ചേര്‍ത്തല: എട്ടാം ക്ലാസിന്റെ കുട്ടിക്കളിയല്ല അന്നാമേരി നടത്തിയത്. ടാന്‍സാനിയയിലെ കിളിമഞ്ചാരോ പര്‍വതത്തിന്റെ നെറുകയില്‍ കയറിയിരിക്കുകയാണ് ചേര്‍ത്തലയില്‍നിന്നുള്ള ഈ മിടുക്കി. ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടിയില്‍ ദേശീയപതാക പാറിച്ച് തെയ്ക്വാന്‍ഡോ പ്രകടനവും നടത്തിയാണ് അന്ന മലകയറ്റത്തിന്റെ വിജയമാഘോഷിച്ചത്.

To advertise here,

അച്ഛന്‍ ഷൈന്‍ വര്‍ഗീസിനൊപ്പമായിരുന്നു അന്നയുടെ യാത്ര. നാലുമാസം മുന്‍പ് ഹിമാലയത്തിലെ 4,800 അടി ഉയരം കീഴടക്കി തന്റെ സാഹസിക മലകയറ്റത്തിനു തുടക്കമിട്ട അന്ന കിളിമഞ്ചാരോയും കീഴടക്കി. യൂറോപ്പിലെ എല്‍ബ്രസും ചിംബരാസോ(എക്വഡോര്‍)യുമാണ് അടുത്ത ലക്ഷ്യങ്ങള്‍. നവംബര്‍ ആറിനാണ് പര്‍വതത്തിന്റെ മുകളിലെത്തിയത്.

ചേര്‍ത്തല സെയ്ന്റ് മേരീസ് സ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ഥിനിയായ അന്ന, ഐ.ടി. ഉദ്യോഗസ്ഥനായ അച്ഛന്‍ ഷൈന്‍ വര്‍ഗീസ് ഞാറയ്ക്കവേലിയുടെ ശിക്ഷണത്തിലാണ് സാഹസികതയുടെ വഴിയിലെത്തിയത്. തെയ്ക്വാന്‍ഡോ പരിശീലിക്കുന്നതിനൊപ്പം മലകയറ്റം ലക്ഷ്യമിട്ട് ശാരീരികക്ഷമത ഉയര്‍ത്താനുള്ള വ്യായാമങ്ങളും ചെയ്യുന്നുണ്ട്.

സംസ്ഥാനത്തെ പ്രധാന മാരത്തണുകളിലും അന്ന താരമാണ്. ആറുദിവസംകൊണ്ട് 5,750 മീറ്റര്‍ ഉയരം കയറിയാണ് കിളിമഞ്ചോരോയുടെ നെറുകയിലെത്തിയത്. സാഹസികതയോടുള്ള ഇഷ്ടമാണ് മലകയറ്റത്തിനു പിന്നില്‍. അമ്മ പ്രീതിക്കൊപ്പം നാടിന്റെയും കൂട്ടുകാരുടെയും അധ്യാപകരുടെയും പിന്തുണയും പ്രോത്സാഹനവും അന്നയ്ക്കുണ്ട്.