തിളങ്ങുന്ന കടൽത്തീരങ്ങളും വർണാഭമായ രാത്രിജീവിതവും കൊണ്ട് ഇന്ത്യൻ സഞ്ചാരികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ് തായ്‌ലാൻഡ്‌. അടുത്ത ദിവസങ്ങളിൽ തായ്‌ലാൻഡ്‌ യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ യാത്രാനിയമങ്ങളിലെ ചില മാറ്റങ്ങൾ അറിയാതെ പോകരുത്. 2026 സെപ്റ്റംബർ 15 മുതൽ വിസയില്ലാതെ യാത്രചെയ്യാവുന്ന കാലാവധി 60 ദിവസത്തിൽനിന്ന് 30 ദിവസമായി ചുരുക്കിയിട്ടുണ്ട്.

To advertise here,

ബാങ്കോക്കിലെ ഇന്ത്യൻ എംബസി ഇതുസംബന്ധിച്ച വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

1. വിസയില്ലാതെ യാത്ര ചെയ്യാം; കാലാവധിയിൽ മാറ്റം

ഇന്ത്യക്കാർക്ക് തായ്‌ലാൻഡിലേക്ക് യാത്ര ചെയ്യാൻ മുൻകൂട്ടി വിസ ആവശ്യമില്ല എന്നത് നിലനിൽക്കുന്നുണ്ട്. എന്നാൽ, മുമ്പ് അനുവദിച്ചിരുന്ന 60 ദിവസത്തെ വിസരഹിത താമസം സെപ്റ്റംബർ 15 മുതൽ 30 ദിവസമായി ചുരുക്കിയിട്ടുണ്ട്. സാധാരണ പാസ്പോർട്ടുള്ള വിനോദസഞ്ചാരികൾക്കാണ് മുപ്പത് ദിവസത്തെ ഇളവ് ലഭ്യമാകുക.

2. പാസ്പോർട്ടിന് വേണം ആറു മാസം കാലാവധി

തായ്‌ലാൻഡിൽ എത്തുന്ന തീയതി മുതൽ കുറഞ്ഞത് 6 മാസത്തെ കാലാവധിയെങ്കിലും നിങ്ങളുടെ പാസ്പോർട്ടിന് ഉണ്ടായിരിക്കണം.

3. മടക്കയാത്രാ ടിക്കറ്റും ഹോട്ടൽ ബുക്കിംഗും

ഉറപ്പുവരുത്തിയ മടക്കയാത്രാ ടിക്കറ്റോ അടുത്ത രാജ്യത്തേക്കുള്ള യാത്രാരേഖകളോ കൈവശം ഉണ്ടായിരിക്കണം.

താമസിക്കുന്ന ഹോട്ടലുകളുടെ ബുക്കിംഗ് വിവരങ്ങളും യാത്രയുടെ കൃത്യമായ പ്ലാനും (Itinerary) ഫോണിലോ പ്രിന്റായോ കരുതണം.

4. കൈയിൽ കരുതണം നിശ്ചിത തുക

ഇമിഗ്രേഷൻ ഘട്ടത്തിൽ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിലൊന്നാണിത്. തായ്‌ലാൻഡിൽ എത്തുന്ന ഓരോ സഞ്ചാരിയുടെ കൈവശവും കുറഞ്ഞത് 20,000 തായ് ബാറ്റ് (THB) (ഏകദേശം 58,000 ഇന്ത്യൻ രൂപ) കറൻസിയായി തന്നെ ഉണ്ടായിരിക്കണം. ക്രെഡിറ്റ് കാർഡുകളോ ഡിജിറ്റൽ പേയ്മെന്റുകളോ ഫണ്ട് പ്രൂഫായി ഇമിഗ്രേഷനിൽ സ്വീകരിക്കണമെന്നില്ല.

5. ഡിജിറ്റൽ അറൈവൽ കാർഡ് (TDAC) നിർബന്ധം

തായ്‌ലാൻഡിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുൻപ് പൂർത്തിയാക്കേണ്ട പ്രധാന നടപടിയാണ് തായ്‌ലാൻഡ് ഡിജിറ്റൽ അറൈവൽ കാർഡ് (TDAC).

റോഡ്, വ്യോമ, നാവിക മാർഗ്ഗങ്ങളിൽ എത്തുന്ന എല്ലാ സഞ്ചാരികളും ഇത് പൂരിപ്പിക്കണം. യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് മുതൽ ഈ ഫോം ഓൺലൈനായി സമർപ്പിക്കാം. സമർപ്പിച്ച ശേഷമുള്ള കൺഫർമേഷൻ രേഖ ഇമിഗ്രേഷനിൽ കാണിക്കാനായി സൂക്ഷിക്കുക.