നഗരത്തിന്റെ സാംസ്‌കാരിക പൈതൃകം പുനരുജ്ജീവിപ്പിക്കാനും കൂടുതല്‍ തീര്‍ത്ഥാടക-സൗഹൃദപരമാക്കുന്നതിനും റോഡുകള്‍, വിനോദസഞ്ചാര സൗകര്യങ്ങള്‍, മറ്റ് പദ്ധതികള്‍ എന്നിവ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്

ശ്രീരാമക്ഷേത്രവുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക ക്രമക്കേടുകളുടെ നാണക്കേടിൽനിന്ന്, പേരുദോഷത്തിൽനിന്ന് കരകയറാനുള്ള തീവ്രശ്രമത്തിലാണ് അയോധ്യയിപ്പോൾ. വിവാദങ്ങളെ മറികടക്കുന്ന, കോടികളുടെ വികസനപ്രവർത്തനങ്ങൾ അതിവേഗം പൂർത്തിയാക്കി ജനസൗഹൃദപരമായും വിനോദസഞ്ചാരികൾക്കും തീർഥാടകർക്കും ഇഷ്ടവുമാകുംവിധവും അയോധ്യയുടെ മുഖം മാറ്റാനും ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവർക്ക് മികച്ച സൗകര്യം നൽകാനുമുള്ള ഒരുക്കമാണിപ്പോൾ ഇവിടെക്കാണുന്നത്.
സഞ്ചാരികൾക്കും തീർഥാടകർക്കും സൗകര്യങ്ങളൊരുക്കുന്നതിൽ ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾത്തന്നെ, അയോധ്യയിലെ സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനും പ്രാധാന്യം നൽകുന്നുണ്ട്. 2020-2021 മുതൽ അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിൽ വലിയ മാറ്റങ്ങളാണ് അയോധ്യയിൽ ഉണ്ടായതെന്ന് കളക്ടറും ജില്ലാ മജിസ്‌ട്രേറ്റുമായ ശശാങ്ക് ത്രിപാഠി വിശദീകരിച്ചു. അയോധ്യയിൽ സാംസ്‌കാരിക തലസ്ഥാനം നിർമിക്കപ്പെടുകയാണെന്ന് വികസനപദ്ധതികൾ വിശദീകരിച്ച് ത്രിപാഠി പറയുന്നു. അയോധ്യയുടെ പ്രൗഢിയും ചാരുതയും വീണ്ടെടുക്കുകയാണ്. സ്വകാര്യമേഖലയെക്കൂടി പങ്കാളികളാക്കിയും പബ്ലിക്-പ്രൈവറ്റ് പങ്കാളിത്തത്തോടെയും വികസന-നവീകരണ മുന്നേറ്റത്തിനാണ് സർക്കാർ ശ്രമം.
7000 കോടിയുടെ വികസനം
ആവാസ് വികാസ് പരിഷത്തിന്റെ ഗ്രീൻഫീൽഡ് ടൗൺഷിപ്പ് പദ്ധതിയാണ് ആയോധ്യയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. 1400 ഏക്കർ വിസ്തൃതിയുള്ള ടൗൺഷിപ്പാണിത്. ഇതിനാവശ്യമായ ഭൂമിയുടെ ഭൂരിഭാഗവും ഏറ്റെടുത്തുകഴിഞ്ഞു. ഡൽഹിയിലുള്ളതുപോലെ വിവിധ സംസ്ഥാനങ്ങളുടെ ഹൗസുകൾ (സ്റ്റേറ്റ് ഭവനുകൾ) ഇവിടെ സ്ഥാപിക്കും. നാല് സംസ്ഥാനങ്ങൾ ഇതിനകംതന്നെ സ്ഥലം ബുക്ക് ചെയ്തുകഴിഞ്ഞു.
റസിഡൻഷ്യൽ പ്ലോട്ടുകളും കൊമേർഷ്യൽ സൗകര്യങ്ങളുമുണ്ട്. ആശുപത്രികളും നല്ല ഹോട്ടലുകളും സ്ഥാപിക്കും. ഭൂമി ഏറ്റെടുക്കാനും വികസന പ്രവർത്തനങ്ങൾക്കുംകൂടി 7000 കോടി രൂപയാണ് ചെലവിടുക. അയോധ്യ വിമാനത്താവളം അതിവേഗമാണ് പൂർത്തിയാക്കിയത്. കൂടുതൽ വിമാനസർവീസുകൾക്ക് ശ്രമം തുടരുകയും ചെയ്യുന്നു. ഡൽഹിയിൽനിന്ന് അയോധ്യയിലേയ്ക്ക് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുമുണ്ട്. സ്റ്റേഷൻ നിർമാണത്തിന് ഭൂമി കണ്ടെത്താൻ ശ്രമം തുടരുന്നു. റെയിൽവേ സ്റ്റേഷനുകളും വികസിപ്പിച്ചിട്ടുണ്ട്. നിക്ഷേപ സന്നദ്ധതയറിയിച്ച് ധാരാളം പേർ എത്തുന്നു- പ്രത്യേകിച്ചും ഹോസ്പിറ്റാലിറ്റി മേഖലയിൽ. കൊച്ചിയേപ്പോലെ വാട്ടർമെട്രോ പ്രയാസമാണ്. സരയൂ നദിയിലെ ജലനിരപ്പിലെ മാറ്റമാണ് കാരണം.
ടൂറിസം-തീർഥാടന സർക്യൂട്ട്
ദക്ഷിണേന്ത്യയിൽനിന്ന്, പ്രത്യേകിച്ച് കേരളത്തിൽ നിന്നടക്കം നിരവധി തീർഥാടകരാണ് അയോധ്യയിലെത്തുന്നത്. അതുകൊണ്ടുതന്നെ ഇത്തരം തീർഥാടനകേന്ദ്രങ്ങളെ ഉൾപ്പെടുത്തി ടൂറിസം-തീർഥാടന സർക്യൂട്ട് തയ്യാറാക്കുന്നത് സർക്കാർ പരിഗണിക്കും. നിലവിൽ അയോധ്യയിൽ നിന്ന് പ്രയാഗ് രാജിലേക്കും വാരാണസിയിലേക്കും എക്സ്പ്രസ് വേകൾ നിർമാണ ഘട്ടത്തിലാണ്. അയോധ്യയിൽ നിന്ന് പ്രയാഗ് രാജിലേക്ക് 150 കിലോമീറ്ററാണ് ദൈർഘ്യം. ഒന്നര മണിക്കൂർ യാത്ര. വാരാണസിയിലേക്ക് 190 കിലോമീറ്റർ ദൈർഘ്യം. വാരാണസിയിലെത്താൻ രണ്ട് മണിക്കൂറിൽ താഴെ മതിയാകും. അതിനാൽ ഉത്തർപ്രദേശിൽ എത്തുന്ന ഒരാൾ മതപരമായ പ്രാധാന്യമുള്ളതോ ടൂറിസം പ്രാധാന്യമുള്ളതോ ആയ എല്ലാ സ്ഥലങ്ങളും സന്ദർശിക്കാൻ ആഗ്രഹിച്ചാൽ അത് എളുപ്പമാക്കുകയാണ് ലക്ഷ്യം.
മറ്റൊരു വലിയപദ്ധതി ക്ഷേത്ര വാസ്തുവിദ്യാ മ്യൂസിയമാണ്. ക്ഷേത്ര വാസ്തുവിദ്യയെക്കുറിച്ച് വിശദമായി വിവരിക്കുന്ന മ്യൂസിയമായിരിക്കും ഇത്. ടാറ്റാ സി.എസ്.ആർ വഴിയാണിത് നിർമിക്കുന്നത്. ഇന്ത്യയ്ക്കുപുറത്തുള്ള ക്ഷേത്രങ്ങൾ ഉൾപ്പെടെ, ലോകത്തെ എല്ലാക്ഷേത്രങ്ങളെയും ഇതിൽ ഉൾപ്പെടുത്താനാണ് ആലോചന.
അയോധ്യയിലെത്തുന്നവർക്ക് കുറഞ്ഞ ചെലവിൽ മികച്ച സൗകര്യങ്ങൾ നൽകാൻ ധർമശാലകൾ വികസിപ്പിക്കുന്നുണ്ട്. അയോധ്യയിലേക്കുള്ള പ്രധാന പാതയായ 'രാം പഥ്' മുൻപ് ഏഴുമീറ്റർ വീതിയുള്ള ഒരൊറ്റവരി പാതയായിരുന്നു. 2022-ൽ ഡിവൈഡറുകളും ഡ്രെയിനേജുകളുമുള്ള നാലുവരിപ്പാതയായി വികസിപ്പിച്ചു. വഴിയോരത്ത് കടകളും വീടുകളുമുള്ള ജനങ്ങളുടെ സഹകരണത്തോടെയും അവർക്ക് നഷ്ടപരിഹാരം നൽകിയുമാണിത് പൂർത്തിയാക്കിയത്. സരയൂ നദിയിൽ വർഷം മുഴുവൻ വെള്ളം നിലനിർത്തുന്നതിന് തടയണ നിർമിക്കാൻ കേന്ദ്ര സർക്കാരിന് പദ്ധതി നൽകി. ഇപ്പോൾ മഴക്കാലത്തു മാത്രമാണ് നദിയിൽ ആവശ്യത്തിന് ജലനിരപ്പുള്ളത്; മറ്റുസമയം ഘാട്ടുകൾക്ക് താഴെയാകും ജലനിരപ്പ്. തീർഥാടകർക്ക് 2-3 ദിവസം ഇവിടെ തങ്ങി സന്ദർശനം നടത്താവുന്നവിധം കൂടുതൽ ആകർഷകമാക്കിയും ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾ കൂട്ടുകയും ചെയ്യുന്നതോടെ അയോധ്യയിലെ പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ഉണർവ് നൽകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. 'രാമകഥാ സംഗ്രഹാലയം' കൂടുതൽ ആധുനിക സൗകര്യങ്ങളോടെ രാമജന്മഭൂമി ട്രസ്റ്റിന് കൈമാറി പുനരുദ്ധരിക്കുന്നു. ഇതിൽ ശ്രീരാമന്റെ ജീവിതവുമായി ബന്ധപ്പെട്ട അപൂർവവസ്തുക്കളും 7ഡി ഷോ അടക്കമുള്ള സംവിധാനങ്ങളും ഒരുക്കുന്നുണ്ട്.
നഗരത്തിന്റെ സാംസ്‌കാരിക പൈതൃകം പുനരുജ്ജീവിപ്പിക്കാനും കൂടുതൽ തീർത്ഥാടക-സൗഹൃദപരമാക്കുന്നതിനും റോഡുകൾ, വിനോദസഞ്ചാര സൗകര്യങ്ങൾ, മറ്റ് പദ്ധതികൾ എന്നിവ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
തിരക്ക് കുറഞ്ഞിട്ടില്ല
വിവാദങ്ങൾക്കുശേഷവും ക്ഷേത്രത്തിലെത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. സാധാരണ ദിവസങ്ങളിൽ ഒരുലക്ഷത്തോളം പേരെത്തുന്നു. സംസ്ഥാനത്ത് പ്രത്യേകപരിപാടികൾ നടക്കുമ്പോൾ മൂന്നുലക്ഷംവരെ സന്ദർശകരുണ്ടാകും. വിശേഷ ദിവസങ്ങളിൽ ഇത്രയധികം ആളുകൾ ഒന്നിച്ചെത്തുമ്പോൾ, ശബരിമലയിലെപ്പോലെ ദർശനത്തിന് മുൻകൂട്ടി സ്ലോട്ടുകൾ ബുക്ക് ചെയ്യുകയെന്നത് നിലവിൽ അത്രയെളുപ്പമല്ലെന്നാണ് ത്രിപാഠിയുടെ വിശദീകരണം. എങ്കിലും ശബരിമല മാതൃക പരിഗണിക്കുന്നുണ്ട്. ദർശനത്തിന് ബുദ്ധിമുട്ടുള്ളവർക്ക് ഓൺലൈനായി സുഗം പാസ് ബുക്ക് ചെയ്യാം. പ്രായമായവർക്കും ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും വീൽചെയർ ബുക്ക് ചെയ്യാനോ പ്രത്യേക ക്യൂ ഉപയോഗിക്കാനോ ഇതുവഴി സാധിക്കും. എത്രതിരക്കേറിയാലും ആർക്കും ഒരുമണിക്കൂർകൊണ്ട് ദർശനം പൂർത്തിയാക്കാവുന്നതേയുള്ളൂ. കുംഭമേള സമയത്ത് ദിവസം അഞ്ചുലക്ഷത്തോളം പേരെത്തിയിരുന്നു.
എന്നാൽ വിവാദങ്ങൾക്കുശേഷം ഭക്തരുടെ വരവ് കുറഞ്ഞത് ഉപജീവനത്തെ ബാധിച്ചുവെന്ന് അയോധ്യനിവാസികൾ പറയുന്നുണ്ട്. പക്ഷേ, പ്രദേശവാസികൾ പറയുന്നതുപോലെ കുറവൊന്നും ഉണ്ടായിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. കഴിഞ്ഞ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ 10 മുതൽ 20 ശതമാനം വരെ കൂടുതൽ ആളുകൾ എത്തുന്നുണ്ടെന്നും സംഭാവനകളിൽ കുറവൊന്നുമില്ലെന്നും പറയുന്നു. ദർശനത്തിനെത്തുന്നവരുടെ എണ്ണം കുറഞ്ഞിട്ടില്ലെന്ന് ക്ഷേത്രത്തിന്റെ ചുമതലയുള്ള സബ്ഡിവിഷണൽ മജിസ്‌ട്രേറ്റ് വന്ദന പാണ്ഡേയും വിശദീകരിക്കുന്നു.
തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഡയറക്ടർ വി.പാർവതി, കൊച്ചി ഡെപ്യൂട്ടി ഡയറക്ടർ എസ്.എസ്. ലക്ഷ്മിപ്രിയ എന്നിവരുടെ നേതൃത്വത്തിൽ കേരളത്തിൽനിന്നെത്തിയ മാധ്യമപ്രവർത്തകരോട് ജില്ലാ മജിസ്‌ട്രേറ്റ് ശശാങ്ക് ത്രിപാഠി ഉൾപ്പെടെയുള്ളവരാണ് വികസന പദ്ധതികൾ വിശദീകരിച്ചത്.
Content Highlights: Implementation of Rs 7,000 crore development projects including a 1,400-acre greenfield township., Enhanced connectivity with new expressways to Prayagraj and Varanasi, plus airport and proposed bullet train projects., Special arrangements for pilgrims including Sugam Pass, wheelchair access, and upgraded Dharamshalas., Official reports confirm no drop in pilgrim numbers, with daily visits averaging around one lakh.
Published: 21 Sept 2026, 12:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented