കടുത്ത വരൾച്ചദിനങ്ങൾ, അതിനിടെ പൊടുന്നനെ അതിതീവ്രമഴ. ഈ രീതിയിൽ അതിസങ്കീർണമായ ദിനങ്ങളിലേക്കാണ് നാം പോകുന്നതെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മിറ്റീരിയോളജിയിലെ സീനിയർ ശാസ്ത്രജ്ഞൻ ഡോ.റോക്‌സി മാത്യു കോൾ. കേരളം കണ്ടുകൊണ്ടിരിക്കുന്ന കാലാവസ്ഥാ മാറ്റങ്ങളുടെയും ദുരന്തത്തിന്റെയും പശ്ചാത്തലത്തിൽ അദ്ദേഹം മാതൃഭൂമി പ്രതിനിധി കെ.ആർ. പ്രഹ്ലാദനുമായി സംസാരിക്കുന്നു. കോട്ടയം പാലാ സ്വദേശിയാണ് ഡോ.റോക്‌സി.

To advertise here,

അതിതീവ്രമഴ, ഇടയ്ക്ക് കടുത്ത വരൾച്ച. ഈ രീതിയിൽ വൈരുധ്യങ്ങളുടെ ഒരു അവസ്ഥയാണോ ഇപ്പോഴുള്ളത്

2026-'27-ൽ നാം ഇതൊക്കെ നേരിടേണ്ടിവരും. എൽനിനോ കാരണം മൺസൂൺ ദുർബലപ്പെട്ടു. പൊതുവേ മഴ കുറയും. പക്ഷേ, ഇപ്പോൾ കാണുന്നത് സങ്കീർണമായ ഒരു അവസ്ഥയാണ്. മഴ കുറയുന്ന ദിവസങ്ങളിൽ കടുത്ത ചൂടാണ്. ഇതിനിടെ അതിതീവ്രമായ മഴ പെയ്യും. ഇത് വലിയ നാശങ്ങൾ ഉണ്ടാക്കും. മൺസൂൺ കാലം കഴിയുന്നതോടെ വലിയ വരൾച്ചയിലേക്ക് പോകാനുള്ള സാധ്യത നിലനിൽക്കുന്നു. ഭൂഗർഭജല നിരപ്പ് താഴും. ചൂട് വലിയതോതിൽ വർധിച്ചേക്കും.

എൽനിനോ പ്രതിഭാസത്തിലുണ്ടായ മാറ്റങ്ങൾ എന്തൊക്കെയാണ്

രണ്ടുമുതൽ ഏഴുവർഷംവരെയുള്ള ഇടവേളയിലാണ് ഈ പ്രതിഭാസം വരുന്നത്. ഇത് എൽനിനോ വർഷമാണ്. സാധാരണ ഒക്ടോബർ-നവംബർ മാസത്തേക്കുമാത്രമേ ഇത് ശക്തമാകൂ. പക്ഷേ, ഇക്കുറി ജൂണിൽത്തന്നെ ശക്തിപ്പെട്ടു. അത് മൺസൂൺ കാറ്റിന്റെ ശക്തികുറച്ചു. മഴ കുറച്ചു. ഇടവേളയിൽ വെയിലും ചൂടും കൂടി. ഇത് കടലിന്റെ താപനില ഉയർത്തി. ശാന്തസമുദ്രത്തിലും മറ്റും ഒരു ഡിഗ്രി വരെയാണ് വർധന. ഇതോടെ കൂടുതൽ നീരാവി രൂപപ്പെട്ട് കൂമ്പാരമേഘങ്ങളുടെ രൂപവത്കരണം കൂട്ടി. ഇവ ഒരിടം കേന്ദ്രീകരിച്ച് പെയ്യുന്നു. ഈ മഴയുണ്ടാക്കുന്ന ആഘാതം വൻതോതിലാണ്.

കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പുകൾ ഉപയോഗപ്പെടുത്തി ആഘാതം കുറയ്ക്കാൻ കഴിയില്ലേ

അതുണ്ടാകും. മുൻകരുതലും എടുക്കാം. ചുഴലിക്കാറ്റുകൾ പലതും നാം പ്രവചിച്ചു. മുന്നൊരുക്കം നടത്തി അപകടം കുറച്ചു. പക്ഷേ, പൊടുന്നനെ ഒരിടത്ത് കൂമ്പാരമേഘങ്ങൾ രൂപപ്പെട്ട് കുറഞ്ഞ സമയത്തിനുള്ളിൽ അതിതീവ്രമഴ പെയ്യുന്നത് പലപ്പോഴും പ്രവചിക്കാൻ പറ്റിയെന്നുവരില്ല. പക്ഷേ, സമീപകാലത്തെ അനുഭവങ്ങൾ നമുക്ക് മുന്നിലുണ്ട്. ഇവയെ നാം പ്രതീക്ഷിച്ചിരിക്കണം. ഭൂമിയിൽ നാം ചെയ്യുന്ന ഏത് കാര്യത്തിലും ഈ ഒരു ഘടകം പരിഗണിക്കണം. 'ഇപ്പോൾ അതിശക്തമായ മഴയില്ലല്ലോ. അതിനാൽ ഒരു പ്രദേശത്തെ നിർമാണത്തിൽ കരുതൽ അല്പം കുറച്ചുമതി' എന്ന ചിന്ത പറ്റില്ല.

കാലാവസ്ഥാമാറ്റത്തിന്റെ ആഘാതം നേരിടാൻ ഒരുങ്ങുന്നത് എങ്ങനെയാണ്

എല്ലാ കാര്യത്തിനും പാലിക്കേണ്ട മുൻകരുതൽ ഉണ്ടല്ലോ. ഏത് സമയവും അതിതീവ്രമായ ഒരു മഴയുണ്ടാകാം എന്ന് കരുതിത്തന്നെ വേണം ഒരു റോഡ് പണി നടത്താൻ. അവിടെ ഖനനം നടത്തുന്നുണ്ടെങ്കിൽ മണ്ണ് സുരക്ഷിതമാക്കുന്നതിൽ അടക്കം ഈ കരുതൽ ഉണ്ടാകണം. മഴ തുടങ്ങി, ഇനി എല്ലാം ശരിയാക്കിയേക്കാം എന്ന് വിചാരിച്ചാൽ അതിനുള്ള സമയം കിട്ടില്ല. നിർമിതികളിൽ വരുന്ന 50 വർഷത്തെ കാലാവസ്ഥാ മാറ്റങ്ങളെയും മുന്നിൽ കാണണം.

മലനാട്, ഇടനാട്, തീരപ്രദേശം എന്ന കേരളത്തിന്റെ ഭൗമശാസ്ത്രഘടനയെ മാറ്റി കേരളം ഒരു നിരപ്പ് പ്രതലം എന്ന രീതിയിലേക്കുമാറുന്നു എന്ന വിമർശനമുണ്ട്

പശ്ചിമഘട്ടം അടക്കം കേരളത്തിലെ മലനിരകൾ 30-40 ഡിഗ്രി ചെരിവുള്ളവയാണ്. അവയുടെ സ്ഥിരത പ്രധാനമാണ്. വനത്തിലും കുന്നിലും റോഡിനും കൃഷിയിടത്തിനും ഒക്കെയായി നടത്തുന്ന മാറ്റങ്ങൾ ഇപ്പോഴത്തെ അവസ്ഥയിൽ മൂന്നിരട്ടി ആഘാതം ഉണ്ടാക്കാം. പൊടുന്നനെ ഉണ്ടാകുന്ന തീവ്രമഴയിലെ വെള്ളം പിടിച്ചുനിർത്താൻ മലകൾക്ക് ശേഷിയില്ലാതെപോകുന്നു. അപ്പോൾ ഉരുൾപൊട്ടാം. കാലാവസ്ഥാ വ്യതിയാനംമൂലമുള്ള പ്രയാസങ്ങളുടെ ആഘാതം എത്രയോ ഇരട്ടിയായി വർധിപ്പിക്കുന്നതാണ് മനുഷ്യൻ ഭൂമിയിൽ വരുത്തുന്ന മാറ്റങ്ങൾ. വെള്ളം ഒഴുകിപ്പോകാൻ ഇടമില്ല. പുഴകൾക്ക് ശോഷണമുണ്ടായി. തോടുകൾ നഷ്ടമായി. 30 വർഷം മുൻപത്തെ വെള്ളമൊഴുക്കും ഇപ്പോഴത്തേതുമായി വ്യത്യാസമുണ്ട്.

പുഴ, മഴ, പകൽച്ചൂട് എന്നിവ പ്രാദേശികമായി നിരീക്ഷിക്കുന്ന കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കേണ്ടതല്ലേ

തീർച്ചയായും. ഇത്തരം കൂട്ടായ്മകൾ നൽകുന്ന ഡേറ്റ, കാലാവസ്ഥാ വകുപ്പ്, ശാസ്ത്രജ്ഞർ എന്നിവർ പരിശോധിച്ച് ദീർഘകാലാടിസ്ഥാനത്തിൽ സമാഹരിച്ച് പഠിക്കണം. അത് പ്രവചനങ്ങൾക്ക് സഹായിക്കും. സിറ്റിസൺ നെറ്റ് വർക്ക്, പൊതു സംവിധാനങ്ങളുമായി ബന്ധപ്പെടുത്തിവരുന്നുണ്ട്. പഞ്ചായത്ത് തലംവരെയുള്ള ആസൂത്രണംകൊണ്ടുമാത്രമേ പിടിച്ചുനിൽക്കാൻ പറ്റൂ.