
ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിന്റെ (R&AW) സ്ഥാപക മേധാവിയും ആധുനിക ഇന്ത്യയുടെ ദേശീയ സുരക്ഷാ ചട്ടക്കൂടിന്റെ ശില്പിയുമാണ് രാമേശ്വർ നാഥ് കാവോ (Rameshwar Nath Kao). അന്താരാഷ്ട്ര രഹസ്യാന്വേഷണ സമൂഹത്തിൽ 'ജെന്റിൽമാൻ സ്‌പൈമാസ്റ്റർ' എന്നറിയപ്പെട്ടിരുന്ന കാവോ, നയതന്ത്രവും തന്ത്രപ്രധാനമായ രഹസ്യ നീക്കങ്ങളും സമന്വയിപ്പിച്ച് ഇന്ത്യയുടെ സുരക്ഷാ മേഖലയ്ക്ക് ആഗോള തലത്തിൽ കൃത്യമായ പ്രതിച്ഛായ നിർമ്മിച്ചുനൽകി. മരിച്ച് 25 വർഷങ്ങൾക്ക് ശേഷമേ തന്റെ ഔദ്യോഗിക ജീവിതത്തിലെ സുപ്രധാന രഹസ്യ രേഖകൾ പരസ്യപ്പെടുത്താവു എന്ന വിൽപത്രവും തയ്യാറാക്കിയിരുന്നു അദ്ദേഹം. 2002ലാണ് കാവോ രഹസ്യാന്വേഷണങ്ങളുടെ ലോകത്ത് നിന്ന് വിടവാങ്ങിയത്. അദ്ദേഹത്തിന്റെ മരണം സംഭവിച്ച് കഴിഞ്ഞ് 25 വർഷങ്ങൾ പൂർത്തിയാവുകയാണ്. അന്ന് വിൽപത്രത്തിൽ വിലക്കിയിരുന്ന സമയപരിധി അവസാനിക്കാൻ പോവുകയാണ്. ആ വിവരങ്ങൾ പുറത്തുവരുമോ?
രാമേശ്വർ നാഥ് കാവോ എന്ന രഹസ്യാന്വേഷണ വിദഗ്ദ്ധൻ1918 മേയ് 10-ന് വാരണാസിയിലെ ഒരു കാശ്മീരി പണ്ഡിറ്റ് കുടുംബത്തിലാണ് ജനിച്ചത്. അലഹാബാദ് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം 1940-ൽ ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യൻ ഇംപീരിയൽ പോലീസിൽ (ഇപ്പോഴത്തെ ഐ.പി.എസ്) സേവനത്തിൽ പ്രവേശിച്ചു. സ്വാതന്ത്ര്യാനന്തരം 1947-ൽ ഇന്റലിജൻസ് ബ്യൂറോയിലേക്ക് (IB) മാറ്റപ്പെട്ട കാവോ, പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ സുരക്ഷാ ചുമതലയുള്ള വി.ഐ.പി സെക്യൂരിറ്റി വിഭാഗത്തിന്റെ മേധാവിയായി പ്രവർത്തിച്ചു. 1950-കളിൽ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ പല ദൗത്യങ്ങളും അദ്ദേഹം നിർവ്വഹിച്ചു. 1955-ൽ എയർ ഇന്ത്യയുടെ 'കാശ്മീർ പ്രിൻസസ്' വിമാനം തകർത്ത സംഭവത്തിൽ ചൈനീസ്, ബ്രിട്ടീഷ് അധികാരികളുമായി ചേർന്ന് അന്വേഷണം നടത്തിയത് കാവോ ആയിരുന്നു. കൂടാതെ, ഘാനയുടെ ആദ്യ പ്രധാനമന്ത്രി ക്വാമേ എൻക്രുമെയുടെ അഭ്യർത്ഥനപ്രകാരം ആ രാജ്യത്തിന്റെ രഹസ്യാന്വേഷണ ശൃംഖല രൂപീകരിക്കുന്നതിനും അദ്ദേഹം സാങ്കേതിക സഹായം നൽകി.
1962-ലെ ഇന്ത്യ-ചൈന യുദ്ധത്തിന് ശേഷം വിദേശ രഹസ്യാന്വേഷണ വിവര ശേഖരണത്തിലെ പോരായ്മകൾ പരിഹരിക്കാൻ രൂപീകരിച്ച ഏവിയേഷൻ റിസർച്ച് സെന്ററിന്റെ (ARC) ആദ്യ ഡയറക്ടറായി കാവോ ചുമതലയേറ്റു. തുടർന്ന്, 1965-ലെ ഇന്തോ-പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിദേശ രഹസ്യാന്വേഷണത്തിനായി ഒരു പ്രത്യേക സംവിധാനം വേണമെന്ന പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ തീരുമാനപ്രകാരം 1968 സെപ്റ്റംബർ 21-ന് 'റോ' (R&AW) രൂപീകരിക്കപ്പെടുകയും കാവോ അതിന്റെ പ്രഥമ സെക്രട്ടറിയാവുകയും ചെയ്തു. 1968 മുതൽ 1977 വരെ അദ്ദേഹം ഈ പദവിയിൽ തുടർന്നു. കാവോയുടെ നേതൃത്വത്തിലാണ് 1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ മുക്തിബാഹിണിക്ക് ആവശ്യമായ പരിശീലനവും സഹായവും നൽകി പുതിയൊരു രാഷ്ട്രത്തിന്റെ രൂപീകരണത്തിന് ഇന്ത്യ വഴിമരുന്നിട്ടത്. 1974-ൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് മുജീബുർ റഹ്‌മാനെതിരെ സ്വന്തം സൈന്യത്തിൽ അട്ടിമറി നീക്കം നടക്കുന്നുണ്ടെന്ന് നേരിട്ട് ധാക്കയിലെത്തി മുൻകൂട്ടി മുന്നറിയിപ്പ് നൽകിയതും കാവോ ആയിരുന്നു. എന്നാൽ അത് വിശ്വസിക്കാൻ മുജീബുർ റഹ്‌മാൻ തയ്യാറായിരുന്നില്ല. കാവോയുടെ മുന്നറിയിപ്പുകളെ അവിശ്വസിച്ചതിന് മുജിബുർ റഹ്‌മാന് തന്റെ ജീവനാണ് വിലയായി നൽകേണ്ടി വന്നത്. 1975-ൽ സിക്കിമിനെ രക്തച്ചൊരിച്ചിലുകളില്ലാതെ ഇന്ത്യയുടെ ഭാഗമാക്കി മാറ്റുന്നതിലും കാവോയുടെ തന്ത്രങ്ങൾ നിർണായകമായി. പിന്നീട് 1980-കളിൽ ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും സുരക്ഷാ ഉപദേശകനായി പ്രവർത്തിച്ച അദ്ദേഹം ഭീകരവിരുദ്ധ സേനയായ നാഷണൽ സെക്യൂരിറ്റി ഗാർഡ് (NSG) രൂപീകരിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു.
കാവോയുടെ നിർദ്ദേശങ്ങളും സംരക്ഷിത രേഖകളുടെ രഹസ്യവും
പൊതുവേദികളിൽ നിന്നോ മാധ്യമശ്രദ്ധയിൽ നിന്നോ തീർത്തും മാറിനിന്ന വ്യക്തിത്വമായിരുന്നു രാമേശ്വർ നാഥ് കാവോ. ആത്മപ്രശംസയോ പരസ്യപ്രചാരണമോ ഇഷ്ടപ്പെടാതിരുന്ന അദ്ദേഹം, ജീവിതത്തിന്റെ അവസാന നാളുകളിൽ തന്റെ ഔദ്യോഗിക ജീവിത ഓർമ്മകൾ ചില റെക്കോർഡ് ചെയ്ത സംഭാഷണങ്ങളിലൂടെ രേഖപ്പെടുത്തിവെച്ചു. 1999-2000 കാലഘട്ടത്തിൽ ഒരു വിദേശകാര്യ ഉദ്യോഗസ്ഥന്റെ സഹായത്തോടെ ഈ ശബ്ദരേഖകൾ ഏഴ് വ്യത്യസ്ത ഫയലുകളായി ലിഖിത രൂപത്തിലേക്ക് മാറ്റപ്പെട്ടു. ഈ രേഖകൾ ന്യൂഡൽഹിയിലെ നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയിലാണ് (NMML നിലവിൽ പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി) സൂക്ഷിച്ചിരിക്കുന്നത്. കാവോയുടെ നിർദ്ദേശപ്രകാരം ഈ ഏഴ് ഫയലുകളിൽ ആദ്യത്തെ നാല് ഫയലുകൾ ഗവേഷകർക്കായി തുറന്നുകൊടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദ്യകാല ജീവിതം, പോലീസിലെയും ഇന്റലിജൻസ് ബ്യൂറോയിലെയും സേവനം, ഘാന ദൗത്യം, കാശ്മീർ പ്രിൻസസ് വിമാന ദുരന്ത അന്വേഷണം എന്നിവയാണ് ഈ നാല് ഫയലുകളിലുള്ളത്. എന്നാൽ, ഇന്ത്യയുടെ സുരക്ഷയെയും അയൽരാജ്യങ്ങളുമായുള്ള ബന്ധങ്ങളെയും ബാധിക്കുന്ന ബാക്കി മൂന്ന് പ്രധാന ഫയലുകൾ സീൽ ചെയ്ത അവസ്ഥയിലാണ് സൂക്ഷിച്ചിരിക്കുന്നത്. 1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിലെ അതീവ രഹസ്യ ദൗത്യങ്ങൾ, 1975-ലെ സിക്കിമിനെ ചേർത്തത്, അടിയന്തരാവസ്ഥ കാലഘട്ടം, ഇന്ദിരാ ഗാന്ധിയുടെ വധം തുടങ്ങിയ വിഷയങ്ങളാണ് ഈ ഫയലുകളിലുള്ളത്. തന്റെ മരണശേഷം (2002 ജനുവരി 20) കൃത്യമായി 25 വർഷങ്ങൾക്ക് ശേഷമേ ഈ മൂന്ന് ഫയലുകൾ പൊതുമധ്യത്തിൽ തുറക്കാൻ പാടുള്ളൂ എന്ന് കാവോ തന്റെ നിബന്ധനയിൽ പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് 2026-2027 കാലഘട്ടത്തിൽ മാത്രമേ ഈ രേഖകൾ ഗവേഷകർക്കോ പൊതുജനങ്ങൾക്കോ ലഭ്യമാവുകയുള്ളൂ. തന്റെ ജീവിതാവസാനത്തിലോ മരണശേഷമുള്ള ആദ്യ ദശകങ്ങളിലോ ഇത്തരം വിവരങ്ങൾ പുറത്തുവരുന്നത് വഴി നയതന്ത്രപരമായ പ്രതിസന്ധികളോ രാഷ്ട്രീയ വിവാദങ്ങളോ ഉണ്ടാകരുത് എന്ന ദീർഘവീക്ഷണമാണ് ഇത്തരമൊരു നിബന്ധന കൊണ്ടുവരാൻ അദ്ദേഹത്തേ പ്രേരിപ്പിച്ചത്.
രാമേശ്വർ നാഥ് കാവോയുടെ മരണശേഷം അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവചരിത്രപരമായ രേഖകളോ 'റോ' നടപ്പിലാക്കിയ രഹസ്യ ദൗത്യങ്ങളുടെ വിശദാംശങ്ങളോ ഔദ്യോഗികമായി പുറത്തുവിടാതിരുന്നതിന് പിന്നിൽ തന്ത്രപ്രധാനവും നിയമപരവുമായ നിരവധി ഘടകങ്ങളുണ്ട്. ഏറ്റവും പ്രധാനപ്പെട്ട കാരണം കാവോയുടെ സ്വന്തം വിൽപത്രത്തിലെ നിബന്ധന മാനിക്കുക എന്നതായിരുന്നു. രേഖകൾ പൊതുമധ്യത്തിലേക്ക് എത്തിക്കുന്നതിന് 25 വർഷത്തെ വിലക്ക് ഏർപ്പെടുത്തിയുള്ള കാവോയുടെ നിർദ്ദേശം ഒരു മുൻ ഇന്റലിജൻസ് മേധാവിയുടെ നിയമപരമായ ആഗ്രഹമായതിനാൽ അത് പൂർണമായി പാലിക്കാൻ കേന്ദ്ര സർക്കാരും മ്യൂസിയം അധികൃതരും ബാധ്യസ്ഥരായിരുന്നു. മറ്റൊരു നിർണായക ഘടകം ബഹുരാഷ്ട്ര നയതന്ത്ര സമവാക്യങ്ങളും ഭൗമരാഷ്ട്രീയ സങ്കീർണതകളുമാണ്. കാവോ കൈകാര്യം ചെയ്ത പല ദൗത്യങ്ങളും പാകിസ്താൻ, ബംഗ്ലാദേശ്, ചൈന എന്നീ അയൽ രാജ്യങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുള്ളതാണ്.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാജ്യം കൈക്കൊണ്ട നടപടികളുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവന്നാൽ, അത് അയൽരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ഇന്നത്തെ നയതന്ത്ര ബന്ധങ്ങളിൽ വിള്ളലുകൾ വീഴ്ത്താൻ ഇടയാക്കും. രഹസ്യാന്വേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട വ്യക്തികളുടെയും അവർക്ക് വിവരങ്ങൾ നൽകിയിരുന്ന വ്യക്തികളുടെയും സുരക്ഷ മുൻനിർത്തിയാണ് സർക്കാർ ഇത്തരം വിവരങ്ങൾ മൂടിവെക്കുന്നത്. പതിറ്റാണ്ടുകൾക്ക് മുൻപ് നടപ്പിലാക്കിയ ദൗത്യങ്ങളിലെ ഇന്ത്യൻ ഏജന്റുമാരുടെയും അവരുട പ്രാദേശിക പങ്കാളികളുടെയും പേരുകൾ പുറത്തുവന്നാൽ, അത് ഇപ്പോഴും ജീവിച്ചിരിക്കുന്നവരുടെയോ അവരുടെ കുടുംബാംഗങ്ങളുടെയോ സുരക്ഷയ്ക്ക് ഭീഷണിയായി മാറും. കൂടാതെ, ഇന്ത്യയുടെ ഒഫിഷ്യൽ സീക്രട്ട് ആക്ടും രേഖകൾ പുറത്തുവരുന്നത് തടയുന്നുണ്ട്. അമേരിക്കയോ പാശ്ചാത്യ രാജ്യങ്ങളോ പിന്തുടരുന്നതുപോലെ നിശ്ചിത വർഷങ്ങൾക്ക് ശേഷം രേഖകൾ ഡീ ക്ലാസിഫൈഡ് എന്ന ഗണത്തിലേക്ക് മാറ്റി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുന്ന രീതി ഇന്ത്യയിലെ വിദേശ രഹസ്യാന്വേഷണ വിഭാഗത്തിന് ബാധകമല്ല. 'റോ'യുടെ പ്രവർത്തനം ഔദ്യോഗിക രഹസ്യ നിയമത്തിന്റെ കടുത്ത പരിധിയിലാണ് വരുന്നത്. അതിനാൽ കാവോയുടെ വേർപാടിന്റെ കാൽനൂറ്റാണ്ട് കാലം പിന്നിട്ടാലും നിർണായക വിവരങ്ങൾ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നത് മൗഢ്യമാണ്.
കാവോ സ്ഥാപിച്ചെടുത്ത കീഴ്‌വഴക്കമെന്നോ പാരമ്പര്യമെന്നോ എന്നൊക്കെ വിളിക്കാവുന്ന രീതിയും ഇവിടെ സർക്കാരിന് പിടിവള്ളിയാണ്. 'കാവോ ബോയ്‌സ്' എന്ന് വിളിക്കപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ സഹപ്രവർത്തകർ പ്രശസ്തിക്കോ പരസ്യ അംഗീകാരങ്ങൾക്കോ പിന്നാലെ പോകാതെ നിശബ്ദമായി ജോലി ചെയ്യാനാണ് പരിശീലിക്കപ്പെട്ടത്. അതിനാൽ സ്ഥാപക മേധാവിയുടെ മരണശേഷവും ആ നിശബ്ദതയും പരമമായ രഹസ്യസ്വഭാവവും അതേപടി നിലനിർത്തുന്നത് ഏജൻസിയുടെ വിശ്വാസ്യതയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് ഭരണകൂടം വിലയിരുത്തിയേക്കാം. ഇന്ത്യയുടെ സുരക്ഷാ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയനായ നിശബ്ദ പോരാളിയായിരുന്നു രാമേശ്വർ നാഥ് കാവോ. എങ്കിലും അദ്ദേഹം നിശ്ചയിച്ച 25 വർഷത്തെ സമയപരിധി പൂർത്തിയാകുന്നതോടെ, ഇന്ത്യയുടെ നയതന്ത്ര-രഹസ്യാന്വേഷണ ചരിത്രത്തിലെ നിർണായകമായ പല ഏടുകളും കൂടുതൽ കൃത്യതയോടെ പുറത്തുവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
Content Highlights: Rameshwar Nath Kao, founder of RAW, shaped India's security landscape with strategic intelligence operations and diplomatic finesse, leaving a lasting legacy.
Published: 22 Sept 2026, 05:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented