അൽവാർ: രാജസ്ഥാനിലെ തിജാര മുനിസിപ്പൽ കൗൺസിൽ ചെയർമാൻ തിരഞ്ഞെടുപ്പിൽ വൻനാടകീയതകളാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. തട്ടിക്കൊണ്ടുപോകൽ ആരോപണങ്ങളും കോടതിയുടെ ഇടപെടലും രാത്രിയിലെ പോളിങ് സ്റ്റേഷനിലേക്കുള്ള നെട്ടോട്ടവും അടങ്ങുന്ന പൊളിറ്റിക്കൽ ത്രില്ലറിനൊടുവിൽ കോൺഗ്രസ് വിജയം നേടി. വാശിയും വീറുംനിറഞ്ഞ പോരാട്ടത്തിൽ ഒറ്റവോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് സ്ഥാനാർഥി തിരഞ്ഞെടുക്കപ്പെട്ടത്.
35 അംഗ കൗൺസിലിൽ 31 പേരും സ്വതന്ത്രരായിരുന്നു. കോൺഗ്രസ് ഒരു സീറ്റിലും ബിജെപി മൂന്ന് സീറ്റിലും വിജയിച്ചിരുന്നു. അതുകൊണ്ട് കൗൺസിൽ ചെയർമാൻ തിരഞ്ഞെടുപ്പിലെ നിർണായക ശക്തികളായ സ്വതന്ത്രരെ തട്ടിയെടുക്കുന്നതിലായിരുന്നു ഇവിടെ തർക്കം.
സ്വതന്ത്രരടക്കം 18 കൗൺസിലർമാരെ കോൺഗ്രസ് ഹിമാചൽ പ്രദേശിലെ കാസോലിലേക്ക് മാറ്റിയിരുന്നു. സ്വതന്ത്രരിൽ ഒരാളായ രാമാവതാർ സൈനിയെ പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിക്കുകയും ചെയർമാൻ സ്ഥാനത്തേക്ക് സ്ഥാനാർഥിയാക്കുകയും ചെയ്തു. 16 കൗൺസിലർമാരെയാണ് ബിജെപി ഒപ്പംനിർത്തിയത്.
വോട്ടെടുപ്പിന് മുന്നോടിയായി ഹിമാചൽ പ്രദേശിൽ നിന്ന് മടങ്ങുകയായിരുന്ന കോൺഗ്രസിനൊപ്പമുള്ള സ്വതന്ത്ര കൗൺസിലർമാരെ ഹരിയാണയിൽ തടഞ്ഞുവെച്ചതായി ആരോപണമുയർന്നു. ഹരിയാണ പോലീസ് പഞ്ചകുള മേഖലയിൽ കൗൺസിലർമാരെ തടഞ്ഞുവെച്ചതായി കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. പിഞ്ചോർ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ പ്രകടനം നടന്നു.
ഞായറാഴ്ച വൈകുന്നേരമാണ് കൗൺസിലർമാർ തിജാരയിലേക്ക് മടങ്ങിയത്. പോലീസ് വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും ഉൾപ്പെടെ 20-ലധികം വാഹനങ്ങൾ പഞ്ചകുളയ്ക്കടുത്തുള്ള ടോൾ പ്ലാസയിൽ തടഞ്ഞുവെന്ന് കോൺഗ്രസ് നേതാവ് ഇമ്രാൻ ഖാൻ പറഞ്ഞു. സംഭവങ്ങൾ ക്യാമറയിൽ പകർത്താൻ ശ്രമിച്ചവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതായും കൗൺസിലർമാരെ പഞ്ചകുളയിലെ മോർണി ഹിൽസിലെ ഒരു ഫാമിലേക്ക് കൊണ്ടുപോയതായും പിന്നീട് വിട്ടയച്ചതായും ഖാൻ അവകാശപ്പെട്ടു. എന്നാൽ ഹരിയാണ പോലീസ് ഈ വാദങ്ങൾ നിഷേധിച്ചു.
കൗൺസിലർമാരുടെ വരവ് സംബന്ധിച്ച് ആരോപണങ്ങളും അനിശ്ചിതത്വവും തുടർന്നതോടെ വോട്ടെടുപ്പ് പ്രതിസന്ധിയിലായി. വൈകീട്ട് ആറുമണി വരെയായിരുന്നു വോട്ടെടുപ്പിനുള്ള സമയം.
വോട്ടെടുപ്പ് സമയപരിധി നീട്ടിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ചു. കൗൺസിലർമാരുടെ വരവ് വൈകിയതിനെ തുടർന്ന്, നിശ്ചയിച്ചിരുന്ന ഉച്ചയ്ക്ക് 2 മണി എന്ന വോട്ടെടുപ്പ് സമയം ആദ്യം രാത്രി 8 മണിയായും പിന്നീട് രാത്രി 10 മണിയായും നീട്ടി. പിന്നീട് ഒന്നിന് പിറകെ ഒന്നായി കൗൺസിലർമാർ പോളിങ് സ്റ്റേഷനിൽ എത്തിച്ചേർന്നു. രാത്രി 9:45വരെ വോട്ടെടുപ്പ് തുടർന്നു.
ഒടുവിൽ വോട്ടെണ്ണലിലും ത്രില്ലർ തുടർന്നു. പോൾ ചെയ്ത 35 വോട്ടുകളിൽ ഒരെണ്ണം അസാധുവാണെന്ന് പ്രഖ്യാപിച്ചതോടെയാണ് അഭ്യൂഹങ്ങൾ നിറഞ്ഞത്. ഒടുവിൽ കോൺഗ്രസ് പിന്തുണയുള്ള രാമാവതാർ സൈനി 18 വോട്ടുകൾ നേടുകയും ബിജെപി സ്ഥാനാർത്ഥി സുഭാഷ് ചന്ദ് സൈനിക്ക് 16 വോട്ടുകൾ ലഭിക്കുകയും ചെയ്തതായി പ്രഖ്യാപനം വന്നു.
Content Highlights: Congress wins the Tijara municipal council chairman election by a single vote., Ramavatar Saini secured 18 votes against BJP candidate Subhash Chand Saini's 16 votes., High-voltage political drama including alleged abduction of independent councillors and court intervention for voting time extension.
Published: 22 Sept 2026, 05:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented