
'ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് ഇതാണ്, ഇതാണ്, ഇതാണ്...' നെഹ്റുവിന്റെ പ്രശസ്തമായ ഈ വാക്കുകളിലൂടെയാണ് മനസ്സിൽ കശ്മീർ എന്ന മോഹം മുളപൊട്ടിയത്. 'കഭി കഭി മേരെ ദിൽ മേം...' എന്ന് പാടി അമിതാബ് ബച്ചനും രാഖിയും പ്രണയാർദ്ര നിമിഷങ്ങൾ പങ്കുവെച്ചതൊർത്തപ്പോൾ ആ മോഹം ഉച്ചസ്ഥായിയിലെത്തി. അനുഭൂതിനിറഞ്ഞ എത്രയോ ഗാനങ്ങൾക്ക് പ്രകൃതിരമണീയത കൊണ്ട് പശ്ചാത്തലമൊരുക്കിയ കശ്മീർ! തുടുത്ത കശ്മീരി പെൺകുട്ടികളും ചടച്ചുനീണ്ട പൗരുഷമുള്ള പത്താൻ ആൺകുട്ടികളുമുള്ള കശ്മീർ. ഷർമിള ടാഗോറും ഷമ്മി കപുറും ആടിപ്പാടിയ ദാൽ തടാകം... യൗവനാരംഭത്തിൽ കണ്ട ആ സ്വപ്നഭൂമിയിലേക്ക്, ജീവിതത്തിന്റെ ഈ ഘട്ടത്തിലൊരു യാത്ര. എന്നെ സംബന്ധിച്ച് അവിശ്വസനീയമാണ്!
തീർത്തും സാധാരണക്കാരിയായ യാത്രിക കണ്ടതും കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങൾ, അത്രമാത്രം. നമ്മൾ അവിടെ സ്ഥിരവാസത്തിന് പോകുന്നതൊന്നുമല്ലല്ലോ! അതുകൊണ്ടുതന്നെ കണ്ടത് ആസ്വദിക്കുക, സുന്ദരമായ ഓർമകളെ കരളറയിൽ സൂക്ഷിക്കുക. ബസ്, ബസ്! (മതി, അത്രയും മതി).
വത്സല ഡോക്ടർ ചെറിയൊരു യാത്രാനുഭവം എഴുതിയപ്പോൾ തന്നെ 'എന്നാൽ പിന്നെ അത്ര പോരേ' എന്ന് വിചാരിച്ച് ഞാൻ പിന്മാറിയതായിരുന്നു. മോളി കൂടെ വളരെ കാവ്യാത്മകമായി കശ്മീരിനെ വരികളിൽ ആവാഹിച്ചപ്പോൾ, 'ദേ ഞാൻ പോണു' എന്നും പറഞ്ഞ് തിരിഞ്ഞോടിയ എന്നെ നിഷ പിടിച്ചുവെച്ചു. 'അടങ്ങിയിരുന്ന് എഴുതിയേക്കണം' എന്ന സ്നേഹഭീഷണിയും തന്നു. 'എന്നാ ശരി ടീച്ചറേ, ഞാൻ നല്ല കുട്ടിയായിക്കോളാം. എനിക്ക് ഫുൾ മാർക്ക് തരില്ലേ?
ഡോക്ടറുടെ വീട് മേലെ ചൊവ്വയിലും എന്റെ വീട് ഇടച്ചൊവ്വയിലും ആയതുകൊണ്ട്, എയർപോർട്ടിൽ പോകുന്ന വഴി അവർ എന്നെ വീട്ടിൽ നിന്ന് കൂടെ കൂട്ടുകയായിരുന്നു. ഞങ്ങൾ എയർപോർട്ടിൽ എത്തുമ്പോഴേക്കും മോളിയും സുരേന്ദ്രനും എത്തിയിരുന്നു. സർവീസിലുള്ളപ്പോഴേ അറിയാവുന്നവരാണ്.
ചെക്ക്-ഇൻ ചെയ്യുന്നതുവരെ മറ്റൊന്നും ചെയ്യാനില്ലായിരുന്നു. ഞങ്ങൾ അകത്തു കയറി കസേരയിലിരുന്ന് ഡോക്ടർ കൊണ്ടുവന്ന കാപ്പി മെല്ലെ കുടിച്ചു. ഒപ്പം എക്‌സ്-കൗൺസിലറായ ഞാനും ന്യൂ-കൗൺസിലറായ ഡോക്ടറും കൂടി പരാതികളുടെ കെട്ടഴിച്ചു തുടങ്ങി. വിലാപകാവ്യം അങ്ങനെ നീണ്ടുനീണ്ടു പോകുമ്പോൾ സൈഡിലിരിക്കുന്ന രണ്ടു മൂന്നുപേർ ഞങ്ങളെത്തന്നെ നോക്കുന്നുണ്ട്. മുടി തോളറ്റമുള്ള ഒരുത്തി വന്ന് പരിചയപ്പെട്ടു: 'ഞാൻ സുധർമ്മ, യാത്രാ ടീമിലുള്ളതാണ്.' മറ്റു രണ്ടുപേരെയും പരിചയപ്പെടുത്തി-ഒരു പ്രധാന ടീച്ചർ കം മാനേജരും അവരുടെ സ്‌കൂളിലെ മറ്റൊരു ടീച്ചറും (ഇവരാണ് നമ്മുടെ പ്രിയപ്പെട്ട മുബീന ടീച്ചറും നിഷയും). രണ്ടു വർത്തമാനം പറഞ്ഞപ്പോഴേക്കും ഞങ്ങളൊക്കെ ഒരേ തൂവൽ പക്ഷികളാണെന്ന് മനസ്സിലായി. പിന്നെ വർത്തമാനത്തോടു വർത്തമാനം, ഗൗരവമേറിയ രാഷ്ട്രീയ ചർച്ചകൾ!
വൈകാതെ ചെക്ക്-ഇൻ ചെയ്യേണ്ട സമയമായി . ഇതിനിടയിൽ രണ്ടുപേരെക്കൂടി പരിചയപ്പെട്ടിരുന്നു-സുധയും പ്രീതയും. രണ്ടുപേരും സ്‌കൂളിൽ തന്നെ. ഈ ടീച്ചർമാരെയൊക്കെ ഞങ്ങള് പണ്ടേ എഴുതിത്തള്ളിയതാണ്! മുന്നിൽ കാണുന്നവരൊക്കെ പിള്ളേരാണ് എന്ന് വിചാരിച്ചു കളയും. ഇങ്ങു വരട്ടെ, കാണിച്ചു കൊടുക്കാം... (ശോ, പാവം പ്രീതയേയും പുന്നാര സുധയെയുമല്ലേ ഇങ്ങനെ വിചാരിച്ചു കളഞ്ഞത്! ഞാൻ എന്തൊരു ഞാനാണ് ?!)
അങ്ങനെ വിമാനത്തിൽ കയറി. ഇനിയൽപ്പം സ്പീഡിൽ പോകാം, ആറാം ദിവസം വരെ എത്തേണ്ടതല്ലേ!
വിമാനത്തിൽ തിന്നാനൊന്നും തരാത്തതിനെ ഞാൻ മനസ്സിൽ പ്രാകി. ന്യൂസിലാൻഡിലെയും ദുബായിലെയും യാത്രയിൽ 'ലഭിച്ച ഭക്ഷണം, ജ്യൂസ്, വൈൻ... ഓഹ്! അപ്പോഴേക്കും ഡൽഹിയെത്തി. ഞാൻ ഡൽഹിയിൽ ഒരു വർഷത്തോളം ഉണ്ടായിരുന്നു (1988-ൽ). ഡൽഹി എന്നെ പണ്ടേ മറന്നു കാണും. രാജീവ് ഗാന്ധിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോഴുള്ള ട്രാഫിക് ബ്ലോക്കിൽപ്പെട്ട്, ഓഫീസിൽ നിന്ന് രാത്രി 11 മണിയോടെ മയൂർ വിഹാറിലെ വിജനമായ റോഡിലൂടെ തനിച്ച് നടന്നുപോയ എന്നെയും ഡൽഹിയെയും എനിക്ക് മറക്കാനാകുമോ?!
നാലഞ്ചു മണിക്കൂർ എയർപോർട്ടിൽ ചെലവഴിക്കണം. കിടക്കാനുള്ള കസേരകളൊക്കെ ഫുള്ളാണ്. ഏതെങ്കിലും കസേരയിലിരുന്ന് ഉറങ്ങാൻ നോക്കാം. തീവണ്ടിയിലെ ലേഡീസ് കമ്പാർട്ടുമെന്റിൽ തിരിയാൻ ഇടമില്ലാതെ നിന്ന് ഉറങ്ങിയിട്ടുള്ള ഞങ്ങളോടാണ് കളി! ഡോക്ടറുടെ കാപ്പി തീരാൻ പോകുന്നു, ബിസ്‌കറ്റുമുണ്ട്. പാവം മോളി പീനട്ട് ബട്ടർ പുരട്ടിയ ബ്രഡുമായി പുറകെ നടന്ന് തിന്നാൻ നിർബന്ധിക്കുന്നുണ്ട്.
ഇടയ്‌ക്കൊരു പൂച്ചമയക്കം. അങ്ങനെ ഉറങ്ങി ഉണർന്നു നോക്കുമ്പോൾ മുന്നിലെ കസേരയിലിരുന്ന രണ്ടുപേരിൽ ഒരു സ്ത്രീ ഞങ്ങളെ സാകൂതം വീക്ഷിക്കുന്നു. 'ഇവളെ ഒന്ന് മാന്തിയാൽ തിരിച്ച് ഇങ്ങോട്ട് നുള്ളുമോ' എന്ന മട്ടിലുള്ള കുസൃതിപ്പിള്ളേരുടെ നോട്ടം! നമ്മൾ ഒന്നും രണ്ടും പറഞ്ഞ് കൂട്ടായി. സുധർമ്മയും നിഷയും മുബീനയുമൊക്കെ എവിടെയാണോ എന്തോ? പുറകോട്ടു നോക്കുമ്പോൾ രണ്ടെണ്ണം തറയിൽ കിടന്നുറങ്ങുന്നു-സുധയും പ്രീതയും! പുരാനാ ദില്ലി റെയിൽവേ സ്റ്റേഷനിൽ എത്തിയ പോലെയുണ്ട്.
ഇടയ്ക്ക് ഞാനും മോളിയും കൂടി അകത്തൂടെ ഒന്നു കറങ്ങി. എന്തൊക്കെയാണ് ഇവിടെ നടക്കുന്നതെന്ന് അറിയാനുള്ള രണ്ട് ഇന്ത്യൻ പൗരന്മാരുടെ അവകാശം! കുറേയാളുകൾ ഭക്ഷണം കഴിക്കുന്നു. മെനു നോക്കിയപ്പോൾ എല്ലാറ്റിനും വലിയ വില. 'അങ്ങനെയിപ്പോൾ തിന്നുന്നില്ല' എന്ന്, എല്ലാറ്റിനും വില നോക്കി മാത്രം വാങ്ങിക്കുന്ന രണ്ട് പഴയ സർക്കാർ ഉദ്യോഗസ്ഥർ തീരുമാനിച്ചു!
നേരിയ മഞ്ഞുള്ള പ്രഭാതത്തിലേക്ക് ഡൽഹി ഉണർന്നു തുടങ്ങുന്നു. പുറത്ത് ഇൻഡിഗോയുടെയും എയർ ഇന്ത്യയുടെയുമൊക്കെ വിമാനങ്ങൾ നിരന്നു കിടപ്പുണ്ട്. ചെറുപ്പത്തിൽ മുകളിലേക്ക് ചൂണ്ടിക്കാട്ടി, അൽപമാത്രയെങ്കിലും കാണാൻ കിട്ടിയെങ്കിലെന്നാശിച്ച് വിമാനകാഴ്ചയുടെ പുറകെ ഓടിയപ്പോൾ കാണാതെ മറഞ്ഞുപോയത് ഇവരായിരുന്നില്ലേ? എയർപോർട്ടിൽ വിമാനം കാണുമ്പോഴൊക്കെ ഈ കുട്ടിക്കാല വിനോദമാണ് ഓർമ വരിക. ഇപ്പോൾ ഞങ്ങളുടെ മുമ്പിൽ 'എത്ര വേണമെങ്കിലും കണ്ടോളൂ' എന്ന് നീണ്ടുനിവർന്നു കിടക്കുമ്പോൾ, 'സമയവും കാലവും കഴിഞ്ഞിട്ട് എന്തു കിട്ടിയിട്ടെന്ത് കാര്യം' എന്ന് മനസ്സ് മുഖം തിരിച്ചു.
ഞങ്ങൾ സെൽഫിയുമെടുത്ത് തിരിച്ചുവന്നു. വത്സല ഡോക്ടർ തൊപ്പിയും വെച്ച് ഉറങ്ങുന്നു, ബീഗം ഖാലിദ സിയായെപ്പോലെയുണ്ട്!
പിന്നെ വീണ്ടും ഫ്‌ളൈറ്റിൽ കയറി നമ്മുടെ സ്വപ്നഭൂമിയിലേക്ക്... ഓ കശ്മീർ!
പിറ്റേന്ന് രാവിലെ ഒമ്പതു മണിയോടുകൂടി ശ്രീനഗർ എയർപോർട്ടിലെത്തി. എയർപോർട്ട് അത്ര പോരാ! പെട്ടിയും പെട്ടകങ്ങളുമൊക്കെ കളക്ട് ചെയ്ത് പുറത്തേക്ക് ഇറങ്ങി. അവിടെ നമുക്കുവേണ്ടി രണ്ട് ട്രാവലറുകൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ട്രാവലറിൽ കയറിയപ്പോൾ നമ്മുടെ സീറ്റിലൊക്കെ ഓരോ പാക്കറ്റ് ഇരിക്കുന്നു-ജ്യൂസ്, വെള്ളം, ഹൽദിറാമിന്റെ ഉപ്പുകടല, മിക്‌സ്ചർ, പിന്നെ പഴം... ഓ, എന്താ ആതിഥ്യമര്യാദ! കൊള്ളാമല്ലോ, അതും വിശന്നിരിക്കുമ്പോൾ! അങ്ങനെ ഞങ്ങളും കശ്മീരിൽ കാലുകുത്തി...
(തുടരും)
Content Highlights: Personal travelogue detailing a trip to Kashmir from youth dreams to reality., Experiences at Delhi airport and interactions with fellow travelers., Arrival in Srinagar and warm hospitality by the tour organizers., Nostalgic reflections on classic Bollywood movies and songs set in Kashmir.
Published: 24 Sept 2026, 02:26 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented