
“ഗുരു മാമലകൾ നീ കാണാതെ പഠിച്ച പുരാണം… കാറ്റിൻ കാതിൽ മൊഴിഞ്ഞു നീ ഓതിയ വേദമന്ത്രങ്ങൾ മലനിരകൾ എന്നോട് പറഞ്ഞു…”
കാലങ്ങൾക്കുമുമ്പ് വായിച്ചുമറന്ന ഒരു കവിതാശകലം. എന്നാൽ മരുത്വാമലയുടെ കയറ്റത്തിൽ ആ വരികൾക്ക് പുതിയൊരു അർഥം കൈവന്നതായി തോന്നി. കന്യാകുമാരിയിൽ തീവണ്ടിപ്പാളങ്ങൾ അവസാനിച്ചിടത്തുനിന്നാണ് യാത്രാവാണി 106-ാം എപ്പിസോഡിന്റെ മറ്റൊരു യാത്ര തുടങ്ങുന്നത്.
സാഗരസംഗമഭൂമിയായ കന്യാകുമാരിയിൽനിന്ന് മരുത്വാമലയിലേക്കുള്ള യാത്ര കേവലം ഒരു മലകയറ്റമല്ല. കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിൽ നിർണായകമായ ഇടം നേടിയ ശ്രീനാരായണഗുരുവിന്റെ ജീവിതവും ധ്യാനവും ചിന്തകളും തൊട്ടറിയാനുള്ള ശ്രമം കൂടിയാണ്.
പൊള്ളുന്ന വെയിലിലും പാറക്കെട്ടുകളിലൂടെയുള്ള കയറ്റത്തിലും വഴിയിലുടനീളം പ്രകൃതി കാത്തുവച്ചിരിക്കുന്ന കാഴ്ചകൾ യാത്രയ്ക്ക് മറ്റൊരു ഭാവം നൽകുന്നു. താഴേക്ക് നോക്കുമ്പോൾ പച്ചപ്പിൽ പൊതിഞ്ഞ കന്യാകുമാരി — വയലുകളും കുളങ്ങളും തോടുകളും തെങ്ങിൻതോപ്പുകളും വാഴത്തോപ്പുകളും ചേർന്നൊരു വിശാല ചിത്രം.
കയറ്റത്തിനിടയിൽ കിട്ടിയ ഒരു സാധാരണ ഊന്നുവടി പോലും ഈ യാത്രയിൽ കൂട്ടുകാരനാകുന്നു. ആരോ ഉപേക്ഷിച്ചുപോയതാകാം, അല്ലെങ്കിൽ പിന്നാലെ വരുന്ന മറ്റൊരാൾക്ക് ഉപകാരപ്പെടട്ടെയെന്ന ചിന്തയിൽ അവിടെ വെച്ചതാകാം. സ്വന്തം യാത്രയിൽ ഉപയോഗിച്ച വസ്തു മറ്റൊരാളുടെ യാത്രയ്ക്കായി അവിടെത്തന്നെ ഉപേക്ഷിക്കുക — മരുത്വാമലയിൽ കണ്ട ഈ ചെറിയ കാഴ്ചയ്ക്കും വലിയൊരു സന്ദേശമുണ്ട്.
ഗുഹയിലേക്കെത്തുമ്പോൾ യാത്രയ്ക്ക് മറ്റൊരു അർഥം കൈവരുന്നു. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും ധ്യാനിച്ചിരുന്ന ഇടം. മലക്കാറ്റും കടൽക്കാറ്റും ഒന്നുചേരുന്ന ആ ഏകാന്തതയിൽ ഇരിക്കുമ്പോൾ, ഒരു ജനതയെ സാമൂഹിക നവോത്ഥാനത്തിലേക്ക് നയിക്കാനുള്ള ചിന്തകൾക്ക് പ്രകൃതിയും ഏകാന്തതയും എത്രത്തോളം കൂട്ടായിരുന്നിരിക്കാമെന്ന് ചിന്തിച്ചുപോകും.
യാത്രയ്ക്കിടയിലെ ഏറ്റവും അപ്രതീക്ഷിതമായൊരു കൂട്ടുകാരൻ പക്ഷേ മറ്റൊരാളായിരുന്നു — ഭൈരവൻ.
പാളങ്ങൾ അവസാനിച്ചിടത്ത് തുടങ്ങിയ ഈ യാത്രയിൽ, മലകളും കാറ്റും വഴിയിലേറ്റുമുട്ടിയ മനുഷ്യരും മിണ്ടാതെ പല കഥകളും പറഞ്ഞു. കേൾക്കാൻ തയ്യാറായാൽ പ്രകൃതിക്കും ചരിത്രത്തിനും പറയാനുള്ളത് ഏറെയുണ്ടെന്ന് ഓർമിപ്പിച്ചുകൊണ്ടാണ് ജി. ജ്യോതിലാലിന്റെ യാത്രാവാണിയുടെ 106-ാം എപ്പിസോഡ്.നിർമ്മാണം : ആർ ജെ അച്ചൂ .
Content Highlights: Detailed travelogue of Marunthuvamalai trekking route in Kanyakumari., Explores the historical and spiritual connection with Sree Narayana Guru and Chattampi Swamikal., Highlights the natural beauty, medicinal plants, and panoramic views from the hilltop., Mentions Ayya Vaikunda Swamy's social reform legacy in Swamithoppe.
Published: 09 Sept 2026, 11:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented