
ഗ്ലോബ് ട്രക്കേഴ്സ് കൂട്ടായ്മയിലെ പർവതാരോഹകർ കിളിമഞ്ചാരോയിലെ ഉഹുരുപീക്കിൽ എത്തിയപ്പോൾ
കല്പറ്റ: ജീവിതസായാഹ്നത്തിൽ അവർ സ്വപ്നങ്ങൾക്ക് പിറകേ നടന്നു. ഉയരങ്ങളിലൂടെ പലനാടുകൾ തേടിയുള്ള യാത്രകൾ... അഗസ്ത്യാർകൂടത്തിൽനിന്ന് തുടങ്ങി എവറസ്റ്റ് ബേസ് ക്യാമ്പും കശ്മീർ ഗ്രേറ്റ് ലേക്സും കടന്ന് ആ യാത്രകൾ ആഫ്രിക്കയിലെ കിളിമഞ്ചാരോ വരെയെത്തി. അവരുടെ ആഗ്രഹങ്ങൾക്കുമുൻപിൽ കൊടുമുടികൾ കീഴടങ്ങി.
സ്വപ്നയാത്രകൾ സഫലമാക്കിയപ്പോൾ അവർ പ്രായംതളർത്താത്ത പർവതാരോഹകരായി. വയനാട് കാവുംമന്ദം തെക്കെതൊട്ടിയിൽ ടി.ജെ. മാഴ്സ്, കേണിച്ചിറ സരോവരത്തിൽ എം.പി. മുരളീധരൻ, മാനന്തവാടി ആറാട്ടുതറ ദിവേന്ദുവിൽ ഇ.പി. ദിവാകരൻ, കണ്ണൂർ കീച്ചേരി കെ.എം. ഗംഗാധരൻ, കോഴിക്കോട് തിക്കോടി ജനികയിൽ ഡോ. കെ.കെ. സുരേഷ്, കോട്ടയം പങ്ങട ഉറുമ്പിൽ ജോസഫ് ജോർജ് എന്നിവരാണ് വിശ്രമജീവിതം വീടിനുള്ളിൽമാത്രമൊതുക്കാതെ ദൂരങ്ങളും ഉയരങ്ങളും താണ്ടിപ്പോകുന്നത്.
ഗ്ലോബ് ട്രക്കേഴ്സ് എന്ന കൂട്ടായ്മയിലൂടെയാണ് ഇവരുടെയെല്ലാം യാത്രകൾ. കൊടുമുടികൾ കീഴടക്കണമെന്ന ആഗ്രഹത്തിനുമുന്നിൽ പ്രായമൊരു തടസ്സമായതേയില്ല. ഓരോ ട്രക്കിങ്ങും ഉയരങ്ങൾ കീഴടക്കാനുള്ള ആവേശം കൂട്ടിക്കൊണ്ടേയിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ ഒന്നിന് കൊച്ചിയിൽനിന്ന് കിളിമഞ്ചാരോ ലക്ഷ്യമാക്കി യാത്ര തുടങ്ങി. മൂന്നിന് രാവിലെ മച്ചാമേ റൂട്ടുവഴി 15 പേരുടെ സംഘം പർവതാരോഹണം തുടങ്ങി. ഏഴിന് രാവിലെ ഉഹുരുപീക്കിൽ എത്തി. സമുദ്രനിരപ്പിൽനിന്ന് 5895 മീറ്റർ ഉയരത്തിലാണ് ഉഹുരുപീക്ക്. മോഷി പട്ടണത്തിലെത്തിയശേഷം ഗൈഡുകളോടൊപ്പമാണ് സംഘം പർവതാരോഹണം തുടങ്ങിയത്.
തിരികെയിറങ്ങാൻ രണ്ടുദിവസമെടുത്തു. 30 വയസ്സുമുതൽ 73 വയസ്സുവരെയുള്ളവർ സംഘത്തിലുണ്ടായിരുന്നു. ഇതിൽ നാലുവനിതകളും ഉൾപ്പെടും. 73-കാരനായ കാവുംമന്ദം സ്വദേശിയായ മാഴ്സാണ് സംഘത്തിലെ മുതിർന്ന അംഗം.
വലിയൊരു സ്വപ്നം യാഥാർഥ്യമാക്കിയതിന്റെ അഭിമാനമായിരുന്നു കിളിമഞ്ചാരോ കയറിയപ്പോഴെന്നും മറക്കാനാവാത്ത നിമിഷങ്ങളായിരുന്നെന്നും മാഴ്സ് പറഞ്ഞു. കിളിമഞ്ചാരോ കയറിയ ഇന്ത്യയിലെ ഏറ്റവും പ്രായംകൂടിയ രണ്ടാമത്തെയാൾ എന്ന നേട്ടവും മാഴ്സിന് സ്വന്തമായി.
വിരമിച്ചശേഷവും വിശ്രമമില്ലാതെ
ജോലിയിൽനിന്ന് വിരമിച്ചശേഷമാണ് ഇവരെല്ലാം യാത്രകളോട് കൂട്ടുകൂടിയത്. കെഎസ്ആർടിസി റിട്ട. കണ്ടക്ടറാണ് മാഴ്‌സ്. കേരള ഗ്രാമീൺ റിട്ട. മാനേജരാണ് 65-കാരനായ ഇ.പി. ദിവാകരൻ. റിട്ട. ഹെൽത്ത് സൂപ്പർവൈസറാണ് 65-കാരനായ എം.പി. മുരളീധരൻ. മിലിട്ടറി എൻജിനിയിറങ് സർവീസിൽനിന്ന് വിരമിച്ചയാളാണ് 68-കാരനായ എം. ഗംഗാധരൻ.
ആരോഗ്യവകുപ്പ് റിട്ട. സിവിൽ സർജനാണ് 61-കാരനായ ഡോ. കെ.കെ. സുരേഷ്. കേരള ഗ്രാമീൺ റിട്ട. എജിഎമ്മാണ് 63-കാരനായ ജോസഫ് ജോർജ്. ഇവരുടെ യാത്രകൾക്ക് വലുപ്പച്ചെറുപ്പങ്ങളില്ല. കൂട്ടായ്മയുടെ കരുത്തിൽ യാത്രപോവുകയെന്നതാണ് ലക്ഷ്യം. കഴിഞ്ഞദിവസം ടി.ജെ. മാഴ്സും കെ.എം. ശശിധരനും ഡോ. കെ.കെ. സുരേഷും എം.പി. മുരളീധരനും കല്പറ്റ മൈലാടിപ്പാറയും സന്ദർശിച്ചു. സാഹസികതയും സൗഹൃദവുമൊക്കെയായി ഇനിയും യാത്രകൾ തുടരും.
Content Highlights: Retirees defy age and limitations, trekking to Everest Base Camp, Kilimanjaro, and more. Inspiring stories of passion and adventure from Kerala`s seasoned trekkers.
Published: 27 Oct 2025, 02:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented