 11.49 ലക്ഷം യൂണിറ്റുകളാണ് മുൻവർഷം വിറ്റുപോയത്. 11 ശതമാനമാണ് വാർഷിക വളർച്ച. 2.98 ലക്ഷം യൂണിറ്റുകൾ വിറ്റ് ടിവിഎസാണ് വിൽപ്പനയിൽ മുന്നിൽ. ബജാജ് ഓട്ടോ (2.69 ലക്ഷം), ഏഥർ (2.00 ലക്ഷം), ഒല (1.99 ലക്ഷം) എന്നീ കമ്പനികളാണ് തൊട്ടുപിന്നിൽ.

സ്‌കൂട്ടറുകൾ പ്രിയങ്കരം

ഗിയർലെസ് ഇരുചക്രവാഹനങ്ങൾക്ക് സ്വീകാര്യതയേറിയ വർഷമായിരുന്നു 2025. ഗതാഗതക്കുരുക്കിൽ ഊളിയിട്ട് സഞ്ചരിക്കാമെന്നതും ഉയർന്ന ഇന്ധനക്ഷമതയും അടക്കമുള്ള ഘടകങ്ങളാണ് ഇതിന് കാരണം. എന്നാൽ, 2025-ലെ കണക്കുകൾ പ്രകാരം മോട്ടോർ സൈക്കിളുകളെ കടത്തിവെട്ടി സ്‌കൂട്ടറുകളുടെ വിൽപ്പന ഉയരുന്നതായാണ് കണ്ടത്.

സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (എസ്ഐഎഎം) ശേഖരിച്ച 2025 ജനുവരി മുതൽ നവംബർ വരെയുള്ള കണക്കനുസരിച്ച്, സ്‌കൂട്ടർ വിൽപ്പന 10.7 ശതമാനം വർധിച്ചു. എന്നാൽ, ഇതേ കാലയളവിൽ മോട്ടോർ സൈക്കിളുകളുടെ വിൽപ്പനയിൽ ഒരു ശതമാനം ഇടിവുണ്ടായി.