ഭാവഭേദങ്ങളിലൂടെ പാട്ടുകൾ മനുഷ്യരോട് പല കഥകൾ പറയും. ജീവിതത്തോട് ചേർത്തുവെക്കുമ്പോൾ പാട്ടുകൾ നമുക്ക് പ്രിയപ്പെട്ടതാകും. റീമിക്സും റാപ്പും മോഡുലാർ സിന്തും മെലഡിയുമൊക്കെയായി 2025-ൽ പിറന്ന് മലയാളിയുടെ ഹിറ്റ് ലിസ്റ്റിൽ ഇടംനേടിയ പാട്ടുകൾ ഏതൊക്കയാവാം. യുവാക്കൾ തിരഞ്ഞെടുത്ത 2025-ലെ പാട്ടുകളിലെ ടോപ് ഹിറ്റുകൾ ഇവയൊക്കെ.

To advertise here,

മിന്നൽ വള കൈയിലിട്ട പെണ്ണഴകേ

റീലുകളിൽ തിമിർത്തുപെയ്ത പ്രണയമഴ. ടൊവിനോ ചിത്രമായ 'നരിവേട്ട'യിലൂടെ മലയാളിയുടെ പ്ലേലിസ്റ്റിലെ കൂട്ടായി. ജേക്സ് ബിജോയ് ഈണം നൽകിയ ഗാനം സിദ്ധ് ശ്രീരാമും സിതാര കൃഷ്ണകുമാറും ചേർന്നാണ് ആലപിച്ചത്. ഗ്രാമീണമായ അനുരാഗഭാവത്തിലുള്ള വരികളെഴുതിയത് കൈതപ്രം ദാമോദരൻ നമ്പൂതിരി.

കിളിയേ കിളിയേ

കല്യാണി പ്രിയദർശൻ്റെ 'ലോക'യിലൂടെ ഭാഷയുടെ അതിരുകൾ ഭേദിച്ച് പറന്ന റീമിക്സ് ഗാനം. 1988- ൽ പുറത്തിറങ്ങിയ 'ആ രാത്രി' എന്ന സിനിമയിലെ ഗാനം 2018- ൽ ഡിജെ ശങ്കർ റീമിക്സുചെയ്തു. പണംവാരി ചിത്രമായ 'ലോക'യിലൂടെ വീണ്ടും ഹിറ്റായി. പാട്ടെഴുതിയത് പൂവച്ചൽ ഖാദർ. ഇളയരാജ സംഗീതം നൽകി എസ്. ജാനകി ആലപിച്ചു.

ചിറാപ്പുഞ്ചി മഴയത്ത്

ലൂപ് മോഡിൽ യൂത്ത് കേട്ട് പാട്ട്. മ്യൂസിക് ആപ്പിലും ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച ഗാനം ആലപിച്ചത് സോഷ്യൽ മീഡിയ താരവും ഗായകനുമായ ഹനാൻ ഷാ. സുഹൈൽ കോയയുടെ വരികൾക്ക് നിഹാൽ സാദിഖിന്റേതാണ് സംഗീതം. യുട്യൂബിൽ 'കേൾവിക്കാർ' ഒന്നരക്കോടി.

കൺമണിപ്പൂവേ

മോഹൻലാൽ 'തുടരു'മെന്ന് തരുൺ മൂർത്തി പറഞ്ഞുറപ്പിച്ച സിനിമയിലെ ഹിറ്റ് ഗാനം. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് ജേക്സ് ബിജോയ് ഈണമൊരുക്കി, എം.ജി. ശ്രീകുമാർ ആലപിച്ചു. ആദ്യകേൾവിയിൽ തന്നെ ഹൃദയം തൊടുന്ന ചേലുള്ള ഗാനം തലമുറ വ്യത്യാസമില്ലാതെ പ്രിയപ്പെട്ടതായി.

മോണലോവ

വലിയ രീതിൽ ആഘോഷിക്കപ്പെട്ട, വ്യത്യസ്തമായ വരികളുള്ള പ്രേമഗാനം ഒരുക്കിയത് വേടൻ, പ്രേമത്തിന് വേടൻ നൽകിയ ഭാവുകത്വം യുവാക്കൾ ഏറ്റെടുത്തപ്പോൾ കാഴ്ചക്കാരുടെ എണ്ണം 80 ലക്ഷം കടന്നു.

ഓണം മൂഡ്

ഓണത്തിന് മലയാളികളുടെ റീൽ ഭരിച്ച പാട്ട്. വിനായക് ശശികുമാറിൻ്റെ വരികൾക്ക് ബിബിൻ അശോകിന്റെ സംഗീതം. ഫെജോയും ഹിംന ഹിലാ രീയും ഹിനിത ഹിലാരിയും ആലപിച്ച ഗാനം തകർപ്പൻ ഡാൻസ് നമ്പറുമാണ്. 'സാഹസം' സിനിമയിലൂടെ പുറത്തെത്തി.

ഹോപ്പ് സോങ്

ജീവിതപ്രതീക്ഷയുടെ താളമുള്ള പാട്ട് പുറത്തെത്തിയത് 'സർക്കീട്ട്' എന്ന സിനിമയിലുടെ. അൻവർ അലിയുടെ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം നൽകി കപിൽ കപിലൻ ആലപിച്ചു.

ബൾട്ടിയിലെ ജാലക്കാരി, അഭിലാഷത്തിലെ തട്ടത്തില്, ഖൽബിനകമേ എന്നീ ഗാനങ്ങൾ, ആശാനിലെ കുഞ്ഞിക്കവിൾ മേഘമേ, പൊൻമാനിലെ പകയെന്ന ഗാനം, ഹൃദയപൂർവ്വത്തിലെ വെൺമതി, ലോകയിലെ തനിലോകമുറക്കാരി, നീയേ പുഞ്ചിരി, തലവരയിലെ ഇലകൊഴിയേ, രേഖാചിത്രത്തിലെ ചിരിയേ ചിരിയേ, ആലപ്പുഴ ജിംഖാനയിലെ പഞ്ചാര പഞ്ച്, ഇത്തിരി നേരത്തിലെ നീയൊരിക്കൽ തുടങ്ങിയവയും യുവാക്കളുടെ ഫേവ്റേറ്റ് ലിസ്റ്റിലാണ്.