നാടിനെ നടുക്കിയ കുറ്റകൃത്യങ്ങളും പ്രതികളിലേക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ എങ്ങനെ എത്തിയെന്നും വിവരിക്കുന്ന പംക്തിയാണ് എഫ്.ഐ.ആര്. (ഫൈനല്‍ ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്). പിടികൂടിയ പ്രതികള്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കാനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിട്ടുണ്ട്…

2024 ഓഗസ്റ്റ് 17. ഉച്ചയ്ക്ക് 11.40-ഓടെ കുണ്ടറ പോലീസ് സ്റ്റേഷനിലേക്ക് ഒരു ഫോൺവിളിയെത്തി - പടപ്പക്കര പുഷ്പവിലാസത്തിൽ പുഷ്പലത മുഖത്ത് പരിക്കേറ്റ് മരിച്ചുകിടക്കുന്നു. തൊട്ടടുത്ത മുറിയിൽ ഗുരുതരാവസ്ഥയിൽ അവരുടെ അച്ഛൻ ആന്റണിയുമുണ്ട്. പുഷ്പലതയുടെ മകൻ അഖിലിനെ കാണാനുമില്ല. നാലരമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പോലീസിന് അഖിലിനെ പിടികൂടാനായത്. ഏറെ പ്രതിസന്ധികൾ നിറഞ്ഞ അന്വേഷണത്തെപ്പറ്റി കുണ്ടറ സി.ഐ. ആയിരുന്ന വി. അനിൽകുമാർ പറയുന്നു.
ലഹരിക്കടിമയായിരുന്നു 24 വയസ്സുള്ള അഖിൽ. മയക്കുമരുന്നുകൾ വാങ്ങാനായി അമ്മയോട് നിരന്തരം പണം ആവശ്യപ്പെടും. പണം നൽകാതിരുന്നാൽ അമ്മയെയും മുത്തച്ഛനെയുമെല്ലാം മർദിക്കും. ആക്രമണത്തിൽ സഹികെട്ട് അഖിലിനെതിരേ അമ്മ കുണ്ടറ പോലീസ് സ്റ്റേഷനിൽ പലതവണ പരാതി നൽകിയിരുന്നു. പോലീസ് നൽകിയ താക്കീതുകൾ വകവയ്ക്കാതെ മകൻ ഉപദ്രവം തുടർന്നുകൊണ്ടേയിരുന്നു.
കൊലപാതകത്തിന്റെ തലേദിവസവും പുഷ്പലത കൺട്രോൾ റൂമിൽ വിളിച്ച് മകനെതിരേ പരാതി പറഞ്ഞിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് അഖിൽ, ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് അമ്മയെ കൊലപ്പെടുത്തിയത്. അഖിൽ പരിക്കേൽപ്പിച്ച മുത്തച്ഛൻ ഗുരുതരാവസ്ഥയിലായിരുന്നു. ദിവസങ്ങൾക്കകം ആന്റണിയും മരിച്ചു. സംഭവത്തിനുശേഷം കൊട്ടിയത്തെ ഒരു ഷോപ്പിൽ മൊബൈൽഫോൺ വിറ്റശേഷം അഖിൽ കടന്നുകളയുകയായിരുന്നു. ഫോണോ സാമൂഹികമാധ്യമങ്ങളോ ഉപയോഗിക്കാതെ നാടുവിട്ട അഖിലിനായി നാലരമാസത്തോളം നീണ്ട അന്വേഷണമാണ് നടന്നത്.
ജമ്മുകശ്മീരോളം നീണ്ട അന്വേഷണം
കൊട്ടിയത്ത് മൊബൈൽഫോൺ വിറ്റശേഷം അഖിൽ എങ്ങോട്ടുപോയി എന്നതായിരുന്നു കുഴക്കുന്ന ചോദ്യം. അധികം കൂട്ടുകാരില്ലാത്ത അഖിൽ വീട്ടുകാരോട് പിണങ്ങി പലപ്പോഴും ഇന്ത്യ മുഴുവൻ സഞ്ചരിച്ചിരുന്നു. മുൻപ് ഗോവ, ഹിമാചൽപ്രദേശ് തുടങ്ങിയിടങ്ങളിൽ താമസിച്ചിരുന്നു. തൃശ്ശൂർ, പാലക്കാട്, കോട്ടയം എന്നിവിടങ്ങളിലെ ബാർ ഹോട്ടലുകളിലും ജോലി ചെയ്തു. സമീപകാലത്തെങ്ങുമുള്ള അഖിലിന്റെ ഫോട്ടോകളും ഉണ്ടായിരുന്നില്ല. സി.സി.ടി.വി. ദൃശ്യങ്ങളിലും വ്യക്തതയുണ്ടായിരുന്നില്ല.
അഖിലിന്റെ സഹോദരിയിൽനിന്ന് ലഭിച്ച ഒരു ചിത്രത്തിൽ പ്രതി, കൈയിലും കഴുത്തിലും പച്ചകുത്തിയിരുന്നത് ശ്രദ്ധയിൽപ്പെട്ടു. തീവണ്ടിയാത്രക്കാരുടെയും ടാക്സി ഡ്രൈവർമാരുടേതും അടക്കമുള്ള വാട്സാപ്പ് ഗ്രൂപ്പുകളിൽ ഈ ചിത്രം ഷെയർ ചെയ്തു. പുഷ്പലതയുടെ എ.ടി.എം. കാർഡും ഫോണുമായാണ് അഖിൽ കടന്നതെന്ന വിവരത്തെ തുടർന്ന് ബാങ്ക് അക്കൗണ്ട് കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. ആഴ്ചകൾക്കുശേഷം അക്കൗണ്ടിൽനിന്ന് 2,500 രൂപ പിൻവലിച്ചതായി കണ്ടെത്തി.
ഡൽഹിയിലെ ഒരു എ.ടി.എമ്മിൽ നിന്നാണിതെന്ന് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞു. പോലീസ് സംഘം അവിടെയെത്തിയെങ്കിലും അഖിലിനെ കണ്ടെത്താനായില്ല. അടുത്തുള്ള ഒരു കടയിൽ അഖിൽ, അമ്മയുടെ മൊബൈൽഫോൺ വിറ്റിരുന്നു. അവിടെ തന്റെ ആധാറും ഉപയോഗിക്കാത്ത ഫോൺ നമ്പറും നൽകിയിരുന്നു. ഇയാൾ മുൻപ് പോയിട്ടുള്ള പഞ്ചാബ്, വാരാണസി, മണാലി, അസം, ബിഹാർ തുടങ്ങിയിടങ്ങളിലെല്ലാം ആഴ്ചകളോളം അന്വേഷണം നടത്തിയെങ്കിലും നിരാശമാത്രമായിരുന്നു ഫലം.
റിസപ്ഷനിസ്റ്റായി ശ്രീനഗറിൽ
എല്ലാവഴികളും അടഞ്ഞുവെന്ന് ചിന്തിച്ച ഘട്ടത്തിലാണ് ശ്രീനഗറിലെ ഒരു ഹോട്ടലിൽ കഴുത്തിലും കൈയിലും പച്ചകുത്തിയ ഒരാൾ മൂന്നുമാസംമുൻപ് ജോലി ചെയ്തിരുന്നതായി കണ്ടെത്തിയത്. അന്വേഷണത്തിൽ അഖിലിന്റെ ആധാറിന്റെ പകർപ്പ് അവിടെനിന്നു കിട്ടി. പ്രതി അവിടെനിന്ന് വഴക്കിട്ടുപോയതായും പിന്നീട് മറ്റൊരുകടയിൽ ജോലി ചെയ്തിരുന്നതായും കണ്ടെത്തി. എല്ലായിടത്തും ആധാറിന്റെ പകർപ്പും ഉപയോഗിക്കാത്ത ഫോൺ നമ്പരുമാണ് നൽകിയിരുന്നത്. ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നില്ല.
വഴി തുറന്ന ഫാം പേ
ശ്രീനഗറിലേക്കുള്ള യാത്രയ്ക്കായി അന്വേഷണസംഘം പുതിയ സിംകാർഡ് എടുത്തിരുന്നു. പുതിയ സിം കാർഡിൽ ഗൂഗിൾ പേ ഉപയോഗിക്കുന്നത് സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കപ്പെട്ടതോടെയാണ് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാതെ പണം പിൻവലിക്കാൻ കഴിയുന്ന 'ഫാം പേ' എന്ന സംവിധാനത്തെക്കുറിച്ചുള്ള ചിന്ത കടന്നുവന്നത്. ഇത് അഖിൽ ഉപയോഗിക്കുന്നുണ്ടാകും എന്നുതന്നെയായി നിഗമനം. റിസർവ് ബാങ്കിലെ ഒരു ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടപ്പോൾ മറ്റൊരു സാങ്കേതികവിദഗ്ധനെ പരിചയപ്പെടുത്തി. ഇയാൾ നടത്തിയ പരിശോധനയിൽ 2026 ഡിസംബർ 16-ന് അഖിലിന്റെ അക്കൗണ്ടിലേക്ക് 100 രൂപയും 18-ന് ഒരു രൂപയും അയച്ചതായി കണ്ടെത്തി.
ഡിസംബർ 25-ന് സംഘം ഡൽഹിയിലെത്തി അക്കൗണ്ടിന്റെ വിശദാംശങ്ങൾ അന്വേഷിച്ചു. അവിടെ ഒരു കടയിൽ ഇ-സിഗരറ്റ് വാങ്ങാനായി എത്തിയയാൾ നടത്തിയ ഇടപാടാണ് ഇതെന്ന് തെളിഞ്ഞു. തൊട്ടടുത്തുള്ള കടയിൽ ജോലി ചെയ്യുന്നയാളാണ് സിഗരറ്റ് വാങ്ങിയതെന്ന് കടക്കാരൻ വിവരം നൽകി. ഒരു രൂപ കശ്മീർ സ്വദേശി അയച്ചതാണെന്നും കണ്ടെത്തി. ദ്വിഭാഷിയുടെ സഹായത്തോടെ ഫോണിൽ സംസാരിച്ചപ്പോൾ സൂപ്പർ മാർക്കറ്റ് നടത്തുന്ന കശ്മീർ സ്വദേശിയാണെന്ന് തിരിച്ചറിയാനായി.
കൊലപാതകി ശിശുപരിചാരകനായി
സൂപ്പർ മാർക്കറ്റ് ഉടമയായ സ്ത്രീയുമായി ബന്ധപ്പെട്ടതിൽനിന്നാണ് അവരുടെ വീട്ടിൽ ശിശുപരിചാരകനായി, കഴുത്തിലും കൈയിലും പച്ചകുത്തിയ ഒരു യുവാവ് ജോലി ചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ചത്. പോലീസ് വീട്ടിലെത്തുമ്പോൾ കുട്ടിക്കൊപ്പം ആഹാരം കഴിക്കുകയായിരുന്നു അഖിൽ.
പിന്നീടുള്ള ചോദ്യംചെയ്യലിൽ നടന്ന കാര്യങ്ങളെല്ലാം അയാൾ വിശദീകരിച്ചു. കുഞ്ഞുന്നാൾമുതൽ ശാസിക്കുന്ന മുത്തശ്ശനോടുള്ള പക, ലഹരി വാങ്ങാൻ പണം നൽകാത്തതിന് അമ്മയോട് കാട്ടിയ ക്രൂരത ഇതെല്ലാം വിവരിച്ചു. അമ്മയെ കൊന്നശേഷം ഓംലെറ്റ് ഉണ്ടാക്കി കഴിച്ചതും മണിക്കൂറുകളോളം ടി.വി. കണ്ടതുമെല്ലാം ഭാവഭേദമില്ലാതെ പറഞ്ഞു. കൊല്ലം ജില്ലാ ജയിലിലാണ് അഖിൽ ഇപ്പോഴുള്ളത്.
Published: 22 Sept 2026, 06:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented