ഗൂഡല്ലൂരിൽ ടൗണിൽ നിന്നും ഏകദേശം ഇരുപത്തിനാല് കിലോമീറ്റർ അകലെ ഊട്ടി റൂട്ടിൽ നിന്ന് മാറി പ്രകൃതിയോട് ചേർന്നുനിൽക്കുന്ന അതി മനോഹരമായ ഒരു ഗ്രാമമുണ്ട് 'യെല്ലമല'. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2,470 മീറ്ററിലധികം ഉയരത്തിൽ പ്രകൃതിഭംഗി നിറഞ്ഞു നിൽക്കുന്ന ഒരു ഹിഡൻ സ്പോട്ട്. വനംവകുപ്പിന്റെ ചെക്ക് പോസ്റ്റിൽ രജിസ്റ്റർ ചെയ്ത് യാത്ര തുടങ്ങാം. ഇരുവശത്തും തേയില തോട്ടങ്ങൾക്കിടയിൽ നിരന്നുനിൽക്കുന്ന കാറ്റാടി മരങ്ങൾ കണ്ടൊരു യാത്ര. പോകുംവഴി ബാർവുഡ് ഗ്രാമത്തിൽ വണ്ടിയൊന്ന് നിർത്താം. ഓ വാലിയിലെ പുഴയും പാലവും കണ്ട് ആസ്വദിക്കാം, ഒരു ചായ കുടിച്ച് ക്ഷീണവുമകറ്റാം. ഇനി നേരെ ചന്ദനമല മുരുകൻ ക്ഷേത്രത്തിലേക്ക്. ചുറ്റും മഞ്ഞിൽ മൂടിയ കാഴ്ചകൾ കാണാം, മഞ്ഞ് കുറഞ്ഞാൽ വെള്ളച്ചാട്ടവും. അടുത്തത് യെല്ലമലയിലേക്കാണ്. അവിടെ നിന്നും അറിഞ്ഞുകേട്ട പെരിയ ഷോല എന്ന ഗ്രാമത്തിലേക്ക്. മലയാളം സംസാരിക്കുന്ന തമിഴ് വംശജരാണിവിടെയുള്ളത്. ധാരാളം വന്യമൃഗങ്ങൾ ഇറങ്ങുന്ന പ്രദേശം. അതുകൊണ്ട് വേഗം മടങ്ങി. ഗുഡല്ലൂർ ലക്ഷ്യം വെച്ച് യാത്ര തുടർന്നു.

To advertise here,