പട്ടായ: യുഎസ് യുദ്ധക്കപ്പലായ എബ്രാഹം ലിങ്കൺ തായ്ലൻഡിലെ പട്ടായയിലെത്തുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ പട്ടായയിൽ റെയ്ഡും സുരക്ഷയും ശക്തമാക്കി അധികൃതർ. നഗരത്തിൽ പോലീസ് കർശന പരിശോധന നടത്തുകയും നിരവധി സെക്സ് വർക്കർമാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
തീരംതൊടാതെ 250 ദിവസത്തിലേറെ കടലിൽക്കഴിയേണ്ടിവന്നതിന് പിന്നാലെയാണ് ജീവനക്കാരുമായി കപ്പൽ പട്ടായയിലെത്തുന്നത്. ഈ ആഴ്ച ചോൻബുരി പ്രവിശ്യയിലെ തുറമുഖത്ത് കപ്പൽ നങ്കൂരമിടുമെന്നാണ് വിവരം. അയ്യായിരത്തിലേറെ അമേരിക്കൻ നാവികരാണ് കപ്പലിലുള്ളത്.
ഇറാനെതിരേയുള്ള യുദ്ധത്തിനായി ജനുവരി ആദ്യമാണ് എബ്രാഹം ലിങ്കണെ പശ്ചിമേഷ്യയിൽ വിന്യസിച്ചത്. ദീർഘകാലവിന്യാസം കപ്പലിൽ അവശ്യസാധനങ്ങൾക്ക് ക്ഷാമമുണ്ടാക്കുകയും നാവികരുടെ മാനസികാരോഗ്യത്തെ ബാധിക്കുകയും ചെയ്തിരുന്നു. ചില നാവികർ കടലിൽച്ചാടി ആത്മഹത്യക്കു ശ്രമിച്ചെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത്തരം ആശങ്കകൾ ശക്തമായതോടെയാണ് എബ്രാഹം ലിങ്കണെ മേഖലയിൽനിന്ന് പിൻവലിച്ചത്. യു.എസിലേക്കുള്ള മടക്കയാത്രയിൽ കപ്പലിലെ സൈനികർക്ക് മാനസികോല്ലാസം നൽകുന്നതിനായിട്ടാണ് പട്ടായ ട്രിപ്പ് ഒരുക്കിയത്.
നാവികരുടെ സന്ദർശനം പട്ടായയുടെ വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവ് നൽകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഓരോ സൈനികനും ദിവസം 1,000 മുതൽ 3,000 തായ് ഭട്ട് (ഏകദേശം 8500 രൂപ) ഇവിടെ ചെലവഴിക്കുമെന്നും ഇത് പ്രാദേശിക ഹോട്ടൽ, റസ്റ്റോറന്റ്, ബാർ മേഖലകൾക്ക് ഗുണം ചെയ്യുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
എങ്കിലും ആരോഗ്യ സുരക്ഷാ ആശങ്കകളും ശക്തമാണ്. ഒന്നിച്ച് ഇത്രയധികം നാവികർ എത്തുമ്പോൾ ലൈംഗിക ചൂഷണങ്ങൾ നടക്കാനും ലൈംഗിക രോഗങ്ങൾ വ്യാപിക്കാനും ഉള്ള സാധ്യതകളെക്കുറിച്ച് വിദഗ്ദ്ധർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഇതേതുടർന്നാണ് പോലീസും അധികൃതരും നഗരത്തിൽ വ്യാപകമായ പരിശോധന നടത്തുന്നത്.
നാവികരുടെ സുരക്ഷയും ക്രമസമാധാനവും ലക്ഷ്യമിട്ട് ബീച്ച് ഏരിയകളിലും നൈറ്റ് ക്ലബ്ബ് പരിസരങ്ങളിലും പോലീസ് പട്രോളിംഗ് കർശനമാക്കി. തായ്ലൻഡിൽ വേശ്യാവൃത്തി നിരോധിക്കപ്പെട്ടിട്ടുള്ളതാണ്. യു.എസ്. കപ്പലിന്റെ വരവിന് മുന്നോടിയായി നടത്തിയ തെരുവ് റെയ്ഡുകളിൽ തായ് സ്വദേശികളും വിദേശികളുമടക്കമുള്ള ലൈംഗിക തൊഴിലിൽ ഏർപ്പെടുന്ന 40 മുതൽ 50 വരെ പേർ പിടിയിലായിട്ടുണ്ട്.
സുരക്ഷ മുൻനിർത്തി സൈനികർ കഞ്ചാവ് വിൽക്കുന്ന കേന്ദ്രങ്ങളിലോ മരുന്ന് കടകളിലോ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്. കൂടാതെ ചില പ്രത്യേക വാട്ടർ സ്പോർട്സ് വിനോദങ്ങളിൽ ഏർപ്പെടുന്നതിനും ഇവർക്ക് വിലക്കുണ്ട്. നാവികർക്ക് പട്ടായയിലെ പ്രധാന വിനോദമേഖലയായ 'വാക്കിംഗ് സ്ട്രീറ്റ്' സന്ദർശിക്കാമെങ്കിലും പുലർച്ചെ 2 മണിക്ക് ശേഷം നൈറ്റ് ക്ലബ്ബുകളിലോ ബാറുകളിലോ തുടരരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ 5,000 നാവികരെയും ഒന്നിച്ച് കപ്പലിൽ നിന്ന് കരയിലേക്ക് വിടില്ല. വ്യത്യസ്ത ഗ്രൂപ്പുകളായി ഘട്ടം ഘട്ടമായാണ് നാവികർക്ക് കരയിലിറങ്ങാൻ അനുമതി നൽകുന്നത്.
നാവികരെ ചൂഷണം ചെയ്യുകയോ സാധനങ്ങൾക്കും സേവനങ്ങൾക്കും അമിതവില ഈടാക്കുകയോ ചെയ്യരുതെന്ന് നഗരത്തിലെ എല്ലാ വിനോദസഞ്ചാര സ്ഥാപനങ്ങൾക്കും അധികൃതർ കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ ഇവർക്ക് വാണിജ്യപരമായ ലൈംഗിക സേവനങ്ങൾ നൽകാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്.
Content Highlights: USS Abraham Lincoln with over 5,000 US sailors is arriving at Pattaya port., Thai authorities have stepped up security and conducted raids, detaining several sex workers., The visit aims to boost tourism revenue but raises health and safety concerns., Strict regulations and curfews have been imposed on visiting US navy personnel.
Published: 02 Sept 2026, 12:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented