
വേനൽ കനത്ത കബനിയുടെ തീരദേശത്തേക്ക് എത്തുമ്പോൾ നട്ടുച്ച. മെലിഞ്ഞുണങ്ങിയ കബനി പുഴ ചുവന്ന് തുടുത്തിരിക്കുന്നു. ഇടക്കിടക്ക് പാറക്കെട്ടുകളിലെ കുഴികളിൽ തങ്ങിനിൽക്കുന്ന ജലം വെള്ളിപാത്രങ്ങൾ പോലെ അകലെ വെട്ടിത്തിളങ്ങുന്നു. കനത്ത ചൂടിന്റെ പാരവശ്യത്തിലാണ് നാടും തീരദേശവുമെല്ലാം. കബനിയുടെ അക്കരെ നിന്നും കേരളക്കരയിലേക്ക് നടന്നുകടക്കാമെന്ന വിധത്തിലാണ് നദി ചുരുങ്ങിയിരിക്കുന്നത്. മഴക്കാലത്ത് മറുകരയിൽ നോട്ടമെത്താത്തവിധം പരന്നൊഴുകുന്ന നദിയുടെ വേനൽക്കാല കാഴ്ച അതിഭീകരം. കേരളത്തിലെ കിഴക്കിന്റെ ദിശതേടി പോകുന്ന മൂന്ന് നദികളിലൊന്നായ ഈ കബനിയാണ് കന്നഡനാടിന്റെ വരദാനം. മഴക്കാലത്ത് ജീവൻ വീണ്ടെടുത്ത് കുതിച്ചെത്തുന്ന കബനിയുടെ ഓളങ്ങൾ മഴയില്ലാത്ത കർണ്ണാടക ഗ്രാമങ്ങളിൽ വർഷം മുഴവൻ നനവെത്തിക്കുന്നു. അക്കരെയുള്ള ബീച്ചിനഹള്ളി എന്ന കൂറ്റൻ ജലസംഭരണിയിൽ ഇവയെല്ലാം ശേഖരിച്ചുവെക്കുന്നു. ഇപ്പുറത്താകട്ടെ വേനൽ വരുമ്പോഴേക്കും വെള്ളത്തിനുവേണ്ടി അലയുന്നവരുടെ അലമുറകൾ തുടങ്ങുന്നു. കബനിക്ക് കുറുകെ സിമന്റു ചാക്കുകളിൽ മണൽ നിറച്ച് മാസങ്ങൾക്ക് മുമ്പ് ഒരു ജനകീയ തടയണ തീർത്തത് മാത്രമാണ് ഇതിനിടയിൽ ആശ്വാസം. കൺമുന്നിൽ കബനിയുള്ളപ്പോഴും കുടിവെള്ളം തേടി അലഞ്ഞുപോകുന്ന ആദിവാസികളടക്കമുള്ളവരുടെ ചിത്രങ്ങൾ ഈ ഗ്രാമത്തിന്റെ നൊമ്പരമാണ്.
മഴക്കാലത്ത് പ്രതിവർഷം 800 ടി.എം.സി. ജലത്തെ വഹിച്ചു കൊണ്ടുപോകുന്ന കബനിക്കരയിൽ വേനൽക്കാലം വറുതിയുടെതാണ്. വിശാലമായ നെൽപ്പാടങ്ങളും കൃഷിയിടങ്ങളും തീരത്തായി പരന്നു കിടക്കുന്നുണ്ടെങ്കിലും വെള്ളമില്ലെന്ന ഒറ്റക്കാരണത്താൽ ഇവയെല്ലാം തരിശായിക്കിടക്കുന്നു. കാർഷിക സമ്പദ് വ്യവസ്ഥ നട്ടെല്ലാണെന്ന് പറയുന്ന മലയാള നാടിന്റെ ഏറ്റവും വലിയ പോരായ്മകളിലൊന്നാണിതെന്ന് ഇവിടെയെത്തുന്ന ആർക്കും ബോധ്യപ്പെടും. 'മണ്ണിൽ പണിയെടുത്താൽ പൊന്നു വിളയും പറഞ്ഞിട്ടെന്താ വെള്ളമില്ലല്ലോ' എന്നാണ് ഇവിടുത്തെ കർഷകർ പറയുന്നത്. വെള്ളം കുറഞ്ഞതോടെ കടത്തുതോണികൾക്ക് പണിയില്ലാതായിരിക്കുന്നു. കബനി കടന്ന് ബൈരക്കുപ്പയിലെത്തുമ്പോൾ ഭൂമി വറചട്ടിയിലിട്ടതുപോലെ ചുട്ടുപൊളളുന്നു. ബൈരക്കുപ്പയ്ക്ക് ഒരു കാലത്ത് കുപ്രസിദ്ധമായ ഒരു വിലാസമുണ്ട്. കഞ്ചാവിന്റെയും ചൂതാട്ടത്തിന്റെയും അതിർത്തിഗ്രാമമെന്നാണത്. മുമ്പെല്ലാം തോണികടന്ന് ഇവിടെ ഇടതടവില്ലാതെ എത്തുന്നവർ ഇവിടെ ചൂതാട്ടത്തിനായി തമ്പടിക്കുന്നു. കൈയിലുള്ളതെല്ലാം പണയപ്പെടുത്തി സർവതും ഈ മണ്ണിൽ നഷ്ടപ്പെടുത്തിയവരും ഇവിടെ നിന്നും കൈനിറയെ വാരിവന്നവരും അനേകമുണ്ട്. പുറമെനിന്നും ആരെത്തിയാലും സംശയദൃഷ്ടിയോടെ നോക്കി വിലയിരുത്തി താൽപ്പര്യങ്ങൾക്കനുസരിച്ച് താവളത്തിലെത്തിക്കാനും ഇവിടെ ആളുകളുണ്ടായിരുന്നു. മദ്യ നിരോധനം ഈ ഗ്രാമത്തിലും ഇപ്പോൾ കുറച്ച് സമാധാനന്തരീക്ഷം കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ കഞ്ചാവിന്റെ ലഹരിയിൽ മയങ്ങുന്നവരുടെ എണ്ണത്തിൽ ഇപ്പോഴും വലിയ കുറവുകളില്ല. ഇവിടെ നിന്നും നീണ്ടുപോകുന്ന പൊട്ടിപൊളിഞ്ഞ റോഡിലൂടെ അൽപ്പ ദൂരം സഞ്ചരിച്ചാൽ പിന്നെ ഭാഷയെല്ലാം കന്നഡ മാത്രമായി മാറി. മലയാളത്തിൽ ചോദിച്ചാൽ കന്നഡയിൽ ഉത്തരം.

ബൈരക്കുപ്പയിലെ കടത്തുതോണികൾ
പെരുമഴയും മലമ്പനിയും കുളിരുമുള്ള വയനാടിന്റെ ഭൂതകാലം. കാലം മാറി മാറി ചിത്രം വരച്ചപ്പോഴും മാറാത്താതായി ഇവിടെ കബനിയുടെ ഒരു കടവുണ്ട്. കേരളത്തിന്റെയും കർണ്ണാടകയെയും അതിരുവരയ്ക്കുന്ന ബൈരക്കുപ്പയെന്ന അന്തർ സംസ്ഥാന കടവ്. കന്നഡയും മലയാളവും ഇടകലർന്ന് കബനിയുടെ ഓളങ്ങളെ തഴുകി അങ്ങോട്ടും ഇങ്ങോട്ടും യാത്ര തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. ഇരു കരകളെയും കൂട്ടിയിണക്കിയ തലമുറകൾ തമ്മിലുള്ള ആത്മബന്ധം കൂടിയാണ് ഈ കടവുകൾ പറയുന്നത്. വയനാട്ടിൽ പെയ്ത് വീഴുന്ന മഴ വെള്ളം ഭൂരിഭാഗവും കർണ്ണാടകയിലേക്ക് വഹിച്ചു കൊണ്ടുപോകുന്നത് കബനിയാണ്. മഴക്കാലത്ത് കലങ്ങി മറിഞ്ഞ് രുദ്രഭാവം. അതിവേഗം കുതിച്ചുപായുന്ന കബനിയെ കുറുകെ കടക്കുകയെന്നതും ഇവർ ഏറ്റെടുത്ത വെല്ലുവിളിയാണ്. കേരളത്തിൽ ഇത്രയധികം പഴക്കമുള്ളതും ഇപ്പോഴും സജീവമായതുമായ കടവ് ഇന്ന് വേറെയില്ല. അനുപമമായ വിശേഷണത്തിലും മുടങ്ങാതെ ഈ കടത്തുതോണികൾ അതിരാവിലെ മുതൽ നേരമിരുട്ടുന്നത് വരെ സക്രീയമാണ്. മലയാള നാട്ടിലേക്ക് പണിക്ക് വരുന്നവർ, കന്നഡ നാട്ടിലേക്ക് കൃഷി ചെയ്യാൻ പോകന്നവർ അങ്ങിനെ നീണ്ടുപോകുന്ന യാത്രാവഴികളിൽ ഈ തോണികൾ അടയാളപ്പെടുത്തുന്നത് കാലഘട്ടങ്ങളെ കൂടിയാണ്. കന്നുകാലികൾ മുതൽ ഇരു ചക്രവാഹനങ്ങൾ വരെയും ഈ തോണികൾ കയറി അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യാറുണ്ട്. ഇവിടെയൊരു പാലത്തിനായുള്ള കാത്തിരിപ്പുകൾക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇരു സർക്കാരുകളും ചേർന്ന് പാലത്തിന് തറക്കല്ലിടൽ നടത്തിയെങ്കിലും തീരുമാനം അനന്തമായി നീണ്ടുപോവുകയായിരുന്നു.
കാടിന്റെ നിലവിളികൾ
ആകാശത്തേക്ക് ഉണങ്ങിയ ശിഖിരങ്ങൾ നീട്ടി വിലപിക്കുന്ന കൂറ്റൻ മരങ്ങൾ മാത്രം കാടിന്റെ കാഴ്ചകളായി. ചെറിയൊരു തണലെങ്കിലും കിട്ടാൻ പച്ചിലചാർത്തുകൾ തെല്ലുമില്ലാതെ വൻമരങ്ങളുടെ നിഴൽപറ്റി കുരങ്ങിൻ പറ്റങ്ങൾ ധാരാളമുണ്ട്. സദാസമയം വന്യജീവികൾ കാഴ്ചയിൽപ്പെടുന്ന കർണ്ണാടക വനത്തിൽ ഇവയെ ഒന്നും കാണാനേയില്ല. ഒരു തീപ്പൊരി വീണാൽ ചാമ്പലായിപ്പോയേക്കാവുന്ന കാടിന്റെ നരച്ച കാഴ്ചകൾ ആരെയും വേദനിപ്പിക്കും. കാട്ടാനകൾ ദാഹജലത്തിനും വിശപ്പടക്കാനുമായി മറ്റേതോ കാടിന്റെ തീരം തേടിപ്പോയി. നാഷണൽ ടൈഗർ റിസർവ് എന്നെഴുതിയ കൂറ്റൻ കമാനങ്ങൾ കടന്ന് ഗ്രാമ പാതകൾ പിന്നിട്ട് യാത്ര തുടങ്ങിയപ്പോൾ ചൂടിന് കാഠിന്യമേറി വന്നു. എതിർ ദിശയിൽ നിന്നും വാഹനങ്ങൾ നന്നേ കുറഞ്ഞു. മൈസൂരിൽ നിന്നും ഹാൻഡ് പോസ്റ്റ് വഴി ഈ വേനലിന്റെ മൂർദ്ധന്യത്തിൽ കാടു കടന്ന് വരുന്നവർ പോലും ചുരുക്കമാണ്. പൊതുവേ വീതി കുറഞ്ഞതെങ്കിലും ഈ വഴിക്കുള്ള ഇടവിട്ടുള്ള ഹമ്പുകൾ യാത്രക്കാരെ അലോസരപ്പെടുത്തുന്നുണ്ട്. ആനകളും മറ്റും റോഡിലുണ്ടെങ്കിൽ ഒന്നു വാഹനം തിരിച്ചുവിടാനുള്ള സൗകര്യം പോലുമില്ലാത്തതിനാൽ അപകടം സുനിശ്ചിതം. ഇതായിരിക്കാം ഈ വേനൽക്കാല പകലിൽ ഇതുവഴിയുള്ള സഞ്ചാര മാർഗ്ഗം പലരും ഉപേക്ഷിച്ചത്.
നൂലുപിടിച്ചതുപോലെ നീളുന്ന റോഡുകളെ പിന്നിട്ട് നേരെ മുന്നോട്ടുപോകുമ്പോൾ വഴിയരികിൽ ചില പോയിന്റുകളിൽ ചെറിയ തണലൊരുക്കി കർണ്ണാടക വനം വാച്ചർമാർ കാട് നിരീക്ഷിക്കുന്നുണ്ട്. വാഹനങ്ങൾ കാടിനുള്ളിൽ നിർത്തുന്നതിനും മറ്റും കർശന വിലക്കേർപ്പെടുത്തി കൊണ്ടുള്ള സൂചനാബോർഡുകൾ ഇടവിട്ട് സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിലെതിനേക്കാൾ പത്തിരട്ടി തീവ്രതയാണ് ഇവിടെ വനനിയമങ്ങൾക്കുള്ളത്. വനത്തിനുള്ളിൽ അപരിചിതരെ കണ്ടാൽ മുട്ടിന് താഴെ വെടിവെക്കാൻ പോലും ഉത്തരവുണ്ട്. ശിക്ഷാ നിയമങ്ങളെക്കുറിച്ച് നന്നായി അിറയുന്നതുകൊണ്ടാകാം പിന്നിലെ വന്ന വാഹനങ്ങളൊക്കെ നിയമങ്ങളനുസരിച്ച് തന്നെയാണ് യാത്ര. മൃഗങ്ങളെ കണ്ടാൽ വാഹനം നിർത്തുന്നതും കല്ലെറിയുന്നതുമൊക്കെ അങ്ങ് കേരളത്തിൽ നടക്കും. ഇവിടെ മുട്ടിന് മുട്ടിന് ക്യാമറ സ്ഥാപിച്ച് വാഹനങ്ങളെയും യാത്രക്കാരെയുമെല്ലാം കണ്ണുതെറ്റാതെ നിരീക്ഷിക്കാൻ ആളുകളുണ്ട്.
നാഷണൽ പാർക്കാണെങ്കിലും വേനൽക്കാലത്തെ വരൾച്ച നേരിടാൻ ഇവർ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും രക്ഷയില്ല. കുളങ്ങളും മറ്റും നിർമ്മിച്ച് മഴക്കാലത്ത് ആവുന്നത്ര ജലം ശേഖരിച്ചിട്ടും മുടങ്ങാതെയെത്തുന്ന കൊടിയ വരൾച്ച ഈ കാടിനെ തളർത്തിക്കളയുന്നു. വേനൽ തുടങ്ങിയാൽ പിന്നെ ഇവിടെയുള്ള വന്യമൃഗങ്ങളെല്ലാം കിലോമീറ്ററുകൾ പിന്നിട്ട് അതിർത്തി കടന്ന് പൊതുവെ പച്ചപ്പുകളും തണുപ്പും പേരിനുള്ള വയനാട് വന്യജീവി സങ്കേതത്തിലെത്തും. ഇവിടെനിന്നും കൃഷിയിടത്തിലേക്ക് പിന്നീട് ഇവരുടെ പാലായനവുമായി. അടിക്കാടുകൾക്കിടയിലൂടെ ഫയർലൈൻ തെളിച്ചുട്ടുണ്ടെങ്കിലും വലിയ അഗ്നിഗോളങ്ങൾ വന്നാൽ ഇവയെല്ലാം വെണ്ണീറാവാൻ മണിക്കൂറുകൾ മതി. പിന്നീട് ചാരം മൂടിയ കാടിന്റെ കാഴ്ചകൾ ഹൃദയഭേദകമാണ്.

മറുകര താണ്ടാൻ കൊട്ടത്തോണികൾ
കബനിയിൽ നിന്നും കുറച്ച് മുന്നിലേക്ക് പോയാൽ അവിടെയുമുണ്ട് ഒരു കടവും കൊട്ടവഞ്ചിയിൽ മറുകര കടക്കുന്ന ഗ്രാമീണരും. കബനിക്ക് കുറുകെ കർണ്ണാടക ബീച്ചിനഹള്ളിയിൽ പണിത അണക്കെട്ടാണ് ഇവിടെ ഗ്രാമങ്ങളെ വിഭജിച്ചത്. ഇതിനിടയിലൂടെ ഇവരെ തമ്മിലിണക്കുന്നത് കൊട്ടത്തോണികളാണ്. കാട് കടന്ന് അടുത്ത ഗ്രാമത്തിലെത്തുമ്പോൾ നോക്കെത്താ ദൂരത്തോളം ഇഞ്ചിപ്പാടം. തലയ്ക്ക് മുകളിൽ കത്തുന്ന സൂര്യൻ. പകലുമുഴുവൻ ചുടുകാറ്റ്. രാത്രിയിലും അത്യുഷ്ണം. ഒരു മരത്തിന്റെ പോലും തണലില്ലാത്ത കന്നഡ ഗ്രാമത്തിലെ കൃഷിയിടങ്ങളിൽ എന്നിട്ടും തൊഴിലാളികൾക്ക് വിശ്രമമില്ല. ഇഞ്ചി കൃഷി വിത്തിറക്കലിന്റെയും പച്ചക്കറിയുടെ വിളവെടുപ്പിന്റെയും സമയമാണിത്. അതിരാവിലെ മുതൽ നേരമിരുട്ടുന്നതുവരെയും തൊഴിലാളികൾ കൃഷിയിടത്തിലുണ്ട്. ഉച്ചനേരം രണ്ടര മണിക്കൂർ മാറിനിൽക്കുന്നതൊഴിച്ചാൽ ഈ വെയിലും ചൂടുമെല്ലാം ഏറ്റുവാങ്ങാൻ തന്നെ ഇവരുടെ നിയോഗം. വേനൽ ചുട്ടുപൊള്ളിക്കുന്നുണ്ടെങ്കിലും ഇവരുടെ കൃഷിയിടത്തിൽ ജലവിതരണത്തിന് ഒട്ടും തടസ്സമില്ല. കബനിയിലൂടെ ഒരു മഴക്കാലം മുഴുവൻ ഒഴുകി എത്തിയ ജല ശേഖരം ഇവരുടെ ഗ്രാമങ്ങളെ കുളിരണിയിക്കുന്നു. ബീച്ചിനഹള്ളി അണക്കെട്ടിന്റെ വിശാലമായ കൈവഴികളിലെല്ലാം ഈ വേനൽക്കാലത്തും നിറയെ വെളളമുണ്ട്. ചിലയിടങ്ങളിൽ ജലനിരപ്പ് താഴ്ന്നെങ്കിലും അഞ്ചുവർഷം ഉപയോഗിക്കാനുള്ള വെള്ളം സംഭരണിയിലുണ്ടെന്നാണ് ഗ്രാമീണർ പറയുന്നത്. അതാ അവിടെ കാണുന്ന സംഭരണിയാണ് ഞങ്ങളുടെ ആശ്രയം. ബീച്ചനഹള്ളി അണക്കെട്ടിന്റെ അനേകം തടാകത്തിലേക്ക് ഒന്നിലേക്ക് ചൂണ്ടി ഗ്രാമവാസി നാഗൻ പറഞ്ഞു.

ജലാശയത്തിന്റെ കരയിലെത്തിയപ്പോൾ വർഷങ്ങളായുള്ള കടത്തുതോണിക്കാരൻ പുട്ടണ്ണ അവിടെതന്നെയുണ്ട്. കൂട്ടം കൂട്ടമായെത്തുന്ന ഗ്രാമവാസികളെ മറുകര കടത്തലാണ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ജോലി. പുട്ടണ്ണ പറയും ഓരോ മഴക്കാലത്തും ഇങ്ങ് വയനാട്ടിൽ പെയ്ത മഴയുടെ കണക്ക്. കാറ്റിനെയും ചെറുത്ത് ഓളങ്ങളെ കീറിമുറിച്ച് കൊട്ടത്തോണി അക്കരെയെത്തുമ്പോൾ മീൻ വിൽക്കുന്നവരുടെ ബഹളം. ഡാമിൽ നിന്നും പിടിച്ചെടുത്ത മത്സ്യങ്ങൾക്ക് നന്നെ വിലക്കുറവ്. പുറമെ നിന്നും ഇവിടെ വന്നവർ തിക്കി തിരക്കി വന്ന് മീനെല്ലാം കാലിയാക്കി. ചൂടുകാലമായതിനാൽ ടൂറിസ്റ്റുകൾ കുറവാണ് കബനീ തീരത്ത്. കോട്ടേജുകളെല്ലാം പകുതിയും ഒഴിവാണ്. പക്ഷേ അണക്കെട്ടിന്റെ തീരത്ത് കാട്ടാനകളുടെ വലിയ കൂട്ടങ്ങളുണ്ട്. പകൽ മുഴുവൻ ഉഷ്ണം അകറ്റാൻ വെള്ളത്തിലിറങ്ങി നീന്തുന്ന കാട്ടാനകളെ കാണണമെങ്കിൽ ഇവിടെ തന്നെ വരണം. ഇപ്പോഴിവിടെ നാട്ടുകാർ പിരിവെടുത്ത് വാങ്ങിയ ഒരു ബോട്ട് സർവീസിലുണ്ട്. അപ്പോഴും കൊട്ടത്തോണികളും തുഴച്ചിൽകാരും ജീവിത വഴിയിൽ ഇവിടെ തുഴയുന്നുണ്ട്. ചെഞ്ചായം വിതറി ചൂര്യൻ പടിഞ്ഞാറൻ കാട്ടിലേക്ക് മറഞ്ഞു തുടങ്ങിയപ്പോൾ മടക്കയാത്ര. വൈകീട്ട് ആറുമണിക്ക് ബാവലിയിലെ ചെക്ക് പോസ്റ്റ് അടയ്ക്കും. അതിനു മുമ്പ് അവിടെയെത്തണം. കാടിനുള്ളിലൂടെ ഹമ്പുകൾ ചാടിച്ച് യാത്രക്ക് വേഗമേറി. കാട്ടുമൃഗങ്ങൾ വരിവരിയായി നീങ്ങുന്ന കാഴ്ച മുന്നിലുണ്ട്. കാടുകളിൽ മഴ ഒന്നുപെയ്തിരുന്നെങ്കിൽ…
Content Highlights: stark contrast of Kabanis River in summer
Published: 01 Apr 2025, 02:41 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented