മാനന്തവാടി: കുറുവാദ്വീപിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവർക്ക് തിരിച്ചടിയായി ടിക്കറ്റുനിയന്ത്രണം. കുറുവാദ്വീപ് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാവുമ്പോഴും ഇവിടെ മതിയായ സൗകര്യങ്ങളൊരുക്കാൻ അധികൃതർ തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം.

To advertise here,

പാക്കം ചെറിയമല ഭാഗത്തുനിന്നും പാൽവെളിച്ചം കവാടംവഴിയും പ്രതിദിനം 488 പേരെയാണ് ഇപ്പോൾ ദ്വീപിലേക്ക് പ്രവേശിപ്പിക്കുന്നത്. വനംവകുപ്പിന്റെ മേൽനോട്ടത്തിലാണ് പ്രവേശനം. രാവിലെ 9.30 മുതൽ 3.30 വരെയാണ് ടിക്കറ്റുനൽകുക. എന്നാൽ, ഉച്ചയാവുമ്പോഴേക്കും ടിക്കറ്റെല്ലാം തീരുന്ന സ്ഥിതിയാണ്. ശനി, ഞായർ പോലുള്ള ദിവസങ്ങളിലും മറ്റ് അവധിദിനങ്ങളിലും 11 മണിയാവുമ്പോഴേക്ക് ടിക്കറ്റുതീരും.

മുൻപ് പാൽവെളിച്ചം കവാടത്തിലൂടെ ഡിടിപിസിയും പാക്കം ചെറിയമല കവാടത്തിലൂടെ വനംവകുപ്പുമാണ് പ്രവേശനം നൽകിയിരുന്നത്.

വർഷങ്ങൾക്കുമുൻപ് ദ്വീപിലേക്ക് നിയന്ത്രണമില്ലാതെ സഞ്ചാരികളെ പ്രവേശിപ്പിച്ചിരുന്നു. മൂവായിരത്തോളംപേർ പ്രതിദിനം ദ്വീപിലെത്താറുമുണ്ടായിരുന്നു.

നിയന്ത്രണമില്ലാതെ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത് ദ്വീപിന്റെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന വാദവുമായി ഒരുവിഭാഗം കോടതിയെ സമീപിച്ചതോടെ സഞ്ചാരികളുടെ എണ്ണം 950 ആയി ചുരുക്കി.

2024 ഫെബ്രുവരിയിൽ വനസംരക്ഷണസമിതി ജീവനക്കാരൻ പാക്കം തിരുമുഖത്ത് പോൾ, കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനുശേഷം പുല്പള്ളിയിലുണ്ടായ പ്രതിഷേധത്തെത്തുടർന്ന് കുറുവാദ്വീപ് ഉൾപ്പെടെയുള്ള ഇക്കോടൂറിസം കേന്ദ്രങ്ങൾ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരുന്നു. പിന്നീട് 2024 ഒക്ടോബറിൽ ദ്വീപ് സഞ്ചാരികൾക്കായി തുറന്നെങ്കിലും എണ്ണം 488 ആക്കി ചുരുക്കി.

ദ്വീപിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട് വനംവകുപ്പിൽനിന്ന് കോടതി വിവരംശേഖരിച്ചിരുന്നു. പ്രതിദിനം ആയിരംപേരെ പ്രവേശിപ്പിക്കുന്നതിന് തടസ്സമില്ലെന്ന് വനംവകുപ്പ് അറിയിച്ചിരുന്നെങ്കിലും പകുതിയിൽക്കുറവ് പേരെ മാത്രം പ്രവേശിപ്പിക്കാനാണ് കോടതി നിർദേശിച്ചത്. സൗത്ത് വയനാട് വനം ഡിവിഷന്റെ പരിധിയിലാണ് കുറുവാദ്വീപ്.

73.70 ലക്ഷം രൂപയുടെ ടിക്കറ്റുവരുമാനം

രണ്ടുകവാടത്തിൽനിന്നുമായി നാലുമാസത്തിനിടെ ടിക്കറ്റുവരുമാനമായി ലഭിച്ചത് 73.70 ലക്ഷം രൂപയാണ്. പാൽവെളിച്ചം കവാടംവഴി 41.12 ലക്ഷം രൂപ വരുമാനം ലഭിച്ചപ്പോൾ പാക്കം ചെറിയമല വഴി ലഭിച്ചത് 32.58 ലക്ഷം രൂപയാണ്. ജിഎസ്ടി നിരക്കുൾപ്പെടെയുള്ള തുകയാണിത്. ഇതിനുപുറമേ ക്യാമറ, ഇരുപതുമിനിറ്റ് റാഫ്റ്റിങ്, അഡീഷണൽ റാഫ്റ്റിങ്, പാർക്കിങ് ഫീസ് എന്നിവകൂടി പരിഗണിച്ചാൽ വരുമാനം ഒരുകോടി കടക്കും.

'തദ്ദേശസ്ഥാപനങ്ങൾ ഇടപെടണം'

പുൽപള്ളി ഗ്രാമപ്പഞ്ചായത്ത് പരിധിയിലാണ് പാക്കം കവാടം. മാനന്തവാടി നഗരസഭയുടെ പരിധിയിലുള്ളതാണ് പാൽവെളിച്ചം. ഇരു തദ്ദേശസ്ഥാപനങ്ങളുടെ കോടതിയെ കാര്യങ്ങൾധരിപ്പിച്ച് നിലവിലുള്ള നിയന്ത്രണത്തിൽ ഇളവുവരുത്തണണെന്ന ആവശ്യമുയരുന്നുണ്ട്. കുറുവാ ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിലിന്റെ (ഡിഎംസി) നേതൃത്വത്തിലാണ് പാൽവെളിച്ചം ഭാഗത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ദ്വീപിലേക്ക് കൂടുതൽ സഞ്ചാരികളെ പ്രവേശിപ്പിക്കാൻ ഡിഎംസി ചെയർമാൻകൂടിയായ മന്ത്രി ഒ.ആർ. കേളുവും ഇടപെടണമെന്ന ആവശ്യവുമുയരുന്നുണ്ട്.