സ്വപ്നംകാണുന്ന സാഹസിക യാത്രകളെല്ലാം ലക്ഷ്യംകണ്ട് വിജയക്കൊടി പാറിക്കുകയാണ് അടൂര്‍ പന്നിവിഴയില്‍ ശ്രീകാര്‍ത്തികയില്‍ സോനു സോമന്‍. ഇപ്പോഴിതാ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ടാന്‍സാനിയയിലെ കിളിമഞ്ചാരോ കൊടുമുടി കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ് സോനു. ജൂലായ് ഒന്‍പതിന് മുംബൈയില്‍നിന്നു യാത്ര പുറപ്പെടും. 11-ന് ട്രെക്കിങ് ആരംഭിച്ച് 18-ന് ലക്ഷ്യസ്ഥാനത്ത് എത്തുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. 

To advertise here,

സോനുവിനെ കൂടാതെ മറ്റ് അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ എട്ടംഗ സംഘമാണ് കിളിമഞ്ചാരോയിലേക്ക് യാത്രപോകുന്നത്. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമാണ് കിളിമഞ്ചാരോ. 5895 മീറ്റര്‍ (19340 അടി) ആണ് ഉയരം. ഏറെ ചെലവുള്ള യാത്ര ആയതിനാല്‍ സ്‌പോണ്‍സറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സോനു. 2023-ല്‍ മേയ് മാസത്തിലാണ് സോനു എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് പോയത്. അഞ്ചു വര്‍ഷമായി സോനു ട്രെക്കിങ് തുടങ്ങിയിട്ട്. 

ബെംഗളൂരുവില്‍ ഓണ്‍ലൈന്‍ കമ്പനിയിലെ ജോലി രാജിവച്ചാണ് സോനു ട്രെക്കിങ്ങിന് ഇറങ്ങിത്തിരിച്ചത്. ജോലി ചെയ്തിരുന്ന സമയത്ത് ഒഴിവുകിട്ടുമ്പോള്‍ ബെംഗളൂരുവിലെ കാടുകളും മലകളും സോനു നടന്നുകയറിയിരുന്നു. ഹിമാലയന്‍ പര്‍വതനിരകളിലും ട്രെക്കിങ് നടത്തി. അടുത്തിടെ കര്‍ണാടകയിലെ കുമാര പര്‍വതയിലും ട്രെക്കിങ് നടത്തിയിരുന്നു. കിളിമഞ്ചാരോയിലേക്ക് പോകാനുള്ള പരിശീലനത്തിലാണ് സോനു സോമന്‍.