കൊച്ചി: ജപ്തി ചെയ്ത വീടിന്റെ വരാന്തയിൽ സെറിബ്രൽ പാൾസി ബാധിച്ച മകനുമായി കഴിയുമ്പോൾ ആ അച്ഛനും അമ്മയും ചോദിക്കുന്നത് ഒന്നുമാത്രം, ''ഞങ്ങൾ വരാന്തയിൽ കിടന്നോളാം, പക്ഷേ മകന്റെ ചികിത്സയ്ക്കും സഹായങ്ങൾക്കുമുള്ള ആ രേഖകളെങ്കിലും വീട്ടിൽ നിന്ന് ഒന്നെടുത്തു തരാമോ!''.

To advertise here,

ആലുവ കീഴ്മാട് ചാലക്കലിൽ വൈരമണി ബാങ്കുകാർ ജപ്തി ചെയ്ത തന്റെ വീടിന്റെ വരാന്തയിൽ കുടുംബവുമായി കഴിയാൻ തുടങ്ങിയിട്ട് രണ്ട് മാസത്തിലേറെയായി, ഭാര്യ വൽസലയും സെറിബ്രൽ പാൾസി ബാധിച്ച മൂത്ത മകൻ വിജേഷും ഇളയമകൻ ജിനേഷും കൂടെയുണ്ട്. എട്ടു വർഷം മുമ്പ് ഒരു കട തുടങ്ങാനാണ് വീട് പണയം വെച്ച് വൈരമണി ആലുവ അർബൻ കോഓപ്പറേറ്റീവ് ബാങ്കിൽ നിന്ന് പത്ത് ലക്ഷം രൂപ വായ്പയെടുത്തത്. എന്നാൽ പ്രളയവും കോവിഡുമൊക്കെ വന്നതോടെ ബിസിനസ് തകർന്ന് വീരമണി വലിയ കടത്തിലായി. അതിനിടയിൽ ഏഴ് ലക്ഷത്തോളം രൂപ ബാങ്കിൽ തിരിച്ചടച്ചെന്നാണ് വീരമണി പറയുന്നത്. എന്നാൽ ബാങ്ക് രേഖകൾ അനുസരിച്ച് അഞ്ച് ലക്ഷത്തോളം മാത്രമേ തിരിച്ചടവ് വന്നിട്ടുള്ളൂവെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്.

തിരിച്ചടവ് മുടങ്ങി ബാങ്കുകാർ വീട് പൂട്ടി സീൽ ചെയ്തതോടെ തെരുവിലായ വൈരമണി കുടുംബവുമായി വരാന്തയിൽ അഭയം പ്രാപിക്കുകയായിരുന്നു.