ചെർക്കള: യാത്രച്ചെലവുകൾക്ക് പണമില്ലാത്തതിനാൽ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ വഴിതെളിയാതെ സഹോദരിമാർ. ചെങ്കള ബേവിഞ്ച പുലിക്കുണ്ടിലെ സഹോദരിമാരായ ഫാത്തിമത്ത് സയാന ഫഹിമയും മറിയമത്ത് സഫ്നത്ത് ഷാസിയയുമാണ് ബോക്‌സിങ്, കരാട്ടെ ദേശീയമത്സരത്തിൽ പങ്കെടുക്കുന്നതിന് പണമില്ലാത്തതിനാൽ ആശങ്കപ്പെടുന്നത്.

To advertise here,

ലക്നോവിൽ ഏപ്രിൽ 17 മുതൽ 19 വരെയാണ് മത്സരം. മിക്‌സഡ് മാർഷ്യൽ ആർട്സിൽ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ 45 കിലോഗ്രാമിൽ 18-ന് മുകളിൽ പ്രായമുള്ളവരുടെ മത്സരത്തിലാണ് ഫാത്തിമത്ത് സയാന ഫഹിമ പങ്കെടുക്കുന്നതിന് യോഗ്യത നേടിയത്. വിദ്യാനഗർ ഗവ. ഐ.ടി.ഐയിലെ മെക്കാനിക്കൽ വിദ്യാർഥിനിയാണ്.

ഐ.ടി. കലോത്സവത്തിൽ സംസ്ഥാനതല മത്സരങ്ങളിലും പങ്കെടുത്ത് മികവ് പുലർത്തിരുന്നു. സഹോദരി മറിയമത്ത് സഫ്നത്ത് ഷാസിയ 45 കിലോഗ്രാമിൽ 18 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിലേക്കാണ് യോഗ്യത നേടിയത്. ചെർക്കള സെൻട്രൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽനിന്ന് പ്ലസ് ടു പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ് ഷാസിയ.

മേയ് മാസത്തിൽ ഊട്ടിയിൽ നടക്കുന്ന ദേശീയ കരാട്ടെ ചാമ്പ്യൻഷിപ്പിലും പങ്കെടുക്കുന്നതിന് ഇരുവരും യോഗ്യത നേടിയിട്ടുണ്ട്. രണ്ട് ദേശീയമത്സരങ്ങളിലും പങ്കെടുക്കുന്നതിന് യാത്രച്ചെലവും മറ്റുമായി അരലക്ഷം രൂപയോളം വേണ്ടിവരുമെന്നാണ് സഹോദരിമാർ പറയുന്നത്.

ബോവിക്കാനത്തുള്ള ആർട്‌സ് ആന്റ് ഡിഫൻസ് അക്കാദമിയിൽ അന്തർദേശീയ പരിശീലകനായ അറബിക് ഷാക്കിറിന് കീഴിൽ കഴിഞ്ഞ രണ്ടരവർഷത്തിലധികമായി ഇരുവരും ബോക്‌സിങ്ങിലും പരിശീലനം നേടിവരുന്നുണ്ട്.

ചെർക്കള സ്‌കൂളിൽ എട്ടാംതരം വിദ്യാർഥിനിയായ ഇവരുടെ സഹോദരി ആയിഷത്ത് ലിംഷ ഫംനാസും ബോക്‌സിങിലും കരാട്ടെയിലും പരിശീലനം നേടി വരുന്നുണ്ട്. രണ്ടുവർഷം മുൻപുവരെ ബേവിഞ്ചയിൽ ദേശീയപാതയോരത്ത് തട്ട് കട നടത്തിവന്നിരുന്ന മുഹമ്മദ് ഫൈസലിന്റെയും നഫീസത്ത് മിസ്രിയയുടെയും മക്കളാണിവർ.

കാഴ്ചപരിമിതിയും അപസ്മാരരോഗബാധയുമുള്ള മാതാവ് നഫീസത്ത് മിസിരിയയ്ക്ക് ജോലിക്ക് പോകാനും കഴിയുന്നില്ല. മുഹമ്മദ് ഫൈസൽ തട്ടുകട നടത്തിയാണ് കുടുംബം പുലർത്തിയിരുന്നത്. ദേശീയപാത നിർമാണം തുടങ്ങിയതോടെ തട്ടുകടയും ഒഴിവാക്കേണ്ടി വന്നു. കുന്നിൻെചരിവിലെ അഞ്ച് സെന്റ് സ്ഥലത്ത് സുമനസ്സുകളുടെ സമായത്തോടെ 12 വർഷം മുൻപ് പണിത ചെറിയ വീടിന്റെ നിർമാണം ഇതുവരെയായും പൂർത്തിയാക്കാനും കഴിഞ്ഞിട്ടില്ല. ഫോൺ: 9633176980