കാസർകോട്: പർവതാരോഹകരെ കൊതിപ്പിക്കും ആഫ്രിക്കയ്ക്ക് മേലാപ്പ് ചാർത്തുന്ന കിളിമഞ്ചാരോ. ഉയരെയുള്ള മഞ്ഞുപാളികളെയും പ്രതിസന്ധികളെയും തോൽപിക്കണം ലക്ഷ്യസ്ഥാനത്തെത്താൻ. അതിരില്ലാത്ത ആഗ്രഹത്തോടൊപ്പം കഠിനപ്രയത്നവുമായപ്പോൾ അഖില മുരളീധരൻ എന്ന കാസർകോട് പൊയിനാച്ചി സ്വദേശിനിയും കൊടുമുടിയിലെത്തി. മൈനസ് താപനില, ഓക്സിജൻ കുറയൽ തുടങ്ങി എല്ലാ പ്രതിസന്ധികളെയും തരണംചെയ്ത് യാത്ര വിജയകരമായി പര്യവസാനിച്ചപ്പോൾ സ്വർഗം കീഴടക്കിയ സന്തോഷം. ഉയർന്ന പ്രദേശത്തെ കാലാവസ്ഥയോട് മല്ലിട്ട് നേടിയ വിജയം.

To advertise here,

ഉയരങ്ങൾ തേടി പല നാടുകൾ കറങ്ങുന്ന വയനാട് ആസ്ഥാനമായുള്ള ഗ്ലോബ് ട്രക്കേഴ്‌സ് എന്ന കൂട്ടായ്മയ്ക്കൊപ്പമായിരുന്നു യാത്ര. ഷാജി പി.മാത്യു, സലീം എന്നിവർ നേതൃത്വം നൽകിയ 15 അംഗ സംഘത്തിലെ ഏക കാസർകോട്ടുകാരിയാണ് അഖില. കിളിമഞ്ചാരോ യാത്ര ഏത് പ്രതിസന്ധിയെയും മറികടക്കാനുള്ള ആത്മധൈര്യം തനിക്ക് സമ്മാനിച്ചെന്ന് അഖില പറയുന്നു. നേരത്തേ ഇത്രയും വലിയ ട്രക്കിങ് നടത്തിയുള്ള പരിചയമൊന്നുമില്ല. ആകെയുള്ള അനുഭവം മുൻപ് നടത്തിയ റാണിപുരം യാത്രമാത്രം. കഴിഞ്ഞ മാർച്ചിൽ പറമ്പിക്കുളം -കൊണ്ടരേങ്ങിയിലാണ് വീണ്ടും ട്രക്കിങ് തുടങ്ങിയത്. അതിപ്പോൾ ഭൂമിയിലെ ഏഴ് സമ്മിറ്റുകളിലൊന്നായ കിളിമഞ്ചാരോയിലെത്തി നിൽക്കുന്നു. കിളിമഞ്ചാരോ ട്രക്കിങ്ങിനെക്കുറിച്ച് അറിഞ്ഞ് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഗ്ലോബൽ ട്രക്കേഴ്‌സ് കൂടെക്കൂട്ടി. ഗൈഡുമാരും യാത്രാസംഘത്തിലെ മറ്റുള്ളവരും നൽകിയ ധൈര്യവും പിന്തുണയും കൊണ്ടാണ് യാത്ര വിജയകരമാക്കാൻ സാധിച്ചതെന്ന് അവർ പറഞ്ഞു. വിദ്യാനഗർ ലിയോ ഇൻഡസ്ട്രിയൽ സിൻഡിക്കേറ്റ് സ്ഥാപകൻ കാഞ്ഞങ്ങാട് സ്വദേശിയായ പരേതനായ മുരളീധരന്റെയും അണിഞ്ഞ കോളിയടുക്കം സ്വദേശിനി ശാന്തകുമാരിയുടെയും മകളാണ് അഖില. അമ്മയുടെയും സഹോദരന്മാരായ അർജുൻ മുരളീധരൻ, അനന്തു മുരളീധരൻ എന്നിവരുടെയും പിന്തുണ യാത്രയ്ക്കുണ്ടായിരുന്നു.

ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെങ്കിൽ മാത്രമേ പർവതാരോഹണം വിജയകരമായി പൂർത്തിയാക്കാൻ പറ്റൂ. പോകുന്നതിന് മുൻപായി 10 കിലോ ഭാരമുള്ള ബാഗും തോളിലേറ്റി മൈസൂരുവിൽ ട്രക്കിങ്ങിന്‌ പോയി. 3000-ലേറെ പടികൾ പ്രയാസങ്ങളില്ലാതെ കയറി. ഉയരം ചെല്ലുന്തോറും തണുപ്പ് കൂടുമെന്നതിനാൽ പിന്നെ അതിനെ പ്രതിരോധിക്കാനുള്ള പരിശീലനമായി. ജിമ്മിൽ പോയി. മാസ്ക് ഉപയോഗിച്ചുള്ള പരിശീലനവും കിളിമഞ്ചാരോ യാത്രയിൽ ഗുണമായെന്ന് അഖില പറയുന്നു.

കൊച്ചി-മുംബൈ-നെയ്‌റോബി യാത്ര വിമാനത്തിലായിരുന്നു. ടാൻസാനിയയിലോട്ട് റോഡ് മാർഗം പോയി. ഒരുദിവസത്തെ വിശ്രമത്തിനുശേഷം മലകയറിത്തുടങ്ങി. കിളിമഞ്ചാരോയിലെ ഉഹുരു കൊടുമുടി സമുദ്രനിരപ്പിൽനിന്ന് 5,895 മീറ്റർ ഉയരത്തിലാണ്. ആറുദിവസം കൊണ്ട് കൊടുമുടികയറ്റം പൂർത്തിയാക്കി ഏഴാമത്തെ ദിവസം തിരിച്ചിറങ്ങി.

കിളിമഞ്ചാരോ നൽകിയതും പഠിപ്പിച്ചതും തീർത്തും പുതിയ അനുഭവങ്ങളായിരുന്നു. ആദ്യത്തെ ഹൈ ആറ്റിറ്റ്യൂഡ്‌ അനുഭവം, മറ്റൊരു ഭൂഖണ്ഡത്തിലേക്കുള്ള ആദ്യത്തെ യാത്ര, ടെന്റിലെ താമസം.പർവതം നമ്മളൊരിക്കലും കീഴടക്കുന്നില്ല അത് നമ്മളെ കയറാൻ അനുവദിക്കുകയാണെന്ന് ഏഴുദിവസത്തെ കൊടുമുടി കയറ്റവും ഉയരത്തിൽനിന്നുള്ള മാസ്മരിക കാഴ്ചയും ബോധ്യപ്പെടുത്തിയെന്ന് അഖില സാക്ഷ്യപ്പെടുത്തുന്നു.