രം മുറിക്കുന്നത് നിഷിദ്ധമായതിനാൽ പരമ്പരാഗതമായി മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതിനു പകരം മണ്ണിൽ അടക്കം ചെയ്യുന്ന രീതിയാണ് പല ബിഷ്‌ണോയികളും പിന്തുടരുന്നത്.

രാജസ്ഥാനിലെ വരണ്ട ഭൂമിയിലൂടെ ജോധ്പുരിൽനിന്ന് ഖെജർലിയിലേക്കുള്ള യാത്ര. വഴിയരികിലും കൃഷിയിടങ്ങളിലുമായി ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന ഖെജ്‌രി മരങ്ങൾ. അവയ്ക്കിടയിലൂടെ ഭയമില്ലാതെ നടക്കുന്ന കൃഷ്ണമൃഗങ്ങളും ചിങ്കാരകളും. മനുഷ്യരെ കാണുമ്പോൾ ഓടിയൊളിക്കാതെ അവ കൃഷിയിടങ്ങളിൽ സ്വതന്ത്രമായി വിഹരിക്കുന്നു. ഈ മണ്ണിൽ മനുഷ്യനും വന്യജീവികളും തമ്മിലുള്ള ബന്ധം മറ്റൊന്നാണ്. അതിന്റെ രഹസ്യം ബിഷ്‌ണോയ് സമൂഹത്തിന്റെ ജീവിതത്തിലാണ്. ആ ജീവിതം ഞങ്ങൾക്കു പരിചയപ്പെടുത്താൻ ഒപ്പമുള്ളത് കേരള കേഡർ ഐ.എഫ്.എസ്. ഉദ്യോഗസ്ഥൻ രമേഷ് ബിഷ്‌ണോയിയാണ്. ബിഷ്‌ണോയ് സമുദായാംഗവും ജോധ്പുർ സ്വദേശിയുമായ അദ്ദേഹം വയനാട്, മണ്ണാർക്കാട്, മൂന്നാർ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളം ഏറെ ചർച്ചചെയ്ത അരിക്കൊമ്പൻ ദൗത്യത്തിലും പങ്കാളിയായിരുന്നു. നിലവിൽ ജോധ്പുരിലെ ഐ.സി.എഫ്.ആർ.ഇ-അരിഡ് ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ആണ്.
സ്വന്തം സമുദായത്തിന്റെ പാരമ്പര്യം തന്നെയാണ് തന്നെ വനസേവനത്തിലേക്ക് നയിച്ചതെന്ന് രമേഷ് പറയുന്നു. 'വന്യമൃഗങ്ങൾക്ക് സ്വന്തം പ്രശ്‌നങ്ങൾ തുറന്നുപറയാൻ കഴിയില്ല. അതുകൊണ്ട് അവയ്ക്കുവേണ്ടി സംസാരിക്കാൻ ആരെങ്കിലും ഉണ്ടായിരിക്കണം. അതാണ് എന്റെ ജീവിതത്തിലെ പ്രധാന ലക്ഷ്യം.'
ഖെജർലിയിലേക്കുള്ള യാത്രയിലുടനീളം രമേഷ് ബിഷ്‌ണോയ് പറയുന്ന ഓരോ കഥയും നമ്മെ നൂറ്റാണ്ടുകൾ പിന്നിലേക്ക് കൊണ്ടുപോകുന്നു. പ്രകൃതിസംരക്ഷണം ലോകത്തിന്റെ പൊതുചർച്ചയാകുന്നതിനും ഏറെക്കാലം മുമ്പ് മരങ്ങൾക്കും വന്യജീവികൾക്കുമായി ജീവൻ സമർപ്പിച്ച ഒരു സമൂഹത്തിന്റെ ചരിത്രത്തിലേക്ക്.
ഇരുപതും ഒമ്പതും ചേരുന്ന പേര്
ബിഷ്‌ണോയ് എന്ന പേര് എങ്ങനെയുണ്ടായി എന്നതിൽനിന്നാണ് രമേഷ് കഥ പറഞ്ഞുതുടങ്ങുന്നത്. പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗുരു ജംഭേശ്വറിന്റെ അനുയായികളാണ് ബിഷ്‌ണോയികൾ. പ്രാദേശികമായി ജംഭോജി എന്നറിയപ്പെടുന്ന അദ്ദേഹം തന്റെ അനുയായികൾക്കായി 29 ജീവിതനിയമങ്ങൾ രൂപപ്പെടുത്തി. രാജസ്ഥാനി ഭാഷയിൽ 'ബീസ്' എന്നാൽ ഇരുപത്. 'നൗ' എന്നാൽ ഒമ്പത്. ഇരുപതും ഒമ്പതും ചേർന്നാണ് 'ബിഷ്‌ണോയ്' എന്ന പേര് രൂപപ്പെട്ടതെന്നാണ് സമുദായത്തിന്റെ വിശ്വാസം.
വ്യക്തിശുചിത്വം, സാമൂഹിക പെരുമാറ്റം, ആത്മീയജീവിതം, പ്രകൃതിസംരക്ഷണം എന്നിവയെല്ലാം ഈ നിയമങ്ങളുടെ ഭാഗമാണ്. മരങ്ങൾ മുറിക്കരുത്, മൃഗങ്ങളെ കൊല്ലരുത്, എല്ലാ ജീവജാലങ്ങളോടും കരുണ കാണിക്കണം, സസ്യാഹാരം പിന്തുടരണം തുടങ്ങിയ തത്ത്വങ്ങൾ തലമുറകളായി ബിഷ്‌ണോയികൾ പാലിച്ചുവരുന്നു.
'കുട്ടിക്കാലം മുതൽ കൃഷ്ണമൃഗങ്ങളെയും ചിങ്കാരകളെയും ഖെജ്‌രി മരങ്ങളെയും സംരക്ഷിക്കാനാണ് ഞങ്ങളെ പഠിപ്പിക്കുന്നത്. ഞങ്ങളുടെ പൂർവികരിൽനിന്നും കുടുംബങ്ങളിൽനിന്നുമാണ് ഈ മൂല്യങ്ങൾ ലഭിക്കുന്നത്.' രമേഷ് പറയുന്നു.
ജോധ്പുർ, ബിക്കാനീർ, നാഗൗർ, ബാർമർ, ജയ്‌സൽമീർ, ജലോർ, പാലി തുടങ്ങിയ രാജസ്ഥാനിലെ പ്രദേശങ്ങളിലാണ് ബിഷ്‌ണോയികൾ കൂടുതലായി താമസിക്കുന്നത്. പഞ്ചാബിലും ഹരിയാണയിലും ബിഷ്‌ണോയ് ഗ്രാമങ്ങളുണ്ട്. പ്രദേശങ്ങൾ മാറിയാലും പ്രകൃതിയോടുള്ള അവരുടെ സമീപനത്തിൽ മാറ്റമില്ല.
ഖെജർലി; മരങ്ങൾക്കായി ചോരയൊഴുകിയ മണ്ണ്
ഞങ്ങളുടെ യാത്ര ഖെജർലി ഗ്രാമത്തിലെത്തുന്നു. ഒറ്റനോട്ടത്തിൽ രാജസ്ഥാനിലെ മറ്റേതൊരു ഗ്രാമത്തെയും പോലെയാണ് ഖെജർലി. എന്നാൽ, ഈ മണ്ണിൽ നടന്നത് ലോകത്തിന്റെ പരിസ്ഥിതി ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ജീവത്യാഗങ്ങളിലൊന്നാണ്. ഗ്രാമത്തിന്റെ പേരിൽത്തന്നെയുണ്ട് ഖെജ്‌രി മരവുമായുള്ള ബന്ധം. ഒരുകാലത്ത് ധാരാളം ഖെജ്‌രി മരങ്ങൾ വളർന്നിരുന്ന പ്രദേശമായതിനാലാണ് ഗ്രാമത്തിന് ഖെജർലി എന്ന പേര് ലഭിച്ചത്.
1730-ൽ ജോധ്പുർ ഭരണാധികാരിയായിരുന്ന മഹാരാജ അഭയ് സിങ്ങിന്റെ നിർമാണാവശ്യങ്ങൾക്കായി ഖെജ്‌രി മരങ്ങൾ വെട്ടാൻ രാജകൽപ്പനയുമായി ഭടന്മാർ ഗ്രാമത്തിലെത്തി. മരം വെട്ടുന്നത് ആദ്യം കണ്ടത് അമൃത ദേവി ബിഷ്‌ണോയിയും അവരുടെ മൂന്ന് പെൺമക്കളായ ആസു, രത്‌നി, ഭാഗു എന്നിവരുമായിരുന്നു. രാജാവിന്റെ ഉത്തരവാണെന്ന് ഭടന്മാർ പറഞ്ഞെങ്കിലും അമൃത ദേവി പിന്മാറിയില്ല. മരം മുറിക്കണമെങ്കിൽ ആദ്യം തന്റെ തല വെട്ടണമെന്നായിരുന്നു അവരുടെ നിലപാട്.
പോരാട്ടത്തിനിടെ ഭടന്മാർ അവരെ വധിച്ചു. പിന്നാലെ ആസുവും രത്‌നിയും ഭാഗുവും അമ്മയുടെ വഴിയേ മരങ്ങളെ ചേർത്തുപിടിച്ചു. അവരും കൊല്ലപ്പെട്ടു. വിവരം സമീപഗ്രാമങ്ങളിലേക്ക് പടർന്നു. ഖെജ്‌രി മരങ്ങളെ സംരക്ഷിക്കാൻ വിവിധ ബിഷ്‌ണോയ് ഗ്രാമങ്ങളിൽനിന്ന് സ്ത്രീകളും പുരുഷന്മാരും ഖെജർലിയിലേക്ക് ഒഴുകിയെത്തി. ഓരോരുത്തരും ഓരോ മരത്തെ ചേർത്തുപിടിച്ചു. ഭടന്മാരുടെ ആയുധങ്ങൾക്കു മുന്നിലും ആരും പിന്മാറിയില്ല. അമൃത ദേവിയും പെൺമക്കളുമുൾപ്പെടെ 363 പേരാണ് അന്ന് മരങ്ങൾക്കായി ജീവൻ ബലിയർപ്പിച്ചത്.
ആ കഥ പറയുമ്പോൾ രമേഷ് ബിഷ്‌ണോയിയുടെ ശബ്ദത്തിൽ അഭിമാനവും വേദനയും ഒരുപോലെ നിറയുന്നു. സ്വന്തം പൂർവികർ നടന്ന മണ്ണിലൂടെ ഒരു വനപാലകനായി സഞ്ചരിക്കുന്നതിന്റെ വൈകാരികത അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട്. സംഭവമറിഞ്ഞ മഹാരാജ അഭയ് സിങ് പിന്നീട് ഖെജർലിയിലെത്തി ഖേദം പ്രകടിപ്പിച്ചുവെന്നാണ് ചരിത്രം. ബിഷ്‌ണോയികൾ താമസിക്കുന്ന ഗ്രാമങ്ങളിൽ മരങ്ങൾ മുറിക്കുന്നതും വന്യമൃഗങ്ങളെ വേട്ടയാടുന്നതും വിലക്കിക്കൊണ്ട് അദ്ദേഹം ഉത്തരവിറക്കുകയും ചെയ്തു.
ജീവത്യാഗങ്ങളുടെ പേരുകൾ പറയുന്ന സ്മാരകം
ഖെജർലിയിൽ ജീവത്യാഗം നടന്ന സ്ഥലത്ത് ഇന്ന് സ്മാരകം ഉയർന്നുനിൽക്കുന്നു. അമൃത ദേവിയുടെയും പെൺമക്കളുടെയും പേരുകൾ മുതൽ സമീപത്തും അകലെയുമുള്ള ഗ്രാമങ്ങളിൽനിന്നെത്തിയവരുടെ പേരുകൾവരെ അവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ പേരിലേക്കും വിരൽചൂണ്ടി അവർ വന്ന ഗ്രാമവും ഗോത്രവും രമേഷ് വിശദീകരിക്കുന്നു. ലാംബ, ഫിറ്റ്കാസ്‌നി, ഗുഡാ ബിഷ്‌ണോയ്, രുഡ്കലി, പിതാവാസ്, രാംദാവാസ്, ഫീഞ്ച് എന്നിങ്ങനെ നിരവധി ഗ്രാമങ്ങളിൽനിന്നുള്ളവർ ജീവത്യാഗത്തിൽ പങ്കുചേർന്നു.
ബിഷ്‌ണോയ് സമൂഹത്തിൽ ആദ്യകാലത്ത് ചരിത്രം എഴുതി സൂക്ഷിക്കുന്ന പതിവുണ്ടായിരുന്നില്ല. സംഭവങ്ങളും വിശ്വാസങ്ങളും തലമുറകളിലേക്ക് വാമൊഴിയായാണ് കൈമാറിയത്. 'ഖെജർലി കി സാഖി' എന്നറിയപ്പെടുന്ന ഈ വാമൊഴിപ്പാരമ്പര്യം പിന്നീട് കവിതാരൂപത്തിൽ രേഖപ്പെടുത്തി. ജീവത്യാഗം ചെയ്തവരുടെ പേരുകൾ, ഗ്രാമങ്ങൾ, ഗോത്രങ്ങൾ തുടങ്ങിയ വിവരങ്ങൾ അതിലുണ്ട്. എന്നാൽ, 363 പേരിൽ ചിലരുടെ ഗ്രാമവും ഗോത്രവും സംബന്ധിച്ച പൂർണവിവരങ്ങൾ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.
'പരിസ്ഥിതി സംരക്ഷിക്കാൻ നമ്മുടെ പൂർവികർ എന്താണ് ചെയ്തതെന്ന് വരുംതലമുറ അറിയണം. അതിനാണ് ഈ സ്മാരകം.' രമേഷ് പറയുന്നു.
ഖെജർലിയിലെ ജീവത്യാഗം പിന്നീട് ഇന്ത്യയിലെ നിരവധി പരിസ്ഥിതി മുന്നേറ്റങ്ങൾക്ക് പ്രചോദനമായി. 1970-കളിൽ ഉത്തരാഖണ്ഡിൽ ശക്തി പ്രാപിച്ച ചിപ്‌കോ പ്രസ്ഥാനത്തിനും നൂറ്റാണ്ടുകൾക്കുമുമ്പ് മരങ്ങളെ ചേർത്തുപിടിച്ച് ജീവൻ നൽകിയ ഖെജർലി പോരാട്ടത്തിനും ആശയപരമായ വലിയ സാമ്യമുണ്ട്. ഈ ജീവത്യാഗത്തെ അനുസ്മരിച്ചാണ് ഇന്ത്യയിൽ സെപ്റ്റംബർ 11 ദേശീയ വനരക്തസാക്ഷി ദിനമായി ആചരിക്കുന്നത്. അമൃത ദേവിയുടെ പേരിൽ വന്യജീവി സംരക്ഷണ പുരസ്‌കാരങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്നും തുടരുന്ന ജീവൻ നൽകിയുള്ള കാവൽ
ഖെജർലിയിലെ സ്മാരകത്തിൽ 1730-ലെ രക്തസാക്ഷികളുടെ പേരുകൾ മാത്രമല്ല ഉള്ളത്. ആധുനികകാലത്ത് വേട്ടക്കാരിൽനിന്ന് വന്യമൃഗങ്ങളെ രക്ഷിക്കുന്നതിനിടെ കൊല്ലപ്പെട്ടവരുടെ പേരുകളും അവിടെ കാണാം. ചുനാറാം ബിഷ്‌ണോയ്, ചിമ്‌നാറാം ബിഷ്‌ണോയ്, അർജുൻ റാം ബിഷ്‌ണോയ്, ബിർബൽ റാം ബിഷ്‌ണോയ് തുടങ്ങി നിരവധി പേർ വേട്ടക്കാരുടെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. ഇവരിൽ പലരും മുപ്പതിനും നാല്പതിനും ഇടയിൽ പ്രായമുള്ളവരായിരുന്നു.
ബിഷ്‌ണോയികൾ മാത്രമല്ല, മറ്റു സമുദായങ്ങളിൽപ്പെട്ടവരും പട്ടികയിലുണ്ട്. വന്യജീവികളെയും പ്രകൃതിയെയും സംരക്ഷിക്കുന്നതിനിടെ ജീവൻ നഷ്ടപ്പെട്ട എല്ലാവരെയും ജാതിഭേദമില്ലാതെ ആദരിക്കണമെന്നാണ് ബിഷ്‌ണോയികളുടെ നിലപാട്. ചരിത്രത്തിലെ ഒരധ്യായമായി അവസാനിച്ചതല്ല അവരുടെ പ്രകൃതിസംരക്ഷണ പോരാട്ടം. ഇന്നും വേട്ടക്കാരെ പിന്തുടരാനും വന്യമൃഗങ്ങളെ ചികിത്സിക്കാനും നിയമനടപടികൾ നടത്താനും സമുദായാംഗങ്ങൾ കൂട്ടായി രംഗത്തിറങ്ങുന്നു.
മരുഭൂമിയുടെ ജീവനാഡി
ഖെജർലി ഗ്രാമത്തിൽ രമേഷ് ഞങ്ങൾക്ക് ഒരു ഖെജ്‌രി മരം കാണിച്ചുതരുന്നു. ഈ സാധാരണ മരം സംരക്ഷിക്കാനാണ് ഒരിക്കൽ 363 മനുഷ്യർ ജീവൻ നൽകിയത്. രാജസ്ഥാന്റെ മരുഭൂമിജീവിതത്തിന്റെ അവിഭാജ്യഘടകമാണ് ഖെജ്‌രി. കടുത്ത ചൂടിനെയും വരൾച്ചയെയും അതിജീവിക്കാൻ കഴിയുന്ന ഈ മരത്തെ 'മരുഭൂമിയിലെ കല്പവൃക്ഷം' എന്നും 'മരുഭൂമിയുടെ ജീവനാഡി' എന്നും വിളിക്കുന്നു. ഖെജ്‌രിയുടെ വേരുകളുമായി സഹജീവിതം നടത്തുന്ന സൂക്ഷ്മജീവികൾ മണ്ണിലെ നൈട്രജൻ ലഭ്യത വർധിപ്പിക്കാനും ഫലഭൂയിഷ്ഠത മെച്ചപ്പെടുത്താനും സഹായിക്കുന്നു. അതിനാൽ കൃഷിയിടങ്ങളുടെ നടുവിലും ഈ മരങ്ങളെ നിലനിർത്താറുണ്ട്.
ഖെജ്‌രിയുടെ ഇളംകായ്കൾ ഉപയോഗിച്ചാണ് രാജസ്ഥാനിലെ പ്രശസ്തമായ 'സാംഗ്രി' വിഭവം തയ്യാറാക്കുന്നത്. ഉണങ്ങിയ സാംഗ്രിക്ക് വിപണിയിൽ ഉയർന്ന വില ലഭിക്കും. ഇലകൾ കാലിത്തീറ്റയായും സ്വാഭാവികമായി ഉണങ്ങിവീഴുന്ന കൊമ്പുകൾ ഇന്ധനമായും ഉപയോഗിക്കുന്നു. മരത്തിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണെങ്കിലും പച്ചമരം മുറിക്കാൻ ബിഷ്‌ണോയികൾ ആരെയും അനുവദിക്കില്ല. അവരുടെ ഹോമങ്ങൾക്കുപോലും ഉണങ്ങിവീണ മരത്തൊലിയും ശിഖരങ്ങളുമാണ് ഉപയോഗിക്കുന്നത്.
സൽമാൻ ഖാനെ ജയിലിലെത്തിച്ച ഗ്രാമവാസികൾ
ഖെജർലിയിൽനിന്ന് ഞങ്ങളുടെ യാത്ര ഗുഡാ ബിഷ്‌ണോയ് ഗ്രാമത്തിലേക്കാണ്. പേരിൽത്തന്നെ ആ ഗ്രാമത്തിന്റെ സ്വഭാവമുണ്ട്. ബിഷ്‌ണോയികൾക്ക് ഭൂരിപക്ഷമുള്ള പ്രദേശമാണിത്. കൃഷ്ണമൃഗ വേട്ടക്കേസിൽ നടൻ സൽമാൻ ഖാനെതിരെ ബിഷ്‌ണോയ് സമൂഹം നടത്തിയ നിയമപോരാട്ടത്തിന്റെ ഓർമകളും ഈ മേഖലയിലുണ്ട്.
1998-ൽ 'ഹം സാത്ത് സാത്ത് ഹേ' സിനിമയുടെ ചിത്രീകരണത്തിനായാണ് സൽമാൻ ഖാനും മറ്റു താരങ്ങളും ജോധ്പുരിലെത്തിയത്. ഇതിനിടെയാണ് കങ്കാണി ഗ്രാമത്തിൽ രണ്ട് കൃഷ്ണമൃഗങ്ങളെ വേട്ടയാടിക്കൊന്നെന്ന കേസുണ്ടായത്. രാത്രിയിൽ വെടിയൊച്ച കേട്ട ഗ്രാമവാസികൾ സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി. അവരുടെ മൊഴികളാണ് പിന്നീട് കേസിൽ നിർണായകമായത്. ഒരു വന്യമൃഗത്തിന്റെ ജീവനുവേണ്ടി രാജ്യത്തെ ഏറ്റവും വലിയ സിനിമാതാരത്തിനെതിരെ പതിറ്റാണ്ടുകൾ നീണ്ട നിയമപോരാട്ടത്തിനാണ് ബിഷ്‌ണോയ് സമൂഹം ഇറങ്ങിയത്.
2018-ൽ ജോധ്പുർ വിചാരണക്കോടതി സൽമാൻ ഖാനെ കുറ്റക്കാരനായി കണ്ടെത്തുകയും അഞ്ചുവർഷം തടവുശിക്ഷ വിധിക്കുകയും ചെയ്തു. കേസിലുണ്ടായിരുന്ന സെയ്ഫ് അലി ഖാൻ, തബു, നീലം കോത്താരി, സൊനാലി ബേന്ദ്രെ, ദുഷ്യന്ത് സിങ് എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു. ശിക്ഷിക്കപ്പെട്ട സൽമാൻ ഖാൻ ജയിലിലായെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു. കേസുമായി ബന്ധപ്പെട്ട അപ്പീൽ നടപടികൾ ഇപ്പോഴും തുടരുകയാണ്.
ഓരോ കോടതി നടപടിയും ബിഷ്‌ണോയ് സമൂഹം പിന്തുടരുന്നു. കേസ് നടത്തുന്നതിനുള്ള പണം സമുദായാംഗങ്ങൾതന്നെ കൂട്ടായി കണ്ടെത്തുന്നു. കൃഷ്ണമൃഗങ്ങൾക്കായി പ്രത്യേകമായി കേസ് വാദിക്കാൻ അഭിഭാഷകരെയും നിയോഗിച്ചിട്ടുണ്ട്. വേട്ട നടന്ന പ്രദേശത്ത് കൊല്ലപ്പെട്ട കൃഷ്ണമൃഗങ്ങളുടെ ഓർമയ്ക്കായി സ്മാരകവും നിർമിച്ചു. കുറ്റകൃത്യം നടന്ന അതേ മണ്ണിൽ സ്മാരകം ഉയർത്തിയതിലൂടെ ഇത്തരമൊരു സംഭവം ആവർത്തിക്കരുതെന്ന സന്ദേശമാണ് ബിഷ്‌ണോയികൾ ലോകത്തിനു നൽകുന്നത്.
'ബിഷ്‌ണോയികൾക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലാണ് കൃഷ്ണമൃഗങ്ങളെ കൂടുതലായി കാണുന്നത്. ഞങ്ങളുടെ കൃഷിയിടങ്ങളിലൂടെ അവ സ്വതന്ത്രമായി നടക്കും. അവയെ തൊടാൻപോലും ആരും ധൈര്യപ്പെടില്ല.' രമേഷ് പറയുന്നു.
വിശ്വാസത്തിലും പ്രകൃതിക്ക് ഒന്നാം സ്ഥാനം
ബിഷ്‌ണോയികളുടെ പ്രകൃതിസംരക്ഷണം മരങ്ങളിലും മൃഗങ്ങളിലും മാത്രം ഒതുങ്ങുന്നില്ല. അവരുടെ ആചാരങ്ങളിലും വസ്ത്രങ്ങളിലും വീടുകളിലും മരണാനന്തര ചടങ്ങുകളിലുംവരെ പ്രകൃതിയോടുള്ള കരുതൽ കാണാം. മരം മുറിക്കുന്നത് നിഷിദ്ധമായതിനാൽ പരമ്പരാഗതമായി മൃതദേഹങ്ങൾ ദഹിപ്പിക്കുന്നതിനു പകരം മണ്ണിൽ അടക്കം ചെയ്യുന്ന രീതിയാണ് പല ബിഷ്‌ണോയികളും പിന്തുടരുന്നത്. മൃതദേഹം ദഹിപ്പിക്കാൻ ധാരാളം വിറക് ആവശ്യമായി വരുമെന്നതാണ് ഇതിനു പിന്നിലെ കാരണം.
വിഗ്രഹാരാധനയ്ക്ക് പകരം ഗുരു ജംഭേശ്വറിന്റെ തത്ത്വങ്ങൾക്കാണ് സമൂഹം പ്രാധാന്യം നൽകുന്നത്. ക്ഷേത്രങ്ങളിൽ വിഗ്രഹങ്ങൾക്കു പകരം ഗുരു ജംഭേശ്വറിന്റെ ചിത്രങ്ങളാണ് കാണുന്നത്. വീടുകളിൽ രാവിലെയും വൈകീട്ടും ഹോമം നടത്തുകയും വിഷ്ണുനാമം ജപിക്കുകയും ചെയ്യുന്നു.
നിറപ്പകിട്ടുള്ള വേഷങ്ങളും പരമ്പരാഗത വീടുകളും
ബിഷ്‌ണോയ് ഗ്രാമങ്ങളിലൂടെയുള്ള യാത്രയിൽ അവരുടെ പരമ്പരാഗത ജീവിതരീതിയും കാണാം. നിറപ്പകിട്ടുള്ള ലെഹങ്കയാണ് സ്ത്രീകളുടെ പ്രധാന വേഷം. ചുവപ്പും ഓറഞ്ചും പോലുള്ള കടുത്ത നിറങ്ങളും പ്രത്യേക അലങ്കാരപ്പണികളും ബിഷ്‌ണോയ് സ്ത്രീകളുടെ വസ്ത്രങ്ങളുടെ സവിശേഷതയാണ്. പുരുഷന്മാർ സാധാരണയായി വെളുത്ത ധോത്തിയും കുർത്തയും തലപ്പാവുമാണ് ധരിക്കുന്നത്. മരുഭൂമിയിലെ കടുത്ത ചൂട് ആഗിരണം ചെയ്യുന്നത് കുറയ്ക്കാൻ വെളുത്ത വസ്ത്രങ്ങൾ സഹായിക്കുന്നു. തലപ്പാവ് വെയിലിൽനിന്ന് തലയെ സംരക്ഷിക്കുകയും ചെയ്യും.
ചാണകം ഉപയോഗിച്ച് തറയും ചുമരുകളും മെഴുകിയ പരമ്പരാഗത കുടിലുകളും ഗ്രാമങ്ങളിൽ കാണാം. സിമന്റ് ലഭ്യമല്ലാതിരുന്ന കാലത്ത് പ്രാദേശികമായി ലഭിച്ചിരുന്ന വസ്തുക്കൾ ഉപയോഗിച്ചാണ് ഇത്തരം വീടുകൾ നിർമിച്ചിരുന്നത്. ചാണകംകൊണ്ടുള്ള മെഴുകൽ വീടിനുള്ളിലെ ചൂട് നിയന്ത്രിക്കാനും പ്രാണികളെ അകറ്റാനും സഹായിക്കുന്നുവെന്നാണ് ഗ്രാമവാസികൾ പറയുന്നത്.
ബിഷ്‌ണോയ് ജീവിതരീതി അടുത്തറിയാൻ ഇന്ന് വില്ലേജ് ടൂറിസം പദ്ധതികളുമുണ്ട്. സന്ദർശകർക്ക് പരമ്പരാഗത വീടുകളിൽ താമസിക്കാനും വേഷങ്ങൾ ധരിക്കാനും ഭക്ഷണം രുചിക്കാനും കൃഷിയും വന്യജീവികളുമായുള്ള ഗ്രാമത്തിന്റെ സഹവർത്തിത്വം നേരിട്ട് മനസ്സിലാക്കാനും അവസരമുണ്ട്.
ബിഷ്‌ണോയ് ഗ്രാമങ്ങളിൽനിന്നുള്ള മടക്കയാത്രയിൽ വീണ്ടും കൃഷിയിടങ്ങളിലൂടെ നടക്കുന്ന കൃഷ്ണമൃഗങ്ങളെ കാണാം. മനുഷ്യരെ ഭയക്കാതെ നടക്കുന്ന അവയുടെ സ്വാതന്ത്ര്യം തന്നെയാണ് ഈ സമൂഹത്തിന് പ്രകൃതി നൽകിയ ഏറ്റവും വലിയ അംഗീകാരമെന്ന് തോന്നും. മരം മുറിക്കുന്നത് തടയാൻ 363 പേർ ജീവൻ നൽകിയ ഖെജർലി. വേട്ടക്കാരുടെ വെടിയുണ്ടകൾക്കു മുന്നിലും വന്യമൃഗങ്ങളെ ഉപേക്ഷിക്കാത്ത ചെറുപ്പക്കാർ.
കൊല്ലപ്പെട്ട രണ്ട് കൃഷ്ണമൃഗങ്ങൾക്കുവേണ്ടി രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള സിനിമാതാരങ്ങളിലൊരാളെ ജയിലിലെത്തിച്ച പതിറ്റാണ്ടുകൾ നീണ്ട നിയമപോരാട്ടം. ഇതെല്ലാം ചേരുന്നതാണ് ബിഷ്‌ണോയ് എന്ന സമുദായത്തിന്റെ ചരിത്രം. കാലാവസ്ഥാവ്യതിയാനവും വനനശീകരണവും ജീവിവർഗങ്ങളുടെ വംശനാശവും ലോകത്തെ ഭീഷണിപ്പെടുത്തുന്ന കാലത്ത് ബിഷ്‌ണോയികളുടെ ഗ്രാമങ്ങളിൽനിന്ന് പഠിക്കാനുള്ളത് ഏറെയാണ്.
Content Highlights: The Bishnoi community in Rajasthan, known for its deep-rooted environmental conservation practices, has a history of sacrificing lives to protect trees and wildlife, exemplified by the 1730 Khejarli massacre where 363 people died defending khejri trees. Ramesh Bishnoi, an IFS officer from the Bishnoi community, emphasizes the importance of speaking for wildlife, drawing inspiration from his community's traditions and values, which include non-violence towards animals and nature conservation. The Bishnoi community's commitment to environmental protection continues today, with efforts to safeguard wildlife and nature, including legal battles like the one against actor Salman Khan for poaching blackbucks, highlighting their enduring dedication to conservation.
Published: 13 Sept 2026, 05:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented