റ്റപ്പെട്ട അവസ്ഥയിൽ വൃദ്ധസദനത്തിൽ കഴിയുന്ന നടനും സംവിധായകനുമായ മോഹൻ ശർമയ്ക്ക് സഹായവുമായി സൂപ്പർതാരം രജനികാന്ത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന മോഹൻ ശർമയുടെ ദയനീയാവസ്ഥ വിവരിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് രജനീകാന്തിന്റെ ഈ ഇടപെടൽ ഉണ്ടായത്. സിനിമയിൽ പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുള്ള ഒരു കലാകാരന്റെ ദുരവസ്ഥ തിരിച്ചറിഞ്ഞ ഉടൻ തന്നെ രജനീകാന്ത് സഹായം എത്തിക്കുകയായിരുന്നു. രജനികാന്ത് സഹായിച്ച വിവരം മോഹൻ ശർമതന്നെ സ്ഥിരീകരിക്കുകയും ചെയ്തു.

To advertise here,

ഒരുലക്ഷം രൂപയാണ് രജനികാന്ത് മോഹൻ ശർമയ്ക്ക് സഹായമായി നൽകിയത്. വൃദ്ധസദനത്തിൽ ഭക്ഷണവും താമസവും സൗജന്യമാണെങ്കിലും, മരുന്നുകൾ വാങ്ങാൻ പോലും പണമില്ലാതെ ബുദ്ധിമുട്ടിയിരുന്ന മോഹൻ ശർമ്മയ്ക്ക് ഈ തുക വലിയൊരു ആശ്വാസമായി മാറിയിരിക്കുകയാണ്. ഈ സഹായം തന്റെ ജീവിതത്തിന് ഒരു കൈത്താങ്ങായെന്നും ഇതിലൂടെയാണ് ഇപ്പോൾ ജീവിതം മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം നന്ദിയോടെ സ്മരിച്ചു. ദേശീയ പുരസ്കാരം നേടിയ തന്റെ 'നമ്മ ഗ്രാമം' എന്ന സിനിമയുടെ സാറ്റലൈറ്റ് അവകാശങ്ങൾ ആരെങ്കിലും വാങ്ങുകയാണെങ്കിൽ തന്റെ ചികിത്സാ ചെലവുകൾക്ക് അത് വലിയ സഹായമാകുമെന്ന് അദ്ദേഹം ചലച്ചിത്ര പ്രവർത്തകരോട് അഭ്യർത്ഥിച്ചു.

"എൻ്റെ സാഹചര്യം രജനീകാന്ത് അറിഞ്ഞതായി ഞാൻ വിവരം ലഭിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് അദ്ദേഹത്തിൽ നിന്ന് 1 ലക്ഷം രൂപ സാമ്പത്തിക സഹായം എനിക്ക് ലഭിച്ചു. ആ സഹായത്തോടെയാണ് ഞാനെൻ്റെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. പോയസ് ഗാർഡനിൽ എനിക്കൊരു വീടുണ്ടായിരുന്നു, പക്ഷേ അത് വിൽക്കേണ്ടി വന്നു. എൻ്റെ കുടുംബജീവിതം ശരിയായി നടന്നില്ല. എൻ്റെ കയ്യിൽ പണമില്ല, രോഗിയായാൽ പരിചരിക്കാനും ആരുമില്ല." മോഹൻ ശർമയുടെ വാക്കുകൾ.

വൃദ്ധസദനത്തിൽ നടൻ മോഹൻ ശർമയുടെ ജീവിതസായാഹ്നം

ചെന്നൈയ്ക്കടുത്തുള്ള ഗുമ്മിഡിപൂണ്ടിയിലെ വൃദ്ധസദനത്തിൽ ജീവിതസായാഹ്നം തള്ളിനീക്കുകയാണ് ഒരുകാലത്ത് മലയാളസിനിമയിൽ നായകനായി തിളങ്ങിയ നടൻ മോഹൻ ശർമ.

എൺപതാംവയസ്സിലാണ് അദ്ദേഹത്തിന് ഈ ദുരിതാനുഭവം. പാലക്കാട് തത്തമംഗലം സ്വദേശിയായ മോഹൻ ശർമ, മലയാളത്തിലെയും തമിഴിലെയും അറിയപ്പെടുന്ന നടനായിരുന്നു. ഒട്ടേറെ സിനിമകളിൽ നായകനായും തിരക്കഥ, സംവിധാനം, നിർമാണം, പിന്നണിഗാനം തുടങ്ങി വിവിധ മേഖലകളിലും സജീവമായിരുന്നു. തമിഴ്നാട്, കേരള സർക്കാർ പുരസ്കാരങ്ങൾ നേടി. സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ പ്രസിഡന്റ് സ്ഥാനം വഹിച്ചു. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് അഭിനയം പഠിച്ച ആദ്യ ദക്ഷിണേന്ത്യക്കാരൻ.

എല്ലാം നേടിയെങ്കിലും ഒന്നും ശാശ്വതമായില്ല. കുടുംബജീവിതം പരാജയം. ധനികർമാത്രം താമസിക്കുന്ന ചെന്നൈ പോയസ് ഗാർഡനിലെ വീട് വിൽക്കേണ്ടിവന്നു. സിനിമ നിർമിച്ച് കടബാധ്യതയുണ്ടായി. അതിനെക്കാളൊക്കെ നിരാശ ഒറ്റപ്പെട്ടുള്ള ജീവിതമായിരുന്നു. ചില സുഹൃത്തുക്കളുടെ സഹായത്തോടെ ജൈന സംഘടന നടത്തുന്ന വൃദ്ധസദനത്തിൽ എത്തിപ്പെട്ടിട്ട് മൂന്നുമാസമായി. താമസവും ഭക്ഷണവും സൗജന്യം. പക്ഷേ, മരുന്നുവാങ്ങാൻപോലും പണമില്ല.

1972-ൽ പി.എൻ. മേനോൻ സംവിധാനംചെയ്ത ‘പണിമുടക്ക്’ ആയിരുന്നു മോഹൻ ശർമയുടെ ആദ്യ ചിത്രം. 1974-ൽ കെ.എസ്. സേതുമാധവൻ സംവിധാനംചെയ്ത ‘ചട്ടക്കാരി’ എന്ന സിനിമയിൽ നായകനായി. പിന്നീട് നെല്ല്, പ്രയാണം ഉൾപ്പെടെ ഒട്ടേറെ സിനിമകൾ. 1985 വരെ സിനിമയിൽ സജീവമായിരുന്നു.

വലിയൊരു ഇടവേളയ്ക്കുശേഷം 2000-ത്തിൽ ‘ദാദാ സാഹിബ്’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലേക്ക്‌ വീണ്ടും തിരിച്ചെത്തി. ഇരുപതിലധികം തമിഴ് ചിത്രങ്ങളിലും നാല് ഹിന്ദിസിനിമകളിലും ഏതാനും തെലുഗു, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1983-ൽ ‘ബന്ധം’ എന്ന സിനിമയിലൂടെ നിർമാതാവായി. 2012-ൽ മലയാളത്തിലും തമിഴിലുമായി നിർമിച്ച് സംവിധാനംചെയ്ത ‘ഗ്രാമം’ എന്ന സിനിമ പുരസ്കാരങ്ങൾ വാരിക്കൂട്ടിയിരുന്നു.