''ഇനി നമ്മുടെ യാത്ര ജറുസലേമിലേക്കാണ്.'' ഡെഡ് സീ (ചാവു കടൽ) കണ്ട് മടങ്ങുന്നതിനിടയിൽ ഗൈഡ് ആംമ്രി വെൻഡൽ ഇത് പറഞ്ഞപ്പോൾ എന്തെന്നില്ലാത്ത സന്തോഷം. കാരണം കാണാൻ കഴിയുമോ എന്നുപോലും സംശയിച്ചിരുന്നു കാണാൻ ഏറെ ആഗ്രഹമുള്ള ഒരു സ്ഥലമാണ് ജറുസലേം. ചെറിപ്പകാലം മുതൽ ജറുസലേമിനെ കുറിച്ച് പല കഥകളും കേട്ടിട്ടുണ്ട്. ആശ്ചര്യപ്പെടുത്തുന്ന പലതും. ആ പുണ്യ ഭൂമിയിലേക്കാണ് യാത്ര.
ആൾപ്പാർപ്പില്ലാത്ത തരിശായിക്കിടക്കുന്ന മൊട്ടക്കുന്നുകൾക്കിടയിലൂടെയായിരുന്നു യാത്ര. ഏറെ നേരത്തെ യാത്രയ്ക്കു ശേഷം ഏകദേശം അര കിലോമീറ്റർ നീളമുള്ള ഒരു തുരങ്കത്തിലൂടെ അപ്പുറത്തേക്കെത്തിയപ്പോൾ കണ്ട കാഴ്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു. ജനങ്ങൾ തിങ്ങിപാർക്കുന്ന, അയ്യായിരം വർഷത്തെ ചരിത്രം പറയാനുള്ള ജറുസലേം എന്ന പുണ്യ നഗരം മുന്നിൽ. തുരങ്കത്തിനപ്പുറം വിജനമായിരുന്നെങ്കിൽ ഇപ്പുറം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടമായിരുന്നു. വൈകീട്ട് ആറ് മണിയോടെയാണ് ജറുസലേം നഗരത്തിലേക്കെത്തിയത്. അഞ്ചു മണിക്ക് മുൻപായി ഇവിടെ സൂര്യൻ അസ്തമിക്കുന്നതിനാൽ ഇരുട്ട് വീണിരുന്നു.
ഒരു വശത്ത് ഒന്നിനുമീതേ ഒന്നായി അടുക്കിവെച്ച മലകളിൽ നിറയെ നക്ഷത്രം വിതറിയ അവസ്ഥ. ഈ കുന്നുകൾ നിറയെ വീടുകളാണ്. ഇവിടത്തെ ലൈറ്റുകളാണ് മനോഹരമായ നക്ഷത്രക്കാഴ്ച തരുന്നത്. അത് ജറുസലേമിലെ പുതിയ നഗരമാണ്. റോഡിന്റെ മറുവശത്ത് ജൂതന്മാരുടേയും ക്രിസ്ത്യാനികളുടേയും മുസ്ലീങ്ങളുടേയും ആരാധനാലയങ്ങൾ അടങ്ങുന്ന ടെംബിൾ മൗണ്ട്. അത് പഴയ ജറുസലേം സിറ്റി. ഹെറോദ് രാജാവ് പണിത സിറ്റി ഓഫ് ഡേവിഡിന്റെ വൻ മതിൽ രണ്ടിനേയും വേർതിരിച്ച് ഉയർന്നു നിൽക്കുന്നു. ഈ മതിലിനകത്തുള്ള (പഴയ നഗരം) നഗരവഴികളിലൂടെയാണ് പീഢനമേറ്റുവാങ്ങി യേശുക്രിസ്തു കുരിശു ചുമന്ന് നടന്നതും കുരിശിലേറ്റപ്പെട്ടതും അടക്കം ചെയ്തതും അവസാനം ഉയർത്തെഴുന്നേറ്റതും.
മക്കയും മദീനയും കഴിഞ്ഞാൽ മുസ്ലീങ്ങളുടെ ഏറ്റവും പ്രധാന ആരാധനാകേന്ദ്രമായ അൽ-അഖ്‌സ പള്ളിയും ഡോം ഓഫ് റോക്കും സ്ഥിതിചെയ്യുന്നതും ഇവിടെ തന്നെ. ജൂതവംശജരുടെ ഏറ്റവും പ്രധാന ആരാധനാകേന്ദ്രമായ വെസ്‌റ്റേൺ വാളും (മതിൽ) തൊട്ടടുത്തുണ്ട്. എല്ലാം ഏകദേശം അര കിലോമീറ്റർ ചുറ്റളവിൽ. മറ്റു നഗരങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി ജറുസലേമിന് ഏറ്റവും പ്രധാന്യം ലഭിക്കാൻ കാരണവും ഇതൊക്കെ തന്നെ. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ജറുസലേമിലേക്ക് ജനം എത്തുന്നതിന് കാരണവും മറ്റൊന്നല്ല.
ജറുസലേമിലേക്കെത്തുമ്പോൾ ഈ നഗരത്തിന്റെ ആധ്യാത്മിക ഭാവത്തിലേക്ക് നമ്മൾ ലയിച്ചുപോകും. വിശ്വാസിയും അവിശ്വാസിയും ഒരുപോലെ അതാസ്വദിക്കുന്നു. ചരിത്രം തേടിയും പഠനകാര്യത്തിനും ദൈവീകതയെ തൊട്ടറിയാനുമായി വ്യത്യസ്ത തലത്തിലുള്ളവരാണ് ജറുസലേമിലേക്കെത്തുന്നത്. കാലപ്പഴക്കത്തിലും നശിക്കാതെകിടക്കുന്ന ഇവിടെ പതിച്ച, പാകിയ ഓരോ കല്ലുകൾക്കും കഥയേറെപ്പറയാനുണ്ട്. അനേകം യുദ്ധങ്ങളും പിടിച്ചടക്കലുകളും നശിപ്പിക്കലും വീണ്ടും കെട്ടിപ്പടുക്കലും കണ്ട നഗരമാണിത്. പുണ്യ ഗ്രന്ഥമായ ബൈബിളിൽ രേഖപ്പെടുത്തിയ ഓരോ കഥകളും ചരിത്രമായി നമ്മുടെ മുന്നിൽ നിൽക്കുന്ന അനുഭവം.
യേശുവിന്റെ കല്ലറ
വൈകീട്ട് അഞ്ചു മണിയോടെ തന്നെ പഴയ നഗരത്തിലെ ഇടവഴികളിലെ കടകളും മറ്റും അടച്ചു തുടങ്ങും. ആറു മണി കഴിഞ്ഞതിനാൽ ക്രിസ്തുവിനെ കുരിശിലേറ്റാൻ കൊണ്ടുവന്ന ഇടവഴികളും അവസാനം ദൈവപുത്രനെ അടക്കം ചെയ്ത സ്ഥലങ്ങളും മറ്റും സന്ദർശിച്ച് വിനോദ സഞ്ചാരികളും വിശ്വസികളും പഴയ നഗരത്തിന് പുറത്തേക്കുള്ള പ്രധാന കവാടം ലക്ഷ്യം വെച്ച് നീങ്ങിക്കൊണ്ടിരുന്നു. അതിനാൽ അങ്ങോട്ടുള്ള ഞങ്ങളുടെ യാത്ര അടുത്ത ദിവസത്തേക്ക് മാറ്റി.
പിറ്റേ ദിവസം വൈകീട്ട് മൂന്നു മണിയോടെയാണ് ഇവിടേയ്‌ക്കെത്തിയത്. അപ്പോഴേക്കും സന്ദർശകർ ഇടവഴികളിലെല്ലാം നിറഞ്ഞിരുന്നു. നേരെ നടന്നെത്തിയത് ഹോളി സെപൽകർ പള്ളിയിലേക്ക്. ഇവിടെയാണ് യേശുദേവൻ ഉയിർത്തെഴുന്നേറ്റ കല്ലറ സ്ഥിതിചെയ്യുന്നത് എന്നാണ് വിശ്വാസം. ഈ പള്ളിയിലേക്കുള്ള ഇടവഴികളിലൂടെയാണ് ശിക്ഷ വിധിക്കപ്പെട്ട് യേശു കുരിശും തോളിലേറ്റി നടന്നത്. ക്രൂശിക്കപ്പെട്ട യേശുദേവനെ അതിൽ നിന്നും ഇറക്കി കിടത്തിയ സ്ഥലത്ത് ശവകുടീരം പോലെ ഒരു തറ കെട്ടിയിട്ടുണ്ട്. വിശ്വസികളും അല്ലാത്തവരും അവിടെ മുട്ടുകുത്തി നിന്ന് പ്രാർഥിക്കുന്നുണ്ട്.
ചിലർ തങ്ങളുടെ കൈവശമുള്ള വസ്തുക്കൾ അതിനു മുകളിൽ വെച്ച് ഉരുട്ടി ഭക്തിയോടെ തങ്ങളുടെ ബാഗുകളിൽ നിക്ഷേപിക്കുന്നു. കുരിശിന്റെ വഴിയിലെ 13-ാം സ്റ്റേഷൻ (സ്ഥലം) ആണിതെന്ന് ഗൈഡ് ആംമ്രി പറഞ്ഞു. തൊട്ടടുത്ത് തന്നെയാണ് 14-ാം സ്റ്റേഷനായ യേശുദേവനെ അടക്കം ചെയ്‌തെന്ന് വിശ്വസിക്കുന്ന കല്ലറ. കഷ്ടിച്ച് ഒരാൾക്ക് കുനിഞ്ഞ് അകത്തേക്ക് കയറാൻ മാത്രം കഴിയുന്ന കവാടം. നാലോ അഞ്ചോ ആൾക്ക് മാത്രമേ അതിനകത്ത് നിൽക്കാൻ സ്ഥലമുള്ളൂ. അവർ ഇറങ്ങിയിട്ടു വേണം അടുത്തവർക്ക് കയറാൻ. അത്രയും ചെറുതായിരുന്നു കല്ലറ സ്ഥാപിച്ച ഇടം. വലിയ തൂണുകളിൽ ചിത്രപ്പണികളുമായി ഉയർന്നു നിൽക്കുന്ന സെപൽക്കർ പള്ളി പഴയകാല നിർമാണങ്ങളുടെ രൂപഭംഗി വിളിച്ചോതുന്നു.
ഇതിനകത്തായി നിർമിച്ച ചെറിയ കൂടാരത്തിലാണ് കല്ലറ. ഇതും കണ്ട ശേഷമാണ് ആംമ്രി ഞങ്ങളെ ഒന്നാമത്തെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഇരുവശത്തുമുള്ള കെട്ടിടങ്ങൾക്കിടയിലൂടെ കല്ലു പാകിയ നടപ്പാത. യേശുവിന് ശിക്ഷ വിധിച്ച ഇടമാണ് ഒന്നാം സ്‌റ്റേഷൻ. കുരിശു ചുമക്കാൻ തുടങ്ങിയ ഇടം രണ്ടാമത്തേത്. കുരിശുമായി ആദ്യം വീഴുന്ന സ്ഥലമാണ് മൂന്നാമത്തേത്. അമ്മ മേരിയെ കണ്ടുമുട്ടുന്നത് നാലാം സ്റ്റേഷൻ. 11-ാം സ്‌റ്റേഷനിൽ വെച്ചാണ് യേശുവിനെ കുരിശിൽ തറയ്ക്കുന്നത്.
അങ്ങിനെ ഓരോന്നും ആംമ്രി വിശദീകരിച്ചു. മിക്ക സ്റ്റേഷനുകളും ഏകദേശം ഒരു 50-100 മീറ്റർ ഇടവിട്ടാണ്. 12 സ്റ്റഷനുകളും കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഒരോ സ്ഥലത്തെ മതിലിലും ആ കഥ പറയുന്ന ചെറിയ ശിൽപ്പങ്ങൾ പതിപ്പിച്ചിട്ടുമുണ്ട്. ഓരോ സ്‌റ്റേഷനുകളിലും വിശ്വാസികൾ നിന്ന് പ്രാർഥിക്കുന്നു. ചിലർ ആ കഥ വീണ്ടും കേട്ട് കണ്ണീർ പൊഴിക്കുന്നതും കാണാം. ഇടവഴികളെല്ലാം സന്ദർശകരെകൊണ്ട് നിറഞ്ഞിരുന്നു.
ഇത് കൂടാതെ അർമ്മീനിയക്കാരുടെ മറ്റൊരു പള്ളിയും ഇതോട് ചേർന്ന് സ്ഥിതിചെയ്യുന്നുണ്ട്. പല കാര്യങ്ങൾക്കുമായി ഇവിടെയെത്തുന്ന മിഷനറിമാർക്ക് താമസിക്കാനുള്ള കെട്ടിടം തൊട്ടടുത്തുണ്ട്. ഇതിന്റെ ചുമതല കേരളത്തിൽ നിന്നുള്ള സിസ്റ്റർ മേരി തങ്കമണിയ്ക്കാണ്. രണ്ടര വർഷം മുൻപാണ് ഹൈദരാബാദിൽനിന്നും അവർ ഇവിടെയെത്തിയത്.
പഴയ നഗരത്തിന്റെ പ്രധാന കവാടത്തിൽനിന്നും ഹോളി സെപൽകർ പള്ളിയിലേക്കുള്ള വഴിയുടെ ഇരുവശങ്ങളിലും ചെറിയ കടകളാണ്. അലങ്കാര വസ്തുക്കൾ, പാചകത്തിനുള്ള മസാലപ്പൊടികൾ, പൂജാ വസ്തുക്കൾ തുടങ്ങി ഇവിടെ ലഭിക്കാത്ത സാധനങ്ങളില്ല. ഇന്ത്യയിൽ നിന്നുള്ളവരാണെന്നറിഞ്ഞപ്പോൾ 'കൈസെ ഹെയ് ഭായ്...' എന്ന് കച്ചവടക്കാരുടെ ഹിന്ദിയിലുള്ള ചോദ്യം.
ഇന്ത്യക്കാരോട് ഇവർക്ക് ഏറെ സ്‌നേഹമാണ്. പല കച്ചവടക്കാരും ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നും ഇവിടെയെത്തുന്നവരിൽ നിന്നുമായി കുറച്ച് ഹിന്ദി വാക്കുകളൊക്കെ ഇവർക്കറിയാം. ഇസ്രയേലിൽ ജോലി ചെയ്യുന്നവരും സന്ദർശനത്തിനെത്തിയവരുമായ ഏറെ മലയാളികളേയും ജറുസലേമിൽ കണ്ടു.
അൽ-അഖ്‌സ പള്ളി
അടുത്ത ലക്ഷ്യം മുസ്ലീങ്ങളുടെ പ്രധാന ആരാധനാലയമായ അൽ-അഖ്‌സ പള്ളിയാണ്. അവിടേയ്ക്ക് കടക്കുന്നതിന് മുൻപ് തന്നെ കർശനമായ സുരക്ഷ പരിശോധനയുണ്ട്. സ്ത്രീകൾ മുട്ടിനു താഴെ വരെ നീളുന്ന വസ്ത്രങ്ങൾ അണിഞ്ഞേ പറ്റൂ. മറ്റു തരത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞവർക്ക് ഇസ്രയേലി സുരക്ഷാ ഭടന്മാർ താൽക്കാലികമായി ഉടുക്കാൻ പാദം വരെ മറയ്ക്കുന്ന ഒരു പാവാട തരും. പുറത്തേക്ക് വരുമ്പോൾ അത് അവിടെ അഴിച്ചു നൽകണമെന്ന് മാത്രം. വനിതകൾക്കും പുരുഷന്മാർക്കും പ്രത്യേകമായി പ്രർഥിക്കാൻ രണ്ടു തട്ടുകളിലായി വിശാലമായ ഹാളുകളാണ് ഈ പള്ളിയുടെ പ്രത്യേകത. ഏകദേശം 3000 പേർക്ക് ഒരേ സമയം പ്രാർഥിക്കാൻ കഴിയും. താഴത്തെ തട്ടിൽ ചില വനിതകൾ പുണ്യഗ്രന്ഥം വായിച്ചിരിക്കുന്നുണ്ട്. എന്നാൽ കാര്യമായ തിരക്കില്ല. തൊട്ടടുത്ത് താരതമ്യേന ചെറിയ പള്ളിയായ ഡോം ഓഫ് റോക്ക് സ്ഥിതിചെയ്യുന്നു. സ്വർണം പൂശിയ താഴികക്കുടം മറ്റുള്ളവയിൽനിന്നും ഈ പള്ളിയെ വ്യത്യസ്തമാക്കുന്നു. 60 കിലോയ്ക്ക് മുകളിൽ സ്വർണമാണ് താഴികക്കുടത്തിന് ഉപയോഗിച്ചിരിക്കുന്നതെന്നാണ് പറയുന്നത്. ഭൂമി കുലുക്കത്തെ തുടർന്ന് അൽ-അഖ്‌സ പള്ളി പലതവണ തകർന്നതിനാൽ തൊട്ടടുത്ത് വലിയ പാറയ്ക്ക് മുകളിലാണ് ഡോം ഓഫ് റോക്ക് പണിഞ്ഞിരിക്കുന്നത്. ഇവിടെ നിന്നാണ് മുഹമ്മദ് നബി സ്വർഗത്തിലേക്ക് പോയതെന്നാണ് വിശ്വാസം. അതിനാൽ മക്ക, മദീന എന്നിവയ്ക്ക് ശേഷം മുസ്ലീങ്ങളുടെ ഏറ്റവും പ്രധാന പുണ്യ കേന്ദ്രമായി ഇത് കണക്കാക്കപ്പെടുന്നു. ഡോം ഓഫ് റോക്കിൽ നിന്നും ഇറങ്ങിയത് മറ്റൊരു വഴിക്കാണ്. ഇവിടെയും കർശന പരിശോധനയുണ്ട്. നേരെ ഇടവഴികളിലൂടെ നടന്ന് വെസ്‌റ്റേൺ വാളിലേക്കെത്തി.
വെസ്‌റ്റേൺ വാൾ
ജൂതരുടെ പ്രധാന ആരാധനാ കേന്ദ്രമാണ് വെസ്റ്റേൺ വാൾ. വെള്ളിയാഴ്ച ആയതിനാൽ ഇവിടെ നല്ല തിരക്കായിരുന്നു. ഈ മതിൽ തൊട്ട് പ്രാർഥിക്കാൻ ജൂതർക്ക് പുറമെ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നെത്തിയ നിരവധി പേരുണ്ട്. വെള്ളിയാഴ്ചകളിൽ സൂര്യൻ അസ്തമിക്കുന്നതോടെയാണ് ഇവരുടെ പ്രാർഥന തുടങ്ങുന്നത്. ശനിയാഴ്ച സൂര്യൻ അസ്തമിക്കുന്നത് വരെയുള്ള 24 മണിക്കൂർ അവർ വൃതത്തിലാണ്. ബി.സി.587-ൽ ജറുസലേമിൽ പണിത ആദ്യ ക്ഷേത്രത്തിന്റെ ഏക അവശിഷ്ടമാണ് ഈ മതിൽ.
ക്ഷേത്രം രണ്ട് തവണ തകർക്കപ്പെട്ടെങ്കിലും ഈ മതിൽ നിലനിന്നു. ഈ മതിലിൽ തൊട്ടു നിന്നുകൊണ്ടാണ് ജൂതർ പ്രാർഥിക്കുന്നത്. വനിതകൾക്കും പുരുഷന്മാർക്കും പ്രാർഥിക്കാൻ മതിലിന് മുന്നിലുള്ള വിശാലമായ സ്ഥലം രണ്ടായി പകുത്തിട്ടുണ്ട്. മതിലിലെ കല്ലുകൾക്കിടയിലുള്ള വിടവുകളിൽ ധാരാളം കടലാസു കഷണങ്ങൾ മടക്കി തിരുകി വെച്ചിരിക്കുന്നത് കാണാം. ഭക്തർ തങ്ങളുടെ ആഗ്രഹങ്ങൾ എഴുതി ദൈവത്തിന് മുന്നിൽ സമർപ്പിച്ചതാണിവയെല്ലാം. എഴുതി ഈ മതിൽ തിരുകിവെച്ച് പ്രാർഥിച്ചാൽ ഫലമുണ്ടാകുമെന്നാണ് വിശ്വാസം.
ഏകദേശം 60 അടി ഉയരത്തിലുള്ള മതിൽ ഏറെ താഴേയ്ക്കുമുണ്ട്. അത് കാണാൻ നിലത്ത് ഒരു ഭാഗത്ത് മണ്ണ് നീക്കി ഗ്ലാസ് പാനൽ സ്ഥാപിച്ചിട്ടുണ്ട്. 1967 വരെ ജോർധാന്റെ കീഴിലായിരുന്നു ഈ മേഖല. അവരുമായുള്ള യുദ്ധത്തിൽ ഇസ്രയേൽ സേന വിജയിച്ചതോടെയാണ് ജ്യൂതർക്ക് തങ്ങളുടെ പുണ്യകേന്ദ്രമായ വെസ്റ്റേൺ വാളിൽ പ്രാർഥനയ്ക്ക് എത്താൻ സാധിച്ചത്.
വർഷം 30 ലക്ഷത്തോളം വിനോദ സഞ്ചാരികളാണ് ജറുസലേമിലേക്ക് എത്തുന്നത്. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി യുദ്ധത്തെ തുടർന്ന് ഇവരുടെ വരവ് കുറഞ്ഞു. ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ പേർ എത്തുന്നത് ഇന്ത്യയിൽ നിന്ന് തന്നെ. ഇസ്രേയേലും പലസ്തീനും തങ്ങളുടെ തലസ്ഥാനമായി പ്രഖ്യാപിച്ചത് ജറുസലേമിനേയാണ്. ഇവർ തമ്മിലുള്ള യുദ്ധത്തിന്റെ ഒരു കാരണവും ഈ നഗരത്തിന്റെ അധികാര തർക്കമാണ്.
നേരത്തെ പഴയ നഗരം പലസ്തീനിലും പുതിയ നഗരം ഇസ്രയേലിന്റെ ഭാഗവുമായിരുന്നു. പിന്നീട് മുഴുവൻ ഇസ്രയേലിന്റെ നിയന്ത്രണത്തിലായി. ഇവിടെ വസിക്കുന്ന പത്ത് ലക്ഷത്തിലധികം പേരിൽ 60 ശതമാനത്തോളം ജൂതവംശജരും 37 ശതമാനം മുസ്ലീങ്ങളുമാണ്. ബാക്കി ക്രിസ്ത്യാനികളും മറ്റും. ഇസ്രയേൽ പ്രധാനമന്ത്രി, പ്രസിഡന്റ് എന്നിവരുടെ വസതി, പാർലമെന്റ്, സുപ്രീം കോടതി എന്നിവയെല്ലാം ജറുസലേമിലാണ് സ്ഥിതിചെയ്യുന്നത്.
ജറുസലേമിന്റെ ചരിത്രത്തിന് 5000 വർഷത്തെ പഴക്കമുണ്ടെന്ന് ഗ്രീക്ക് ലിഖിതങ്ങളിൽ പറയുന്നുണ്ട്. ബി.സി. ആയിരത്തിൽ ഡേവിഡ് രാജാവ് ജറുസലേം പിടിച്ചടക്കുകയും പിന്നീട് അദ്ദേഹത്തിന്റെ മകൻ സോളമൻ ഇവിടെ ആദ്യത്തെ ക്ഷേത്രം പണിയുകയുമുണ്ടായി. ബാബിലോണിയക്കാർ ഈ ക്ഷേത്രം തകർക്കുകയായിരുന്നു. പിന്നീട് ഇവരിൽ നിന്നും പേർഷ്യൻ രാജാക്കന്മാർ ജറുസലേം പിടിച്ചെടുത്തതോടെയാണ് ജൂതന്മാർ വീണ്ടും ഇവിടേയ്‌ക്കെത്തിയത്. അവർ വീണ്ടും ക്ഷേത്രം പണിതു.
ബി.സി.63-ൽ റോമൻ ചക്രവർത്തി ഹെരോദ് ജറുസലേമിന്റെ അധികാരത്തിൽ വന്നതോടെയാണ് ക്ഷേത്രം വികസിപ്പിച്ചതും മതിൽ നഗരത്തിന് ചുറ്റുമായി സ്ഥാപിച്ചതും. തുടർന്ന് വന്ന ഇസ്ലാം ഭരണത്തിന് കീഴിലാണ് അൽ-അഖ്‌സ പള്ളിയും മറ്റും സ്ഥാപിക്കുന്നത്. 50-ലധികം തവണയാണ് ജറുസലേം നഗരം ആക്രമിക്കപ്പെട്ടത് എന്നാണ് ചരിത്രം പറയുന്നത്.
1967-ൽ ആണ് ജറുസലേമിന്റെ കിഴക്കൻ പ്രദേശം ഇസ്രയേൽ ജോർദാനിൽ നിന്നും പിടിച്ചെടുക്കുന്നത്. അതുവരെ ജ്യൂതർക്ക് വെസ്റ്റേൺ വാളിലേക്ക് എത്താൻ കഴിയില്ലായിരുന്നു. ജറുസലേമിന്റെ പകുതി ഭാഗം മാ്ത്രമായിരുന്നു ഇസ്രയേലിന്റെ കീഴിലുണ്ടായിരുന്നത്. ആക്രമിച്ച് പിടിച്ചെടുത്ത ശേഷം മുഴുവൻ ജറുസലേമും ഇസ്രയേലിന്റെ തലസ്ഥാനമായി ഭരണകൂടം പ്രഖ്യാപിക്കുകയായിരുന്നു. ഇത് യുണൈറ്റഡ് നേഷൻസ് ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇപ്പോഴും ജറുസലേം ഒരു തർക്ക നഗരമാണ്. ഇസ്രയേലിന്റെ ഭാഗമായതോടെ ഇവിടത്തെ ഏറ്റവും വലിയ നഗരമായി ജറുസലേം മാറി. പത്ത് ലക്ഷത്തിലധികം ജനങ്ങളാണ് ഇവിടെ താമസിക്കുന്നത്.
Content Highlights: Explore the ancient wonders of Jerusalem, a city of profound history and faith. Discover sacred sites like the Western Wall, Al-Aqsa Mosque, and the Church of the Holy Sepulchre.
Published: 17 Feb 2026, 10:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented