രു അപ്രതീക്ഷിത കണ്ടെത്തൽ ആഘോഷിക്കുകയാണ് പുരാവസ്തു ഗവേഷകരുടെ സംഘം. കംബോഡിയയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള അങ്കോർ ക്ഷേത്ര സമുച്ചയത്തിൽനിന്നുകിട്ടിയ ബുദ്ധപ്രതിമയുടെ ഉടലാണ് ഗവേഷകരെ സന്തോഷിപ്പിച്ചത്. 1927-ലാണ് ഇതേ സ്ഥലത്തുനിന്ന് പ്രതിമയുടെ തല കുഴിച്ചെടുത്തത്.

To advertise here,

അങ്കോറിന്റെ ബയോൺ ക്ഷേത്രവുമായി ബന്ധപ്പെട്ട ബയോൺ കലാശൈലിയിൽ നിർമിച്ചിരിക്കുന്ന പ്രതിമയുടെ കാലഘട്ടം പന്ത്രണ്ടോ പതിമ്മൂന്നോ നൂറ്റാണ്ടാണ്. ഇപ്പോൾ കിട്ടിയ ഭാഗത്തിന് 1.16 മീറ്റർ ഉയരമുണ്ട്. ഇതേ പ്രതിമയുടെ മറ്റ് 29 ഭാ​ഗങ്ങളും ഇതിനൊപ്പം ലഭിച്ചിട്ടുണ്ടെന്ന് ആർക്കിയോളജിസ്റ്റ് നെത്ത് സൈമൺ പ്രതികരിച്ചു. ​ഗവേഷണത്തിന്റെ ഭാ​ഗമായി ഇതുവരെ ലഭിച്ചതെല്ലാം ചെറു കഷണങ്ങളായിരുന്നെന്നും ഇത്രയും വലിപ്പമുള്ള ഒന്ന് കണ്ടെത്തി എന്നത് വലിയ ആശ്ചര്യമാണെന്നും അവർ പറഞ്ഞു.

മേലങ്കിയും മുണ്ടും ആഭരണങ്ങളും അണിഞ്ഞനിലയിലാണ് ശില്പം കൊത്തിയെടുത്തിരിക്കുന്നത്. നെഞ്ചിൽ ഇടംകൈകൊണ്ട് ചേർത്തുപിടിച്ചിരിക്കുകയും ചെയ്യുന്നു. കംബോഡിയൻ കലയെ അസാധാരണമായി പ്രാതിനിധ്യം ചെയ്യുന്ന ഒന്നായാണിതിനെ ​ഗവേഷകർ വിശേഷിപ്പിച്ചിരിക്കുന്നത്. പ്രതിമയുടെ തല ലഭിച്ച ഇടത്തുനിന്ന് അൻപതുമീറ്റർ മാത്രം മാറിയാണ് ഇപ്പോഴത്തെ ഭാ​ഗങ്ങളും ലഭിച്ചിരിക്കുന്നത്. തലയും ഉടലും ഒരേ ശില്പത്തിന്റത്തിന്റെ ഭാ​ഗമാണെന്ന് ഒപ്റ്റിക്കൽ ഇലക്ട്രോണിക് സ്കാൻ വഴിയാണ് സ്ഥിരീകരിച്ചത്.

കംബോഡിയയിൽനിന്നും ഇന്ത്യയിൽനിന്നുമുള്ള വിദഗ്ധരടങ്ങുന്ന സംഘമാണ് കഴിഞ്ഞമാസം അങ്കോറിലെ ടാ പ്രോം ക്ഷേത്രത്തിൽ ഖനനം നടത്തിയത്. തലസ്ഥാനമായ നോം പെനിൽ സ്ഥിതിചെയ്യുന്ന ദേശീയ മ്യൂസിയത്തിലാണ് പ്രതിമയുടെ തലയുള്ളത്. പ്രദർശനത്തിനായി രണ്ടുഭാഗവും കൂട്ടിച്ചേർത്തേക്കുമെന്നാണ് കരുതുന്നത്.

ഏകദേശം 400 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് അങ്കോർ ക്ഷേത്രസമുച്ചയം സ്ഥിതി ചെയ്യുന്നത്. ഒമ്പ‍ത് മുതൽ 15 വരെ നൂറ്റാണ്ടുകൾ വരെയുള്ള വിവിധ കംബോഡിയൻ സാമ്രാജ്യങ്ങളുടെ തലസ്ഥാനങ്ങളുടെ അവശിഷ്ടങ്ങളാണ് ഇവിടെയുള്ളത്. തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു മേഖലയായാണ് വിദ​ഗ്ധർ അങ്കോർ സൈറ്റിനെ കണക്കാക്കുന്നത്. കംബോഡിയയിലെ ഏറ്റവും ജനപ്രീതിയുള്ള വിനോദസഞ്ചാര കേന്ദ്രംകൂടിയാണ് അങ്കോർ. രാജ്യത്തെ വിനോദസഞ്ചാര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2024-ൽ പത്തുലക്ഷത്തോളം അന്താരാഷ്ട്ര സഞ്ചാരികളാണ് ഇവിടെയെത്തിയത്.