Year Ender

സാങ്കേതിക വിദ്യാ രംഗത്ത് നിന്ന് 2025 നെ തിരിഞ്ഞുനോക്കുമ്പോൾ അത് കേവലം ഒരു വർഷത്തേക്ക് മാത്രമുള്ള തിരിച്ചുനോട്ടമല്ല. ഒരു കാൽ നൂറ്റാണ്ട് കാലത്തേക്കുള്ള തിരിഞ്ഞുനോട്ടമാണ്. 2000 ൽ തുടങ്ങി ഒരു സഹസ്രാബ്ദത്തിലെ ആദ്യ 25 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. അതിനിടെ തലകീഴായ് മറിഞ്ഞത് പോലെ ലോകം അടിമുടി മാറി മറിഞ്ഞിരിക്കുന്നു. ഏറ്റവും വേഗമേറിയ സാങ്കേതിക പരിണാമമാണ് ഇക്കാലയളവിനിടെ മനുഷ്യർ കൈവരിച്ചത്. ആശയവിനിമയം മുതൽ ബഹിരാകാശ ഗവേഷണം വരെ എല്ലാ മേഖലകളിലും ഈ മാറ്റങ്ങൾ പ്രകടമാണ്. സ്മാർട്‌ഫോൺ യുഗം, സോഷ്യൽ മീഡിയാ വിപ്ലവം, ക്ലൗഡ് കംപ്യൂട്ടിങിന്റെ ആവിർഭാവം, പുനരുപയോഗം സാധ്യമാകുന്ന റോക്കറ്റുകൾ, ജനറേറ്റീവ് എഐ തുടങ്ങി വലിയ സംഭവവികാസങ്ങളാണ് ഇക്കാലയളവിലുണ്ടായത്. അവയോരോന്നിലേക്കും വിശദമായിനോക്കാം…
1990 കളിൽ ഇന്റർനെറ്റ് ജനപ്രിയമായതിന് പിന്നാലെയാണ് സാങ്കേതികവിദ്യാ രംഗം പുതിയൊരു തലത്തിലേക്ക് പ്രവേശിക്കുന്നത്. കംപ്യൂട്ടർ ഹാർഡ് വെയറിൽ നിന്ന് സോഫ്റ്റ് വെയർ രംഗത്തേ അതിവേഗമുള്ള വളർച്ച. വെബ്സൈറ്റുകൾ, വിവിധ തരം സോഫ്റ്റ് വെയറുകൾ അങ്ങനെ പലതും 90 കളിൽ ശക്തിയാർജിച്ചു. രണ്ടായിരാംമാണ്ടിന്റെ തുടക്കത്തിലാണ് ലോകത്ത് സോഷ്യൽ മീഡിയാ വിപ്ലവം ആരംഭിക്കുന്നത്. ഇന്റർനെറ്റ് അധിഷ്ഠിത ആശയവിനിമയ സാധ്യതകൾ ലോകം അന്വേഷിച്ച കാലമായിരുന്നു അത്. അവിടെ നിന്നാണ് എല്ലാത്തിന്റേയും തുടക്കമെന്ന് പറയാം.
1. സോഷ്യൽ മീഡിയയുടെ ആരംഭം (2004 )
ഫേസ്ബുക്ക് (2004), യൂട്യൂബ് (2005), ട്വിറ്റർ (2006) തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുടെ വരവ് മനുഷ്യർ പരസ്പരം ബന്ധപ്പെടുന്ന രീതിയെ പൂർണ്ണമായും മാറ്റിമറിച്ചു. ലോകത്തിന്റെ ഏത് കോണിലുള്ള ആളുകളുമായും തത്സമയം സംവദിക്കാനും വിവരങ്ങൾ പങ്കുവെക്കാനും ഇത് അവസരമൊരുക്കി. കേവലം സൗഹാർദ്ദ സംഭാഷണങ്ങൾക്ക് മാത്രമായി തുടങ്ങിയ ഫെയ്സ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകൾക്ക് ക്രമേണ രാഷ്ട്രീയ മാനം കൈവരികയും ആഗോള രാഷ്ട്രീയത്തെ നിയന്ത്രിക്കും വിധം വളരുകയും ചെയ്തു. രാജ്യാതിർത്തികൾ തകർത്ത് ഒരു ആഗോള ഗ്രാമമായി മനുഷ്യരെ ആകമാനം ബന്ധിപ്പിച്ചതും അതിവേഗമുള്ള സാംസ്കാരിക കൈമാറ്റങ്ങൾക്ക് വഴിയൊരുക്കിയതും സോഷ്യൽ മീഡിയാ മുന്നേറ്റങ്ങളുടെ പിൻപറ്റിയാണ്. വർഷങ്ങൾക്കിപ്പുറം വലിയൊരു സമ്പദ് വ്യവസ്ഥയായി അത് പരിണമിക്കുകയും ചെയ്തു. ടിക് ടോക്ക്, റീൽസ്, യൂട്യൂബ് പോലുള്ള പ്ലാറ്റ്ഫോമുകളിൽ ക്രിയേറ്റർമാരായും വ്ലോഗർമാരായും ഇൻഫ്ളുവൻസർമാരായുമെല്ലാം ആളുകൾ മാറുകയും വൻതോതിൽ വരുമാനമുണ്ടാക്കുകയും പ്രശസ്തരാവുകയും ചെയ്യുന്നത് നമ്മൾ ഇന്ന് കണ്ടുകൊണ്ടിരിക്കുന്നു. 2020 കളെ പിടിച്ചുലച്ച കോവിഡ് മഹാമാരിയുടെ ആഘാതം കുറയ്ക്കുന്നതിനും ആളുകളെ പരസ്പരം ബന്ധിപ്പിക്കുന്നതിനുമെല്ലാം സമൂഹ മാധ്യമങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
2. സ്മാർട്ട്‌ഫോൺ വിപ്ലവം (2007)
2007-ൽ ആപ്പിൾ ഐഫോൺ പുറത്തിറങ്ങിയതോടെയാണ് യഥാർത്ഥ സ്മാർട്ട്‌ഫോൺ യുഗം ആരംഭിച്ചത്. വെറുമൊരു ഫോൺ എന്നതിലുപരി, കൈപ്പിടിയിലൊതുങ്ങുന്ന ഒരു സൂപ്പർ കമ്പ്യൂട്ടറാണ് ഇതിലൂടെ ജനങ്ങൾക്ക് ലഭിച്ചത്. ഇന്റർനെറ്റ് ഉപയോഗം ഡെസ്ക്ടോപ്പുകളിൽ നിന്ന് മൊബൈലിലേക്ക് മാറിയതോടെ ബാങ്കിംഗ്, ഷോപ്പിംഗ്, വിദ്യാഭ്യാസം എന്നിവ വിരൽത്തുമ്പിലായി. സോഷ്യൽ മീഡിയയും ഇൻറർനെറ്റ് അധിഷ്ടിത വ്യവസായ സംരംഭങ്ങൾക്കും പുത്തനുണർവ്വാണ് സ്മാർട്ഫോൺ ജന്മമെടുത്തതിലൂടെയുണ്ടായത്. ഇന്റർനെറ്റും, സോഷ്യൽ മീഡിയയും എല്ലാവരുടെയും കൈപ്പിടിയിൽ ഒതുങ്ങി. ഇന്റർനെറ്റ് വേഗം 5ജിയിലെത്തി. സെക്കൻഡുകൾക്കുള്ളിൽ ജിബി കണക്കിന് ഡേറ്റ കൈമാറ്റംചെയ്യാമെന്ന സാഹചര്യമെത്തി. തടസമില്ലാതെ സിനിമകൾ കാണാനാവുകയും പാട്ടുകൾ ആസ്വദിക്കാനാവുകയും ചെയ്യുന്ന ഒടിടി സ്ട്രീമിങ് ആപ്പുകൾ സുലഭമായി. 2025 പൂർത്തിയാവുമ്പോഴേക്കും സ്മാർട്ഫോണുകൾക്കും ഒട്ടേറെ മാറ്റങ്ങൾ സംഭവിച്ചു. ക്യാമറയും, ഡിസ്പ്ലേയും, പ്രൊസസർ ചിപ്പും, ബാറ്ററി സാങ്കേതിക വിദ്യയുമെല്ലാം അതിവേഗമാണ് പരിഷ്കരിക്കപ്പെട്ടത്. ഉയർന്ന റിഫ്രഷ് റേറ്റുള്ള, റെസലൂഷനുള്ള ഡിസ്പ്ലേകളാണ് ഇന്നത്തെ സ്മാർട്ഫോണുകൾക്ക്, മടക്കാനാവുന്ന ഫോൾഡബിൾ സ്ക്രീനുകളും സജീവമായിക്കഴിഞ്ഞു. ഒരു ദശാബ്ദം മുമ്പുണ്ടായിരുന്നതിനേക്കാൾ എത്രയോ മടങ്ങ് ശക്തിയേറിയ ചിപ്പ്സെറ്റുകളാണ് അവയ്ക്കെല്ലാം ശക്തിപകരുന്നത്. ശക്തിയേറിയ ക്യാമറകളിൽ ആകർഷകമായ ചിത്രങ്ങൾ പകർത്താനും വീഡിയോകൾ ചിത്രീകരിക്കാനും സാധിക്കുന്നു. എല്ലാ സ്മാർട്ഫോണുകളിലും വളരെ മിതമായ ചെലവിൽ ഇന്റർനെറ്റ് കണക്ടിവിറ്റിയുണ്ടെന്നതും കാൽ നൂറ്റാണ്ടിലെ സ്മാർട്ഫോണുകളുടെ മുന്നേറ്റമാണ്.
