
ലോകത്തെ തന്നെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ബാലി. സീസണുകള്‍ വ്യത്യാസമില്ലാതെ വര്‍ഷത്തില്‍ എല്ലാ ദിവസവും ആയിരക്കണക്കിന് സഞ്ചാരികളെത്തുന്ന ഈ ഇന്തോനീഷ്യന്‍ ദ്വീപില്‍ എന്നും ആഘോഷവും ബഹളവുമായിരിക്കും. നൈറ്റ്‌ലൈഫും പാര്‍ട്ടികളും ആഘോഷങ്ങളുമായി ജീവിതം ആസ്വദിക്കാനാണ് സഞ്ചാരികള്‍ ബാലിയിലെത്താറുള്ളത്. എന്നാല്‍ വര്‍ഷത്തില്‍ ഒരു ദിവസം മാത്രം ബാലി പൂര്‍ണമായും നിശബ്ദമായിരിക്കും. ബഹളങ്ങളോ ആഘോഷങ്ങളോ ഇല്ലാതെ ഒരു ദിവസം. തെരുവുകള്‍ നിശബ്ദമാകും, കടകളടയ്ക്കും ഗതാഗതവും കാല്‍നടയാത്രയും ഉപേക്ഷിക്കും. ന്യേപി എന്നറിയപ്പെടുന്ന ബാലിനീസ് പുതുവത്സരമാണ് ആ ദിവസം.
ലോകത്തുള്ള മറ്റെല്ലാ ജനങ്ങളേയും പോലെ പടക്കം പൊട്ടിച്ചും ആഘോഷരാവുകളൊരുക്കിയുമല്ല ബാലി ജനത പുതുവത്സരം ആഘോഷിക്കുക. പുതുവത്സരദിവസം മാത്രം ഇതെല്ലാം ഒഴിവാക്കി നിശബ്ദരും ശാന്തരുമായിരിക്കലാണ് ഇവരുടെ രീതി. രാവിലെ മുതല്‍ ഉപവാസമനുഷ്ഠിച്ചും നിശബ്ദരായും പുറത്തിറങ്ങാതെ വീട്ടിലിരിക്കുന്നതാണ് ഇവരുടെ രീതി. രാത്രിസമയങ്ങളില്‍ വീട്ടില്‍ വൈദ്യുതിവിളക്കുപോലും പ്രകാശിപ്പിക്കാതെ കഴിച്ചുകൂട്ടും. ആ ദിവസം പുറത്തിറങ്ങുന്നവരെ നിയന്ത്രിക്കാന്‍ പ്രാദേശിക സുരക്ഷ ഉദ്യോഗസ്ഥരുമുണ്ടാവും. ന്യേപി ദിവസം ബാലിയിലുള്ള സഞ്ചാരികള്‍ക്ക് അവര്‍ താമസിക്കുന്ന ഹോട്ടലുകളില്‍ നിന്നും റിസോര്‍ട്ടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ അനുവാദമില്ല.
റോഡില്‍ വല്ലപ്പോഴും പോകുന്ന ആംബുലന്‍സുകളല്ലാതെ ഒരു വാഹനം പോലുമുണ്ടാകില്ല. ദ്വീപ് മുഴുവനും ഒരു ഹര്‍ത്താലിന് സമാനമായ അവസ്ഥയായിരിക്കും അന്ന്. സഞ്ചാരികളും ഈ ദിവസം ഈ ആചാരങ്ങളില്‍ പങ്കുചേരണം. വിമാനത്താവളവും വിനോദസഞ്ചാര കേന്ദ്രങ്ങളും ഈ ദിവസം അടഞ്ഞുകിടക്കും. ഹോട്ടലുകളില്‍ അന്നേദിവസം ചെക്ക് ഇന്നോ ഔട്ടോ ഉണ്ടാകില്ല. ബാലിനീസ് കലണ്ടര്‍ പ്രകാരം പത്താം ചന്ദ്രമാസത്തിലെ അമാവാസിയുടെ പിറ്റേ ദിവസമായിരിക്കും ന്യേപി. ഈ വര്‍ഷം മാര്‍ച്ച് 11നായിരുന്നു ബാലിയില്‍ ന്യേപി ആചരിച്ചത്.
ന്യേപി ആചരിക്കുന്നതിന്റെ ഭാഗമായി ഗ്രാമങ്ങളില്‍ 'ഒഗോ-ഒഗോ' എന്ന രാക്ഷസന്റെ കൂറ്റന്‍ രൂപങ്ങളുണ്ടാക്കും. പൈശാചിക ശക്തികളുടെ പ്രതീകമായാണ് 'ഒഗോ-ഒഗോ'യെ കണക്കാക്കുന്നത്. ന്യേപിക്ക് മുന്‍പുള്ള ദിവസം ഈ ശില്‍പങ്ങള്‍ തെരുവിലൂടെ ആനയിച്ച് കൊണ്ടുവരും. ശ്മശാനങ്ങളിലെത്തിച്ച് ഇവയ്ക്ക് തീ കൊളുത്തും. രാവിലെ ആറിന് ആരംഭിച്ച് 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്നതാണ് ഈ ആചാരങ്ങള്‍. 24 മണിക്കൂര്‍ പിന്നിടുന്നതോടെ വലിയ ആഘോഷങ്ങള്‍ക്ക് തുടക്കമാവും. യഥാര്‍ഥ പുതുവത്സരാഘോഷം ആരംഭിക്കുന്നത് ന്യേപിക്ക് ശേഷമുള്ള ദിവസമാണ്. ആഘോഷങ്ങള്‍ക്കും തിരക്കുകള്‍ക്കുമപ്പുറത്ത് ബാലിയുടെ ആത്മീയതയുടെ വേരുകളറിയാന്‍ പറ്റിയ സമയമാണ് ന്യേപി. നവരാത്രി ആഘോഷങ്ങളുമായി ചിലസാമ്യതകള്‍ ഉള്ളതുകൊണ്ട് തന്നെ ന്യേപി ഇന്ത്യക്കാര്‍ക്ക് മികച്ച അനുഭവമായിരിക്കും സമ്മാനിക്കുക.
ബാലി- ദൈവങ്ങളുടെ ദ്വീപ്; സഞ്ചാരികളുടെ സ്വര്‍ഗം
ദൈവങ്ങളുടെ ദ്വീപെന്നാണ് ബാലിയുടെ വിശേഷണങ്ങളിലൊന്ന്. പര്‍വതങ്ങളും ക്ഷേത്രങ്ങളും അതുമായി ബന്ധപ്പെട്ട ആചാരങ്ങളും ബാലി ജനതയുടെ ജീവിതത്തിന്റെ ഭാഗമാണ്. തനിമയാര്‍ന്ന പുരാതന ക്ഷേത്രങ്ങളെല്ലാം ഇവിടെ മനോഹരമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഉത്സവങ്ങളുടെ നാട് കൂടിയാണ് ബാലി. അതിമനോഹരമായ ബീച്ചുകളും വിനോദസഞ്ചാര സംസ്‌കാരവും ഭക്ഷണവുമെല്ലാമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റ് ഘടകങ്ങള്‍.
പടിഞ്ഞാറ് ജാവയ്ക്കും, കിഴക്ക് ലോംബോക്കിനും ഇടയിലായി ലെസ്സര്‍ സുന്ദ ദ്വീപ സമൂഹങ്ങള്‍ക്ക് പടിഞ്ഞാറേ കോണിലായാണ് ബാലി ദ്വീപിന്റെ സ്ഥാനം. ഇന്തോനേഷ്യയിലെ 33 പ്രവിശ്യകളിലൊന്നായ ബാലിയുടെ തലസ്ഥാനം ദ്വീപിന്റെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന 'ഡെന്‍പസാര്‍' ആണ്. ബാലിയെക്കൂടാതെ ചുറ്റിനുമുള്ള ചില ചെറിയ ദ്വീപുകളും ഈ പ്രവിശ്യയില്‍ ഉള്‍പ്പെടുന്നു. ഇന്തോനീഷ്യയിലെ ന്യൂനപക്ഷ വിഭാഗമായ ഹിന്ദുമത വിശ്വാസികളില്‍ ഏറിയ പങ്കും ബാലിദ്വീപില്‍ വസിക്കുന്നു. കഫേകള്‍, ഗാലറികള്‍, യോഗ സ്റ്റുഡിയോകള്‍, ബൊട്ടീക്കുകള്‍, മ്യൂസിയങ്ങള്‍, ആഡംബര റിസോര്‍ട്ടുകള്‍ ഉള്‍പ്പടെ ഒരു പെര്‍ഫക്ട് ഡെസ്റ്റിനേഷനാണ് ബാലി.
Content Highlights: nyepi day, when bali turns silent for one day
Published: 17 Mar 2024, 06:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented