സാമ്പത്തികപ്രതിസന്ധിയില്‍നിന്ന് കരകയറുന്ന ശ്രീലങ്കയില്‍ വിനോദസഞ്ചാരമേഖല ജനുവരിയില്‍ നേടിയത് കഴിഞ്ഞവര്‍ഷത്തേതിനെക്കാള്‍ 122 ശതമാനം വളര്‍ച്ച. ശ്രീലങ്കന്‍ ധനകാര്യസഹമന്ത്രി രഞ്ജിത് സിയമ്പലപിതിയയാണ് ഇക്കാര്യം അറിയിച്ചത്. ഇക്കൊല്ലം ജനുവരിയില്‍ വിനോദസഞ്ചാരമേഖലയില്‍നിന്ന് 34.2 കോടി ഡോളറിന്റെ (2833 കോടി രൂപ) വരുമാനമുണ്ടായി.
പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന തുകയും കൂടി. കഴിഞ്ഞവര്‍ഷം ജനുവരിയിലേതിനെക്കാള്‍ അഞ്ചുശതമാനം വര്‍ധന ഇക്കാര്യത്തില്‍ ഇക്കൊല്ലമുണ്ടായി. 48.8 കോടി ഡോളറാണ് (4042 കോടി രൂപ) പ്രവാസികളുടെ വകയായി ഇക്കൊല്ലം ജനുവരിയില്‍ ശ്രീലങ്കയ്ക്കു ലഭിച്ചത്. ജനുവരിയിലെ കണക്കനുസരിച്ച് ശ്രീലങ്കയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 450 കോടി ഡോളറായി (37,280 കോടി രൂപ) ഉയര്‍ന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2022ല്‍ ശ്രീലങ്ക പാപ്പരത്വം പ്രഖ്യാപിച്ചിരുന്നു. 2023 സെപ്തംബര്‍ വരെ ശ്രീലങ്കയ്ക്ക് 51 ബില്യണ്‍ ഡോളര്‍ വിദേശകടമുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നായ ടൂറിസം മേഖലയും ആ സയമത്ത് തകര്‍ന്ന് തരിപ്പണമായിരുന്നു. ആഭ്യന്തരയുദ്ധങ്ങളും 2019ലെ ഭീകരാക്രമണം സൃഷ്ടിച്ച സുരക്ഷാ ആശങ്കകളും, കോവിഡ് വ്യാപനവും ടൂറിസത്തെ ഇല്ലാതാക്കി.
കോവിഡാനന്തരം രാജ്യത്തിന്റെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതും വിനോദസഞ്ചാര മേഖലയില്‍ നടപ്പിലാക്കിയ പരിഷ്‌കാരങ്ങളുമാണ് ഇപ്പോഴത്തെ നേട്ടം കരസ്ഥമാക്കാന്‍ ശ്രീലങ്കയെ സഹായിച്ചത്. വിസ നിയമങ്ങള്‍ ലഘൂകരിച്ചതും പലരാജ്യങ്ങള്‍ക്കും വിസ രഹിത പ്രവേശനം പ്രഖ്യാപിച്ചതും വലിയ രീതിയില്‍ സഞ്ചാരികളെ ആകര്‍ഷിച്ചു. ചിലവ് കുറഞ്ഞ ടൂറിസം സാധ്യതകളും പരിധയില്ലാത്ത കാഴ്ചകളും ബജറ്റ് സഞ്ചാരികളെയും ശ്രീലങ്കയിലെത്തിച്ചു.
സഞ്ചാരികളുടെ സ്വപ്‌നദ്വീപ്
ഏകദേശം കേരള/തമിഴ്നാട് മിക്സഡ് കള്‍ച്ചറുള്ള, ഭക്ഷണവൈവിധ്യങ്ങളും ആതിഥ്യമര്യാദയും വേണ്ടുവോളമുള്ളൊരു കുഞ്ഞ് രാജ്യം. കേരളത്തില്‍ നിന്ന് ഏറ്റവും എളുപ്പത്തില്‍ എത്തിച്ചേരാന്‍ പറ്റുന്ന വിദേശരാജ്യമാണ് ശ്രീലങ്ക. സാംസ്‌കാരിക ഇടങ്ങളും വന്യജീവിതങ്ങളും മൂന്നാര്‍ പോലെ കാന്‍ഡി മലകളുമൊക്കെയടങ്ങുന്ന വ്യത്യസ്ത പാക്കേജുകള്‍ തിരഞ്ഞെടുക്കാം.
ഇന്ത്യയിലെ ധനുഷ്‌കോടിയില്‍നിന്നും ഏതാണ്ട് 30 കിലോമീറ്റര്‍ മാത്രം അകലത്തിലുള്ള നമ്മുടെ ഈ അയല്‍രാജ്യത്തേക്ക് കടല്‍ മാര്‍ഗം പോകുന്നതിന് നിലവില്‍ മാര്‍ഗങ്ങളൊന്നുമില്ല. വിമാനയാത്ര മാത്രമാണ് ആശ്രയം. കുറച്ചൊന്ന് അന്വേഷിച്ചാല്‍ കുറഞ്ഞ റേറ്റിലുള്ള ഫ്ളൈറ്റ് ടിക്കറ്റുകള്‍ ലഭ്യമാകും. എയര്‍പ്പോര്‍ട്ടില്‍ ഇറങ്ങി ഹോട്ടല്‍ബുക്കിങും തിരിച്ചുള്ള ഫ്ളൈറ്റ് ടിക്കറ്റും കാണിച്ചാല്‍ എളുപ്പത്തില്‍ വിസയും സ്വന്തമാക്കാം.
മെട്രോയൊന്നും ഇല്ലാത്ത രാജ്യമായതിനാല്‍ ട്രെയിനും ബസുമാണ് പ്രധാന പൊതുഗതാഗത സംവിധാനങ്ങള്‍. ചെറിയ രാജ്യമായതിനാല്‍ തന്നെ വെറും ഒരാഴ്ചത്തെ സമയംകൊണ്ട് പ്രധാന കാഴ്ചകളെല്ലാം കാണാനാകും എന്നതാണ് മറ്റൊരു ഗുണം. ചെലവ് കുറഞ്ഞ യാത്രയായതിനാല്‍ ബാക്ക്പാക്കര്‍മാര്‍ക്കും പ്രിയപ്പെട്ട ഇടമാണ് ലങ്ക.
ജാഫ്ന, യാല നാഷണല്‍ പാര്‍ക്ക്, സിഗിരിയ, നുവാര ഏലിയ, ഉദവാലവെ നാഷണല്‍ പാര്‍ക്ക്, രാവണ വെള്ളച്ചാട്ടം, ദംബുള്ള ഗുഹാക്ഷേത്രം, അരുഗം ബേ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ലോകപ്രശസ്തമാണ്. അതിമനോഹരമായ ബീച്ചുകളാണ് മറ്റൊരു ആകര്‍ഷണത. ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളില്‍ നിന്നെല്ലാം ശ്രീലങ്കയിലേക്ക് ഫ്ളൈറ്റ് സര്‍വീസുകളും ലഭ്യമാണ്.
Content Highlights: sri lanka's tourism sector sees 122 per cent growth
Published: 04 Mar 2024, 04:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented