'അടങ്ങാത്ത ആഗ്രഹങ്ങള്‍ക്ക് മുമ്പില്‍ കീഴടങ്ങാത്ത ഉയരങ്ങളുണ്ടോ?'- ചോദ്യം മലപ്പുറം കാട്ടുങ്ങല്‍ കൂത്രാട്ട് വീട്ടില്‍ സ്വപ്ന ഇബ്രാഹിമിനോടാണെങ്കില്‍ ഇല്ല എന്ന മറുപടി കിട്ടാന്‍ കണ്ണുചിമ്മിത്തുറക്കുന്ന നേരം മതി. മിനി ഊട്ടിയും കൊടികുത്തിമലയും കടന്ന് ഉയരങ്ങള്‍ താണ്ടിക്കയറിയ 'സ്വപ്ന'ജീവിതം ഇങ്ങനെയല്ലാതെ പിന്നെന്തുപറയും. ചെറുതും വലുതുമായ 41 മലകളാണ് ഈ 41 വയസ്സിനിടെ അവര്‍ നടന്നുകയറിയത്. അതില്‍ ആര്‍ക്കും പെട്ടെന്ന് എത്തിപ്പെടാനാകാത്ത ആഫ്രിക്കയിലെ കിളിമഞ്ചാരോയും റഷ്യയിലെ മൗണ്ട് എല്‍ബ്രസും പെടും. ഓരോ പര്‍വതങ്ങളും അത്ഭുതങ്ങളുടെ കലവറയാണെന്നാണ് സ്വപ്നയുടെ പക്ഷം. ഓടിയും കിതച്ചും മുകളിലെത്തുമ്പോള്‍ കിട്ടുന്നത് പറഞ്ഞറിയിക്കാനാകാത്ത അനുഭൂതിയാണെന്നും ഇവര്‍ പറയുന്നു. നാട്ടിലും വിദേശത്തുമായി ബിസിനസ് രംഗത്തുള്ള സ്വപ്ന വിശേഷങ്ങള്‍ പങ്കുവെക്കുന്നു.
പിതാവിന്റെ വഴിയേ
മലപ്പുറത്തെ ബിസിനസുകാരില്‍ ഒരാളാണ് ഇബ്രാഹിം കൂത്രാടന്‍. ഗൂഡല്ലൂരില്‍ കാപ്പി, ചായ, കുരുമുളക്, ഓറഞ്ച് തുടങ്ങിയവ കൃഷി ചെയ്യുന്ന തോട്ടം അദ്ദേഹത്തിനുണ്ടായിരുന്നു. എപ്പോഴും പുതിയ കാര്യങ്ങള്‍ പഠിക്കാനാഗ്രഹിക്കുന്ന ഇബ്രാഹിമിന് യാത്രയും മലകയറ്റവും പ്രിയപ്പെട്ടതാണ്. അതേ പാരമ്പര്യം കൗമാരത്തില്‍ തന്നെ സ്വപ്നയ്ക്കും പകര്‍ന്നുകിട്ടി. വീട്ടിനു പുറകിലെ കുന്നുകള്‍ കയറിയ സ്വപ്ന അവധി ദിവസങ്ങളില്‍ ഉപ്പയുടെ കൂടെ ഗൂഢല്ലൂരിലെത്തും. അന്ന് തോട്ടത്തിന്റെ ഇടവഴികളും ചെരിവുകളും ആ കൗമാരക്കാരിയേ വരവേറ്റു. പ്രകൃതിയെ കണ്‍നിറയേ കാണാന്‍ ആഗ്രഹിച്ചവളും അവളുടെ കൗതുകങ്ങളും അങ്ങനെ മലകയറാന്‍ തുടങ്ങി. മലപ്പുറത്തും നിലമ്പൂരിലും വിദേശത്തുമായി തുടര്‍ന്ന പഠനത്തിനിടയില്‍ ആ സ്വപ്നവും മുറുകെപ്പിടിച്ചു.
ഇനിയെത്രയുണ്ട് ? ഒ.കെ. ലെറ്റ്സ് ഗോ..
മലകയറ്റങ്ങളുടെ എണ്ണം കൂടി വന്നെങ്കിലും 2016-ല്‍ ബാലിയിലെ മൗണ്ട് ബട്ടൂര്‍ കയറിയത് സ്വപ്നയുടെ ജീവിതത്തില്‍ വഴിത്തിരിവായി. ഏട്ടംഗ സംഘത്തില്‍ ഒരാളായിരുന്നു. ഇവള്‍ മുകളിലെത്തുമോ എന്ന ഗൈഡിന്റെ സംശയം തീര്‍ത്താണ് സ്വപ്ന ബട്ടൂരിന്റെ നെറുകയില്‍ ചുംബിച്ചത്. ചെറിയ കുന്നുകള്‍ക്കപ്പുറം വലിയ മലകളും കാലുകള്‍ക്ക് വഴങ്ങുമെന്ന് തിരിച്ചറിഞ്ഞു. ഇനിയും ഒരുപാട് ലോകം തനിക്കായി കാത്തിരിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞു.
ബിസിനിസിന്റെയും കുടുംബത്തിന്റെയും തിരക്കുകള്‍ക്കിടയില്‍ പര്‍വ്വതാരോഹണത്തിന്റെ പാഠങ്ങള്‍ക്കായി സമയം കണ്ടെത്തി. ആവേശത്തില്‍ ഓടിക്കയറുക എന്നത് സ്വപ്നയുടെ രീതിയല്ല. കുറച്ച് കയറിയശേഷം തലയുയര്‍ത്തി മുമ്പിലേക്ക് നോക്കും. ഇനിയെത്രയുണ്ടെന്ന് ഗൈഡിനോട് ചോദിക്കും. ദൂരം മനസ്സിലായാല്‍ നീളത്തില്‍ ശ്വാസം വലിച്ചുവിട്ട് പറയും- 'ഓക്കേ.. ലെറ്റ് സ് ഗോ.' ചെമ്പ്ര, കുറുവ, ഇലവീഴാപൂഞ്ചിറ, സഹ്യാദ്രി, ലഡാക്ക്, എവറസ്റ്റ് ബേസ് ക്യാമ്പ് തുടങ്ങിയ ഓരോ ഉയരങ്ങള്‍ താണ്ടുമ്പോഴും ഇതായിരുന്നു സ്വപ്നയുടെ സ്‌റ്റൈല്‍.
അപകടങ്ങളും ഒളിഞ്ഞിരിപ്പില്ലേ?
തീര്‍ച്ചയായും. അത്ര എളുപ്പമല്ല പര്‍വ്വതാരോഹണം. ഫിറ്റ്നസ്, ശ്വാസമെടുക്കല്‍, ആത്മധൈര്യം, ഇച്ഛാശക്തി അങ്ങനെ പലതും വേണം. നല്ല ഫിറ്റ്നസ് ഉണ്ടായിട്ടും മല കയറുന്നതിനിടെ ഹൃദയമിടിപ്പ് നിന്നുപോയവരെ കണ്ടിട്ടുണ്ട്. വലിയ പാറ കയറുന്നതിനിടെ റോപ് കൈവിട്ട് അപകടത്തില്‍ കലാശിച്ചവരുണ്ട്. എന്നിരുന്നാലും ഇതുവരെ നേരിട്ട് അപകടമുണ്ടായിട്ടില്ല. ആനകളും പുലികളുമുള്ള ഇടങ്ങളിലൂടെ പോയിട്ടുണ്ട്.
ഗൈഡ് നല്‍കുന്ന നിര്‍ദേശങ്ങള്‍ തെറ്റിക്കാതെ അനുസരിക്കും. അതില്ലെങ്കില്‍ ജീവന്‍ തന്നെ നഷ്ടപ്പെട്ടേക്കാം. തുടക്കകാലത്തെ പര്‍വ്വതാരോഹണത്തിന് വലിയ തയ്യാറെടുപ്പൊന്നുമുണ്ടായില്ല. ഇപ്പോള്‍ കാലാവസ്ഥയ്ക്ക് യോജിച്ച വസ്ത്രങ്ങളും മറ്റുപകരണങ്ങളും കൂടെക്കരുതിയാണ് യാത്ര. മുകളിലേക്ക് കയറുന്തോറും നമ്മള്‍ ഒന്നുമല്ലെന്ന് ബോധ്യപ്പെടുത്തുന്ന സര്‍വകലാശാലകളാണ് ഓരോ മലനിരകളും. അവിടെ നമ്മള്‍ വെറും ഉറുമ്പുകളായി മാറും. നമ്മുടെ പ്രശ്നങ്ങള്‍ ഒന്നുമല്ലെന്ന് മനസിലാകും.
ലക്ഷ്യം ഏഴ് വന്‍കരകള്‍
ഏഴ് വന്‍കരകളിലെയും വലിയ പര്‍വ്വവതങ്ങള്‍ താണ്ടുകയാണ് സ്വപ്നയുടെ ലക്ഷ്യം. നിലവില്‍ രണ്ടെണ്ണം പൂര്‍ത്തിയാക്കി. ഈ വര്‍ഷം അവസാനത്തോടെ അടുത്ത രണ്ട് പര്‍വ്വതങ്ങള്‍ കൂടി കീഴടക്കാനുള്ള തയാറെടുപ്പിലാണ് ഇവര്‍. പരിശീലനത്തിന് ഇത്രകാലമെന്നുള്ള കണക്കില്ല. വര്‍ഷം മുഴുവന്‍ ഫിറ്റ്നസ് കാത്തുസൂക്ഷിക്കും. നീന്തല്‍, ബാഡ്മിന്റണ്‍, ഭാരം കണ്‍ട്രോള്‍ എന്നിവ മുടക്കാറില്ല. മലകയറ്റത്തിന് മുമ്പായി പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കൂടുതല്‍ കഴിക്കും. നാട്ടിലുണ്ടെങ്കില്‍ മലപ്പുറത്തുള്ള പര്‍വതാരോഹരുടെ കൂട്ടായ്മയിലും സജീവമാകും.
കൂടാതെ മലകയറ്റത്തിനിടയിലെ അനുഭവങ്ങള്‍ വെച്ച് മൂന്നാമത്തെ പുസ്തകത്തിന്റെ എഴുത്തും നടക്കുന്നു. 2022-ല്‍ കിളിമഞ്ചാരോ കയറാന്‍ 11 വയസുകാരിയായ മകള്‍ സമാര ജെറിയുമുണ്ടായി. കിളിമഞ്ചാരോ കയറിയ കുറവ് പ്രായമുള്ളവരില്‍ ഒരാളുകൂടിയാണിപ്പോള്‍ സമാര. പത്താംക്ലാസുകാരന്‍ റിഹാന്‍ ജെറി മകനാണ്. എല്ലാ യാത്രകള്‍ക്കും പിന്തുണയുമായി ഉമ്മ റസിയ മുഹമ്മദും സഹോദരങ്ങളായ മിഷേല്‍ ഇബ്രാഹിം, റംസീ ഇബ്രാഹിം എന്നിവരും കൂടെയുണ്ട്.
Content Highlights: 41-year-old Swapna Ibrahim has conquered 41 mountains, including Kilimanjaro and Elbrus
Published: 16 Aug 2025, 10:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented