കിളിമഞ്ജാരോ എന്ന ഒറ്റയാന്‍ പര്‍വതം ഒരിക്കല്‍ക്കൂടി തലകുനിച്ചു. ഇവിടെയുള്ള 5895 മീറ്റര്‍ ഉയരത്തിലുള്ള ഉഹുറു കൊടുമുടി കാല്‍ക്കീഴിലാക്കുമ്പോള്‍ ഒരു യുവ ഐ.എ.എസുകാരന്റെ മനമാകെ ആത്മാഭിമാനത്തിന്റെ കുളിരുകയറി.

To advertise here,

ഇക്കുറി ഈ ആഫ്രിക്കന്‍ പര്‍വതത്തിന്റെ നെറുകയില്‍നിന്ന് ഇന്ത്യന്‍ പതാക നെഞ്ചോടുചേര്‍ത്തുപിടിച്ചത് അര്‍ജുന്‍ പാണ്ഡ്യന്‍ എന്ന കേരള കേഡര്‍ ഉദ്യോഗസ്ഥനാണ്. കിളിമഞ്ജാരോ കീഴടക്കിയ ആദ്യ ഐ.എ.എസുകാരനെന്ന ബഹുമതിക്കും ഇദ്ദേഹം അര്‍ഹനായി.

ലാന്‍ഡ് റവന്യൂ ജോയന്റ് കമ്മിഷണറുടെ തിരക്കില്‍നിന്ന് ഫെബ്രുവരി മൂന്നാം വാരമാണ് കിളിമഞ്ജാരോ സ്വപ്നവുമായി അര്‍ജുന്‍ പാണ്ഡ്യന്‍ ഒറ്റയ്ക്ക് താന്‍സാനിയക്ക് വിമാനം കയറിയത്.

ഉപകരണങ്ങളുടെ സഹായമില്ലാതെ കീഴടക്കാവുന്ന കൊടുമുടിയാണ് കിളിമഞ്ജാരോയ്ക്ക് മുകളിലെ ഉഹുറു കൊടുമുടി. ഈ പ്രത്യേകത പര്‍വതാരോഹണം കുറെയൊക്കെ ആയാസരഹിതമാക്കിയെന്ന് അദ്ദേഹം പറയുന്നു.

ഹിമാലയന്‍ പര്‍വതാരോഹണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള അടിസ്ഥാന പര്‍വതാരോഹണ കോഴ്‌സും ഉത്തരകാശിയിലെ നെഹ്രു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനിയറിങ്ങില്‍നിന്ന് അഡ്വാന്‍സ്ഡ് കോഴ്‌സും അര്‍ജുന്‍ പാണ്ഡ്യന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഏലപ്പാറയ്ക്കടുത്ത് കാവക്കുളത്തെ ഏലം കര്‍ഷകനായ സി. പാണ്ഡ്യന്റെയും അങ്കണവാടി അധ്യാപികയായ ഉഷാകുമാരിയുടെയും മകനായ അര്‍ജുന്‍ കൊല്ലം ടി.കെ.എം. എന്‍ജിനിയറിങ് കോളേജില്‍നിന്ന് ബി.ടെക്. നേടിയശേഷമാണ് 2017 ബാച്ചുകാരനായി സിവില്‍ സര്‍വീസിലെത്തിയത്. ഡോ. പി.ആര്‍. അനുവാണ് ഭാര്യ.

യാത്ര ഇങ്ങനെ

സമുദ്രനിരപ്പില്‍നിന്ന് 1800 മീറ്റര്‍ ഉയരമുള്ള മച്ചാമെ ഗേറ്റില്‍നിന്നും ഫെബ്രുവരി 19ന് യാത്രതിരിച്ചു. 2835 മീറ്റര്‍ ഉയരത്തിലുള്ള മച്ചാമെ ക്യാമ്പില്‍ ആദ്യദിവസം വിശ്രമം.

രണ്ടാംദിനം 3750 മീറ്റര്‍ ഉയരത്തിലേക്ക്. ഷിറാ കേവ് ക്യാമ്പില്‍നിന്ന് മൂന്നാംദിനം 3900 മീറ്റര്‍ ഉയരത്തിലെ ബരാന്‍കോ ക്യാമ്പില്‍. നാലാംദിനം ആറുമണിക്കൂര്‍കൊണ്ട് 4673 മീറ്റര്‍ ഉയരത്തിലുള്ള ബരാഫു ക്യാമ്പിലെത്തി. ട്രക്കിങ്ങിന്റെ അവസാന ദിനമായ 23ന് രാത്രി 12ഓടെ പര്‍വതം കയറാന്‍ തുടങ്ങി. 12 മണിക്കൂര്‍ നീണ്ട സാഹസികതയ്‌ക്കൊടുവില്‍ പുലര്‍ച്ചെ ഉറുഹുകൊടുമുടിക്കു മുകളില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി. രണ്ടുദിവസംകൊണ്ട് പര്‍വതമിറങ്ങി മോഷിടൗണില്‍ തിരികെ എത്തി.