ഖ്‌ലേരിയാത്തിൽ പോയി വരുംവഴി ചായകുടിക്കാനൊരു തോന്നൽ. വഴിനീളെ ഹോട്ടലും ചായക്കടകളുമൊന്നും നമുക്കിവിടെ കാണാൻ പറ്റില്ല. ചെറിയ കവലപോലുള്ള ഇടങ്ങളിൽ കടകളുണ്ടാകും. വലിയ തിരക്കില്ലാത്ത ആ കടകളിൽ ചില പ്രത്യേക വിഭവങ്ങൾ നമ്മെ കാത്തിരിക്കും.

To advertise here,

ഖ്‌ലേരിയാത്തിൽ നിന്ന് ഷില്ലോങ്ങിലേയ്ക്ക് വരുന്ന വഴിയിൽ ആദ്യം കണ്ട കവലയിൽ തന്നെ വണ്ടിയൊതുക്കി.

'ദാസ്'
ചായക്കടയുടെ പേരാണ്. കണ്ടധികം പരിചയമില്ലാത്ത കുറേ പലഹാരങ്ങൾ ചില്ലലമാരയിലുണ്ട്. അലമാരയ്ക്കിപ്പുറത്തെ കട്ടിള കടന്ന് അകത്ത് കയറി.

''ദോ ലാൽ ചായ്,
ഏക് ബിനാ ഷുഗർ''

അതായത്

-രണ്ട് കട്ടൻ ചായ,

ഒന്നിൽ പഞ്ചസാര വേണ്ട എന്ന് വിളിച്ച് പറഞ്ഞു. പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച മേശകൾക്ക് ഇരുവശത്തും ബെഞ്ചാണ്. കുറച്ച് പഴക്കം തോന്നിക്കുന്ന ബെഞ്ചുകൾ. നമ്മുടെ നാട്ടിൽ പുറത്തെ ചായക്കടകളിൽ ബെഞ്ചിലിരുന്ന് നാട്ടുവർത്തമാനം പറഞ്ഞിരുന്ന ആളുകളെപ്പോലെ കുറേപ്പേർ ഇവിടെയുമുണ്ട്. എല്ലാവരും കട്ടൻ ചായതന്നെയാണ് കുടിക്കുന്നത്.

അപ്പുറത്തിരുന്നയാൾ കഴിച്ച വടപോലുള്ള സാധനം കണ്ട് അത് തന്നെ ഞാനും ചോദിച്ചു. നടുവിൽ വലിയ വട്ടമുള്ള വട. എന്നാൽ ഉഴുന്നുവടയല്ല സാധനം.

ഇതെന്താ?

''കിള്ളൻ''

തൊട്ടടുത്തിരുന്ന പ്രായപ്പെട്ട മനുഷ്യൻ ചായകുടിച്ചോണ്ട് മറുപടി പറഞ്ഞു.

കിള്ളനോ?

''ഹാ കിള്ളൻ.''

കടയിലുണ്ടായിരുന്നവരെല്ലാം ഞങ്ങളുടെ കൗതുകത്തിനൊപ്പം ചേർന്നു. കിള്ളനേയും അനാർക്കലിയേയും സ്പ്രിങ്ങിനേയുമെല്ലാം പരിചയപ്പെടുത്തി. അതെല്ലാം പലതരം പലഹാരങ്ങളാണ്. നമ്മൾ മലയാളികൾ ഇതുവരെ രുചിക്കാത്ത പലഹാരങ്ങൾ.

കിള്ളന് കുറച്ച് മധുരമുണ്ട്. പക്ഷേ, മധുരം അത്രയില്ല. സോഫ്റ്റാണ്. കഴിക്കാൻ രസമുണ്ട്. രണ്ടെണ്ണമൊക്കെ കഴിച്ചാൽ അത്യാവശ്യം വിശപ്പൊക്കെ പോയിക്കിട്ടും. കിള്ളൻ കഴിച്ചാസ്വദിക്കുന്നതിനിടെ കട്ടൻ വന്നു. ആവിപറക്കുന്ന 'ലാൽ ചായ്' ഒരു കുട്ടി പ്ലേറ്റിൽ വെച്ച് കൊണ്ടു തന്നു.

ചായയ്ക്കും നല്ല രുചിയുണ്ട്. ചായപ്പൊടിയ്‌ക്കൊപ്പം ടേസ്റ്റിനായി എന്തോ ഒന്ന് കൂടി അവർ ചേർക്കുന്നുണ്ടെന്ന് തോന്നുന്നു. അതെന്താണ് എന്നോർത്ത് വെറുതേ സമയം കളയാതെ ചായ ആസ്വദിച്ച് കുടിക്കുന്നു.

''ഇവിടുന്ന് കുറേപ്പേർ കേരളത്തിലുണ്ട്.''

തൊട്ടടുത്തെ ബെഞ്ചിലിരിക്കുന്ന ചേട്ടൻ ആവേശത്തോടെ പറഞ്ഞു.

എവിടെയാ, എന്ത് ജോലിയ്ക്കാ കേരളത്തിൽ പോയത്?-അദ്ദേഹത്തോട് ചോദിച്ചു.

''അവിടെ പണിയ്ക്ക് പോയതാ.

കുറേപ്പേരുണ്ട്.''

മല കയറിയിറങ്ങി ഗുവാഹത്തിൽ പോയി തീവണ്ടി പിടിച്ച്. മൂന്ന് പകലും രാത്രിയും യാത്ര ചെയ്ത് അനേകർ മേഘാലയയിലെ ഈ വിദൂര ഗ്രാമത്തിൽ നിന്ന് നമ്മുടെ കേരളത്തിലെത്തുന്നു. കേരളത്തിലെ തൊഴിൽ സാധ്യതയും മെച്ചപ്പെട്ട കൂലിയുമാണ് മറ്റേതൊരു ഉത്തരേന്ത്യക്കാരെയും പോലെ മേഘാലയയിലുള്ളവരേയും ഇവിടേയ്ക്ക് ആകർഷിക്കുന്നത്. സ്‌നേഹത്തോടെയാണ് കടയിലുള്ളവരെല്ലാം പെരുമാറുന്നത്. നമുക്ക് മേഘാലയയെ എന്നപോലെ ഇവർക്ക് കേരളത്തേയും ഇഷ്ടമാണ്. സന്തോഷം, നല്ല കാര്യം.

ഞാൻ മേശപ്പുറത്തെ കെറ്റിലിലേയ്ക്ക് നോക്കി. അധികം പണ്ടല്ലാത്ത കാലത്ത് നമ്മുടെ കല്യാണ വീടുകളിൽ വാടക സാധനവുമായി എത്തുന്നവർ ഈ കെറ്റില് കൊണ്ടുവരാറുണ്ടായിരുന്നു. ചായയും കലക്കിവെച്ച നാരങ്ങവെള്ളവുമെല്ലാം ഈ കെറ്റിലിൽ നിന്നാണ് ഒഴിച്ചു കൊടുക്കുക. ഇപ്പോൾ പക്ഷേ നാട്ടിൽ അധികം കാണാറില്ല. ചില വലിയ ഹോട്ടലുകളിൽ മഞ്ഞയും പച്ചയുമെല്ലാം നിറമടിച്ച് അലങ്കാരത്തിന് വെച്ചതായി ഇടയ്ക്ക് കണ്ടിട്ടുണ്ട്. ഇവിടെ പക്ഷേ അലങ്കാരത്തിന് വെച്ചതല്ല. മേശപ്പുറത്തെ ഈ കെറ്റിലിൽ വെള്ളമുണ്ട്. നമുക്ക് വേണമെങ്കിൽ ഒഴിച്ച് കുടിക്കാം. മാത്രമല്ല ചായയുണ്ടാക്കുന്നതും ഇതേ കെറ്റിലിലാണ്.

ഇരിക്കുന്നിടത്തെ അരമതിലിനപ്പുറത്താണ് അടുക്കള. അവിടെ അടുപ്പിൽ വെച്ച കെറ്റിലിൽ നിന്ന് ആവി പറക്കുന്നു. കെറ്റിലിൽ വെള്ളം തിളപ്പിച്ച് പൊടിയിട്ടാണ് ഈ നല്ല കട്ടൻ ചായ അവരുണ്ടാക്കുന്നത്. കൊള്ളാം.

ചായ കുടിച്ച് ഇറങ്ങാൻ നേരം കടയുടമ നന്ദു ദാസ് അലമാരയിലെ പലഹാരങ്ങളെ പരിചയപ്പെടുത്തി. നമ്മുടെ കാജപോലൊരു സാധനം. അതിന്റെ പേര് സ്പ്രിംഗ് എന്നാണ്. പിന്നെ കിള്ളൻ, ജിലേബി, സമൂസ, ഗൊജായ്, അനാർക്കലി.

അങ്ങനെ പല തരം രുചികൾ. എല്ലാമൊന്നും കഴിച്ചു നോക്കിയില്ലെങ്കിലും ഈ വൈവിധ്യത്തെ അനുഭവിക്കുന്നു. യാത്ര നമുക്ക് പലതരം രുചികൂടി തരുന്നു. രുചിയിലൂടെ ഓരോരുത്തരും അവരുടെ സംസ്‌കാരത്തേക്കുറിച്ച് നമ്മളോട് പറയുന്നു. അവരത് പങ്കുവെക്കുമ്പോൾത്തന്നെ നമ്മളോട് ചിരിക്കുകയും ചെയ്യുന്നു. പല്ലും പിന്നെ മോണയും കാട്ടിയുള്ള സുന്ദരമായ ചിരി.