3. ക്ലൗഡ് കമ്പ്യൂട്ടിംഗ് (Cloud Computing)
2006-ൽ ആമസോൺ വെബ് സർവീസസ് (AWS) ആരംഭിച്ചതോടെയാണ് ക്ലൗഡ് കമ്പ്യൂട്ടിംഗ് ജനപ്രിയമായത്. ഫ്ളോപ്പി ഡിസ്കുകളിലും സിഡികളിലും ഫയലുകൾ സൂക്ഷിച്ചിരുന്ന കാലത്ത് നിന്ന് ക്ലൗഡ് കംപ്യൂട്ടിങ് യുഗത്തിലേക്കുള്ള പരിവർത്തനത്തിന് ലോകമെടുത്തത് വെറും കാൽ നൂറ്റാണ്ടിൽ താഴെ സമയമാണ്. മെമ്മറി കാർഡുകളോ, സിഡികളോ സൂക്ഷിക്കാതെ അതിവേഗ ബ്രോഡ്ബാൻഡ് കണക്ടിവിറ്റിയിലൂടെ ലോകത്തെവിടെയോ ഉള്ള സെർവറുകളിൽ നമ്മുടെ ഫോണിലെയും കംപ്യൂട്ടറിലേയും ഡാറ്റ സംഭരിക്കാനും. ആ സെർവറുകൾ ഉപയോഗിച്ച് നമ്മുടെ ഡാറ്റ പ്രൊസസ് ചെയ്യാനും സോഫ്റ്റ് വെയറുകളുടെ ഡാറ്റ കൈകാര്യം ചെയ്യാനും സാധിച്ചു. നെറ്റ്ഫ്ളിക്സ്, സൂം പോലുള്ള പ്ലാറ്റ്ഫോമുകളും, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് ഉൾപ്പടെയുള്ള പ്ലാറ്റ്ഫോമുകളുമെല്ലാം ആഗോള തലത്തിൽ തടസമില്ലാതെ സേവനങ്ങൾ നൽകുന്നത് ഇത്തരം ശക്തിയേറിയ ക്ലൗഡ് കംപ്യൂട്ടിങ് സാങ്കേതിക വിദ്യകളുടെ പിൻബലത്തിലാണ്.
4. സുലഭമായ ബഹിരാകാശ യാത്രകൾ (2015)
ബഹിരാകാശ സാങ്കേതികവിദ്യാ രംഗത്ത് വലിയ രീതിയിൽ സ്വകാര്യവത്കരണം നടന്നത് ഇക്കാലയളവിലാണ്. സർക്കാർ തലത്തിലുള്ള ബഹിരാകാശ ഏജൻസികൾ മാറി സ്പേസ് എക്സ്, ബ്ലൂ ഒറിജിൻ, വിർജിൻ ഗാലക്ടിക് പോലുള്ള കമ്പനികൾ കൂടി ഈ മേഖലയിൽ ശക്തിയാർജിച്ചു. ബഹിരാകാശ ഗവേഷണ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഒന്നാണ് സ്‌പേസ് എക്‌സിന്റെ (SpaceX) പുനരുപയോഗിക്കാവുന്ന റോക്കറ്റുകൾ. സാധാരണയായി റോക്കറ്റുകൾ വിക്ഷേപണത്തിന് ശേഷം നശിച്ചുപോവുകയോ ഉപേക്ഷിക്കുകയോ ആണ് ചെയ്യാറ്. എന്നാൽ 2015-ൽ ഇലോൺ മസ്കിന്റെ സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റ് വിജയകരമായി ഭൂമിയിൽ തിരിച്ചിറക്കിയതോടെ ബഹിരാകാശ യാത്രകളുടെ ചിലവ് വൻതോതിൽ കുറയ്ക്കാനും കൂടുതൽ പര്യവേഷണങ്ങൾക്കും വഴിതുറന്നു. വലിയൊരു തുടക്കമായിരുന്നു അത്. 2025 ൽ മാത്രം 160 ൽ ഏറെ ഫാൽക്കൺ 9 വിക്ഷേപണങ്ങളാണ് സ്പേസ് എക്സ് നടത്തിയത്. അത്രയേറെ സാധാരണമായ ഒന്നായി ബഹിരാകാശ റോക്കറ്റ് വിക്ഷേപണങ്ങൾ മാറി. ബഹിരാകാശത്തേക്ക് മനുഷ്യരെ അയക്കുന്നതിലും സ്പേസ് എക്സ് വലിയ മുന്നേറ്റമുണ്ടാക്കി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്രികരെ എത്തിക്കുന്ന ഡ്രാഗൺ പേടകം സ്പേസ് എക്സിന് സ്വന്തമായുണ്ട്. ചൊവ്വയിലേക്കും ചന്ദ്രനിലേക്കും വരെ മനുഷ്യരെ എത്തിക്കാൻ ലക്ഷ്യമിട്ടുള്ള സ്റ്റാർഷിപ്പ് എന്ന അതിഭീമൻ റോക്കറ്റിന്‍റെ വിവിധ പരീക്ഷണ വിക്ഷേപണങ്ങൾ 2025 ൽ നടന്നു. അതേ സമയം ആമസോൺ മേധാവി ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിനും ബ്രിട്ടീഷ് വ്യവസായി റിച്ചാർഡ് ബ്രാൻസണിന്റെ വിർജിൻ ഗാലക്ടികും ബഹിരാകാശത്തേക്കുള്ള വിനോദസഞ്ചാരം ആരംഭിച്ചതും ഇക്കഴിഞ്ഞ 25 വർഷങ്ങൾക്കിടെയാണ്.
5. ഇന്ത്യയിലെ ഇന്റർനെറ്റ് വിപ്ലവവും ഡാറ്റാ ജനാധിപത്യവും (2016)
2000-ങ്ങളുടെ തുടക്കത്തിൽ ഡയൽ-അപ്പ് കണക്ഷനുകളിൽ നിന്ന് ബ്രോഡ്‌ബാൻഡ് വേഗതയിലേക്ക് ലോകം മാറിയപ്പോഴും ഇന്ത്യയിൽ ആ മാറ്റത്തിന് അധികം വേഗമുണ്ടായിരുന്നില്ല. ഓഫീസുകളിലും ഇന്റർനെറ്റ് കഫേകളിലും ഫോൺ കണക്ഷനുള്ള ചിലയാളുകളുടേ വീടുകളിലും മാത്രമായി കണക്ടിവിറ്റി ഒതുങ്ങി നിന്നു. പിന്നീട് സ്മാർട്ഫോണുകൾ പ്രചാരം നേടി, മൊബൈൽ ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമായെങ്കിലും അതും ചെലവേറിയ ഒന്നായിരുന്നു. എന്നാൽ 2016-ൽ റിലയൻസ് ജിയോയുടെ (Jio) വരവ് ഇന്ത്യയിലെ സാങ്കേതിക ഭൂപടത്തെ അടിമുടി മാറ്റിമറിച്ചു.
ലോകത്തെ ഏറ്റവും ഉയർന്ന ഡാറ്റാ നിരക്കുകളുണ്ടായിരുന്ന ഒരു രാജ്യത്ത് നിന്ന്, ഏറ്റവും കുറഞ്ഞ നിരക്കിൽ അതിവേഗ 4G/5G ഇന്റർനെറ്റ് ലഭ്യമാകുന്ന രാജ്യമായി ഇന്ത്യ മാറി.
സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളും, ഒടിടി സേവനങ്ങളുമെല്ലാം ഇന്ത്യയിൽ അതിന്റെ ജനകീയതയുടെ ഉന്നതിയിലെത്തിയത് ഇതോടെയാണ്. ഡാറ്റ തീരുമെന്ന ഭയമില്ലാതെ ഇന്റർനെറ്റ് സേവനങ്ങൾ ആസ്വദിക്കാൻ ജനങ്ങൾക്കായി. യുപിഐ (UPI) വഴിയുള്ള സാമ്പത്തിക ഇടപാടുകൾക്കും, ഓൺലൈൻ വിദ്യാഭ്യാസത്തിനും വഴിയൊരുക്കി. സ്മാർട്ട്‌ഫോൺ വെറുമൊരു ആഡംബര വസ്തുവല്ലാതെ സാധാരണക്കാരന്റെ ജീവിതോപാധിയായി മാറിയത് ഈ കാലയളവിലാണ്.
6. ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Generative AI)
കഴിഞ്ഞ 25 വർഷത്തിനിടെ മനുഷ്യ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നാണ് ജനറേറ്റീവ് എഐ സാങ്കേതിക വിദ്യയുടെ വരവ്. ഒരു പക്ഷേ അടുത്ത 25 വർഷം കൊണ്ട് മനുഷ്യജീവിതത്തെ മാറ്റി മറിച്ചേക്കാവുന്ന കണ്ടെത്തൽ. 2022-ൽ ചാറ്റ് ജിപിറ്റിയുടെ (ChatGPT) വരവോടെയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പുതിയൊരു തലത്തിലെത്തിയത്. മനുഷ്യരെപ്പോലെ ചിന്തിക്കാനും എഴുതാനും സങ്കീർണമായ സോഫ്റ്റ്‌വെയർ കോഡുകൾ മിനിറ്റുകൾക്കുള്ളിൽ എഴുതാനും, ലളിതമായ നിർദ്ദേശങ്ങളിൽ നിന്ന് മനോഹരമായ ഡിജിറ്റൽ ചിത്രങ്ങൾ സൃഷ്ടിക്കാനും, സംഗീതം ചിട്ടപ്പെടുത്താനും ഇന്ന് ഈ സാങ്കേതികവിദ്യയ്ക്ക് കഴിയുന്നു. വൻകിട കമ്പനികൾ മുതൽ സാധാരണക്കാർ വരെ തങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്കായി എഐ ടൂളുകളെ ആശ്രയിക്കുന്ന ഒരു സംസ്കാരം ഇന്ന് രൂപപ്പെട്ടിട്ടുണ്ട്.
സോഫ്റ്റ് വെയറുകൾക്കും ഇന്റർനെറ്റ് അധിഷ്ഠിത സംരംഭങ്ങൾക്കും പ്രാമുഖ്യമുണ്ടായിരുന്ന ആഗോള സാങ്കേതിക വിദ്യാ വ്യവസായ രംഗത്തെ വലിയൊരു കുത്തൊഴുക്കായിരുന്നു ജനറേറ്റീവ് എഐ. ചാറ്റ് ജിപിടിയുടെ ജനപ്രീതിയോടെ ഗൂഗിളും മൈക്രോസോഫ്റ്റും മെറ്റയും ഉൾപ്പടെയുള്ള കമ്പനികൾ ജനറേറ്റീവ് എഐ രംഗത്തേക്ക് തിരിഞ്ഞു. അധികം വൈകാതെ തന്നെ ഗൂഗിളിന്റെ ജെമിനി, പെർപ്ലെക്സിറ്റി, ആന്ത്രോപിക്കിന്റെ ക്ലോഡ്, എക്സ് എഐ തുടങ്ങി നിരവധി എഐ മോഡലുകൾ നിലവിൽ വന്നു.
സോഷ്യൽ മീഡിയ, സെർച്ച് എഞ്ചിനുകൾ, വെബ്സൈറ്റുകൾ, ആപ്പുകൾ, ഉപകരണങ്ങൾ ഉൾപ്പടെ എല്ലാത്തിലേക്കും കടന്നു ചെല്ലുന്ന ഒന്നായി ജനറേറ്റീവ് എഐ മാറി. ജനറേറ്റീവ് എഐയുടെ പിൻബലത്തിൽ യന്ത്രങ്ങളുടെ തിരിച്ചറിവ് കൂടുതൽ മെച്ചപ്പെട്ടതോടെ മനുഷ്യരും യന്ത്രങ്ങളും തമ്മിലുള്ള വിവരവിനിമയും കൂടുതൽ സ്വാഭാവികമായി മാറുകയായിരുന്നു. ദശാബ്ദങ്ങൾക്ക് മുമ്പ് സയൻസ് ഫിക്ഷൻ സിനിമകളിൽ ആവിഷ്കരിച്ചവിധം റോബോട്ടിക്/എഐ സാങ്കേതിക വിദ്യകളുടെ അതീശത്വമുള്ള ഒരു ഭാവിയായിരിക്കാം ഇനി നമ്മെ കാത്തിരിക്കുന്നത്.
Content Highlights: Explore the transformative tech journey from 2000-2025: smartphones, social media, cloud, AI, and space tech. See how innovation shaped our world.
Published: 01 Jan 2026, 10:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented