ഉയരങ്ങളിലൂടെ ലോകത്തെ കീഴടക്കാനാണ് പത്തനാപുരം സ്വദേശി നിയാസിന്റെ ആഗ്രഹം. അദ്ദേഹത്തിന്റെ കിളിമഞ്ചാരോ യാത്രയിലെ അനുഭവങ്ങളറിയാം

അബ്ദുൽ നിയാസ് കിളിമഞ്ചാരോ പർവതത്തിന് മുകളിൽ
സാഹസികതയോടുള്ള താത്പര്യവും കഠിനാധ്വാനവും ആത്മവിശ്വാസവുംകൊണ്ട് കൊടുമുടികൾ കീഴടക്കുകയാണ് കൊല്ലം പത്തനാപുരം സ്വദേശി അബ്ദുൽ നിയാസ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്വതന്ത്ര പർവതമായ കിളിമഞ്ചാരോ കയറിയാണ് തന്റെ സാഹസിക പുസ്തകത്തിൽ പുത്തൻ അധ്യായം ഇദ്ദേഹം കൂട്ടിച്ചേർത്തത്.
മരുഭൂമിയും മഴക്കാടുകളും മഞ്ഞും കൊടുങ്കാറ്റുമെല്ലാം തരണം ചെയ്താണ് 5,895 മീറ്റർ ഉയരമുള്ള ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ ഈ കൊടിമുടിയുടെ മുകളിലെത്തിയത്. സെപ്റ്റംബർ ആറിന് തുടങ്ങിയ യാത്ര 11-ന് ഉച്ചയോടെയാണ് പൂർത്തിയാക്കിയത്.
ഒപ്പമുണ്ടായിരുന്ന ഹൈദരാബാദ് സ്വദേശി ആരോഗ്യപ്രശ്നങ്ങൾ കാരണം അവസാനദിവസം പിന്മാറിയതോടെ കിളിമഞ്ചാരോയുടെ സ്വപ്നപാതകൾ ഒറ്റയ്ക്ക് നടന്നുകയറുകയായിരുന്നു.
‘‘കാഴ്ചകളുടെയും നവ്യാനുഭവങ്ങളുടെയും പറുദീസയാണ് കിളിമഞ്ചാരോ. വർഷങ്ങൾ നീണ്ട തയ്യാറെടുപ്പിനൊടുവിലാണ് കൊടുമുടിയുടെ മുകളിലെത്താൻ കഴിഞ്ഞത്. പർവതത്തിലെ മഴക്കാട് അതിമനോഹരമായ പ്രദേശങ്ങളിലൊന്നാണ്. വൈവിധ്യമാർന്ന പക്ഷികളുടെയും ഉരഗങ്ങളുടെയും ആവാസവ്യവസ്ഥകൂടിയായ മഴക്കാടുകളെ കിളിമഞ്ചാരോ പർവതത്തിന്റെ ജീവനാഡിയായാണ് കണക്കാക്കപ്പെടുന്നത്.
ഇവയെല്ലാം അവിസ്മരണീയമായ കാഴ്ചകളാണ് പർവതാരോഹകർക്ക് സമ്മാനിക്കുന്നത്. ഷിറ, മാവെൻസി, കിബോ എന്നീ മൂന്ന് അഗ്നിപർവതക്കൊടുമുടികളാണ് കിളിമഞ്ചാരോയിലുള്ളത്. കുത്തനെയുള്ള പാതകളും പാറക്കെട്ടുകളും താണ്ടിവേണം മലമുകളിലേക്കെത്താൻ. ഉയരം കൂടുംതോറും ശാരീരിക പ്രശ്നങ്ങളും കൂടും. ശരീരത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതു കാരണം പലതവണ തലവേദനയും ക്ഷീണവും അനുഭവപ്പെട്ടു. പക്ഷേ, പിന്മാറാൻ മനസ്സ് അനുവദിച്ചില്ല.
ഇനി ഒരു ചുവടുപോലും മുന്നോട്ടുെവക്കാൻ കഴിയില്ലെന്ന് തോന്നുന്നിടത്തുനിന്ന് മുന്നോട്ട് നീങ്ങുകയെന്നതിനെക്കാൾ വലുതായൊന്നില്ല. ഓരോ സമ്മിറ്റ് പൂർത്തിയാക്കുമ്പോഴും ലഭിക്കുന്ന സംതൃപ്തി പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. പുതിയ അനുഭവങ്ങളും വെല്ലുവിളികളും ഏറ്റെടുക്കാനുള്ള പ്രചോദനവുമാണ് അതുവഴി ലഭിക്കുന്നത്’’ -നിയാസ് പറയുന്നു.
ഉയരങ്ങളിലൂടെ ലോകത്തെ കീഴടക്കാനാണ് നിയാസിന്റെ ആഗ്രഹം. രണ്ട് സമ്മിറ്റുകൾ ഇതിനകം പൂർത്തിയാക്കി. തെക്കൻ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ അകൊൻകാഗ്വയാണ് അടുത്ത ലക്ഷ്യം. ഭാവിയിൽ ഏഴ് ഭൂഖണ്ഡങ്ങളിലെ സമ്മിറ്റുകൾ പൂർത്തിയാക്കാനും പദ്ധതിയുണ്ട്.
കോവിഡ് കാലത്തുണ്ടായ വിരസത ഒഴിവാക്കാനാണ് യാത്രയുടെ പുതുവഴികൾ നിയാസ് തേടിത്തുടങ്ങിയത്. അപകടങ്ങളും വെല്ലുവിളികളും നിറഞ്ഞ യുഎഇയിലെ ഹൈക്കിങ് പാതകളിലൂടെ സഞ്ചരിച്ചാണ് വലിയ കൊടുമുടികളുടെ മുകളിലെത്താൻ മനസ്സും ശരീരവും പാകപ്പെടുത്തിയത്. കഴിഞ്ഞ ഏപ്രിലിൽ നേപ്പാളിലെ എവറസ്റ്റ് ബേസ് ക്യാമ്പും ഓഗസ്റ്റിൽ യൂറോപ്പിലെ എൽബ്രസ് കൊടുമുടിയും നിയാസ് കീഴടക്കിയിട്ടുണ്ട്.
യാത്രകളോട് ഏറെ ഇഷ്ടമുള്ള നിയാസ് ഇതിനകം 30 രാജ്യങ്ങൾ സന്ദർശിച്ചിട്ടുമുണ്ട്. 20 വർഷമായി പ്രവാസിയായ നിയാസ് നിലവിൽ ഷാർജയിൽ സെയിൽസ് മാനേജരായി ജോലിചെയ്യുകയാണ്. ഡോ. റാണി റഹീമാണ് ഭാര്യ. മക്കൾ: ഇസ്ര ഫാത്തിമ, ആമിർ മുഹമ്മദ്.
Content Highlights: Abdul Niyas from Pathanapuram, Kerala, scaled Mount Kilimanjaro, overcoming deserts, rainforests, snow, and storms. Read his inspiring adventure story.
Published: 04 Oct 2025, 11:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented