To advertise here,

ഫ്‌ളൈറ്റ് ടിക്കറ്റുകൾ ഏറ്റവും കുറഞ്ഞ നിരക്കിൽ എടുക്കൽ അത്ര ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. പ്രത്യേകിച്ചും നിരക്ക് താരത്യമം ചെയ്യാൻ നിരവധി സൈറ്റുകൾ ഉള്ള സ്ഥിതിക്ക്. കുറച്ച് ക്ഷമ കാണിക്കണമെന്നതാണ് അടിസ്ഥാനകാര്യം. ചിലർക്കിടയിൽ തെറ്റിദ്ധാരണയുണ്ട്. ടിക്കറ്റ് എത്രയും നേരത്തെ ബുക്ക് ചെയ്താൽ ഏറ്റവും ഡിസ്‌ക്കൗണ്ട് കിട്ടും എന്ന തോന്നൽ. എപ്പോഴും അത് ശരിയല്ല. ഏറ്റവും അനുയോജ്യമായ ബുക്കിംഗ് കാലയളവ് കണ്ടെത്തുക എന്നതാണ് ഏറ്റവും പ്രധാനം. അതിന് കുറച്ച് ഹോംവർക്ക് ചെയ്യേണ്ടതുമുണ്ട്.

ചിലപ്പോൾ 10 മാസം മുമ്പ് ബുക്ക് ചെയ്താൽ ഏറ്റവും ഉയർന്ന നിരക്കാവും എയർലൈനുകൾ നൽകുക. ഡൊമസ്റ്റിക് യാത്രയ്ക്ക് നാലു മുതൽ എട്ട് ആഴ്ച മുമ്പ് ബുക്ക് ചെയ്യുന്നതായിരിക്കും ഏറ്റവും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് കിട്ടാൻ സാധ്യത. അന്താരാഷ്ട്ര യാത്രകൾക്ക് രണ്ടു മുതൽ നാലു മാസം മുമ്പ് ടിക്കറ്റെടുക്കുന്നതാണ് ഏറ്റവും നല്ലത്. ബന്ധപ്പെട്ട നിരവധി ആപ്പുകളുണ്ട്. പോകാൻ ഉദ്ദേശിക്കുന്ന തീയതികൾക്ക് മാസങ്ങൾക്ക് മുമ്പ് സെർച്ച് ചെയ്ത് താരതമ്യം ചെയ്ത് നോക്കുക.

വാരാന്ത്യങ്ങളിൽ (വെള്ളി, ഞായർ) ആളുകൾ കൂടുതൽ യാത്ര ചെയ്യുന്നതിനാൽ നിരക്ക് കൂടുതലായിരിക്കും. പകരം, ചൊവ്വ, ബുധൻ ദിവസങ്ങളിൽ യാത്ര തിരഞ്ഞെടുക്കുന്നത് വഴി ടിക്കറ്റ് നിരക്കിൽ 15% മുതൽ 20% വരെ ലാഭിക്കാം. നേരിട്ട് ബുക്ക് ചെയ്യുന്നതിന് പകരം Google Flights, Skyscanner തുടങ്ങിയ മെറ്റാ സെർച്ച് എഞ്ചിനുകൾ ഉപയോഗിക്കുക. 'Everywhere' അല്ലെങ്കിൽ 'Explore' ഫീച്ചർ ഉപയോഗിച്ചാൽ ഏത് രാജ്യത്തേക്കാണ് കുറഞ്ഞ നിരക്കിൽഫ്‌ളൈറ്റുള്ളതെന്ന് കണ്ടെത്താം. നിശ്ചിത തീയതിയിലെ നിരക്ക് കുറയുമ്പോൾ ഫോണിൽ നോട്ടിഫിക്കേഷൻ വരാൻ 'Track Prices / Fare Alert' ഓൺ ചെയ്യുക.

ഡയറക്ട് ഫ്‌ളൈറ്റുകളുടെ ടിക്കറ്റുകൾക്ക് ചെലവേറും. ചെലവു ചുരുക്കാൻ രണ്ടോ മൂന്നോ ഇടങ്ങൾ ടച്ച് ചെയ്യുന്ന കണക്ടിംഗ് ഫ്‌ളൈറ്റ് ടിക്കറ്റെടുക്കുക.

കൊച്ചിയിൽ നിന്നോ തിരുവനന്തപുരത്തു നിന്നോ ലണ്ടനിലേക്കോ യൂറോപ്പിലേക്കോ നേരിട്ടുള്ള ടിക്കറ്റിന് വില കൂടുതലായിരിക്കും. അതിന് പകരം ആദ്യം മുംബൈ, ഡൽഹി, അല്ലെങ്കിൽ ബാങ്കോക്ക്, സിംഗപ്പൂർ പോലുള്ള പ്രധാന ഹബ്ബുകളിലേക്ക് ബജറ്റ് എയർലൈനിൽ കുറഞ്ഞ നിരക്കിൽ ടിക്കറ്റെടുക്കാം. ഈ രീതി വഴി 30% വരെ തുക ലാഭിക്കാം. 'Flexible Dates' ഓപ്ഷൻ ഉപയോഗിച്ച് ഏറ്റവും നിരക്ക് കുറഞ്ഞ ദിവസം തിരഞ്ഞെടുക്കാം.

തുടർച്ചയായി ഒരേ റൂട്ടിൽ ടിക്കറ്റ് തിരയുമ്പോൾ കുക്കി (Cookies) കാരണം നിരക്ക് കൂടിയതായി കാണിച്ചേക്കാം. അതിനാൽ ബ്രൗസറിൽ Incognito / Private Window ഉപയോഗിച്ച് സെർച്ച് ചെയ്യുക. ബ്രൗസറിലെ ഇൻകോഗ്‌നിറ്റോ മോഡ് ഉപയോഗിച്ചതുകൊണ്ട് മാത്രം വില കുറയില്ല. എന്നാൽ വെവ്വേറെ ഡിവൈസുകളിൽ നിന്നും പ്രൈവറ്റ് വിൻഡോ വഴി നോക്കുന്നത് ഒരേ തെരച്ചിൽ ആവർത്തിച്ച് കാണിക്കുന്നത് ഒഴിവാക്കും.

മിക്ക പ്രധാന എയർലൈനുകളും ബുക്ക് ചെയ്ത് 24 മണിക്കൂറിനുള്ളിൽ ടിക്കറ്റ് സൗജന്യമായി ക്യാൻസൽ ചെയ്യാൻ അനുവദിക്കാറുണ്ട്. ടിക്കറ്റെടുത്ത ശേഷവും അടുത്ത ദിവസം പ്രൈസ് അലർട്ട് നോക്കുക; വില വലിയ തോതിൽ കുറഞ്ഞാൽ പഴയ ടിക്കറ്റ് ക്യാൻസൽ ചെയ്ത് പുതിയത് ബുക്ക് ചെയ്യാം. ബജറ്റ് എയർലൈനുകൾ പ്രാരംഭ ടിക്കറ്റ് നിരക്ക് കുറച്ചു കാണിക്കുമെങ്കിലും ചെക്ക്-ഇൻ ലഗേജ്, സീറ്റ് സെലക്ഷൻ, ഭക്ഷണം എന്നിവയ്ക്ക് അധിക തുക ഈടാക്കും. ബുക്കിംഗ് പൂർത്തിയാക്കുന്നതിന് മുമ്പ് മൊത്തം തുക പരിശോധിക്കുക. സോഷ്യൽ മീഡിയയിലെ എയർലൈൻ ഓഫറുകൾ ഫോളോ ചെയ്യുന്നതും, കൈവശമുള്ള ക്രെഡിറ്റ് കാർഡ് പോയിന്റുകൾ റിഡീം ചെയ്യുന്നതും ചെലവ് വീണ്ടും കുറയ്ക്കും.

വിമാനക്കമ്പനികളുടെ വെബ്സൈറ്റുകൾ നേരിട്ട് പരിശോധിക്കുക. വൺടൈം ഓഫറുകൾ, ക്രെഡിറ്റ് കാർഡ്/ഡെബിറ്റ് കാർഡ് ഡിസ്‌കൗണ്ടുകൾ, സ്റ്റുഡന്റ് ഡിസ്‌കൗണ്ടുകൾ എന്നിവ വിമാനക്കമ്പനികളുടെ ഔദ്യോഗിക വെബ്സൈറ്റുകളിൽ നേരിട്ട് ലഭിക്കും. തുടർച്ചയായി യാത്ര ചെയ്യുന്നവരാണെങ്കിൽ എയർലൈനുകളുടെ 'Frequent Flyer Program' അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് പോയിന്റുകൾ റിഡീം ചെയ്ത് ടിക്കറ്റ് എടുക്കാം.